scorecardresearch
Latest News

അനുഭവങ്ങള്‍, പാളിച്ചകള്‍: സോളിഡാരിറ്റിയുടെ പാഠങ്ങൾ

ജമാ അത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട് യുവജന പ്രസ്ഥാനമായ സോളിഡാരിറ്റിയുടെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കുന്നു.

solidarity, youth movement, islam politics,

കേരളത്തിന്റെ ജനകീയ നവരാഷ്ട്രീയ മുന്നേറ്റങ്ങളില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പതിനഞ്ചു വർഷം പിന്നിടുകയാണ്. സോളിഡാരിറ്റി പോലെയുള്ള ഇസ്‌ലാമിക സാമൂഹിക പ്രസ്ഥാനങ്ങളെ വിലയിരുത്തുമ്പോള്‍ രണ്ടു കാര്യങ്ങള്‍ പ്രധാനമാണ്. ഒന്ന്. മതേതരവിമര്‍ശനത്തിന്റെ വരട്ടുവാദങ്ങളില്‍നിന്ന് ഈ വിമര്‍ശനം പുറത്തുകടക്കണം. രണ്ട്. ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ ആത്മനിഷ്ഠ വായനയെ നിരാകരിക്കുകയും വേണം. ഈ രണ്ടു സാധ്യതകളെ, സോളിഡാരിറ്റിയുടെ നിലപാടുകളുടെ പ്രതിവായനകളിലൂടെ വികസിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഹാമിദ് ദബശി Islamic Liberation Theology: Resisting Empire (Routledge 2008) എന്ന പഠനത്തില്‍ ആഗോള ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ മേഖലയില്‍ ഇങ്ങിനെയൊരു വിമര്‍ശനത്തിന്റെ സാധ്യത തേടിയിരുന്നു.

വിമോചന രാഷ്ട്രീയത്തെ പ്രധാനമായി കാണുന്ന സാമൂഹിക പ്രസ്ഥാനങ്ങളെ വിലയിരുത്തുക അവര്‍ എങ്ങിനെ രാഷ്ട്രീയത്തെ സമീപിച്ചു എന്ന പ്രശ്നമണ്ഡലത്തിലാണ്‌. ക്ലോഡ് ലെഫോ പറയുന്ന പോലെ, രാഷ്ട്രീയത്തെ അവകാശങ്ങള്‍ നേടാനുള്ള അവകാശം (right to have rights) എന്ന നിലയിലാണ് നവസാമൂഹിക പ്രസ്ഥാനങ്ങള്‍ സമീപിക്കുക. സമൂഹം അദൃശ്യതയിലും നിശബ്ദതയിലും പുറമ്പോക്കിലും തള്ളിയ ജീവിതങ്ങളെ വെളിച്ചത്തുകൊണ്ടുവരുന്നതാണ് ഈ പുതുസാമൂഹിക രാഷ്ട്രീയം.
വിമോചന ദൈവശാസ്ത്രത്തിന്‍റെ ശബ്ദങ്ങൾ, ഇസ്‌ലാമിക സ്ത്രീവാദികള്‍, കീഴാള/ലൈംഗിക ന്യൂനപക്ഷങ്ങള്‍, ദലിത് ആദിവാസി പിന്നാക്ക രാഷ്ട്രീയം അടക്കമുള്ള നവജനാധിപത്യ രാഷ്ട്രീയത്തിന്റെ കൈവഴികള്‍, മുതലാളിത്ത വികസനത്തിന്റെ അഭയാര്‍ഥികള്‍, ഭരണകൂട ഹിംസയുടെ ഇരകള്‍, ഉപദേശീയതാ പ്രസ്ഥാനങ്ങള്‍, പ്രാദേശിക രാഷ്ട്രീയ മുന്നേറ്റങ്ങള്‍, പ്രവാസികള്‍ തുടങ്ങി അവകാശം നേടാനുള്ള അവകാശത്തിനുവേണ്ടി പോരാടുന്ന പുതിയ സാമൂഹികപ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയ വിഷയികളുടെയും ചോദ്യങ്ങള്‍ കണക്കിലെടുക്കണം.

രണ്ടായിരത്തി മൂന്നില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മുൻകൈയ്യിൽ  രൂപപ്പെട്ട സോളിഡാരിറ്റി ഇസ്‌ലാമികമായ രാഷ്ട്രീയത്തിന്റെയും പുതുസാമൂഹിക പ്രസ്ഥാനങ്ങളുടെയും ദിശയില്‍ വ്യത്യസ്തമായ കാല്‍വെയ്പായിരുന്നു. ഈ പ്രത്യേകതകളെ വിശകലനം ചെയ്യാനും സോളിഡാരിറ്റി സാധ്യമാക്കിയ പുതിയ പ്രമേയങ്ങളെ അടയാളപ്പെടുത്താനും ആദ്യം ശ്രമിക്കാം.

solidarity, muslim poliitcs, sdpi,

മത അപരത്വവും പോസ്റ്റ്‌-സെക്കുലറിസവും

സോളിഡാരിറ്റി ഏതു മതത്തിലും പെട്ടവര്‍ക്ക് അംഗമാകാവുന്ന സംഘടനയായാണ് കടന്നുവന്നത്. വിശ്വാസിക്കും അവിശ്വാസിക്കും അംഗമാകാം എന്നതായിരുന്നു നിലപാട്. സ്വന്തം മതത്തിനു പുറത്തുള്ള അപരന്‍റെ (religious other) മരണാനന്തര മോക്ഷത്തിന്റെ പ്രശ്നം സംവാദ വിഷയമാക്കി നിലനിർത്തിക്കൊണ്ട്, ഭൗതികമായ സാമൂഹിക വിമോചനത്തിന്റെ വഴിയില്‍ മത അപരനെ കൂടെക്കൂട്ടാനും, അങ്ങിനെ ഉപാധികള്‍ ഇല്ലാത്ത ഐക്യദാര്‍ഢ്യത്തിന്റെ വഴികള്‍ തുറന്നത്, കേരളീയ ഇസ്‌ലാമിക വിമോചന ചിന്തയിലെ പ്രധാന ഇടപെടലാണ്.

