ചിലെയുടെ തലസ്ഥാനമായ സാന്റിയാഗോയിലെ സെമിത്തേരിയിലെ ഒരു വശത്ത് വലിയ ഒരു ശിലാഫലകം നിറഞ്ഞു നില്‍ക്കുന്നു. അവസാനമില്ലാത്തതെന്നു തോന്നിപ്പിക്കുന്ന ഒരു ഓര്‍മസ്‌തൂപം. 1994 ഫെബ്രുവരിയിലാണ് അതിന്റെ പ്രതിഷ്‌ഠാപനം. കരിങ്കല്‍ പ്രതലത്തില്‍ കൊത്തി വച്ചിരിക്കുന്നത് മുഴുവന്‍ പേരുകളാണ്. നാലായിരത്തിലധികം പേരുകള്‍.
അഗസ്റ്റിനോ പിനോഷെയുടെ ഏകാധിപത്യത്തിന്റെ ഇരകളായ മനുഷ്യര്‍. അതില്‍ 1002 സ്ത്രീ-പുരുഷന്മാരുടെ പേരുകള്‍ക്ക് നേരെ മരണത്തീയതി രേഖപ്പെടുത്തിയിട്ടില്ല. അവര്‍ കാണാതായവരാണ്. ജീവിതത്തില്‍ നിന്നും കാണാതായ അവര്‍ക്ക് എന്തു സംഭവിച്ചുവെന്നു എല്ലാവര്‍ക്കും അറിയാം. മരണത്തിന്റെ തീയതി രേഖപ്പെടുത്താതെ ജീവിതത്തില്‍ നിന്നും അപ്രത്യക്ഷരാക്കപ്പെട്ടവര്‍. ചിലെയില്‍, അര്‍ജന്റീനയില്‍, ബ്രസീലില്‍ ലാറ്റിനമേരിക്കയിലുടനീളം ഇങ്ങനെ അപ്രത്യക്ഷരാക്കപ്പെട്ടവര്‍ എത്രയെന്ന് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. ശിലാഫലകത്തിന്റെ സാമാന്യം നല്ലൊരു ഭാഗം പേരുകളൊന്നും കൊത്തി വയ്‌ക്കാതെ ഒഴിച്ചിട്ടിരിക്കുന്നു. ഇനിയും കണ്ടെത്താനുള്ള പേരുകള്‍ക്ക് വേണ്ടിയുള്ള ശിൽപ്പിയുടെ മുന്‍കരുതല്‍.
അടിയന്തരാവസ്ഥയെപ്പറ്റിയുള്ള ടി.എന്‍.ജോയിയുടെ (നജ്മല്‍ ബാബു) നിരന്തരമായ ഓര്‍മപ്പെടുത്തലും ഇതു പോലൊരു മുന്‍കരുതലാണ്. വന്നു കഴിഞ്ഞതും, ഇനി വരാനിരിക്കുന്നതുമായ ഇരുള്‍മൂടിയ കാലഘട്ടത്തെപ്പറ്റിയുള്ള നിതാന്ത ജാഗ്രത ജോയിയുടെ വാക്കിലും, പ്രവൃത്തിയിലും നിറഞ്ഞു നില്‍ക്കുന്നു. അടിയന്തരാവസ്ഥക്കെതിരായ സമരം രണ്ടാം സ്വാതന്ത്യ സമരമായി പ്രഖ്യാപിക്കുക, അടിയന്തരാവസ്ഥക്കെതിരായ സമര ചരിത്രം പാഠ്യ പദ്ധതിലുള്‍പ്പെടുത്തുക, അടിയന്തരാവസ്ഥയിലെ പീഡന കേന്ദ്രങ്ങള്‍ മ്യൂസിയങ്ങളായി പ്രഖ്യാപിക്കുക തുടങ്ങിയവയാണ് ജോയിയും, മറ്റു അടിയന്തരാവസ്ഥ തടവുകാരും നിരന്തരമായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍. കേരളത്തിലെ പൊതു സമൂഹത്തിന്റെ ഒരു പരിഛേദമെന്നു പറയാവുന്ന വ്യക്തികള്‍ – ജീവിച്ചിരിക്കുന്നവരും മരണമടഞ്ഞവരും — ഈ ആവശ്യങ്ങളെ പരിപൂര്‍ണ്ണമായി പിന്തുണക്കുന്നു. കേരളത്തിലെ വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികളുടെ നേതൃത്വങ്ങള്‍ മാത്രമാണ് അടിയന്തരാവസ്ഥ തടവുകാര്‍ ഉന്നയിച്ച ആവശ്യങ്ങളോടു മുഖം തിരിഞ്ഞു നില്‍ക്കുന്നവര്‍.
Read More: ടിഎൻജോയിയെ കുറിച്ച് സി.എസ്.വെങ്കിടേശ്വരൻ
അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിന്റെ രാഷ്ട്രീയ പ്രസക്തി പുതിയ തലമുറയുമായി പങ്കിടുന്നതിനുള്ള ഉപാധികളാണ് ഈ ആവശ്യങ്ങള്‍. അടിയന്തരാവസ്ഥ പൊടുന്നനെ സംഭവിച്ച ഒന്നായിരുന്നില്ല. ഭരണകൂടം ഒരു മര്‍ദ്ദക യന്ത്രമായി മാത്രം അനുഭവപ്പെടുന്ന രാഷ്ട്രീയ പ്രക്രിയയിലെ ഒരു സുപ്രധാന വഴിത്തിരിവായിരുന്നു അടിയന്തരാവസ്ഥ.
