scorecardresearch
Latest News

ചരിത്രമെഴുതിയും തിരുത്തിയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറ് വർഷം

“സാമ്പത്തിക അസമത്വം, അഴിമതി, പരിസ്ഥിതി എന്നിങ്ങനെ വളരെ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളാണ് ചൈനയിലെ പ്രധാനപ്പെട്ട നേതാവ് തന്നെ ഊന്നിപ്പറയുന്നത്” നൂറ് വർഷം തികയുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ കുറിച്ച് സിപി എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി എഴുതുന്നു

chinese communist party , M A Baby, IE Malayalam

ചരിത്രം അനിവാര്യതകളിലൂടെയാണ് നിർമിക്കപ്പെടുന്നത്. പ്രായോഗികവും സൈദ്ധാന്തികവുമായ പോരാട്ടങ്ങളുടെ അടിത്തറയിലാണ് ചരിത്രം ഉരുത്തിരിയുന്നത്. അതൊരിക്കലും ഒരേ ദിശയിലായിരിക്കില്ല സംഭവിക്കുക. വളവും തിരിവും ജയവും പരാജയവും ഒക്കെ ചരിത്രത്തിന്റെ ഭാഗമാണ്. ആളെണ്ണമല്ല, ഉള്ളളവാണ് അതിലെ കാതൽ. തെറ്റുകളിൽനിന്നു ശരികളിലേക്കുള്ള സഞ്ചാരമാണ് ചരിത്രത്തിലെ നിർണായക സന്ദർഭത്തിൽ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അടയാളപ്പെടുത്തുന്നത്. ലഹരി നിറഞ്ഞ വലതുപക്ഷ ഭാഷ്യങ്ങളുടെ ജനവിരുദ്ധതയെ തടഞ്ഞ് ജനകീയ ഇച്ഛയുടെ വൻമതിൽ കെട്ടി ഉയർത്തിയ കരുത്തിന് നൂറ് വർഷം തികയുകയാണ്. എണ്ണിയെടുക്കാവുന്നവരിൽ തുടങ്ങിയ പ്രസ്ഥാനം ഇന്ന് ലോകം ഉറ്റുനോക്കുന്ന ഒന്നായി.

അമ്പത്തിയേഴ് പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് നൂറ് വർഷം മുമ്പ് ചൈനയിൽ തുടക്കം കുറിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ( സി പി സി) ഇന്ന് ലോകത്തിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ മർമപ്രധാനമായ പങ്ക് വഹിക്കുന്ന സംഘടനകളിലൊന്നാണ്.

ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള (144 കോടി) രാജ്യം എന്നതിനപ്പുറം, ലോകത്തെ പ്രധാന രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന ഉൽപ്പാദന നിലവാരം തുടർച്ചയായി നിലനിർത്തുന്ന രാജ്യം എന്ന പദവിയും ചൈനയ്ക്കു തന്നെ. ലോക സമ്പദ് ഘടനയുടെ എൻജിൻ എന്ന വിശേഷണം ചൈനയ്ക്ക് ലഭിക്കാനുള്ള കാരണവും അതാണ്. സാമ്പത്തിക ശക്തിയിൽ, 2030 ആകുമ്പോൾ അമേരിക്കയെ പിന്തള്ളി ചൈന ഒന്നാമത് എത്തുമെന്നാണ് കണക്കുകൾ പറയുന്നത്.

ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി വഴി ചൈനീസ് ജനതയിൽ ലഹരി ശീലം കുത്തിവച്ച് മയക്കിക്കിടത്തി ചൂഷണം ചെയ്ത കാലം, കറുപ്പ് യുദ്ധമെന്ന് രേഖപ്പെടുത്തപ്പെട്ട ചരിത്ര ഘട്ടമാണ്. “കിഴക്കിന്റെ രോഗി” എന്നതും ഒരു കാലത്ത് ചൈനയുടെ കുറ്റപ്പേരായിരുന്നു.

ആ അവസ്ഥയിൽനിന്ന് ഇന്നത്തെ സുശക്തമായ ചൈനയെ വാർത്തെടുത്ത ഇന്ദ്രജാലമാണ്, സംഭവബഹുലവും സങ്കീർണവും വളവ് തിരിവുകളും ഉയർച്ച താഴ്ചകളുമെല്ലാം അടങ്ങുന്ന സി പി സിയുടെ ചരിത്രം.