മതേതരമാവുക, മതത്തെ സ്വകാര്യവൽക്കരിക്കുക തുടങ്ങിയ കേവല മതേതര അജണ്ടകളെ നിരാകരിക്കുന്നതോടൊപ്പം, പൊതുരാഷ്ട്രീയത്തിനകത്ത് ഇടപെടുമ്പോഴും സ്വന്തം മതത്തെ പ്രധാനമായി കാണുമ്പോഴും, മറ്റുള്ള മത-മതേതര വീക്ഷണങ്ങളുമായി ഐക്യത്തിന്റെ സാധ്യത അന്വേഷിച്ചിരുന്നു. സോളിഡാരിറ്റി അതിനു നല്‍കിയ ന്യായങ്ങള്‍ ഇസ്‌ലാമിന്റെ തന്നെ സമകാലിക വായനയും എന്നാല്‍ മതേതരാധുനികതക്ക് അപരിചിതവുമായ പോസ്റ്റ്‌-സെക്കുലര്‍ രാഷ്ട്രീയ പരീക്ഷണമാണ് എന്നാണ്.

മുഖ്യധാരയ്ക്കുപുറത്തുള്ളവരുടെ ലോകവും നവമുസ്‌ലിം രാഷ്ട്രീയവും

മുഖ്യധാരാ രാഷ്ട്രീയമല്ല, അതിനുപുറത്തുള്ള നവരാഷ്ട്രീയ പ്രശ്‌നങ്ങളില്‍ യുവാക്കളുടെ ഇടപെടലാണ് സോളിഡാരിറ്റി ലക്ഷ്യമാക്കിയത്. പാ‍ര്‍ലമെന്റി രാഷ്ട്രീയം ലക്ഷ്യംവെയ്ക്കാതെതന്നെ രാഷ്ട്രീയ പ്രശ്നങ്ങളില്‍ യുവാക്കളെ അണിനിരത്താൻ അവര്‍ക്ക് സാധിച്ചു. സിവില്‍ രാഷ്ട്രീയത്തിന്റെ ഇടങ്ങളെ വിശാലമാക്കുക എന്ന ദൗത്യം ഈ അര്‍ത്ഥത്തില്‍ സോളിഡാരിറ്റി നിര്‍വഹിച്ചു.

solidarity, youthmovement, islam politics, muslim league

മണ്ഡല്‍/ മസ്ജിദാനന്തരമുള്ള രാഷ്ട്രീയ കാലാവസ്ഥയില്‍ കേരളത്തിലെ മുസ്ലിം യുവതയുടെ ഇടം എന്താണെന്ന ചോദ്യം ഉയര്‍ത്തി കടന്നുവന്ന പി.ഡി.പി, ഐ.എന്‍.എല്‍ തുടങ്ങിയ പ്രസ്ഥാനങ്ങളൊക്കെ ഒരുതരം ആശയക്കുഴപ്പത്തിലായ കാലത്തായിരുന്നു സോളിഡാരിറ്റി കടന്നുവന്നത്. അക്കാലത്തു ശക്തമായ പോപ്പുലര്‍ ഫ്രണ്ട് ആകട്ടെ, ആര്‍.എസ്.എസ്സിനെ നേരിട്ട് തെരുവില്‍ എതിര്‍ക്കുന്ന, മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ മുസ്‌ലിം ന്യൂനപക്ഷാധികാരം ഉറപ്പിക്കുന്ന രീതിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ, വ്യത്യസ്തമായ രാഷ്ട്രീയ ഭാഷ സംസാരിക്കുന്ന, സംവാദശൈലിയുള്ള, സമാധാനത്തിന്റെയും സംവാദത്തിന്റെയും സമവായത്തിന്റെയും സന്ദേശം പറയുന്ന, സാമൂഹിക പ്രസ്ഥാനമെന്ന നിലയിലാണ് സോളിഡാരിറ്റി സ്വയം കണ്ടത്.

നവസാമൂഹിക രാഷ്ട്രീയത്തിന്റെ ദൃശ്യതകള്‍, പോസ്റ്റ്‌ – ഇസ്‌ലാമിസ്റ്റ് ഘട്ടം

മുഖ്യധാര യുവജനപ്രസ്ഥാനങ്ങള്‍ വിശിഷ്യ വ്യവസ്ഥാപിത ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നിര്‍വചിച്ച അതിര്‍വരമ്പുകള്‍ ലംഘിക്കാനുളള ശ്രമമാണ് സോളിഡാരിറ്റി നടത്തിയത്. . ആ അര്‍ത്ഥത്തില്‍ ‘സമൂഹത്തിലെ രാഷ്ട്രീയം ഇതാണ്’ എന്ന് കേരളത്തില്‍ നിര്‍വചിച്ച ഇടത്തിന് പുറത്തുള്ള സാമൂഹിക പ്രശ്നങ്ങളെ രാഷ്ട്രീയവല്‍കരിക്കുകയും ദൃശ്യമാക്കുകയും ഐക്യപ്പെടുകയും പിന്തുണകൊടുക്കയും പഠിക്കുകയും ചെയ്തതുകൊണ്ടാണ് സോളിഡാരിറ്റിയെ നവസാമൂഹിക പ്രസ്ഥാനം എന്ന് വിളിക്കാന്‍ കഴിയുക.

