കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട മകളെ ആക്രമിച്ചവരെ തേടിപ്പിടിച്ച് പ്രതികാരം ചെയ്യുന്ന ഒരമ്മയുടെ കഥാപാത്രത്തിലൂടെ ശ്രീദേവി തന്‍റെ ശക്തമായ സാന്നിദ്ധ്യമറിയിച്ച ചിത്രമാണ് ‘മോം’. ജീവിത പ്രഹരങ്ങളേറ്റു കരുവാളിച്ച ആ മുഖം തീവ്ര സങ്കടത്തിന്‍റെയും ദേഷ്യത്തിന്‍റെയും നേര്‍രേഖയായി. തലമുറകള്‍ക്ക് ആവേശം പകര്‍ന്ന കുറുമ്പുള്ള ചിരി പടര്‍ന്നിരുന്നത് ഇവിടെത്തന്നെയോ ഇത് എന്ന് സംശയിക്കും വിധം വിളറിയ ഭാവമറ്റ മുഖം.

വായിക്കാം: ‘ഉര്‍വ്വശി’ പുരസ്കാരത്തിന്‍റെ ശ്രീയും ശോഭയും

വലിയ നിലയില്‍ ഉള്ള ഒരു എക്സിക്യൂട്ടീവിന്‍റെ രണ്ടാം ഭാര്യയായ ദേവകി എന്ന വിഷാദ രോഗം ബാധിച്ച കഥാപാത്രത്തെ തന്‍റെ അഭിനയത്തികവ് കൊണ്ട് മിഴിവുറ്റതാക്കി, തീര്‍ത്തും ശരാശരി എന്ന് പറയാവുന്ന ഒരു സിനിമയെ ‘കണ്ടുകൊണ്ടിരിക്കാന്‍ പറ്റുന്ന ഒന്നായി’ മാറ്റാന്‍ ശ്രീദേവിയ്ക്ക് കഴിഞ്ഞു. പക്ഷേ അക്കാരണം കൊണ്ട് അവര്‍ക്ക് ഒരു ദേശീയ പുരസ്‌കാരം കൊടുക്കേണ്ടതുണ്ടോ? തീര്‍ച്ചയായും ഇല്ല.

മൂന്നൂറോളം സിനിമകള്‍ ചെയ്ത, അകാലത്തില്‍ പൊലിഞ്ഞ മികച്ച അഭിനേത്രി എന്ന വികാരം മാറ്റി നിര്‍ത്തിയാല്‍ നമുക്ക് കാണാന്‍ കഴിയും, പോയ വര്‍ഷത്തെ മികച്ച അഭിനേത്രികളെ. ജൂറി പരാമര്‍ശം ലഭിച്ച പാര്‍വ്വതി മുതല്‍ പരാമര്‍ശിക്കാതെ പോയ സ്വരാ ഭാസ്ക്കര്‍, വിദ്യാ ബാലന്‍, സുഷമ ദേശ്പാണ്ടേ, രത്നാ പാഠക് ഷാ എന്നിവരെ.

‘അനാര്‍ക്കലി ഓഫ് ആറാ’ എന്ന അത്യന്തം രസകരമായ ചിത്രത്തില്‍ തന്‍റെ മൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന ദേവദാസിയായി സ്വരാ ഭാസ്കര്‍ തന്‍റെ ഇത് വരെയുള്ള ‘കരിയര്‍ ബെസ്റ്റ്’ പ്രകടനം കാഴ്ച വച്ചു. എപ്പോഴെമെന്ന പോലെ തനിക്ക് കിട്ടുന്ന കഥാപാത്രത്തിനെ ഒരു പഴത്തില്‍ കടിച്ച് അതിന്‍റെ സത്തൂറ്റി കുടിക്കുന്നത് പോലെ വിദ്യാ ബാലനും ‘തുംഹാരി സുലു’വിലെ കേന്ദ്ര കഥാപാത്രമായ വീട്ടമ്മയെ മികവുറ്റതാക്കി. അത് പോലെതന്നെ കഴിഞ്ഞ വര്‍ഷത്തെ ചിത്രങ്ങളായ ‘അജ്ജി’, ‘ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ’ എന്നിവയിലൂടെ തങ്ങളിലെ പ്രതിഭയ്ക്ക് പുതിയ അതിരുകള്‍ നിര്‍വ്വചിച്ചു സുഷമ ദേശ്പാണ്ടേ, രത്നാ പാഠക് ഷാ എന്നിവര്‍. ‘ടേക്ക് ഓഫി’ല്‍ മികച്ച പ്രകടനം കാഴ്ച വച്ച പാര്‍വ്വതിയോ ഇവരില്‍ ആരെങ്കിലുമോ ആയിരുന്നില്ലേ 2017 വര്‍ഷത്തെ മികച്ച അഭിനേത്രിയ്ക്കുള്ള ദേശീയ പുരസ്കാരത്തിന് അര്‍ഹതപ്പെട്ടവര്‍? സംശയമില്ല.