1949 ലെ വിമോചനത്തിന് ശേഷം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ പശ്ചാത്തല സൗകര്യ വികസനത്തിലും ശാസ്ത്ര-സാങ്കേതിക മേഖലകളിലും ആരോഗ്യ, സാമൂഹിക സുരക്ഷാ മണ്ഡലങ്ങളിലും അഭൂതപൂർവമായ പുരോഗതി കൈവരിച്ചു. ഈ പുരോഗതി വിസ്മയകരമാണെന്ന് വിമർശകർ പോലും സമ്മതിക്കും.

സി പി സി സ്ഥാപിതമായതിന്റെ ശതാബ്ദി വർഷമാകുന്നതിനു മുമ്പ് തന്നെ കടുത്ത ദാരിദ്ര്യമനുഭവിക്കുന്നവരെ മുഴുവൻ സുരക്ഷിത ജീവിത സാഹചര്യത്തിലേക്ക് കൈപിടിച്ചുയർത്തുകയെന്ന സി പി സിയുടെ പ്രഖ്യാപിത ലക്ഷ്യം ചൈന കൈവരിച്ചു എന്നതാണ് ഏറ്റവും പ്രധാനം.

chinese communist party , M A Baby, IE Malayalam

യു എസ് എയ്ക്കു പിന്നിൽ ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി വളർച്ച നേടിയ രാജ്യമെന്ന് പറയുന്നതാണ് സാമ്പത്തിക വിദഗ്ധരുടെ ശൈലി. എന്നാൽ, 85 കോടി ജനങ്ങളെ ദാരിദ്ര്യമെന്ന മാരക ദുരിതത്തിൽനിന്നു കരകയറ്റിക്കൊണ്ടാണ് ചൈന ഈ അവിശ്വസനീയമായ നേട്ടം കൈവരിച്ച തെന്ന് പലപ്പോഴും പറയാറില്ല.

ബഹിരാകാശ ശാസ്ത്രത്തിലും നിർമിത ബുദ്ധി, നാനോ ടെക്നോളജി, 5 ജി സാങ്കേതിക വിദ്യ തുടങ്ങി ഏറ്റവും പുതിയ ശാസ്ത്ര മേഖലകളിലും ചൈന അതിശയകരമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഒന്നും രണ്ടും ജലവൈദ്യുതി നിലയങ്ങൾ ചൈനയിലാണ്. ലോകത്തെ ആകെ കോൺക്രീറ്റിന്റെ പകുതിയും ഉരുക്കിന്റെ മൂന്നിലൊന്നും ചൈനയിൽ നിർമാണരംഗത്ത് ഉപയോഗിക്കുന്നു!

വൈദ്യുതി ഉൽപ്പാദനത്തിൽ അമേരിക്കയെ ചൈന ബഹുദൂരം പിന്നിലാക്കിയതും പ്രസിദ്ധം. 1940ൽ 20 ശതമാനം ആയിരുന്ന സാക്ഷരത 2020ൽ 97.33 ശതമാനമാണ്. ആയുർദൈർഘ്യം 80 വയസും! 1980ൽ ലോക സമ്പദ് ഘടന യുടെ 4.4 ശതമാനമായിരുന്ന ചൈന ഇന്ന് 17 ശതമാനമായി ഉയർന്നത് സാക്ഷരതയിലും ആയുർദൈർഘ്യത്തിലും കൂടി പ്രതിഫലിക്കുന്നുണ്ട് എന്നർത്ഥം.

ജപ്പാനിൽ 1964ലാണ് അതിവേഗ റെയിൽ പാത ആരംഭിച്ചത്. 1981ൽ അത് യൂറോപ്പിലേക്ക് വ്യാപിച്ചു. 2008ലാണ് ചൈന ഈ രംഗത്തേക്ക് കടന്നത്. ഇന്ന് ലോകത്തെ 22 രാജ്യങ്ങളിൽ ഈ യാത്രാ സംവിധാനമുണ്ട്. ചൈനയിൽ മാത്രം 26,869 കിലോമീറ്ററാണ് അതിവേഗ റെയിലിന്റെ ദൈർഘ്യം. മറ്റ് 21 രാജ്യങ്ങളിലും കൂടി 22,276 കിലോമീറ്റർ മാത്രവും.