സാമൂഹികം എന്താണ് എന്നതിനെ കുറിച്ച് കേരളത്തിലെ മുഖ്യധാര മാര്‍ക്സിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ കൊടുത്ത നിര്‍വചനത്തെ ലംഘിക്കുക എന്നര്‍ഥത്തിലണ് ഇത് കാണേണ്ടത്. ഉദാഹരണമായി, സോളിഡാരിറ്റി നടത്തിയ പരിസ്ഥിതി രാഷ്ട്രീയത്തിന്റെ മേഖലയിലെ ഇടപെടലുകള്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ തുടക്കത്തില്‍ അവഗണിക്കുകയും അതിന് ദൃശ്യത കൈവന്നതോടെ പരിസ്ഥിതി രാഷ്ട്രീയം ജനകീയ പ്രശ്നമാവുകയും അങ്ങിനെ രാഷ്ട്രീയ പ്രശ്നമാവുകയും ചെയ്തു. പ്ലാച്ചിമടയില്‍ കോക്കകോളയ്ക്കെതിരെയും ആലപ്പുഴയില്‍ കരിമണല്‍ ഖനന വിരുദ്ധ സമരത്തിലും കാസർഗോഡ് എൻഡോസള്‍ഫാന്‍ വിഷയത്തിലും എക്സ്പ്രസ്‌ വേ വിരുദ്ധ സമരത്തിലും സോളിഡാരിറ്റി ഇടപെട്ടുു.

solidarity youth movement,political islam, inl,

സോളിഡാരിറ്റിയെ ഒരു ഇസ്‌ലാമിക പ്രസ്ഥാനം എന്ന് വിശേഷിപ്പിക്കുമ്പോള്‍ എന്ത് തരത്തിലുള്ള ഇസ്‌ലാമിക പ്രസ്ഥാനം എന്ന ചോദ്യം കൂടി നിര്‍ണ്ണായകം ആണ്. സായുധ പ്രസ്ഥാനങ്ങള്‍ മുതല്‍ ഒരൊറ്റ സാമൂഹ്യ പ്രശ്നത്തെ കേന്ദ്രീകരിച്ചുള്ളവ വരെയുള്ള വൈവിധ്യങ്ങള്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മേഖലയില്‍ നിലനിൽക്കുന്നു. എല്ലാവരുടെയും അജണ്ടകള്‍ സാഹചര്യത്തിനും സന്ദർഭത്തിനും അനുസരിച്ച് മാറുന്നുണ്ട്.

ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ‘കടമകള്‍’ പ്രധാനമാകുന്ന രാഷ്ട്രീയത്തില്‍ നിന്ന് ‘അവകാശങ്ങള്‍’ പ്രധാനമാവുന്ന രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ അടുത്തു വരുന്നതിനെയാണ് സാമൂഹിക ചിന്തകനായ അസിഫ് ബയാത് പോസ്റ്റ്‌ – ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയം എന്ന പ്രയോഗത്തിലൂടെ വിശദീകരിച്ചത്. കൂടുതല്‍ പ്രായോഗികമായ ഇടപെടലുകളിലൂടെ വികസിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ കുറിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഭരണകൂടാധികാരം തുടങ്ങി ക്ലാസിക്കല്‍ ഇസ്‌ലാമിക രാഷ്ട്രീയ ചുമതലകളെക്കുറിച്ചു സംസാരിക്കാന്‍ മിനക്കെടാതെ തന്നെയാണ് സോളിഡാരിറ്റി പ്രവര്‍ത്തിച്ചു നീങ്ങിയത്. ആദ്യം പരീക്ഷണത്തിനു തയ്യാറാവുക പിന്നീടു തിരുത്തുക എന്നതാണ് സോളിഡാരിറ്റിയുടെ ശൈലി. ഇത് ലെനിനിസ്റ്റ് സംഘടന ചട്ടകൂടുള്ള, ശക്തമായ അച്ചടക്ക- ശിക്ഷണ-കേന്ദ്രീക്രത ശൈലിയുള്ള, മാതൃപ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമി പിന്തുടരുന്ന സമീപനത്തിലുള്ള മാറ്റമാണ്.

ചില വായനകള്‍ സോളിഡാരിറ്റിയെ വിശേഷിപ്പിച്ചത് ഒരു പോസ്റ്റ്-ലെഫ്റ്റ് പ്രസ്ഥാനം എന്നാണ്. പലപ്പോഴും ലോകത്തിന്റെ മൊത്തം ഭാവി എന്നത് ഇടതുപക്ഷ രാഷ്ട്രീയമാണെന്ന ചരിത്രവിധി ഈ വിളിയില്‍ അടങ്ങിയിട്ടുണ്ട്. അതിലേറെ പ്രധാനം, ഇവിടുത്തെ തീവ്രഇടതുപക്ഷം കടന്നുപോന്ന വഴി താണ്ടുന്ന, അങ്ങിനെ വൈകിവന്ന ഇടതുപക്ഷമായി, എന്നാല്‍ ഒന്നും പുതുതായി പറയാനില്ലാത്ത പ്രസ്ഥാനമായി സോളിഡാരിറ്റി ചുരുക്കപ്പെട്ടു.

