scorecardresearch
Latest News

ചെങ്ങറയുടെ പത്ത് വർഷം പഠിപ്പിക്കുന്ന രാഷ്ട്രീയം

ഒരു ജനവിഭാഗത്തിന്രെ അതിജീവനത്തിന്രെ സമര ചരിത്രവും വർത്തമാനവുമാണ് ചെങ്ങറ സമരം പറയുന്നത്. പത്ത് വർഷം പിന്നിട്ട ചെങ്ങറ മലയാളികളെ പഠിപ്പിക്കുന്ന പാഠങ്ങളെ കുറിച്ച്

ചെങ്ങറയുടെ പത്ത് വർഷം പഠിപ്പിക്കുന്ന രാഷ്ട്രീയം
ചെങ്ങറ സമരം (ഫയൽ ചിത്രം)

ചെങ്ങറ സമരത്തിന്റെ അതിജീവനത്തിന് പത്ത് വർഷത്തെ ദുരിതത്തിന്റെയും പ്രതിരോധത്തിന്റെയും പോരാട്ടത്തിന്റെയും രാഷ്ട്രീയ ഇച്ഛാശക്തിയുടെയും ചരിത്രമുണ്ട്. ആ അതിജീവന സമരത്തെ തകർക്കാനുളള ശ്രമങ്ങൾക്കും ഇത്രയും പഴക്കമുണ്ട്. സമരം ആരംഭിച്ച കാലം മുതൽക്കു തന്നെ അതിനെ തകർക്കുകയെന്നതിൽ സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളും വ്യവസ്ഥാപിത ഇടതുപക്ഷത്തിന്രെ മുഖ്യധാരകളും കൈകോർത്തിരുന്നു. അന്നു മുതൽ ഇന്ന് വരെ അതിജീവനത്തിന്രെ വഴികളിൽ അക്രമത്തിന്രെ രാഷ്ട്രീയ കരുനീക്കങ്ങളാണ് മുഖ്യധാര രാഷ്ട്രീയ ബോധ്യങ്ങളുടെ അസഹിഷ്ണുത ചെങ്ങറയിൽ സൃഷ്ടിക്കുന്നത്.

നീണ്ട പത്തുവർഷക്കാലം ഓലക്കീറിനുള്ളിലും പ്ലാസ്റ്റിക് കൂരയ്ക്കുള്ളിലും മഴയിലും വെയിലിലും ദാരിദ്ര്യത്തിലും കാത്തുസംരക്ഷിച്ചത് ജീവൻ മാത്രമല്ല, ഒരു ജനതയുടെ അതിജീവനം കൂടിയായിരുന്നു എന്ന യാഥാർത്ഥ്യം മറന്നു പോകരുത്. എന്നാൽ ഇതിനെ എതിർക്കുന്നവരുടെ രാഷ്ട്രീയ പദ്ധതികളിലെ ഉള്ളടക്കത്തിൽ ആദിവാസികളുടെയും ദളിതരുടെയും മത്സ്യത്തോഴിലാളികളുടെയും തോട്ടംതൊഴിലാളികളുടെയും തൊഴിലാളികളുടെയും അതിപിന്നോക്ക ജനവിഭാഗങ്ങളുടെയും രാഷ്ട്രീയവും സാമൂഹിക പുനർനിർമ്മിതിയുടെ ചിന്താപദ്ധതികളും ഇല്ലായെന്നുള്ളതുകൊണ്ടാണ്.

അടിസ്ഥാന ജനതയുടെ ഭൂമി-വിഭവാധികാര രാഷ്ട്രീയത്തെ കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ സ്ഥാപിക്കുന്നത് ചെങ്ങറ ഭൂസമരമാണ്. ഭൂപരിഷ്കരണാന്തരം മൂന്നും അഞ്ചും പത്തും സെന്റ് മിച്ചഭൂമിയിലേക്ക് ആട്ടിപ്പായിക്കപ്പെട്ടവരുടെയും അരലക്ഷം കോളനികളിലേക്ക് ജീവിതം മാറ്റപ്പെട്ടവരുടെയും പുറംമ്പോക്കുകളിലേക്ക് തള്ളപ്പെട്ടവരുടെയും സാമൂഹിക യാഥാർത്ഥ്യങ്ങൾക്ക് സമരത്തിലൂടെ കൂടുതൽ ദൃശ്യതവന്നു. വിപ്ലവകരമെന്ന് സിദ്ധാന്തവൽക്കരിച്ച ഭൂപരിഷ്കരണ നിയമത്തിന്റെ പൊള്ളത്തരങ്ങളെയും, കൊട്ടിഘോഷിച്ച കേരള മോഡൽ വികസനത്തിന്റെ കാതലില്ലായ്മയെയും, പുരോഗമന കേരളത്തിന്റെ മിഥ്യാബോധത്തെയും, കേരളത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലയിലേക്ക് ഒരു സംഭാവനയും നൽകാത്തതും കൊളോണിയൽ സമ്പദ് വ്യവസ്ഥയുടെ ഭാഗമായി രൂപം കൊണ്ടതുമായ തോട്ടം മേഖലയുടെ ഉടമസ്ഥതയെയും അത് ഉത്പാദിപ്പിക്കുന്ന സാമൂഹിക അനീതിയെയും ചെങ്ങറ സമരം ചോദ്യം ചെയ്തു. അതുകൊണ്ടു തന്നെ കേരളത്തിന്റെ യഥാർത്ഥ രാഷ്ട്രീയ ചിത്രം നമ്മുക്ക് കാട്ടിത്തന്ന ചെങ്ങറ സമരം ആക്രമിക്കപ്പെടുകയായിരുന്നു.