2008 ൽ നടന്ന ബീജിങ് ഒളിംപിക്സിൽ ചൈന ശ്രദ്ധേയമായത് സംഘാടന മികവ് കൊണ്ട് മാത്രമല്ല, മെഡൽ നേട്ടങ്ങളിലും കൂടെയാണ്. 48 സ്വർണം, 22 വെള്ളി, 30 വെങ്കലവും നേടിയാണ് ചൈന കായിക ലോകത്തിന്റെ നെറുകയിലെത്തിയത്. യു എസ് എ ആകട്ടെ 36 സ്വർണം, 39 വെള്ളി, 37 വെങ്കലം എന്നിങ്ങനെ രണ്ടാം സ്ഥാനത്ത്. റഷ്യ മൂന്നാമതും ഇംഗ്ലണ്ട് നാലാമതും ജർമ്മനി അഞ്ചാമതും ജപ്പാൻ എട്ടാമതും ഫ്രാൻസ് പത്താമതും ക്യൂബ പത്തൊൻപതാമതും ഒരു സ്വർണവും രണ്ട് വെള്ളിയും നേടി ഇന്ത്യ അമ്പത്തിയൊന്നാം സ്ഥാനത്തും എത്തി.

wuhan, ie malayalam

കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ടത് വുഹാനിൽ നിന്നാണെന്നതിനാൽ ഡൊണാൾഡ് ട്രംപ് മുതലായവരിൽനിന്നു വൻ പഴികൾ കേൾക്കേണ്ടി വന്നു ചൈനയ്ക്ക്. മഹാമാരികൾ ഏതെല്ലാം രാജ്യങ്ങളിൽ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. ‘സ്പാനിഷ് ഫ്ലൂ’ പോലെ യാതൊരു ബന്ധവുമില്ലാതെയും ഒരു രാജ്യത്തിന്റെ പേര് മഹാമാരിയുടെ പേരായി ചരിത്രത്തോട് ഒട്ടിപ്പിടിക്കുന്ന ദുര്യോഗം സംഭവിക്കാ മെന്നത് നേരനുഭവം. ഏറ്റവും കാര്യക്ഷമമായി കോവിഡിനെ തടഞ്ഞുനിർത്തിയ മാതൃക ചൈനയ്ക്ക് അവകാശപ്പെട്ടതാണെന്ന സത്യം എത്രത്തോളം ചർച്ച ചെയ്യുന്നുവെന്നത് മറ്റൊരു കാര്യം.

അർദ്ധ കൊളോണിയൽ, അർദ്ധ ഫ്യൂഡൽ രാജ്യമായിരുന്നു ചൈന. ലോകത്തിലെ ഏറ്റവും പ്രാചീനവും സമ്പന്നവുമായ നാഗരികതയുടെ പാരമ്പര്യവും ഉണ്ടായിരുന്നു. ജന്മിനാടുവാഴിത്തവും യുദ്ധപ്രഭുക്കളുടെ ആധിപത്യവും വിവിധ സാമ്രാജ്യത്വ ശക്തികൾ ഭാഗികമായും ദല്ലാൾ ബൂർഷ്വാസി വഴിയും നടത്തിയ ചൂഷണവും ചേർന്ന് 18 ഉം 19 ഉം നൂറ്റാണ്ടുകളിൽ ശിഥിലവും അവശവും രോഗാതുരവും നിസഹായവുമായ ഒരു ജനതയായിരുന്നു ചൈനയിൽ എന്നതും ചരിത്രം.

പതിനെട്ടാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് ഇന്ത്യയിൽനിന്നു ചൈനയിലേക്ക് കറുപ്പ് ഇറക്കുമതി ചെയ്ത് ലാഭം കൊയ്തു തുടങ്ങിയത്. തുടർന്ന് ബ്രിട്ടീഷുകാരും. 1736 മുതൽ 1755 വരെ ഭരിച്ച ക്വയൻലോങിന്റെ കാലത്ത് കർശനമായ ഇറക്കുമതി നിയമങ്ങളുടെ അടിസ്ഥാനത്തിൽ കറുപ്പ് നിരോധിച്ചിരുന്നു. എന്നാൽ അത് അവഗണിച്ചുകൊണ്ടുള്ള കറുപ്പ് ഇറക്കുമതി ചൈനീസ് സമൂഹത്തെ രോഗഗ്രസ്തമാക്കുകയും സാമ്പത്തിക രംഗത്ത് ചൈനയ്ക്ക് അതുവരെ ഉണ്ടായിരുന്ന വ്യാപാര മിച്ചം ഇല്ലാതാക്കുകയും ചെയ്തു. തുടർന്ന് വിദേശ വ്യാപാരത്തിൽ ചൈന നഷ്ടത്തിലെത്തുകയും ചെയ്തു.