ഇസ്‌ലാമിസത്തെക്കുറിച്ചും ഇടതുരാഷ്ട്രീയത്തെക്കുറിച്ചും താരതമ്യം ചെയ്തു പഠിചപ്പോള്‍ സൂസന്‍ ബക്ക് മോസ് ചൂണ്ടി കാണിച്ച ഒരു സവിശേഷ ഇടതുവീക്ഷണത്തിന്റെ പ്രശ്‌നമാണിത്. അറബ് ഉയിര്‍ത്തെഴുന്നേര്‍പ്പിനെ വിശദീകരിച്ച് യുറോപ്പിലെ ചില ഇടതു ചിന്തകര്‍ പറഞ്ഞത് ‘അവര്‍’ ‘നമ്മെ’പ്പോലെ വിപ്ലവകാരികള്‍ ആവുന്നുവെന്നാണ്. സൂസന്‍ ബക് മോസ് പറയുന്നത് അവര്‍ നമ്മെ പോലെ ആവുകയല്ല, മറിച്ച് നമുക്കൊരിക്കലും സാധ്യമാകാത്ത ഒന്നാവുകയാണ്.

സോളിഡാരിറ്റിയും ബഹിഷ്കരണത്തിന്റെ ലോകങ്ങളും സൂക്ഷ്മ രാഷ്ട്രീയ പ്രശ്നങ്ങളും

കമ്യൂണിസം,ദേശീയവാദം, മുതലാളിത്തം തുടങ്ങിയ സാമൂഹിക സംഘാടനത്തിന്റെ ഉപാധികള്‍ സൃഷ്‌ടിച്ച സമഗ്രാധിപത്യ രാഷ്ട്രീയത്തിന്റെ വിമര്‍ശനമായാണ് നവ സാമൂഹിക രാഷ്ട്രീയം ഉയര്‍ന്നുവന്നത്. സാമൂഹിക നിർവചനത്തിന്റെ ഉപാധികള്‍ എന്ന നിലയ്ക്ക് ദേശം, വര്‍ഗം അടക്കമുള്ള ഏകവചനങ്ങളെ തള്ളികളഞ്ഞ ഈ രാഷ്ട്രീയം സാമൂഹിക ചിന്തയെയും പ്രയോഗത്തെയും മാറ്റിപണിതു. സമൂഹത്തെ കുറിച്ച് അധികാരമുള്ളവരുടെ നിര്‍വചനത്തിന് പുറത്തുള്ള വിഭാഗങ്ങള്‍ പലപ്പോഴും പിന്തള്ളപ്പെടുകയും അദൃശ്യവൽക്കരിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ സമൂഹം എന്നത് എല്ലാ നിര്‍വചനത്തിന് പുറത്തും എപ്പോഴും വഴുക്കാന്‍ സാധ്യത നിൽക്കുന്നുവെന്നാണ് അതിന്റെ ഉണ്മപരമായ സവിശേഷത. ഈ പ്രതലത്തില്‍ കേരളീയ സമൂഹത്തെ സോളിഡാരിറ്റി എങ്ങിനെ വായിച്ചുവന്നും സാമൂഹിക അധികാരത്തിന്റെ പ്രശ്നങ്ങളെ എങ്ങിനെ അഭിമുഖീകരിച്ചുവെന്നുമുള്ള അന്വേഷണം പ്രസക്തമാണ്.

solidarity,pdp, islamic feminism,

സോളിഡാരിറ്റി ഒരു നവസാമൂഹിക പ്രശ്നം എന്ന നിലയില്‍ പരിസ്ഥിതി രാഷ്ട്രീയം, ലിംഗ/ ലൈംഗിക രാഷ്ട്രീയം, മനുഷ്യാവകാശ രാഷ്ട്രീയം തുടങ്ങിയ മേഖലകളിലെ സൂക്ഷ്മവൈരുധ്യങ്ങളെ അഭിമുഖീകരിച്ചില്ല എന്നു കാണാം. ഉദാഹരണമായി, മനുഷ്യാവകാശ രാഷ്ട്രീയത്തിലെ ‘മനുഷ്യന്‍’ എന്ന സങ്കല്‍പം ഇന്ത്യയില്‍ ആരാണ് നിര്‍ണയിക്കുന്നത് എന്നതടക്കമുള്ള ചോദ്യങ്ങള്‍ ബിനായക് സെന്‍ മോചന സമരത്തിന്റെ കാലം തൊട്ടെങ്കിലും വ്യാപകമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. സോണി സോറിയും ബിനായക് സെന്നും തമ്മില്‍ ഉണ്ടായ അകലം ഇന്ത്യന്‍ മനുഷ്യാവകാശ രാഷ്ട്രീയത്തിന്റെ ആന്തരിക സംഘര്‍ഷങ്ങളെ വെളിച്ചത്തുകൊണ്ട് വന്നതാണ്. ഉപരിവര്‍ഗ/മേല്‍ജാതി/ഹിന്ദു/പുരുഷന്റെ രാഷ്ട്രീയം ഇന്ത്യന്‍ മനുഷ്യാവകാശ രാഷ്ട്രീയത്തിന്റെ മുന്‍ഗണനകളെ അതിനിര്‍ണയിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഈ സൂക്ഷ്മരാഷ്ട്രീയ സംഘര്‍ഷങ്ങളെ സോളിഡാരിറ്റി അവഗണിക്കുകയാണ് ചെയ്തത്.

