കേരളം വിറങ്ങലിച്ച നിന്ന ആ ഓണനാളിന് 35 വർഷം

ആഹ്ലാദം കണ്ണടച്ച ആ തിരുവോണം ദിനം, 76 മനുഷ്യർ പിടഞ്ഞുവീണ് കൊല്ലപ്പെട്ട ദുരന്തത്തിന്റെ ഓർമ്മദിനം, ജനകീയ പ്രതിഷേധത്തിന്രെയും വാർഷികമാണ്. സമരസമതി ജോയിന്റ് കൺവീനറായിരുന്ന പി.എസ്.രാജഗോപാലൻ ആ കാലത്തെ കുറിച്ചെഴുതുന്നു

vypin liquor tragedy, civic chandran, liquor tragedy in kerala,

വൈപ്പിന്‍ ജനതയുടെ നെഞ്ചില്‍ തീ കോരിയിട്ടുകൊണ്ട് പുലര്‍ന്നുവീണ 1982 സെപ്റ്റംബർ രണ്ടിലെ തിരുവോണനാള്‍. കേരളം വിറങ്ങലിച്ചു നിന്ന ദിവസങ്ങളിലേയ്ക്കാണ് ആ തിരുവോണ ദിനം കൺതുറന്നത്. ‘കാണം വിറ്റും ഓണം ഉണ്ണാന്‍’ കാത്തിരുന്നവരില്‍ പലരും അച്ഛനമ്മമാരുടെ മുന്നില്‍, ഭാര്യയുടെയും മക്കളുടേയും മുന്നില്‍ പിടഞ്ഞുവീണ് മരിക്കുന്ന കാഴ്ച. കൈകാലുകള്‍ തളര്‍ന്നുപോകുന്നവര്‍, കാഴ്ച നഷ്ടപ്പെടുന്നവര്‍, അങ്ങിനെയങ്ങിനെ കെടുതികളുടെ പ്രവാഹം.

vypin liquor tragedy, vishnuram, civic chandran,

ഞാറയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രി നിറഞ്ഞുകവിഞ്ഞു. പലരേയും എറണാകുളത്തെ ജില്ലാ ആശുപത്രിയിലേക്കും, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി ആശുപത്രികളിലേക്കും മാറ്റിക്കൊണ്ടിരിക്കുന്നു. ഗോശ്രീപാലമൊന്നും വന്നിട്ടില്ലാത്തകാലം. ബോട്ടില്‍ വെപ്രാളത്തോടെ തങ്ങളുടെ ഉറ്റവരുടെ തളര്‍ന്നുകുഴഞ്ഞ ശരീരവും താങ്ങി അലമുറിയിടുന്നവരുടെ ദാരുണമായ കാഴ്ചകള്‍. ഈസമയം അന്നു ഞാറയ്ക്കല്‍ ജീവിച്ചിരുന്ന സര്‍വ്വോദയം കുര്യന്‍ എന്ന മനുഷ്യസ്‌നേഹിയുടെ ശബ്ദം ഓട്ടോറിക്ഷയില്‍ ഘടിപ്പിച്ച മൈക്കിലൂടെ ജനങ്ങളുടെ കാതുകളിലേക്ക് എത്തി. വൈപ്പിന്‍കരയിലെ സര്‍ക്കാര്‍ ലൈസന്‍സി ചാരായ ഷോപ്പുകളില്‍ നിന്നും മദ്യപിച്ചവരെല്ലാം അടിയന്തിരമായി ഡോക്ടറെ കാണുക. ആ വിഷമദ്യമാണ് ഇപ്പോള്‍ നടക്കുന്ന മരണങ്ങള്‍ക്കും മറ്റും കാരണമെന്ന് കുര്യന്‍ മൈക്കിലൂടെ അലറി പറഞ്ഞുകൊണ്ടിരുന്നു.