ശ്രീദേവി തന്‍റെ അഭിനയ പാടവം കൊണ്ട് അവിസ്മരണീയമാക്കിയ ‘ലംഹെ’, ‘സദ്മ’ എന്നീ ചിത്രങ്ങള്‍ നെഞ്ചേറ്റുന്നവര്‍ക്ക് ഈ പുരസ്‌കാരം ഒരു ദാനമായി മാത്രം തോന്നിയാല്‍ അത്ഭുതപ്പെടാനില്ല. കാരണം ‘മോം’ എന്ന ചിത്രത്തിലും എത്രയോ വലുതാണ്‌ ശ്രീദേവി എന്ന നടിയും എന്തിലും കൃത്യതയും പൂര്‍ണ്ണതയും പാലിച്ചു പോന്ന അവരുടെ അഭിനയ പാരമ്പര്യവും. ഒരു പ്രോത്സാഹന സമ്മാനം ഒരിക്കലും അവര്‍ ആഗ്രഹിച്ചു കാണില്ല എന്ന് തീര്‍ച്ച.


നമുക്ക് മറക്കാതിരിക്കാം; അമിതാഭ് ബച്ചന്‍ അരങ്ങു വാണ ബോളിവുഡിന്‍റെ ഒരു സന്ധിയില്‍, അദ്ദേഹത്തെ നിഷ്പ്രഭമാക്കി ഉയിര്‍ത്ത ഇന്ത്യയുടെ ആദ്യത്തെ വനിതാ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്നു ശ്രീദേവി എന്ന്. നമുക്ക് മറക്കാതിരിക്കാം; മാധുരി ദീക്ഷിതുമാര്‍ക്കും റാണി മുഖര്‍ജിമാര്‍ക്കും വിദ്യാ ബാലന്‍മാര്‍ക്കുമെല്ലാം വഴി തുറന്നത് അവിടെ നിന്നാണ് എന്ന്. രണ്ടു ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ശ്രീദേവി ‘ചാല്‍ബാസി’ലൂടെയും ‘മിസ്റ്റര്‍ ഇന്ത്യ’യിലൂടെയും തിയേറ്ററുകളിലേക്ക് ആകര്‍ഷിച്ച ആള്‍ക്കൂട്ടത്തിന്‍റെ തുടര്‍ച്ചയാണ് ഇന്ന് ദീപിക പദുകോണ്‍ നായികയായ ‘പികൂ’, ‘പത്മാവത്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഉണ്ടാകുന്നതെന്ന്.

അറുപത്തിയാഞ്ചാമത് ദേശീയ പുരസ്കാരങ്ങള്‍ നിര്‍ണ്ണയിച്ച ജൂറിയുടെ ചെയര്‍മാനായിരുന്ന ശേഖര്‍ കപൂര്‍ തന്നെ പറഞ്ഞിരുന്നു, ‘മോമി’ലെ പ്രകടനത്തിന് ശ്രീദേവി മികച്ച നടിയ്ക്കുള്ള പുരസ്‌കാരം അര്‍ഹിച്ചിരുന്നോ എന്ന് സംശയമായിരുന്നു എന്ന്.

“നമ്മള്‍ എല്ലാവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശ്രീദേവിയെ സ്നേഹിക്കുന്നവരാണ്. ജൂറിയിലെ അംഗങ്ങളോട് ഞാന്‍ പറഞ്ഞിരുന്നു. അവര്‍ മരിച്ചു പോയി എന്ന ഒറ്റക്കാരണം കൊണ്ട് ശ്രീദേവിയെ അവാര്‍ഡിന് പരിഗണിക്കരുത്, അത് മറ്റു പെണ്‍കുട്ടികളോട് ചെയ്യുന്ന അന്യായമാണ് എന്ന്.”, പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞതിങ്ങനെയാണ്.

Read in English: Why The Posthumous National Award For MOM Devalues Sridevi’s Brilliant Legacy

ഉയർന്ന സിവിലിയൻ ബഹുമതികള്‍ നല്‍കിയാണ്‌ ശ്രീദേവിയുടെ ഓര്‍മ്മയെ നമ്മള്‍ ആദരിക്കേണ്ടത്. പ്രേക്ഷകരുടെ സ്നേഹവും തിരശ്ശീലയില്‍ അവര്‍ അവതരിപ്പിച്ചു പോയ കഥാപാത്രങ്ങളുടെ മികവും നിറയുന്ന ശ്രീദേവിയുടെ പുരസ്കാരപ്പെട്ടിയില്‍ ഈ പ്രോത്സാഹന സമ്മാനത്തിന് ഇടമില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