പാഠവല്‍കരണത്തിന്റെ അഭാവം 
നവസാമൂഹിക രാഷ്ട്രീയത്തെ പാഠം എന്ന നിലയില്‍ സമീപിക്കാനോ അതിന്റെയുളളിലെ അധികാരത്തിന്റെ പ്രശ്നങ്ങളെ സമീപിക്കാനോ കഴിഞ്ഞില്ല എന്നതൊരു ദൗര്‍ബല്യമാണ്. പലപ്പോഴും ലിബറല്‍/മേല്‍ജാതി/മതേതര മാധ്യമങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ചര്‍ച്ചകളെയും സാമൂഹിക വിശകലന ചട്ടക്കൂടുകളെയും അതെ പോലെ പിന്തുടരുന്ന പ്രസ്ഥാനമായി സോളിഡാരിറ്റി മാറി.
ഇന്ത്യയില്‍ നടന്ന അഴിമതികളെ കുറിച്ച ചര്‍ച്ച നോക്കുക. അഴിമതി വിരുദ്ധ രാഷ്ട്രീയത്തിന്റെ ബഹുവിധ തലങ്ങളെ മനസിലാക്കാന്‍ കഴിയാതെ പോകുന്നു എന്നതാണ് മുഖ്യധാരയിലെ ചര്‍ച്ചകളുടെ പ്രശ്നം. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ ഹിന്ദു ജാതി സ്ഥാനം കാണാതെയാണ് സോളിഡാരിറ്റി കേരളത്തില്‍ അങ്ങോളമിങ്ങോളം അണ്ണാ ഹസാരെയ്ക്കുവേണ്ടി രംഗത്തിറങ്ങിയത്. അതിലൂടെ ഇന്ത്യയിലെ ലിബറല്‍ഹിന്ദു രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന അഴിമതിവിരുദ്ധതയുടെ ദൃശ്യത മായാവതി, ലാലുപ്രസാദ് യാദവ് തുടങ്ങി കീഴാള രാഷ്ട്രീയത്തിന്റെ ധാരകളിലേക്ക് മാത്രം ഒതുങ്ങി. അങ്ങിനെ മേല്‍ജാതി ഹിന്ദുവിന്റെ അഴിമതിയുടെ ദീർഘചരിത്രം അദൃശ്യമാക്കപ്പെടുകയും ചെയ്തു. സാമൂഹിക പ്രശ്നങ്ങളെ അധികാര വിമര്‍ശനത്തിന്റെ പാഠം എന്ന നിലയില്‍ കാണാതെ പോയതിനാലാണിത്.

സൂക്ഷ്മരാഷ്ട്രീയപ്രശ്നം എന്ന നിലയില്‍ ഇന്ത്യയിലെയും കേരളത്തിലെയും പുതിയ രാഷ്ട്രീയത്തിന്റെ കീഴാള വിമര്‍ശനം ഒരിക്കലും സോളിഡാരിറ്റി ഗൗരവമായി പരിഗണിച്ചിരുന്നില്ല. അതായത്, പുതിയ രാഷ്ട്രീയത്തിന്റെ സാമൂഹിക അധികാരത്തെ കാണാനും എന്നാല്‍ അതിനകത്തെ കീഴാള അധികാരത്തിന്റെ അഭാവത്തെ ഒരു നവ സാമൂഹിക രാഷ്ട്രീയപ്രശ്നമായി മനസ്സിലാക്കാനും സോളിഡാരിറ്റിക്കു കഴിഞ്ഞില്ല.
ഉദാഹരണമായി, ഇന്ത്യയിലെ വൈജ്ഞാനിക രാഷ്ട്രീയത്തിന്റെ പ്രശ്നങ്ങള്‍ തന്നെയെടുക്കുക. സാമൂഹിക വിഷയങ്ങളില്‍ അഭിപ്രായ പ്രകടനം നടത്താന്‍ പുരുഷന്മാര്‍ക്ക് മാത്രമാണ് അധികാരം എന്ന പ്രശ്നത്തെ സ്ത്രീ വാദികള്‍ ചര്‍ച്ചചെയ്യുന്നത് ആണ്‍വിശദീകരണത്തിന്റെ പ്രശ്നം (mansplaining) എന്നാണ്. വിജ്ഞാന രാഷ്ട്രീയത്തിന്റെ മേഖലയിലെ പൊതുചര്‍ച്ചകളില്‍ സ്ത്രീകള്‍ എങ്ങിനെ തഴയപ്പെടുന്നുവെന്നാണ് ഇത് അർഥമാക്കുന്നത്.