വിഷമദ്യം തന്നെയായിരുന്നു ദുരന്തങ്ങളുടെ കാരണം ലാഭക്കൊതിയുടെ പേരിൽ ഒരു കൂട്ടം മദ്യമുതലാളിമാര്‍ ചെറിയ ചെലവില്‍ വലിയ ലാഭം കുന്നുകൂട്ടാന്‍വേണ്ടി നടത്തിയ ഒരു കുറുക്കുവഴിയുടെ ഫലം. അളവ് അല്പം കൂടിപ്പോയാല്‍ മനുഷ്യജീവന്‍ നഷ്ടപ്പെടുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ ചെയ്ത അങ്ങേയറ്റത്തെ ക്രൂരമായ പ്രവൃത്തി. വാര്‍ത്തകള്‍ പരന്നു. വൈപ്പിനോടൊപ്പം കേരളം ഒന്നാകെ ഞെട്ടിവിറച്ചു. ആ ദിനം പകല്‍ തികഞ്ഞ അരക്ഷിതത്വത്തോടെ, തീര്‍ത്തും വിഹ്വലതയോടെ കടന്നുപോയ്‌ക്കൊണ്ടിരുന്നു. വൈപ്പിന്‍ ദീപിന്റെ തെക്കെ അറ്റത്തുള്ള എളങ്കുന്നപ്പുഴ പഞ്ചായത്തിലാകമാനം ചുടലകള്‍ ഉയര്‍ന്നു. പട്ടടകള്‍ കത്തിയെരിയുമ്പോള്‍ ഉയരുന്ന മനം മടുപ്പിക്കുന്ന രൂക്ഷമായ ഗന്ധം കൊണ്ട് ജനങ്ങള്‍ അസ്വസ്ഥരായി.

പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ ദ്വീപുകളിലെ ചുമരുകളില്‍ പലയിടത്തും പച്ചിലകൊണ്ട് എഴുതിയ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. ‘മദ്യക്കൊലയാളികളെ തൂക്കിലേറ്റുക’, ‘അവരെ ഉന്മൂലനം ചെയ്യുക’ എന്നിങ്ങനെയൊക്കെയായിരുന്നു ആ ചുവരെഴുത്തുകളുടെ സ്വഭാവം. അന്നുവൈകുന്നേരത്തോടെ വൈപ്പിനിലെ യുവജനത തങ്ങളുടെ എല്ലാ പ്രതികരണ ശേഷിയേയും ആവാഹിച്ചെടുത്തുകൊണ്ട് തെരുവിലിറങ്ങി. ചാരായ ഷോപ്പുകള്‍ തല്ലിതകര്‍ത്ത് അഗ്നിക്കിരയാക്കി. മദ്യമുതലാളിമാരിലൊരാളായിരുന്ന കെ.കെ.വിജയന്റെ വെളിയത്തുപറമ്പിലുണ്ടായിരുന്ന വീടും അവര്‍ തല്ലിത്തകര്‍ത്തു. ഈ ജനരോഷം മറ്റിടങ്ങളിലേയ്ക്കും പടര്‍ന്നു. അടുത്ത ദിവസങ്ങളില്‍ ദ്വീപ് ജനത തങ്ങളുടെ പ്രതിഷേധാഗ്നിയുമായി തെരുവുകളെ പ്രകമ്പനം കൊള്ളിച്ചു. ഈ പ്രതിഷേധങ്ങളെയൊക്കെ സമാഹരിച്ചുകൊണ്ടാണ് സി.ആര്‍.സി., സി.പി.ഐ. (എം.എല്‍.) എന്ന അന്നത്തെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ‘വൈപ്പിന്‍ വിഷമദ്യ വിരുദ്ധ ബഹുജന സമിതി’ എന്ന സമര സംഘടന രൂപം കൊണ്ടത്.

p.s rajagopalan, civic chandran, liquor tragedy,
പി എസ് രാജഗോപാലൻ

സർക്കാരിന്രെ ഔദ്യോഗിക കണക്ക് പ്രകാരം മാത്രം 76 പേർ ആ മദ്യ ദുരന്തത്തിൽ കൊല്ലപ്പെട്ടു. നിരവധി പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. അനവധിയാളുകൾക്ക് കൈ കാലുകളുടെ ചലന ശേഷി നഷ്ടമായി. കുടുംബങ്ങൾ ആശ്രയമില്ലാതെ നിരാലംബമായി. അനൗദ്യോഗിക കണക്ക് അനുസരിച്ച്, ഇത് അതിലും വളരെ കൂടുതലാണ്. ആ ദുരന്തത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ്. 76 ലേറെ പേർക്ക് കാഴ്ച നഷ്ടമാവുകയും ചലനശേഷി നഷ്ടമാവുകയും കൈകാലുകളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്തവരുണ്ട്.