നിയമവിരുദ്ധമായ കറുപ്പ് ഇറക്കുമതി തടയാൻ 1839 ൽ ചൈനയിലെ രാജഭരണം ഉദ്യോഗസ്ഥരെ അയച്ചതിനെത്തുടർന്ന് ബ്രിട്ടീഷ് നാവിക സേന ആക്രമണം നടത്തി. ഒന്നാം കറുപ്പ് യുദ്ധം എന്ന പേരിൽ അറിയപ്പെടുന്ന, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ചരിത്രത്തിലെ അപമാനകരവും ഹീനവുമായ അധ്യായം അങ്ങനെ എഴുതപ്പെട്ടു. എത്രമാത്രം, നിന്ദ്യമായ ചൂഷണത്തിനും സാമ്രാജ്യത്വ ആധിപത്യത്തിനും ഇരയായിരുന്നു ചൈന.

ബ്രിട്ടീഷ് – ഫ്രഞ്ച് സാമ്രാജ്യത്വ ശക്തികൾ ഒന്നു ചേർന്നാണ് 1856-60 ൽ ചൈനയ്ക്ക് എതിരെ രണ്ടാം കറുപ്പ് യുദ്ധം നടത്തിയത്. ഇതൊക്കെ അവർ ഉദ്ദേശിക്കാത്ത ഫലങ്ങളും സൃഷ്ടിച്ചു. ഷാങ് ഹായ് തുറമുഖനഗരത്തിൽ സാമ്രാജ്യത്വ ആധിപത്യത്തിനു കീഴിൽ ആധുനികത കടന്നുവന്നതോടെ, വ്യവസായങ്ങളും ബാങ്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പത്ര മാധ്യമങ്ങളും റയിൽവേയും സൈക്കിളും കാറും തൊഴിലാളി സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഒക്കെ രൂപപ്പെടാൻ തുടങ്ങി.

റയിൽവേ സംരക്ഷണ പ്രക്ഷോഭം, കർഷക കലാപങ്ങൾ, വിദ്യാർത്ഥി പോരാട്ടങ്ങൾ തുടങ്ങിയവയൊക്കെ ചൈനയുടെ സമൂഹത്തെയും രാഷ്ട്രീയത്തെയും ഇളക്കി മറിച്ചു. പലവിധ ജനകീയ സമരങ്ങളുടെ ആത്യന്തികഫലമായിരുന്നു രാജവാഴ്ചയ്ക്കു വിരാമമിട്ടുകൊണ്ട് സൺയാത് സെൻ അധ്യക്ഷനായി 1911ൽ റിപബ്ലിക്ക് സ്ഥാപിക്കപ്പെട്ടത്. ആധുനിക ചൈനയ്ക്ക് ഒരു രാഷ്ട്രീയ പരിപാടി മുന്നോട്ടുവച്ചുകൊണ്ട് അടിത്തറയിട്ടത് ഡോ. സൺയാത് സെൻ ആയിരുന്നു. “ദേശീയത, ജനകീയ പരമാധികാരം, ജീവിതാവശ്യങ്ങൾ നിറവേറ്റാനുള്ള അവകാശം” എന്നിങ്ങനെയാണ് തന്റെ രാഷ്ട്രീയ പരിപാടിയുടെ മൂന്ന് ആധാര തത്വങ്ങൾ സൺയാത് സെൻ അവതരിപ്പിച്ചത്. ജീവിതാവശ്യങ്ങൾ (ലൈവ്‌ലി ഹുഡ്) നിർവഹിക്കാനുള്ള
അവകാശമെന്നത് സ്ഥിതി സമത്വ സിദ്ധാന്തമാണ് എന്ന് അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ഇതുകൊണ്ടാണ്, അദ്ദേഹത്തെ പ്രാഗ് രൂപത്തിലുള്ള കമ്യൂണിസ്റ്റ് എന്ന് ചിലർ വിശേഷിപ്പിച്ചത്.

റഷ്യയുമായി അതിർത്തി പങ്കിടുന്നത് കൊണ്ടുതന്നെ 1917 ലെ റഷ്യൻ വിപ്ലവത്തിന്റെ സന്ദേശം അതിവേഗം ചൈനയിലെത്തി. ചൈനയുടെ നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ഉൽപതിഷ്ണത്വം എത്തുന്നതിന് അത് വഴിയൊരുക്കി. 1919 മേയ് നാല് പ്രസ്ഥാനം പൊട്ടിപ്പുറപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്. ജന്മി നാടുവാഴി ആധിപത്യത്തിനും സാമ്രാജ്യത്വ അധിനിവേശത്തിനും എതിരായ വിചാരവികാരങ്ങൾ വിദ്യാർത്ഥിസമൂഹത്തിൽ ശക്തിപ്പെട്ടുകൊണ്ടിരുന്ന സാഹചര്യത്തിലായിരുന്നു, വാഴ്സായ് ഉടമ്പടി ചൈനയ്ക്ക് ദോഷകരമായ വ്യവസ്ഥകളോട് കൂടി ഒപ്പിടുമെന്ന വാർത്ത പുറത്തുവന്നത്.