1970-കളിലെ ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നുവെങ്കില്‍ 2018-ലെ ഇന്ത്യയില്‍ അതിന്റെ ആവശ്യമില്ലെന്ന സാഹചര്യം ‘തോല്‍ക്കുമെന്ന് ഉറപ്പുള്ള യുദ്ധങ്ങളും’ ഏറ്റെടുക്കേണ്ടി വരുന്നതിന്റെ അനിവാര്യതയായി നമ്മെ തുറിച്ചുനോക്കുന്നു.
അടിയന്തരാവസ്ഥയിലെ ഇരുണ്ട നാളുകളിലും, അതിനു തൊട്ടു മുമ്പും നക്‌സലൈറ്റുകളെ നേരിടാനെന്ന പേരില്‍ കേരളത്തില്‍ അരങ്ങേറിയ ഭരണകൂടത്തിന്റെ തേര്‍വാഴ്‌ചയുടെ ഇരകളായ മനുഷ്യരുടെ പേരുകള്‍ ആലേഖനം ചെയ്‌ത ഒരു പ്രതിഷ്‌ഠാപനത്തെപ്പറ്റി ചിന്തിക്കുവാനുള്ള സര്‍ഗാത്മകത എന്നാണ് നമ്മുടെ ബദല്‍ രാഷ്ട്രീയം കൈവരിക്കുക. പിനോഷെയുടെ പീഡന കേന്ദ്രങ്ങളെക്കാള്‍ ഒട്ടും പുറകിലായിരുന്നില്ല കക്കയവും, ശാസ്‌തമംഗലവും. മരണത്തിന്റെ തീയതി ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത പേരുകള്‍ നമ്മുടെ ചരിത്രത്തിന്റെ ഏടുകളിലും നിറഞ്ഞു നില്‍ക്കുന്നു. രാജനും, വിജയനും. ദുരധികാരത്തിന്റെ ദുശ്ശാസനപര്‍വ്വം മനസ്സിലും, ശരീരത്തിലും ഏല്‍പ്പിച്ച ക്ഷതങ്ങളുമായി ഇപ്പോഴും ജീവിച്ചിരിക്കുന്നവര്‍ എത്രയാണെന്നു പോലും നമുക്ക് തീര്‍ച്ചയില്ല.
അടിയന്തരാവസ്ഥയുടെ ഓര്‍മകളുമായി മറ്റൊരു ജൂണ്‍ 25-കൂടി കടന്നു പോരുമ്പോള്‍ കേരളത്തിലുടനീളം ചിതറിക്കിടക്കുന്ന ഈ മനുഷ്യര്‍ ഭരണകൂട ഭീകരത ഒരു അലങ്കാരപദമല്ലെന്നു നമ്മെ ബോധ്യപ്പെടുത്തുന്നു.
ഏരിയൽ ഡോര്‍ഫ്‌മാൻ തന്റെ പുസ്‌തകത്തിന്റെ ഹ്രസ്വമായ സമര്‍പ്പണത്തില്‍ രേഖപ്പെടുത്തുന്നതുപോലെ ഒരു കരിങ്കല്ലിലും ആലേഖനം ചെയ്യാനാവാത്ത തേങ്ങലുകള്‍ എപ്പോഴും ബാക്കിയുണ്ടാവും. ചരിത്രത്തില്‍ എപ്പോഴും ബാക്കിയാവുന്ന നിശബ്‌ദമായ ആ തേങ്ങലുകളില്‍ നിന്നാണ് പുതിയ കാലത്തിന്റെ പ്രതീക്ഷകള്‍ നാമ്പിടുക.
Read More: പാട്ടിനും നൃത്തത്തിനും മായ്‌ക്കാനാവാത്ത നിലവിളികളുമായി ശാസ്തമംഗലം ക്യാംപ്
സാന്റിയോഗയിലെ സെമിത്തേരിയിലെ നാലായിരത്തിലധികം പേരുകള്‍ ആലേഖനം ചെയ്‌ത ഓര്‍മയുടെ ചുവര്‍ പ്രതീക്ഷയുടെ പ്രതീകമാവുന്നത് അതു കൊണ്ടാണ്. സ്വേച്‌ഛാധികാരത്തിന്റെ ഇരുണ്ടകാലത്തിനെതിരായ പുതിയ കാലത്തെ മലയാളികളുടെ പൊതുബോധത്തിന്റെ, ജാഗ്രതയുടെ പ്രതീകമായി ഒരു ഓര്‍മസ്‌തൂപം ഉയരുക. അടിയന്തരാവസ്ഥയുടെ 43-ാം വര്‍ഷം അങ്ങനെയൊരു ചിന്ത നാമ്പിടുമെന്നു പ്രതീക്ഷിക്കാം.
സാമൂഹിക നിരീക്ഷകനും മാധ്യമപ്രവർത്തകനുമാണ് ലേഖകന്‍