ഈ മദ്യദുരന്തത്തിന് ഇരയാവുകയും അതിനെ അതിജീവിക്കുകയും ചെയ്ത നാലുപേരാണ് ഇപ്പോൾ ഈ പ്രദേശത്തുളളത്. സംഭവം നടക്കുമ്പോൾ ബോട്ട് ഡ്രൈവറായിരുന്ന എളങ്കുന്നപ്പുഴയിലെ ബാബു. അദ്ദേഹത്തിന്റെ കണ്ണിന് കാഴ്ച നഷ്ടമായി. ഇപ്പോൾ ഒറ്റയ്ക്ക് ചെറായിയിലെ വീട്ടിൽ താമസിക്കുന്നു. വികലാംഗപെൻഷനാണ് ഏക വരുമാന മാർഗം. കുഴിപ്പളളി പാലത്തിന് സമീപം പെട്ടിക്കട നടത്തുന്ന നടേശനാണ് മറ്റൊരാൾ. അദ്ദേഹത്തിന്റെയും കാഴ്ച നഷ്ടമായി. ചെറിയൊരു പെട്ടിക്കട നടത്തിയാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. അയ്യമ്പളളി കിഴക്ക് താമസിക്കുന്ന ശിവദാസനും മദ്യദുരന്തത്തിൽ കാഴ്ച നഷ്ടപ്പെട്ടയാളാണ്. ഞാറയ്ക്കൽ സ്വദേശി ജോസഫ് മയ്യാട്ടിന് ഇന്നും കാഴ്ച്ചക്കുറവും കൈയും കാലും വേദനയും അനുഭവിക്കുന്നുണ്ട്.  കോഴി വളർത്തിയാണ് ജോസസഫ് ജീവിത മാർഗം തേടുന്നത്.

നായരമ്പലം ഭഗവതി വിലാസം സ്‌കൂള്‍ ഹാളില്‍ വച്ച് രൂപം കൊണ്ട ആ സംഘടന ‘വൈപ്പിന്‍ ഒരു ദുരന്തമല്ല ഒരു കൂട്ടക്കൊലയാണ്’” എന്ന നിലപാട് ഉയർത്തി. “കൊലയാളികള്‍ക്കെതിരെ”, ബഹിഷ്‌ക്കരണം എന്ന മുദ്രാവാക്യം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ‘അബ്കാരി കൊലയാളികളെ മാതൃകാപരമായ നിയമനടപടികള്‍ക്ക് വിധേയമാക്കി ശിക്ഷിക്കുക’, ‘അബ്കാരികളുടെ സ്വത്ത് കണ്ടുകെട്ടി വിഷമദ്യദുരിതബാധിതര്‍ക്ക് വിതരണം നടത്തുക’ എന്നീ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സമരസമിതിയുടെ പ്രസിഡന്റായിരുന്ന മണ്ഡലം മുഹമ്മദ്  ഈ കേസിലെ  കുറ്റക്കാരനെന്ന് ആരോപിക്കപ്പെട്ട    കൊച്ചഗസ്തിയുടെ നായരമ്പലം പഞ്ചായത്തിലെ നെടുങ്ങാട് ഉണ്ടായിരുന്ന നെല്‍വലയിന്റെ വരമ്പത്ത് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. ദിനേനയെന്നോണം സമരം കൂടുതല്‍ കൂടുതല്‍ ജനകീയമായിക്കൊണ്ടിരുന്നു. പാടം കൊയ്യുന്നതില്‍ നിന്നും കൊയ്ത്തുകാര്‍ വിട്ടുനില്‍ക്കണമെന്ന സമര സമിതിയുടെ ആഹ്വാനം ജനങ്ങള്‍ ആവേശത്തോടെ ഏറ്റെടുത്തു നടപ്പാക്കി.