chengara land struggle, laha gopalan, dalit land issue in kerala, cpm,

സവർണ്ണ മധ്യവർഗ്ഗ രാഷ്ട്രീയത്താലും കൊളോണിയൽ ബോധത്താലും നിർമ്മിക്കപ്പെട്ട സ്റ്റേറ്റും അതിനെ നിയന്ത്രിക്കുന്ന സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചെങ്ങറ സമരത്തെ ആക്രമിക്കുന്നത് സ്വാഭാവികമാണ്. ജാതിയുടെ ശ്രേണീകൃതമായ അധികാര ബന്ധങ്ങളാൽ പുറംന്തള്ളപ്പെട്ട ആദിവാസി ദളിത് ജനവിഭാഗങ്ങൾ ഭൂമി-വിഭവവാധികാരത്തിനായും, പൊതുഉടമസ്ഥതക്കായും രാഷ്ട്രീയ മുന്നേറ്റങ്ങൾ നടത്തുന്ന ഘട്ടങ്ങളിലൊക്കെ തന്നെ ആക്രമണം രൂപപ്പെടുന്നത് ചരിത്രത്തിൽ നമ്മുക്ക് കാണാൻ കഴിയും.

അയ്യങ്കാളി പൊതുഉടമസ്ഥതാവകാശത്തിനായും സഞ്ചാര സ്വാതന്ത്ര്യത്തിനായും 1893 ൽ വില്ലുവണ്ടി യാത്ര നടത്തുമ്പോഴും, വിദ്യാഭ്യാസം സൃഷ്ടിക്കുന്ന അറിവധികാരങ്ങളിലൂടെ തന്റെ സമൂഹം വൈജ്ഞാനിക വിഭവസമൂഹമായി മാറുമെന്നും അതിനു കേരളത്തിന്റെ സാമൂഹിക ബന്ധങ്ങളെ പുനർനിർണ്ണയിക്കാൻ കഴിയുമെന്ന ദീർഘവീക്ഷണത്തിൽ നിന്നും അയ്യങ്കാളി പഞ്ചമിയുടെ കയ്യും പിടിച്ച് ഊരൂട്ടമ്പലം സ്‌കൂളിലേക്ക് പോകുമ്പോഴും വളരെ ആസൂത്രണമായ കലാപം ഉണ്ടാകുന്നുണ്ട്. തങ്ങളുടെ മക്കൾക്ക് പഠിക്കാൻ സ്‌കൂൾ ഇല്ലെങ്കിലും കുഴപ്പമില്ല പഞ്ചമി കയറിയ സ്‌കൂൾ തങ്ങൾ കത്തിക്കുമെന്ന് സവർണ്ണർ തീരുമാനിക്കുന്നതിനു പിന്നിൽ പുലയരുടെ മക്കൾ വിദ്യാഭ്യാസം നേടാൻ പാടില്ല എന്ന വരേണ്യബോധംകൊണ്ടാണ്.