ഒന്നാം ലോകമഹായുദ്ധത്തിന് മുമ്പ് ജർമനിയുടെ കൈവശമുണ്ടായിരുന്ന ഷാങ് ടങ് പ്രദേശം ജപ്പാന് കൈമാറുമെന്ന വ്യവസ്ഥയാണ് വിദ്യാർത്ഥികളെ രോഷാകുലരാക്കിയത്. മൂവായിരം വിദ്യാർത്ഥികൾ ടിയാൻമെൻ ചത്വരത്തിൽ അമർഷത്തിന്റെ ചുരുണ്ട മുഷ്ടികളുമായി അണിനിരന്നു. അറസ്റ്റും മർദനവുമായി അടിച്ചമർത്താൻ എത്തിയ പാവഭരണകൂടത്തിന്റെ ശ്രമങ്ങൾക്കെതിരെ കൂടുതൽ വിദ്യാർത്ഥികളും തൊഴിലാളികളും കൃഷിക്കാരും സമരരംഗത്തിറങ്ങി. സമരം വ്യാപിച്ചു. ഒടുവിൽ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചിട്ട് മാത്രമേ സമരം അവസാനിച്ചുള്ളൂ.

ഇതേതുടർന്നാണ്, തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ ബോൾഷെവിക്ക് വിപ്ലവത്തിന്റെ ആശയങ്ങൾ കൂടുതൽ ശക്തമായി പ്രചരിക്കാൻ തുടങ്ങിയത്. 1919ൽ സ്ഥാപിതമായ കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ പ്രതിനിധികളും ചൈനയിലെ വിപ്ലവകാരികളെ ബന്ധപ്പെടാൻ തുടങ്ങി. അങ്ങനെയാണ് 57 അംഗങ്ങളെ പ്രതിനിധീകരിച്ച് പന്ത്രണ്ടോളം പ്രതിനിധികൾ 1921 ജൂലൈ ഒന്നിന് സ്ഥാപക സമ്മേളനം ചേർന്നത്. (13 പ്രതിനിധികൾ സംബന്ധിച്ചുവെന്നും ജൂലൈ അവസാനത്തിലും ഓഗസ്റ്റ് ആദ്യ ദിവസങ്ങളിലുമാണ് ഒന്നാം പാർട്ടി കോൺഗ്രസ് ചേർന്നത് എന്നും ചില രേഖപ്പെടുത്തലുകൾ ഉണ്ട്)

ഷാങ് ഹായിയിലെ ഫ്രഞ്ച് അധീനതയിലുള്ള ഒരു പ്രദേശത്ത് യോഗം ചേരാൻ തീരുമാനിച്ചുവെങ്കിലും രഹസ്യപൊലീസ് എത്തിയതിനെത്തുടർന്ന് പ്രതിനിധികൾക്ക് അവിടം വിട്ട് പോകേണ്ടി വന്നു. പിന്നീട് ഒരു തടാകത്തിൽ നൗകയിൽ സഞ്ചരിച്ചാണ് സമ്മേളന നടപടികൾ പൂർത്തിയാക്കിയത്.

ആവിർഭാവം മുതൽ 1949 വരെയുള്ള കാലത്ത് രാജ്യത്തിന്റെ വിമോചന സമരവുമായി ബന്ധപ്പെട്ട് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് വ്യത്യസ്തമായ സമരതന്ത്രങ്ങളും അടവുകളും സ്വീകരിക്കേണ്ടി വന്നു. സൺയാത് സെന്നിന്റെ കാലത്ത് കമ്യൂണിസ്റ്റുകൾ, കുമിന്താങ്ങുകളുമായി സഹകരിക്കുകയും ദ്വയാംഗത്വം അനുവദിക്കുകയും ചെയ്തിരുന്നു. 1925 ൽ സൺയാത് സെൻ മരണമടയുകയും ചിയാങ് കൈഷേങ് കുമിന്താങ് നേതൃത്വം ഏറ്റെടുക്കുകയും ചെയ്തതോടെ സ്ഥിതി മാറി. രണ്ടു വർഷത്തിനകം ചിയാങ് കമ്യൂണിസ്റ്റുകാരെ വേട്ടയാടാൻ തുടങ്ങി. ഒട്ടേറെ കമ്യൂണിസ്റ്റുകാരെ കൂട്ടക്കൊല ചെയ്തു. ഈ സാഹചര്യത്തിലാണ് മാവോ സെ ദൊങ്ങിന്റെയും ജനറൽ ചൂട്ടെയുടെയും ചൗഎൻ ലായിയുടെയും നേതൃത്വത്തിൽ ചുവപ്പ് സേന പ്രത്യേകമായി സംഘടിപ്പിക്കപ്പെട്ടത്.