ജനകീയ ഐക്യം കണ്ട് പ്രതിസ്ഥാനത്തുളളവരും സര്‍ക്കാരും കൈകോര്‍ക്കുന്നതായിരുന്നു കേരളത്തിൽ പിന്നീട് കണ്ടത്. വന്‍ പൊലീസ് സംരക്ഷണയില്‍ കൊച്ചഗസ്തിയുടെ പാടം കൊയ്യാന്‍ വൈപ്പിന്‍-പറവൂര്‍ മേഖലകള്‍ക്ക് പുറത്തുനിന്നും ഇവരുടെയൊക്കെ സ്വാധീനത്തില്‍ ഉള്‍പ്പെട്ടവരുമായി വണ്ടികള്‍ ഞാറയ്ക്കലെത്തി. ഇതറിഞ്ഞ ജനങ്ങള്‍ സമര സമിതിയെ വിവരം അറിയിച്ചു. ഞാറയ്ക്കല്‍ പള്ളിയുടെ പരിസര പ്രദേശങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ അടക്കമുള്ള ജനങ്ങള്‍ സമിതിയുടെ നേതൃത്വത്തില്‍ പൊലീസ് സംരക്ഷണത്തിൽ കൊയ്യാനെത്തിയവരെ തടഞ്ഞു. സമരത്തിലുണ്ടായിരുന്ന സ്ത്രീകള്‍ പറഞ്ഞു.” ഞങ്ങള്‍ക്ക് കൊയ്യാന്‍ അറിയാഞ്ഞിട്ടല്ല ഈ കൊലയാളിയുടെ പാടം ഇങ്ങനെ കിടക്കുന്നത്. ഞങ്ങളുടെ ഭര്‍ത്താക്കന്മാരെ, ഞങ്ങളുടെ മക്കളെയൊക്കെ വിഷം കൊടുത്തു കൊന്ന ഈ നരാധമന്റെ പാടം കൊയ്യാന്‍ ഞങ്ങള്‍ തയാറല്ല. അതിന് മറ്റാരും മുതിരുകയും വേണ്ട” എന്ന് അവര്‍ ഉറക്കെയുറക്കെ പറഞ്ഞു. വന്നവര്‍ പാടത്തിറങ്ങി കൊയ്യാൻ കഴിയാതെ തിരിച്ചുപോയി.

മണ്ഡലം മുഹമ്മദിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരുന്നു. ഏഴാം ദിവസം അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കാന്‍ വന്‍ പൊലീസ് സന്നാഹം എത്തി. അദ്ദേഹവും സമര സമിതിയും അറസ്റ്റിന് വഴങ്ങിയില്ല. ഒന്‍പതാം നാള്‍ മണ്ഡലം മുഹമ്മദിനെ ബലമായി അറസ്റ്റ് ചെയ്ത് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പൊലീസ് ബന്തവസില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം ആശുപത്രിയില്‍ പൊലീസിന്റെ ‘ഫോഴ്‌സ് ഫീഡിങ്ങിനെ’ എതിര്‍ത്തുകൊണ്ട് നിരാഹാരം തുടര്‍ന്നു.