അയ്യങ്കാളി ഉൾപ്പടെയുള്ളവർ നൽകിയ ഹർജിയെ തുടർന്ന് തിരുവിതാംകൂറിലെ നെയ്യാറ്റിൻകര, നെടുമങ്ങാട്, തിരുവനന്തപുരം തുടങ്ങിയ താലൂക്കുകളിൽ 500 ഏക്കറോളം പുതുവൽ ഭൂമി പതിച്ചു നൽകാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ ആ ഭൂമിയിലേയ്ക്ക് പോകാൻ കഴിയാതെയും ഭൂമിയിൽ കയറിയവരെ കുടിയൊഴിപ്പിച്ചും സവർണ്ണർ തങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നുവെന്ന് 1912 പ്രജാസഭയിൽ നടത്തിയ തന്റെ കന്നി പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഭൂരാഷ്ട്രീയത്തെ “നമ്മൾ കൊയ്യും വയലെല്ലാം നമ്മുടെ ആകും പൈങ്കിളിയെ” എന്ന് പാടി സ്വപ്നങ്ങൾ നെയ്യുമ്പോഴും ആവശ്യപ്പെടുമ്പോഴും ഇതേ ആക്രമണവും കലാപവും ഉണ്ടാകുന്നുണ്ട്. കമ്മ്യുണിസ്റ്റ് – സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിപ്പിച്ചതു കൊണ്ടായിരുന്നില്ല ദളിതർക്കും ആദിവാസികൾക്കും പിന്നാക്കക്കാർക്കും മരിച്ച് വീഴേണ്ടി വന്നത്. മറിച്ച് ഈ ജനത ഭൂമി, കൂലി, തുല്യത തുടങ്ങിയവ ആവശ്യപ്പെട്ടതുകൊണ്ടാണ് എന്നതാണ് ചരിത്രവസ്തുത. ഭൂപരിഷ്കരണാന്തരം വഞ്ചിക്കപ്പെട്ടു എന്ന ബോധ്യത്തിൽ നിന്നാണ് തൊണ്ണൂറുകളിൽ ആദിവാസി ഭൂസമരങ്ങളും രണ്ടായിരത്തിൽ ദളിത് രാഷ്രീയ മുന്നേറ്റവും 2001 കുടിൽകെട്ടി സമരവും 2003 ൽ മുത്തങ്ങ സമരവും ആരംഭിക്കുന്നത്.

കേരളത്തിന്റെ സമരചരിത്രത്തിൽ കുടിൽകെട്ടി – മുത്തങ്ങ സമരത്തിന് മുൻപും ശേഷമെന്നും രണ്ട് കാലഘട്ടമുണ്ട്. മൂന്നു സെന്റും, കോളനി വീടും എന്ന സ്റ്റേറ്റിന്റെ ഔദാര്യത്തിൽ നിന്നും, ആദിവാസികൾ ഉൾപ്പടെയുള്ള തദ്ദേശീയ ജനതയെ ആവാസവ്യവസ്ഥയിൽ നിന്ന് ആട്ടിയകറ്റുന്ന കൊളോണിയൽ നിയമങ്ങളിൽ നിന്നും വിഭിന്നമായി ഭൂഉടമസ്ഥത, വിഭവാധികാരം, സ്വയംഭരണാവകാശം,തദ്ദേശീയ വിഭവങ്ങളുടെ ഉടമസ്ഥത, ഭരണഘടനാപരമായ അവകാശങ്ങൾ തുടങ്ങിയ ജനാധിപത്യത്തെ വികസിപ്പിക്കുന്നതും നവീനവുമായ ഒരു രാഷ്ട്രീയം ഈ സമരങ്ങൾ മുന്നോട്ടു വെച്ചു. കുടിൽകെട്ടി സമരത്തെ ഭരണഘടനാവിരുദ്ധത കൊണ്ടും മുത്തങ്ങ സമരത്തെ വെടിയുണ്ടയും ലാത്തിയും കൊണ്ടുമാണ് ഭരണകൂടം അടിച്ചമർത്തിയത്.

muthanga, chengara, tribal land struggle, dalit land struggle,
ചിത്രീകരണം വിഷ്ണു റാം