എന്നാൽ, ജാപ്പനീസ് സാമ്രാജ്യത്വ ആക്രമണ കാലത്ത് അതിനെതിരെ യോജിച്ച ഐക്യമുന്നണി എന്ന ആശയം സി പി സി മുന്നോട്ടുവച്ചു. അത് അംഗീകരിക്കാൻ വിസമ്മതിച്ച ചിയാങ്ങിനെ അദ്ദേഹത്തിന്റെ തന്നെ ഭടന്മാർ വീട്ടുതടങ്കലിലാക്കുന്ന അത്യസാധാരണ സന്ദർഭമുണ്ടായി. കമ്യൂണിസ്റ്റുകാർ ഇടപെട്ടാണ് ചിയാങ്ങിനെ മോചിപ്പിച്ചത്. അതേ തുടർന്ന്, ചിയാങ് മനസില്ലാമനസോടെ ജാപ്പ് വിരുദ്ധ ഐക്യമുന്നണിക്കൊപ്പം നിലകൊണ്ടു. എന്നാൽ, അധികം വൈകാതെ അത് വീണ്ടും വിഘടിച്ചു.

ചൈനയുടെ വർഗഘടന സൂക്ഷ്മമായി വിശകലനം ചെയ്ത് മാവോ സെദോങ് നടത്തിയ സൈദ്ധാന്തിക നിഗമനങ്ങളും അതിന്റെ ഭാഗമായി തൊഴിലാളി വർഗ നേതൃത്വത്തിൽ കൃഷിക്കാരെയും ദരിദ്ര കർഷകരെയും കർഷകത്തൊഴിലാളികളെയും ഗ്രാമീണ ജനതയെയും വിപ്ലവ സമരസഖ്യമായി അണിനിരത്തി നടത്തിയ ചുവപ്പുസേനയുടെ ഗറില്ലാ യുദ്ധ തന്ത്രവും വിമോചിത മേഖലകളിലെ ഭൂപരിഷ്കരണവും ചൈനയുടെ വിമോചന പോരാട്ടത്തിലെ പ്രധാന ഘടകങ്ങളായിരുന്നു.

കുമിന്താങ്ങുമായി ഐക്യവും സമരവും സന്ദർഭം ആവശ്യപ്പെടുന്നതിനുസരിച്ച് നടപ്പാക്കാൻ സി പി സിക്ക് സാധിച്ചതും മാവോയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് കൂട്ടായ്മയുടെ വിജയമാണ്. ജനറൽ ചൂട്ടെയുടെ യുദ്ധതന്ത്രജ്ഞതയും അതിൽ സുപ്രധാന പങ്ക് വഹിച്ചു.

ചിയാങ് കൈഷേക്കിന്റെ സേന, ചുവപ്പുസൈന്യത്തെ വളഞ്ഞാക്രമിച്ച് നശിപ്പിക്കാൻ തുടർച്ചയായി പദ്ധതിയിട്ടു. കുറേ നഷ്ടം സംഭവിക്കുകയും ചെയ്തു. അപ്പോഴാണ്, സുരക്ഷിതമായ താവളത്തിലേക്ക് പിന്മാറി, കൂടുതൽ ശക്തി സംഭരിച്ച് തിരിച്ചടിക്കുകയെന്ന അടവ് സ്വീകരിച്ചുകൊണ്ട് മാവോ പ്രശസ്തമായ “ലോങ് മാർച്ചി” ന് രൂപം നൽകിയത്. 370 ദിവസം നീണ്ടുനിന്ന 9,000ത്തിനും പതിനായിരത്തിനും ഇടയിൽ കിലോമീറ്റർ താണ്ടിയ, ഒന്നിലേറെ ദീർഘയാത്രകൾ ചേർന്നതായിരുന്നു അത്. 18 പർവത മേഖലകളും 12 പ്രവിശ്യകളും താണ്ടിയായിരുന്നു ഈ യാത്ര. 24 നദികൾ മുറിച്ചുകടക്കേണ്ടിവന്നു. 12 യുദ്ധപ്രഭുക്കളുടെ (നാടുവാഴികൾ) സൈന്യങ്ങളുമായി ഏറ്റുമുട്ടി വിജയിച്ചു. ആയിരങ്ങൾ യാത്രയ്ക്കിടയിൽ പൊരുതി വീണു. ആയിരങ്ങൾ പുതുതായി ചുവപ്പ് സേനയിൽ ചേർന്നു.