സമര പന്തലില്‍ സമതി എക്‌സിക്യൂട്ടീവ് അംഗവും കളമശ്ശേരി ഐ.ടി.ഐ. വിദ്യാര്‍ത്ഥിയുമായിരുന്ന പി.എസ്.രാജീവ് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. തുടര്‍ന്ന് സമതിയുടെ യോഗം ചേര്‍ന്ന് നിയമം ലംഘിച്ച് പാടം കൊയ്യാനും, നെല്ല് വിഷമദ്യത്തിനിരയായ കുടുംബങ്ങള്‍ വിതരണം ചെയ്യുവാനും തീരുമാനിച്ചു. രാജീവിന്റെ നിരാഹാരത്തിന്റെ നാലാം നാള്‍ നിയമ ലംഘനം പ്രഖ്യാപിച്ചു. നിയമലംഘന സമരം പ്രഖ്യാപിച്ചുകൊണ്ട് തലേനാള്‍ ഞാറയ്ക്കല്‍ ലേബര്‍ കോര്‍ണറില്‍ നടന്ന പൊതുയോഗം കേരള ഹൈക്കോടതിയിലെ അക്കാലത്തെ സീനിയര്‍ ക്രിമിനല്‍ അഭിഭാഷകനായിരുന്ന അഡ്വ. ഈശ്വര അയ്യര്‍ ഉദ്ഘാടനം ചെയ്തു. പൊതുയോഗത്തിന് മൈക്ക് അനുവാദം നിഷേധിച്ചിരുന്നു. ജനകീയ ഐക്യത്തോടൊപ്പം അണിനിരക്കാനും, പ്രക്ഷോഭകാരികളായ ഈ നല്ല മനുഷ്യരോട് സംസാരിക്കാനും തനിക്ക് മൈക്കോ, സര്‍ക്കാരിന്റെ ഒത്താശയോ, ഔദ്യാര്യമോ ആവശ്യമില്ലായെന്ന പ്രഖ്യാപനത്തോടെയാണ് ഈശ്വരയ്യര്‍ പ്രസംഗം ആരംഭിച്ചത്. സമര സമിതി പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ എടുക്കാന്‍ പൊലീസ് സർവ സന്നാഹങ്ങളും ഒരുക്കി. എന്നാല്‍ ഒരു പ്രവര്‍ത്തകനെപ്പോലും പൊലീസിന് കസ്റ്റഡിയില്‍ എടുക്കാനായില്ല.

അടുത്ത ദിനം പുലര്‍ന്നപ്പോള്‍ ഞാറയ്ക്കല്‍, നെടുങ്ങാട്, നായരമ്പലം നിവാസികളെ എതിരേറ്റത് തോക്കുകളും ടിയര്‍ ഗ്യാസ് ഷെല്ലുകളും ലത്തിയുമൊക്കെ ഏന്തിയ നൂറ് കണക്കിന് റിസര്‍വ്വ് പൊലീസുകാരാണ്. വെടിവെയ്പിനുളള സാധ്യതവരെ മുന്നിൽ കണ്ടുകൊണ്ട് ജില്ലാ മജിസ്‌ട്രേറ്റും നെടുങ്ങാട് സന്നിഹിതനായിരുന്നു. സമര സമിതി വൈസ് പ്രസിഡന്റ് മഞ്ഞളിയില്‍ തോമസ് മാസ്റ്ററുടെ നേതൃത്വത്തില്‍ സമിതി സെക്രട്ടറി പി.എന്‍. സുകുമാരന്‍, ജോയിന്റ് സെക്രട്ടറി പി.എസ്.രാജഗോപാലന്‍, സമിതി എക്‌സിക്യൂട്ടീവ് അംഗം കെ.ബി.ഗുഹന്‍ എന്നിവരടക്കമുള്ള നൂറുകണക്കിന് ആളുകള്‍ നിയമലംഘനത്തിനായി രാവിലെ ഒമ്പത് മണിയോടെ പാടശേഖരത്തിനടുത്തെത്തി. നിരാഹര പന്തലില്‍ നിന്നും അരക്കിലോമിറ്ററീന് അകലെ വച്ച് പൊലീസ് നിയമലംഘന സംഘത്തെ തടഞ്ഞു. നിരാഹാരിക്ക് അരിവാള്‍ നല്‍കി സമരം ഉദ്ഘാടനം ചെയ്യാന്‍ തയാറായ വയോധികയായ അമ്മു എന്ന തൊഴിലാളി സ്ത്രീയെ പൊലീസ് അവരുടെ വീട്ടില്‍ തടഞ്ഞുവെച്ചു. തുടര്‍ന്ന് യാതൊരു മുന്നറിയിപ്പും ഇല്ലാതെ, പൊലീസ് നടപടികള്‍ക്ക് മുന്‍പുണ്ടാകേണ്ട നിയമനടപടികളും പാലിക്കാതെ ജില്ലാ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പൊലീസ് മേധാവികളുടെ നേതൃത്വത്തിലുണ്ടായിരുന്ന പൊലീസ് സമര പ്രവര്‍ത്തകര്‍ക്കുനേരെ മര്‍ദ്ദനം ആരംഭിച്ചു. മഞ്ഞളി മാഷും ഗുഹനുമെല്ലാം പൊലീസിന്റെ അതിക്രൂരമായ അടിയേറ്റ് നിലത്തുവീണു. നിലത്തുവീണവരെ പൊലീസ് ചവിട്ടിയരച്ചു. ഒരു മുഖ്യധാര വ്യവസ്ഥാപിത പ്രസ്ഥാനത്തിന്റെയും നേതൃത്വത്തിലുമല്ലാതെ അണി നിരന്ന വിവിധ രാഷ്ട്രീയ നിലപാടുള്ളവരും, രാഷ്ട്രീയ അഭിപ്രായമില്ലാത്തവരുമൊക്കയായ ആളുകളില്‍ പലരും ഈ കടന്നാക്രമണങ്ങളില്‍ പതറാതെ ഉറച്ചുനിന്നു. പലരും ചിതറി ഓടി.