ആദിവാസി ഗോത്രമഹാസഭ പ്രവർത്തകൻ ആയിരുന്ന ജോഗി പൊലീസിന്റെ വെടിയേറ്റും പൊലീസുകാരൻ വിനോദ് രക്തം വാർന്നും മരിച്ചു. സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പടെ നൂറുകണക്കിന് ആദിവാസികൾക്ക് ഗുരുതരമായി പരിക്കേറ്റു. 147 കുഞ്ഞുങ്ങളെയാണ് നിയമവിരുദ്ധമായും മനുഷ്യത്വരഹിതമായും പൊലീസ് ജയിലിലടച്ചത്. ആദിവാസികളെയും സമര പ്രവർത്തകരെയും ആക്രമിക്കാൻ പൊലീസിനൊപ്പം ‘നാട്ടുകാരും’ സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങളും പരിസ്ഥിതി പ്രവർത്തകരും (?) ഉണ്ടായിരുന്നു. തീവ്രവാദമെന്നും വിഘടനവാദമെന്നും ഭാവനാക്കഥകളെഴുതി ഭൂരിപക്ഷം മാദ്ധ്യമങ്ങളും പൊതുബോധത്തെ തൃപ്തിപ്പെടുത്തി. സമരത്തിന് നേതൃത്വം നൽകിയ സി കെ ജാനുവും എം ഗീതാനന്ദനും ക്രൂരമായ പീഡനങ്ങളാണ് പൊലീസിൽ നിന്ന് ഏൽക്കേണ്ടിവന്നത്. വനാശ്രിതസമൂഹങ്ങൾ വനത്തിനുമേലുള്ള അവകാശം സ്ഥാപിക്കുവാൻ മുത്തങ്ങയിൽ സമരം ചെയ്തു മൂന്ന് വർഷത്തിന് ശേഷമാണ് കേന്ദ്ര സർക്കാർ വനാവകാശ നിയമം 2006 ൽ പാസാക്കുന്നത്. ഇന്ത്യയിൽ ലക്ഷക്കണക്കിന് ആദിവാസി കുടുംബങ്ങൾക്കാണ് വനാവകാശത്തിലൂടെ ഭൂമിയുടെ ഉടമസ്ഥത ലഭിച്ചത്. അപ്പോഴും ആദിവാസികൾക്കെതിരായി സർക്കാരുമായി കേസുമായി മുന്നോട്ടു പോയി, 2011 ൽ ഹൈക്കോടതി ഈ കേസ് തള്ളുന്നതുവരെ.

മുത്തങ്ങയിൽ ഭരണകൂടത്താലും പൊലീസിനാലും വേട്ടയാടപ്പെട്ട ആദിവാസികളും ദളിതരും കേരളത്തിൽ ഇനിയൊരു ഭൂസമരത്തിനു സാധ്യതയില്ലെന്ന് വിശ്വസിച്ച് തുടങ്ങവെയാണ് 2007 ഓഗസ്റ്റ് 4 ന് ളാഹ ഗോപാലന്റെ നേതൃത്വത്തിൽ ചെങ്ങറ സമരം പൊട്ടിപ്പുറപ്പെടുന്നത്. നീതിക്കുവേണ്ടിയുള്ള സമരങ്ങളും പോരാട്ടങ്ങളും നവീകരിക്കപ്പെടുകയും ആവിഷ്‌ക്കരിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും നിലനിൽക്കുന്ന ഭരണകൂടവും പൊതുസമൂഹവും അതുതന്നെയാണല്ലോ, സ്വാഭാവികമായും ചെങ്ങറ സമരവും ശാരീരികമായും മാനസികമായും രാഷ്ട്രീയപരമായും ആക്രമിക്കപ്പെട്ടു. ഭരണകൂടവും സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങളും ട്രേഡ് യൂണിയനുകളും ‘നാട്ടുകാരും’ സമരത്തെയും സമര പ്രവർത്തകരെയും മർദ്ധിക്കുന്നതിലും ജീവിതം ദുസ്സഹമാക്കുന്നതിലും ആനന്ദം കണ്ടെത്തി. നൂറ്റാണ്ടുകളായി തുടരുന്ന ഒരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു ചരിത്രത്തിലെ ഈ ആക്രമങ്ങൾ മുഴുവൻ. ഇതിലവസാനത്തേതാണ്
2017 സെപ്തംബർ 24 ന് വൈകിട്ട് സി പി എം പ്രവർത്തകർ ചെങ്ങറ ഭൂമിയിൽ സമര പ്രവർത്തകർക്ക് നേരെ നടത്തിയ ആക്രമണം. ഇത് വീണ്ടും ചെങ്ങറ ഭൂസമരത്തെ വീണ്ടും പൊതുമണ്ഡലത്തിൽ കൊണ്ടുവന്നിരിക്കുന്നത്.