ചൈനയിൽ അന്ന് അധീശത്വമുണ്ടായിരുന്ന കോമ്പ്രദോർ (ദല്ലാൾ) ബൂർഷ്വാസികൾക്കും നാടുവാഴി യുദ്ധപ്രഭുക്കൾക്കും ജന്മിമാർക്കും എതിരായി മറ്റെല്ലാ വിഭാഗങ്ങളെയും സാഹചര്യമനുസരിച്ച് സമരമുന്നണയിൽ യോജിപ്പിച്ചുകൊണ്ടാണ് “പുതിയ ജനാധിപത്യം” അഥവാ ജനകീയ ജനാധിപത്യം സ്ഥാപിക്കാനുള്ള ധീരോദാത്തമായ പോരാട്ടം സി പി സിയുടെ നേതൃത്വത്തിൽ നടന്നത്.

വിവരാണാതീതമായ ത്യാഗവും സമരധീരതയും കൃത്യമായ പാർട്ടി പരിപാടിയും ഉണ്ടായിരുന്നതുകൊണ്ടാണ് 1949 ഒക്ടോബർ ഒന്നിന് ചൈനീസ് ജനകീയ റിപബ്ലിക് സ്ഥാപിതമായി എന്ന് പ്രഖ്യാപിക്കാൻ മാവോ സെ ദൊങ്ങിന് സാധിച്ചത്.

സോവിയറ്റ് സഹായത്തോടെ നടപ്പാക്കിയ പഞ്ചവത്സരപദ്ധതികളും സ്വയം പര്യാപ്ത കമ്യൂണുകളും ആദ്യഘട്ടത്തിൽ ജനകീയ ചൈനയുടെ അടിത്തറ പാകുന്നതിൽ വലിയ സംഭാവന നൽകി. പരാജിതനായി തായ്‌വാനിലേക്ക് ഒളിച്ചോടിയ ചിയാങ് കൈഷേങ് ചൈനയിലെ കരുതൽ ധനവും സ്വർണ ശേഖരവുമെല്ലാം കൊള്ളയടിച്ചുകൊണ്ടാണ് നാടുവിട്ടത്.

ഇത്, ചൈനയുടെ ആദ്യകാല സാമ്പത്തിക അവസ്ഥയെ വല്ലാതെ ഞെരുക്കുകയുണ്ടായി. എന്നാൽ ജനതയുടെ ഉണർവും നവചൈതന്യവും കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിന്റെ നിശ്ചയദാർഢ്യവും അപാരമായ കരുതൽ ധനമായി മാറിയെന്നാണ് അനുഭവം.

“വൻ കുതിച്ചുചാട്ടം”എന്ന് പേരിട്ട പരീക്ഷണവും “മഹത്തായ സാംസ്കാരിക വിപ്ലവവും” ചില വലിയ തിരിച്ചടികൾക്ക് വഴിയൊരുക്കിയെന്നത് ചരിത്രത്തിന്റെ ഭാഗം. മഹത്തായ ആശയങ്ങൾ തെറ്റായി നടപ്പാക്കാമെന്നതിന്റ ഉദാഹരണമാണ് അവ. മാവോ അടിത്തറ പാകിയ പുതിയ ചൈന ഇന്ന് ലോകത്തെ അത്ഭുതപ്പെടുത്തുന്ന ആധുനിക ചൈനയായി മാറിയതിനു പിന്നിൽ 1978 മുതൽ പിന്തുടർന്ന തുറന്ന സമീപനമാണ് മുഖ്യഘടകം. ഇതിൽ ദെങ് സിയാവോ പിങ്ങിന്റെ ഗണനീയമായ സംഭാവനയുണ്ട്.