കേരളത്തില്‍ വൈജ്ഞാനിക രാഷ്ട്രീയത്തിലെ വിടവ് ലിംഗ രാഷ്ട്രീയത്തിന്റെ മേഖലയില്‍ മാത്രമല്ല സമുദായം, ജാതി തുടങ്ങിയവയെയും കേന്ദ്രീകരിച്ചുകൊണ്ടാണ് നിലനില്‍ക്കുന്നത്. പുരോഗമന മാധ്യമങ്ങള്‍ അടക്കം നടത്തുന്ന ചര്‍ച്ചകള്‍ ഈ അര്‍ത്ഥത്തില്‍ സവ‍‍ര്‍ണ വിശദീകരണ (savarnasplaining) വേദിയായി മാറിയിട്ടുണ്ട്. വിജ്ഞാന രാഷ്ട്രീയത്തിലെ ഈ വിടവ് ഉണ്ടാവുന്നത് കീഴാള അധികാരത്തിന്റെ ലംഘനത്തിലൂടെയാണ്. സോളിഡാരിറ്റി കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടാക്കിയ പൊതുവൈജ്ഞാനിക ചര്‍ച്ചകള്‍ ആധിപത്യ പദ്ധതികളുടെ പ്രശ്നങ്ങളെ സ്വന്തം പ്രവര്‍ത്തന മണ്ഡലത്തില്‍ എത്രത്തോളം പരിഗണിച്ചിട്ടുണ്ട് എന്ന ചോദ്യവും പ്രസക്തമാണ്.

സമഗ്രമായ അധികാര വിമര്‍ശനം

നവസാമൂഹിക മണ്ഡലം എന്നത് അധികാര ബാഹ്യമായ മണ്ഡലമല്ല. എന്നാല്‍ പലപ്പോഴും നമ്മുടെ രാഷ്ട്രീയ വിമര്‍ശനം അങ്ങിനെയായി സങ്കൽപ്പിക്കപ്പെട്ടിട്ടുണ്ട്. എല്ലാ രാഷ്ട്രീയത്തെയും അധികാര വിമര്‍ശനത്തിന്റെ മേഖലയിലേയ്ക്ക് കടത്തി വിടാന്‍ സാധിക്കേണ്ടതുണ്ട്‌ എന്നാണ് പുതിയ ജനാധിപത്യ രാഷ്ട്രീയം പറയുന്നത്. ഉദാഹരണമായി മേധാ പട്കര്‍, വന്ദനാ ശിവ തുടങ്ങിയവരുടെ ഇടപെടലുകള്‍ ഒരു പ്രത്യേക രീതിയില്‍ ഇന്ത്യയിലെ പരിസ്ഥിതിയും സ്ത്രീകളും തമ്മിലുള്ള ബന്ധത്തെ പ്രശ്‌നവല്‍ക്കരിച്ചിട്ടുണ്ടെങ്കിലും പ്രസ്തുത അധികാരങ്ങള്‍ ഉണ്ടായിതീരുന്ന ജാതി/സമുദായ ഘടനയെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഗയില്‍ ഓംവെദ് നിരീക്ഷിക്കുന്നുണ്ട്. പരിസ്ഥിതി രാഷ്ട്രീയമടക്കമുള്ള നവ സാമൂഹ്യ പ്രശ്നങ്ങളെ കറുത്ത ഫെമിനിസ്റ്റ് ചിന്തകയായ പാട്രീഷ്യ ഹില്‍ കോളിന്‍സ് പറയുന്ന പോലെ matrix of power എന്ന നിലയില്‍ സമീപിക്കാനാണ് തയ്യാറാവേണ്ടത്.

കീഴാള രാഷ്ട്രീയത്തിന്റെയും സമൂഹത്തിന്റെയും ഭാഗമാവുന്നവര്‍ വ്യതിരിക്തമായ ജീവിതനുഭവത്തിന്റെ അവകാശികളാണ്. എന്നാല്‍ മിക്കനേരത്തും കീഴാളരുടെ അനുഭവത്തെ സിദ്ധാന്തമാക്കുന്നവര്‍ അധീശ സമുദായത്തിലെ പുരോഗമന വ്യക്തികളും അവരുടെ കൂട്ടായ്മകളും ആവുന്നുണ്ട്. സിദ്ധാന്തവും അനുഭവവും തമ്മിലെ ഈ വിടവ് (gap) സമസ്ത മേഖലകളിലും ഇന്ന് വിമര്‍ശിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

solidarity, welfare party, muslim league,

കേരളത്തില്‍ അധീശ/മേല്‍ജാതി സാമൂഹിക സ്ഥാനമുള്ളവര്‍ ഇപ്പോഴും നവ സാമൂഹിക രാഷ്ട്രീയത്തിന്റെ ബൗദ്ധിക നേത്രത്വം കൈകാര്യം ചെയ്യുകയും എന്നാല്‍ മുസ്‌ലിങ്ങള്‍ അടക്കമുള്ള ന്യൂനവിഷയികള്‍ വെറും “ഇരകള്‍” മാത്രമാവുകയും ചെയ്യുന്നതിന്റെ യുക്തിരാഹിത്യം അന്വേഷിക്കാന്‍ സോളിഡാരിറ്റിക്ക് സാധിച്ചില്ല. നവസാമൂഹിക സമരങ്ങളെ നോക്കിയാല്‍ വന്‍തോതിലുള്ള മനുഷ്യ വിഭവശേഷി ഇത്തരം സമുദായങ്ങളില്‍ നിന്നാവുകയും എന്നാല്‍ അവര്‍ സാമൂഹിക ശക്തി എന്ന നിലയില്‍ നിരാകരിക്കപ്പെടുകയും ചെയുന്നു.