ചെങ്ങറയുടെ അതിജീവനങ്ങൾ

ഭൂപരിഷകരണാനന്തരം റോഡ്, തോട് പുറമ്പോക്കുകളിലേയ്ക്കും കോളനികളിലേയ്ക്കും ജീവിതം പറിച്ചുനട്ട ഭൂരഹിതരും ഭവനരഹിതരുമായ ആദിവാസി ദളിത് ജനതയുടെ മുൻകൈയ്യിലാണ് ഹാരിസൺ മലയാളം വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധവുമായ കയ്യടക്കിയിരിക്കുന്നതെന്ന് സർക്കാർ പ്ലീഡർ തന്നെ കോടതിയിൽ വ്യക്തമാക്കിയ തോട്ടംഭൂമികളിൽ ഒന്നായിരുന്ന ചെങ്ങറയിൽ സമരം ആരംഭിക്കുന്നത്. ളാഹ ഗോപാലന്റെ നേതൃത്വത്തിൽ സാധുജന വിമോചന സയുക്ത വേദി 300 കുടുംബങ്ങളുമായി ആരംഭിച്ച സമരം രണ്ട് മാസം കൊണ്ട് 7000 കുടുംബങ്ങളായി വികസിച്ചു. കേരളത്തിന്രെ അടിത്തട്ട് അത്രയേറെ സംഘർഷത്തിൽ ആയിരുന്നു എന്ന് നാം മനസ്സിലാക്കണം. സമരം ആരംഭിച്ചതു മുതൽ സി ഐ ടി യു, എ ഐ ടി യു സി, ഐ എൻ ടി യു സി തുടങ്ങിയ സംഘടിത ട്രേഡ് യൂണിയനുകളും ഹാരിസണിന്രെ ആളുകളും എല്ലായിടത്തുമെന്ന പോലെ “നാട്ടുകാരും” സമര പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചു. പ്രവർത്തകർക്ക് സമര ഭൂമിക്ക് പുറത്ത് പോകാൻ കഴിയാത്ത വിധം അവർ ഉപരോധം തീർത്തു. എടുത്തുകഴിക്കാൻ നാമ്പില്ലായിരുന്ന ചെങ്ങറ റബ്ബർ തോട്ടത്തിൽക്കിടന്ന് വിശന്നു കരഞ്ഞ നൂറുകണക്കിന് കുഞ്ഞുങ്ങളുടെ കരച്ചിൽ സഹിക്കാൻ കഴിയാതെ പുറത്തു ഭക്ഷണവും തൊഴിലും തേടിപോയ രക്ഷിതാക്കളെ ട്രേഡ് യൂണിയൻ പ്രവർത്തകർ തടഞ്ഞുവെച്ച് മർദ്ദിച്ചു. സമര ഭൂമിയിലേക്ക് അരിയും ഭക്ഷണ പദാർത്ഥങ്ങളും തുണിയുമായി എത്തിയ ഐക്യദാർഢ്യ പ്രവർത്തകരെ തടയുകയും അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു.

chengara land struggle, land issue, dalit politics, dalit land issue, cpm,
ചെങ്ങറ സമരഭൂമി നിലവിൽ

സമരത്തിന്റെ ഒന്നാം വാർഷികം ഉദ്ഘാടനം ചെയ്യാൻ എത്തിയ നന്ദിഗ്രാം സമര നേതാവ് സ്വപൻ ഗാംഗുലിയെയും സാമൂഹികപ്രവർത്തകരെയും ട്രേഡ് യൂണിയൻ പ്രവർത്തകർ തടയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഒടുവിൽ അദ്ദേഹത്തിന് പത്തനംതിട്ടയിൽ പത്രസമ്മേളനം വിളിച്ച് മടങ്ങേണ്ടി വന്നു. ഉപരോധം ശക്തമായി നീണ്ടപ്പോൾ പന്ത്രണ്ട് കിലോമീറ്റർ കാട്ടിലൂടെ നടന്ന് സീതത്തോടിന് അടുത്തുള്ള സ്ഥലങ്ങളിൽ പോയാണ് സമര പ്രവർത്തകർ അരിയുൾപ്പടെയുള്ള ഭക്ഷണ സാധനങ്ങൾ ശേഖരിച്ചത്. സമരം തുടങ്ങി ഒരു വർഷം കഴിഞ്ഞിട്ടും ആദിവാസികളും ദളിതരും മുസ്ളീംങ്ങളും പിന്നോക്ക ജനങ്ങളും നടത്തുന്ന സമരം എന്തിനാണെന്നോ അവരുടെ ആവശ്യം എന്താണെന്നോ അന്വേഷിക്കാത്ത ഒരു ഇടതുപക്ഷ സർക്കാർ ആയിരുന്നു അന്ന് ഭരിച്ചിരുന്നത്. “വേറൊരാളുടെ ഭൂമി കയ്യടക്കാനുള്ള അടവാണ് ചെങ്ങറ ഭൂസമരമെന്നും വിദേശ ഫണ്ടാണ് ഇതിന് ഉപയോഗിക്കുന്നത്” എന്നുമായിരുന്നു സി പി എമ്മിൻറെയും സർക്കാരിന്റെയും ആക്ഷേപം. സമര പ്രവർത്തകർ റബ്ബർ കള്ളന്മാരാണെന്ന് വിളിച്ച് ആക്ഷേപിക്കുക കൂടി ചെയ്തു അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദൻ.