ഇതേസമയം, സമര കേന്ദ്രത്തില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറി പുഴക്ക് പടിഞ്ഞാറെ കരയില്‍ കൂടിനിന്ന പ്രവര്‍ത്തകര്‍ക്കെതിരെയും അതിക്രൂരമായ മർദ്ദനമായിരുന്നു പൊലീസ് നടത്തിയത്. സമിതി പ്രവര്‍ത്തകനായ രാജു തോമസിന്റെ തലയിലടിച്ച പൊലീസ് ലാത്തി  രണ്ടായി ഒടിഞ്ഞു. രാജുവിന്റെ തല പൊളിഞ്ഞ് രക്തം ചീറ്റി. പി.കെ.വേണുഗോപാല്‍, അഡ്വ.എ.എക്‌സ്. വര്‍ഗീസ്, രവി എന്നിവരടക്കമുള്ള നിരവധി പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞുവെച്ചു തല്ലിചതച്ചു. ചോരക്കളമായി മാറി ആ പ്രദേശം.

നൂറുകണക്കിന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് മഞ്ഞളി മാഷ്, ഗുഹന്‍, എ.എക്‌സ്. വര്‍ഗ്ഗീസ്, പി.കെ.വേണുഗോപാല്‍, കെ.കെ.ബേബി, രവി തുടങ്ങിവര്‍ അടക്കം 27 സമിതി പ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനില്‍ കേസ് ചാർജ് ചെയ്ത് ജയിലില്‍ അടച്ചു. എന്നിട്ടും സമരം അവസാനിച്ചില്ല. വൈപ്പിന്‍ ദ്വീപിന്റെ ഓരോ മുക്കിനും മൂലയിലും സമിതി പ്രവര്‍ത്തകര്‍ പൊലീസ്  നടപടിക്കെതിരെ പ്രകടനങ്ങളും തെരുവ് യോഗങ്ങളുമായി പ്രതിഷേധം തുടര്‍ന്നു. ലാത്തിച്ചാർജിന്റെ പിറ്റേന്ന് ഉച്ചയ്ക്ക് സി.ജെ.രാജീവ് എന്ന സമിതി നേതാവിന്റെ നേതൃത്വത്തില്‍ ഒരു സംഘം പ്രവര്‍ത്തകര്‍ പൊലീസ് അതിക്രമത്തിനെതിരെ കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടി പ്ലക്കാർഡുകളുമായി നിരാഹാരം നടന്ന സ്ഥലത്തേക്ക് നായരമ്പലത്തുനിന്നും നാല് കിലോമീറ്റര്‍ താണ്ടി മാര്‍ച്ച് ചെയ്തു.

notice, vypin liquor tragedy, vypin
വൈപ്പിൻ മദ്യ ദുരന്ത സമരത്തിനായി ഇറക്കിയ നോട്ടീസിന്രെ ആദ്യ പേജ്