ചൈനീസ് സ്വഭാവവിശേഷങ്ങൾ ചേർന്ന സോഷ്യലിസം എന്ന് വിളിക്കുന്ന ഈ പരിഷ്കാരങ്ങൾ സംബന്ധിച്ച് പല വ്യഖ്യാനങ്ങളും അവതരിപ്പിക്കപ്പെടുന്നുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിൽ, സോഷ്യലിസ്റ്റ് സമൂഹമായി വളരുന്നതിന്, മുതലാളിത്തത്തിന്റെ, ചില ഘടകങ്ങൾ സോഷ്യലിസ്റ്റ് ഘടനയ്ക്കുള്ളിൽ നിന്നുകൊണ്ട് ഉപയോഗപ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നത്. കാർഷിക, വ്യാവസായിക, ശാസ്ത്രസാങ്കേതിക, പ്രതിരോധ മേഖലകളിൽ നാല് ആധുനീകരണങ്ങൾ എന്ന് പേരിട്ട് നടപ്പാക്കിയ പരിഷ്കാരങ്ങൾ, ലോകത്ത് വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന രാഷ്ട്രനിർമാണ തന്ത്രമാണ്.

chinese communist party , M A Baby, IE Malayalam

“ലോകത്തിന്റെ ഫാക്ടറി” എന്നും “ലോക സമ്പദ് ഘടനയുടെ എൻജിൻ” എന്നും ചൈന വിശേഷിപ്പിക്കപ്പെടുന്ന സാഹചര്യം ഉണ്ടായത് അങ്ങനെയാണ്. ഈ സമീപനം ഉൽപ്പാദനത്തിൽ കുതിച്ചുചാട്ടവും അതിസമ്പന്നരായ സംരംഭകരെയും സൃഷ്ടിച്ചിട്ടുണ്ട്. അതോടൊപ്പം ദാരിദ്ര്യം തുടച്ചുനീക്കാൻ രാജ്യത്തിനു കരുത്തുപകരുകയും ചെയ്തു. ദാരിദ്ര്യം പങ്കുവയ്ക്കാനേ കമ്യൂണിസ്റ്റുകാർക്ക് അറിയൂയെന്ന് ഇന്നത്തെ ചൈനയെ ചൂണ്ടിക്കാണിച്ച് ഒരു മുതലാളിത്ത പക്ഷപാതിക്കും ആക്ഷേപിക്കാനാവില്ല.

എന്നാൽ ചൈനയിൽ ഇപ്പോൾ സർവം ഭദ്രമാണ് എന്ന് ചൈനീസ് നേതാക്കൾ പോലും പറയുന്നില്ല. പാർട്ടി ജനറൽ സെക്രട്ടറിയും ചൈനീസ് പ്രസിഡന്റുമായ ഷീ ജിൻ പിങ് മൂന്ന് പ്രശ്നമേഖലകളെപ്പറ്റി ആവർത്തിച്ച് പറയുന്നു.

1) വിസ്മയകരമായ സാമ്പത്തിക വളർച്ചയ്ക്കൊപ്പം സാമ്പത്തിക അസമത്വവും ചൈനയിൽ വളരുന്നു
2) പല തലങ്ങളിലും അഴിമതി വലിയ പ്രശ്നമാണ്
3) പാരിസ്ഥിതിക സന്തുലനത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം

വളരെ പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളാണ് ചൈനയിലെ പ്രധാനപ്പെട്ട നേതാവ് തന്നെ ഊന്നിപ്പറയുന്നത്. അർഹിക്കുന്ന ഗൗരവത്തോടെ അവ പരിഹരിക്കാൻ ശ്രമമുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. സോഷ്യലിസ്റ്റ് ജനാധിപത്യം വ്യത്യസ്ത തലങ്ങളിൽ ശക്തിപ്പെടുത്തുന്നതിലും ചൈനയിൽ നല്ല ശ്രമങ്ങൾ ഇനി ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ചരിത്രത്തിൽ എത്ര കടുത്ത ചൂഷണവും ദൈന്യതയും അനുഭവിക്കേണ്ടി വന്നാലും ഒരു ജനത നിശ്ചയദാർഢ്യത്തോടെ, ശാസ്ത്രീയമായ പോരാട്ടത്തിന്റെയും നിർമാണത്തിന്റെയും വഴിയിൽ സഞ്ചരിച്ചാൽ, മഹാത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് ചൈന ലോകത്തോട് പറയുന്നത്.

ഇന്ത്യയ്ക്കും കേരളത്തിനും ചൈനയിൽനിന്ന് ഒട്ടേറെ പഠിക്കാനുണ്ട്. ഭാവിയിലേക്കു നോക്കുന്നവർക്ക് ചൈനയിലെ മുന്നേറ്റം വലിയ പ്രചോദനമാണ്.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: 100 years of chinese communist party m a baby

Best of Express