ഡി.എച്.ആര്‍എമ്മിനെതിരായ ഭരണകൂടവേട്ട, ബീമാപള്ളി പോലീസ് വെടിവെയ്പ്പ്, ലവ് ജിഹാദിന്റെ പേരില്‍ നടന്ന ന്യൂനപക്ഷവിരുദ്ധ ഭീതി, അബ്ദുൾ നാസര്‍ മഅ്ദനിക്കെതിരായ നീക്കങ്ങള്‍, തേജസ്‌ ദിനപത്രത്തിനെതിരെയും പോപ്പുലർ ഫ്രണ്ടിന്റെ പരിപാടികൾക്കു നേരെയും നടന്ന ഭരണകൂട വിലക്കുകള്‍, യു എ പി എക്കെതിരായ പ്രതിരോധപ്രസ്ഥാനം ഇവയൊക്കെ ദൃശ്യമാക്കിയതയില്‍ നിരവധി ന്യൂനപക്ഷ കൂട്ടയമകളുടെ അധ്വാനവും ഇടപെടലും ഉണ്ട്. ഇത്തരം കാര്യങ്ങള്‍ ദൃശ്യതയില്‍ എത്തുമ്പോഴേക്കും, ഇതിനെക്കുറിച്ച് മാധ്യമങ്ങളില്‍ ആധികാരിക വിവരങ്ങളൊക്കെ നല്‍കിക്കൊണ്ട് ആക്ടിവിസം ഏറ്റെടുക്കുന്ന തരത്തില്‍, വലിയ സാംസ്കാരിക നിക്ഷേപങ്ങള്‍ ഉള്ള, ഉന്നതജാതി മധ്യവര്‍ഗ പുരുഷന്മാരും സ്ത്രീകളും ഈ പോരാട്ടത്തിന്റെ പൊതുവക്താക്കളായി മാറുന്നു.

തീര്‍ച്ചയായും ആരെയും അന്യരാക്കി അകറ്റി നിർത്തരുത്. എല്ലാവരുമായും നൈതികബന്ധം സാധ്യമാവണം. പ്രതിരോധമുന്നണികളും ജൈവികസംയോജനങ്ങളും വികസിപ്പിക്കണം. വിശിഷ്യ മേല്‍ജാതികളിലെ ജനാധിപത്യ സ്വരങ്ങളെ പ്രാധാന്യത്തോടെ കാണണം. പക്ഷെ പ്രസ്തുത പ്രക്രിയ എത്രത്തോളം ജനാധിത്യപരമാണ് എന്ന ചോദ്യം സോളിഡാരിറ്റി ഉന്നയിച്ചിട്ടില്ല .അധീശ സാമൂഹിക വിഭാഗങ്ങള്‍ സ്വന്തം സാമൂഹിക അധികാരത്തെപ്പറ്റിയും ആനുകൂല്യങ്ങളെപ്പറ്റിയും തുറന്നുസംസാരിക്കാതെ ഐക്യദാര്‍ഢ്യത്തിന്റെ രാഷ്ട്രീയം പൂര്‍ത്തിയാകില്ല.

നവസാമൂഹിക രാഷ്ട്രീയവും ഇസ്ലാമോഫോബിയയും

നവസാമൂഹ്യ രാഷ്ട്രീയത്തിന്റെ മേഖലയില്‍ ഇന്നും വ്യക്തത ഇല്ലാത്ത കാര്യങ്ങളാണ് മുസ്‌ലിംപ്രശ്നവും (Muslim question) ഇസ്ലാമോഫോബിയയും. സ്ത്രീ രാഷ്ട്രീയത്തില്‍ നിന്നോ ദളിത്‌ രാഷ്ട്രീയത്തില്‍ നിന്നോ ആദിവാസി രാഷ്ട്രീയത്തില്‍ നിന്നോ ലൈംഗിക ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ നിന്നോ ഒക്കെയുള്ള വ്യത്യാസങ്ങളെ പലപ്പോഴും അഭിമുഖീകരിക്കാന്‍ നവ സാമൂഹിക രാഷ്ട്രീയത്തിനായിട്ടുണ്ട്. പക്ഷെ മുസ്‌ലിം പ്രശ്നത്തെ ഇപ്പോഴും മതേതരരാഷ്ട്രീയത്തിന്റെ ജ്ഞാനശാസ്ത്രപരമായ മേൽകോയ്മയില്‍ നിന്നും ഹിന്ദു രാഷ്ട്രീയത്തിന്റെ ബോധമണ്ഡലത്തിൽ നിന്നും വിമുക്തമായി കാണാന്‍ നവസാമൂഹിക രാഷ്ട്രീയത്തിന് സാധ്യമായിട്ടില്ല.