ഹാരിസൺ മലയാളം ഹൈക്കോടതിയിൽ നിന്ന് വാങ്ങിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സമരപ്രവർത്തകരെ തോട്ടംഭൂമിയിൽ നിന്ന് ഒഴിപ്പിക്കാൻ 2008 മാർച്ചിൽ ഭരണകൂടം വൻ പോലീസ് സന്നാഹവുമായി സമരഭൂമിയിലെത്തുന്നത്. ഇത് വലിയതോതിലേക്കുള്ള സംഘർഷത്തിലേക്ക് നീങ്ങി. ഒരു കൈയ്യിൽ മണ്ണണ്ണ നിറച്ച കന്നാസും മറുകൈയിൽ തീപ്പട്ടിയുമായി സ്ത്രീകളും കുട്ടികളും, കഴുത്തിൽ കുരുക്കിട്ട് മരത്തിൽ നിന്ന് ചാടി ഏതു നിമിഷവും ആത്മാഹൂതി ചെയ്യാൻ തയ്യാറായി പുരുഷന്മാരും നിന്നാണ് പോലീസ് അധിനിവേശത്തെ അവർ പ്രതിരോധിച്ചത്. ‘ഒന്നെങ്കിൽ ജീവിക്കാൻ അനുവദിക്കുക അല്ലെങ്കിൽ സ്വന്തം സമുദായത്തിനായി മരിക്കുക’ ഇതാണ് അന്നവർ പ്രഖ്യാപിച്ചത്. ഇത് വലിയ തോതിലുള്ള രാഷ്ട്രീയ ചർച്ചകൾക്ക് കാരണമാകുകയും സർക്കാരിന് മേൽ സമ്മർദ്ദം രൂപപ്പെടുകയും ചെയ്തു. തുടർന്ന് സർക്കാർ നടത്തിയ സർവ്വേ പ്രകാരം സമരഭൂമിയിൽ 1738 കുടുംബങ്ങൾ ഉണ്ടെന്ന് കണ്ടെത്തി. കേരളത്തിലെ 10 ജില്ലകളിലായി 831 ഏക്കർ ഭൂമി കണ്ടെത്തി 1495 കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്നാണ് സർക്കാർ പറഞ്ഞു. 27 ആദിവാസി കുടുംബങ്ങൾക്ക് ഒരു ഏക്കർ ഭൂമിയും 1.25 ലക്ഷം രൂപ വീട്പണിയുന്നതിനും ഭൂരഹിതരായ 832 പട്ടികജാതി കുടുംബങ്ങൾക്ക് അരയേക്കർ ഭൂമിയും ഒരു ലക്ഷം രൂപയും അഞ്ച് സെന്ററിൽമേൽ താഴെ ഭൂമിയുള്ള 573 കുടുംബങ്ങൾക്ക് 10 മുതൽ 25 സെന്റ് ഭൂമിയും എഴുപത്തി അയ്യായിരം രൂപയും മരണപ്പെട്ട 12 പേർക്ക് സഹായം നൽകാമെന്നും സമരക്കാർക്കെതിരെ എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കുമെന്ന വ്യവസ്ഥയിൽ 2009 ഒക്ടോബർ അഞ്ചിന് സമരം ഭാഗികമായി ഒത്തുതീർപ്പാക്കി.എന്നാൽ ഈ കരാറും അട്ടിമറിക്കപ്പെട്ടു. പട്ടയം ലഭിച്ചു എന്നല്ലാതെ വളരെ കുറച്ച് പേർക്കൊഴികെ ആർക്കും ഭൂമി ലഭിച്ചില്ല. ഭൂമി ലഭിച്ചതാകട്ടെ മൂന്നാറിലെ ചില മൊട്ടക്കുന്നുകളിലും കാസർഗോട്ടെ തരിശ് നിലങ്ങളിലും കണ്ണൂരിലെ പെരിങ്ങോത്ത് പാറ പ്രദേശത്തുമായിരുന്നു. പട്ടയം കിട്ടി കബളിക്കപ്പെട്ടവർ വീണ്ടും സംഘടിച്ചതിന്റെ അനന്തരഫലമായിരുന്നു അരിപ്പ ഭൂസമരവും, സെക്രട്ടറിയേറ്റിന് മുന്നിലെ ചെങ്ങറക്കാർ നടത്തിയ സമരവും.