ഇതേസമയം, സമര സമിതി പുറത്തിറക്കിയ നോട്ടീസ് കേരളത്തിൽ മറ്റൊരു ചരിത്രം സൃഷ്ടിച്ചു. ” ഇതാ സുഹൃത്തേ, സൗഹൃദം നീട്ടുന്ന ഒരു കൈ” എന്ന നോട്ടീസ് അന്നത്തെ ലെറ്റർ പ്രസ്സ് സംവിധാനത്തിൽ നിരവധി തവണ അച്ചടിച്ചു. സെപ്റ്റംബർ 27 ന് ആദ്യം രണ്ടായിരം കോപ്പിയാണ് ആ നോട്ടീസ് അച്ചടിച്ചത് പിന്നെ പല തവണയായി  പതിനായിരത്തിലേറെ കോപ്പികളാണ് ആ നോട്ടീസ് അച്ചടിച്ചത്. അത് വായിക്കാൻ ആളുകളുടെ ആവശ്യവും നോട്ടീസ് തേടിയുളള ആളുകളുടെ അന്വേഷണവുമാണ് വീണ്ടും വീണ്ടും നോട്ടീസ് അച്ചടിക്കാൻ സമര സമിതി നിർബന്ധിതമായത്.

vypin liquor tragedy, notice, ps crc cpiml
വൈപ്പിൻ വിഷമദ്യദുന്ത സമര സമിതി യുടെ നോട്ടീസ്

ഇതോടൊപ്പം തന്നെ ജനകീയ സാംസ്കാരികവേദിക്കു വേണ്ടി സിവിക് ചന്ദ്രൻ എഴുതിയ പൊറിഞ്ചുവർഗീസ് എന്ന നാടകം  വൈപ്പിൻ കരയിൽ മാത്രം നൂറിലേറെ ഇടങ്ങളിൽ അവതരിപ്പിച്ചു. 80ൽ പുനലൂരിലുണ്ടായ വിഷമദ്യ ദുരന്തവും അതിലെ പ്രതിയുടെ രക്ഷപ്പെടലിന്രെയും പശ്ചാത്തലത്തിലാണ് സിവിക് ഈ നാടകം എഴുതിയത്. വൈപ്പിൻകരയിലെ മാത്രമല്ല, പുറത്തുമുളള ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് ഈ നാടകവും നോട്ടീസും വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

ഇത്രത്തോളം ആയപ്പോള്‍ ഈ സമരത്തെ തങ്ങളുടെ പൊലീസ് നടപടികളിലൂടെ ഇല്ലാതാക്കാനാവില്ലെയെന്ന് ബോധ്യമായ സര്‍ക്കാര്‍ കുറ്റക്കാരായ അബ്കാരികൾക്കെതിരെ നിയമനടപടി എടുക്കാന്‍ നിര്‍ബന്ധിതരായി. കെ.കെ.വിജയന്‍, കൊച്ചഗസ്തി, ചന്ദ്രസേനന്‍, തിരുമുല്‍പ്പാട് അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് നരഹത്യക്ക് കേസ് എടുത്തു. തുടര്‍ന്ന് നടന്ന വിചാരണയില്‍ പ്രതികൾ  ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലറക്കകത്തായി. അങ്ങിനെ കേരള ചരിത്രത്തിലെ വ്യത്യസ്തമായ അടയാളപ്പെടുത്തലായി ആ ജനകീയ സമരം.

1980ല്‍ പുനലൂരില്‍ 11 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ കേസിലെ പ്രതിയായിരുന്ന അബ്കാരി പാച്ചി ഫിലിപ്പ് എന്നയാൾ ഒരു ദിവസം ലോക്കപ്പില്‍ പോലും കിടക്കാതെ രക്ഷപെട്ടുവന്നത് ചരിത്രം. ഇവിടെ വൈപ്പിന്‍ ജനതയുടെ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു. പിന്നീട് കല്ലുവാതുക്കലിലെ വിഷമദ്യ ദുരന്തമുണ്ടായപ്പോൾ ഹയറുന്നീസയും, മണിച്ചനുമെല്ലാം ശിക്ഷിക്കപ്പെട്ടതും സമീപകാല ചരിത്രം.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: 35 years after vypeen illicit liquor tragedy activist recalls the struggle to punish guilty

Next Story
സ്വാശ്രയ മെഡിക്കൽ ഫീസ് : കേരളം കർണ്ണാടകത്തിൽ നിന്നും പഠിക്കണംself finance mbbs fees, kerala, self finance college
The moderation of comments is automated and not cleared manually by malayalam.indianexpress.com