പുരോഗമന/മതേതര വ്യവഹാരങ്ങളില്‍ തുടങ്ങി നവസാമൂഹിക ഇടങ്ങളില്‍വരെ തുടരുന്ന, ഇസ്‌ലാം, മുസ്‌ലിം ഇവയോടുള്ള ഭയത്തിന്റെ തുടര്‍ച്ചകള്‍ പ്രശ്നവല്കരിക്കാന്‍ സോളിഡാരിറ്റി ശ്രമിച്ചിട്ടില്ല. ഇസ്ലാമോഫോബിയയുടെ സമ്മര്‍ദത്തെ അതിജയിക്കാന്‍ പോസ്റ്റ്‌-സെക്കുലര്‍ അനുഭവങ്ങളള സോളിഡാരിറ്റിക്ക് സാധിച്ചില്ല. ഉദാഹരണമായി, അബ്ദുൾ നാസർ മഅ്ദനി അടക്കമുള്ളവക്കെതിരായ ഭരണകൂട നടപടികളുടെ കാര്യത്തില്‍ സോളിഡാരിറ്റി അതിലടങ്ങിയ മുസ്‌ലിം രാഷ്ട്രീയതലം അവഗണിക്കാനാണ് താല്‍പര്യപ്പെട്ടത്. കേവല മനുഷ്യാവകാശ രാഷ്ട്രീയ പ്രശനമാക്കി മാത്രം മഅ്ദനി പ്രശ്നത്തെ മാറ്റാന്‍ നേരത്തെ സൂചിപ്പിച്ച ലിബറല്‍/മേല്‍ജാതി മനുഷ്യാവകാശ വ്യവഹാരങ്ങള്‍ ശ്രമിച്ചപ്പോള്‍ അതിനെ പിന്താങ്ങാനും പ്രയാസമുള്ള ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ എളുപ്പം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പരിഹരിക്കാനുമാണ് സോളിഡാരിറ്റി ശ്രമിച്ചത്.

solidarity,political movement, sio, jama ate islami,

ലിംഗഭേദ രാഷ്ട്രീയത്തിന്റെ പ്രശ്നം

പൂര്‍ണമായും മുസ്‌ലിം പുരുഷന്മാര്‍ നിയന്ത്രിക്കുന്ന ഒരു പ്രസ്ഥാനമാണ് സോളിഡരിറ്റി. എന്നാല്‍ സമരങ്ങളിലും വിഭവ സമാഹരണത്തിലും വലിയ തോതില്‍ സ്ത്രീ പങ്കാളിത്തവും അതില്‍ ഉണ്ട്. എന്നാല്‍ തീരുമാനാധികാരം ഉള്ള പദവിമേഖലകളില്‍ എന്തുകൊണ്ട് സ്ത്രീകള്‍ക്ക് അവസരം നല്‍കുന്നില്ല എന്ന ചോദ്യം പ്രധാനമാണ്. കേവല മതേതര വിമര്‍ശകര്‍ പറയുന്ന പോലെ സോളിഡാരിറ്റി “സ്ത്രീ വിരുദ്ധം” ആണെന്നല്ല. മതേതര / സവര്‍ണ ഫെമിനിസ്റ്റ് ആക്റ്റിവിസ്റ്റുകള്‍ക്ക് ധാരാളം അവസരങ്ങൾ സോളിഡാരിറ്റി നല്‍കുന്നുണ്ട്. ഇതില്‍ നിന്ന് വ്യത്യസ്തമായി ഇസ്ലാമിക ജീവിതത്തെ പ്രധാനമായി കാണുന്ന, മുസ്‌ലിം രാഷ്ട്രീയത്തെ ഉള്‍കൊള്ളുന്ന, മുസ്‌ലിം സ്ത്രീകളുടെ പ്രാതിനിധ്യത്തിന്റെയും പോരാട്ടത്തിന്റെയും ജീവിതത്തിന്റെയും വൈവിധ്യത്തിന്റെയും പ്രശ്നമാണ് അവഗണിക്കപ്പെടുന്നത്.

മുസ്‌ലിം ലിബറല്‍ രാഷ്ട്രീയത്തിന്റെ പ്രതിസന്ധിയുടെ അടയാളപ്പെടുത്തൽ​ കൂടി ഈ വിഷയത്തിൽ​ സംഭവിക്കുന്നുണ്ട്.  നവസാമൂഹിക രാഷ്ട്രീയത്തിന്റെ മേഖലയില്‍ സ്വയം വികസിക്കുന്നതില്‍ സോളിഡാരിറ്റിയെ തടയുന്ന വലിയൊരു ഘടകം മലയാളി മുസ്‌ലിം സമാജത്തിലെ പ്രത്യേകതരം ലിബറല്‍ രാഷ്ട്രീയമാണ്. സോളിഡാരിറ്റിയുടെ പ്രമേയങ്ങള്‍ പല സന്ദര്‍ഭങ്ങളിലും, നവഗാന്ധിസത്തിലും ഉപരിപ്ലവമായ ഇടതുപക്ഷ വചോടോപങ്ങളിലും കുടുങ്ങി നില്‍ക്കാനുള്ള കാരണം സാമൂഹ്യ ചലനങ്ങളെക്കുറിച്ചുള്ള ഈ ലിബറല്‍ രാഷ്ട്രീയ കാഴ്ചപ്പാടാണ്. അതുകൊണ്ടാണ് ഇന്ത്യയിലെ തന്നെ നിരവധി കീഴാള പ്രസ്ഥാനങ്ങള്‍ പുലര്‍ത്തുന്ന തീക്ഷ്ണമായ രാഷ്ട്രീയ ബോധ്യങ്ങളിലേക്ക് സോളിഡാരിറ്റിക്ക് വളരാന്‍ കഴിയാതെ പോവുന്നത്.

 

ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ് ബർഗ് സർവ്വകലാശാലയിൽ​ റിലീജ്യൻ സ്റ്റഡീസിൽ ഗവേഷകനാണ് ലേഖകൻ

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: 15 years of solidarity jamaat e islami