ചെങ്ങറ സമരഭൂമിയിൽ ബാക്കിയുണ്ടായിരുന്ന 593 കുടുംബങ്ങൾ സമരഭൂമി അരയേക്കർ വീതം തുല്യമായി വീതിച്ചെടുക്കുകയും ആത്മാഭിമാന ജനതയായി അതിജീവിച്ച് വരികയും ചെയ്യുന്ന പത്താം വർഷത്തിലാണ് ഇപ്പോൾ സി പി എമ്മും അവരുടെ ട്രേഡ് യൂണിയനും സമരത്തെ അക്രമം നടത്തി തകർക്കാർ ശ്രമിക്കുന്നത്. കഴിഞ്ഞ ഒരു വർഷം മുൻപ് സമരഭൂമിയിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് ചെങ്ങറ ഭൂസമര നേതാവ് ളാഹ ഗോപാലൻ സമര ഭൂമി വിട്ട് പോയിരുന്നു. ളാഹയുടെ പുറത്താകലിന് ശേഷം ചെങ്ങറ സമരം ‘ചെങ്ങറ ഡെവലപ്മെന്റ് സൊസൈറ്റി’ എന്ന പേരിലാണ് സമരഭൂമിയിൽ പ്രവർത്തിച്ച് വന്നിരുന്നത്. എന്നാൽ മുപ്പതോളം കുടുംബങ്ങൾ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സൊസൈറ്റിയുമായി ചേരാതെ പ്രത്യേകമായി പ്രവർത്തിച്ചുവരികയായിരുന്നു.

chengara, chengara struggle, land struggle, land issue, cpm,

ഈ തക്കം മുതലെടുത്തതുകൊണ്ടാണ് സമരത്തെ തകർക്കാൻ ലക്ഷ്യം വെച്ചുകൊണ്ട് സി പി എം ഈ മുപ്പത് കുടുംബങ്ങളുടെ ‘രക്ഷകരായി’ എത്തുന്നത്. തുടർന്ന് അവർ ഈ കുടുംബങ്ങളുടെ പിന്തുണയിൽ സമരഭൂമിക്കുള്ളിൽ സംഘടനാ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇത് പലപ്പോഴും വാക്കേറ്റങ്ങൾക്ക് കാരണമാകുകയും ചെയ്തിട്ടുണ്ട്. ഈയൊരു ഘട്ടത്തിലാണ് ചെങ്ങറ ഡെവലപ്മെന്റ് സൊസൈറ്റിയുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ഗോത്രവർഗ്ഗ കമ്മീഷൻ ചെയർമാൻ ചെങ്ങറ സമര ഭൂമി സന്ദർശിക്കുന്നതും പ്രവർത്തകരുടെ നിർദ്ദേശത്തെ തുടർന്ന് കുടുംബങ്ങൾക്ക് റേഷൻ കാർഡ്, വീട്ട് നമ്പർ,കുട്ടികളുടെ പഠനത്തിന് ആവശ്യാമമായ ക്രമീകരണങ്ങൾ, അംഗൻവാടി തുടങ്ങിയ അനുവദിച്ച് കിട്ടുന്നതിന്റെ സാധ്യതകൾ ആരാഞ്ഞുകൊണ്ട് റവന്യൂ ഉദ്യോഗസ്ഥർക്കും, കളക്‌ടർക്കും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യുന്നത്. ഭാഗികമായി ഉദ്യോഗസ്ഥർ ഇത് അംഗീകരിക്കുകയും ചെയ്തു.

ചെങ്ങറ സമരഭൂമിയിൽ തൊണ്ണൂറ് ശതമാനവും ദലിതരാണ്.റേഷൻ കാർഡും വീട്ടുനമ്പരും ഇല്ലാത്തതുകൊണ്ട് സർക്കാരിന്റെ യാതൊരുവിധ ആനുകൂല്യങ്ങളും അവർക്ക് ലഭിച്ചിരുന്നില്ല.തന്മൂലം ദലിത് വിദ്യാർത്ഥികൾക്ക് ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ നിഷേധിക്കപ്പെട്ടു, സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന ജനസാമാന്യത്തിനു സർക്കാർ ആശുപത്രികളിൽ നിന്നുൾപ്പെടെയുള്ള അവകാശങ്ങൾ നിഷേധിക്കപ്പെട്ടു. കേരളത്തിലെ താമസക്കാരായി അംഗീകരിക്കാത്തതുകൊണ്ട് വൈദ്യുതിയും നിഷേധിക്കപ്പെട്ടിരുന്നു.വിളക്ക് കത്തിക്കാൻ റേഷൻ കടയിൽ നിന്ന് മണ്ണണ്ണയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്ത അവസ്ഥ. എന്തിന് പലർക്കും തിരിച്ചറിയാൽ കാർഡ് പോലും ഇല്ലായിരുന്നു. ചുരുക്കത്തിൽ ഇന്ത്യൻ പൗരനായി പോലും കേരള സർക്കാർ ചെങ്ങറ നിവാസികളെ അംഗീകരിച്ചിരുന്നില്ല. ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ ലഭിക്കുന്നതിനു റേഷൻകാർഡ്, വീട്ടുനമ്പർ, തിരിച്ചറിയൽ കാർഡ് എന്നിവ ലഭിക്കുക എന്നുള്ളത് സമരപ്രവർത്തകരുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു. സമരത്തെയും സമരപ്രവർത്തകരുടെ നിശ്ചയദാർഢ്യത്തെയും അദൃശ്യവൽക്കരിച്ചുകൊണ്ട് സമരഭൂമിയിലെ മുപ്പതോളം സി പി ഐ എം അനുഭാവി കുടുംബങ്ങൾ സെപ്റ്റംമ്പർ 24 ന് എൽ ഡി എഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് പ്രകടനം നടത്തുകയും സമരഭൂമിക്കുള്ളിലെ അഞ്ച് ശാഖകളിലും ഫ്ലെക്സ് ബോർഡുകൾ വെക്കുകയും ചെയ്തു. പുറത്തു നിന്നുള്ള സി പി ഐ എം പ്രവർത്തകരാണ് ഇതിന് നേതൃത്വം നൽകിയത്. ഇത് സമരപ്രവർത്തകർ ഒന്നടങ്കം എതിർക്കുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. സമര പ്രവർത്തകരുടെ പരാതിയെ തുടർന്ന് സമരഭൂമിയിൽ എത്തിയ പൊലീസ് രണ്ട് വിഭാഗങ്ങളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഫ്ലെക്സ് ബോർഡുകൾ എത്രയും പെട്ടെന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടു. എന്നിട്ടും ഫ്ലെക്സുകൾ നീക്കാതിരുന്നതിനെ തുടർന്ന് സമരപ്രവർത്തകരായ സ്ത്രീകൾ ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്തു.ഇതിനെ തുടർന്നാണ് സംഘർഷം ഉണ്ടാകുന്നത്. സമരം തുടങ്ങി ഇതുവരെയുള്ള പത്ത് വർഷക്കാലം ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രവർത്തനങ്ങൾ സമര ഭൂമിക്കുള്ളിൽ നടന്നിരുന്നില്ല. എന്ന് മാത്രമല്ല ഒരു തരത്തിലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗങ്ങളും സമരഭൂമിക്കുള്ളിൽ അനുവദനീയം അല്ലായിരുന്നു. അത് മുഴുവൻ സി പി ഐ എമ്മിന്റെ നേതൃത്വത്തിൽ ലംഘിക്കപ്പെട്ടു. ഇതാണ് അവിടുത്തെ വിഷങ്ങൾ അന്വേഷിക്കുന്ന ഒരാൾക്ക് മനസ്സിലാകുന്നത്.

അധികാരവും പോലീസും സംഘടിത ശക്തിയും ഉപയോഗിച്ചുകൊണ്ട് സമരഭൂമിക്കുള്ളിൽ സംഘർഷം സൃഷ്ടിച്ച് സമരത്തിൽ പിളർപ്പുണ്ടാക്കി തകർക്കുവാനുള്ള ഗൂഢനീക്കമാണ് സി പി ഐ എം ഇപ്പോൾ നടത്തുന്നത്. ഇതേ രീതിയിൽ തന്നെയാണ് ആറളം ആദിവാസി പുനരധിവാസ ഭൂമി സി പി ഐ എം തങ്ങളുടെ ശക്തി കേന്ദ്രമായി മാറ്റിയത്. അരിപ്പ സമരഭൂമിയും ഇതേ രീതിയിൽ തന്നെ തകർക്കുവാനുള്ള ശ്രമങ്ങൾ സി പി ഐ എമ്മിന്റെ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഒറ്റപ്പെട്ടൊരു സഭാവമല്ലെന്നും കേന്ദ്രീകൃതമായി നടക്കുന്ന നിക്കങ്ങളുടെ ഭാഗമാണിതെന്ന് സംശയിക്കാനുളള കാരണങ്ങളാണ്.

ശബരിമലയുടെ പേര് പറഞ്ഞ് പുതിയ വിമാനത്താവളം പത്തനംതിട്ട ചെറുവള്ളി എസ്റ്റേറ്റിൽ കൊണ്ടുവരുവാനുള്ള നീക്കങ്ങൾ സർക്കാർ തലത്തിൽ ഇപ്പോൾ നടക്കുന്നുണ്ട്.ഹാരിസൺ കൈവശം വെച്ചിരുന്ന എൺപത്തി ഏഴായിരുത്തത്തോളം ഏക്കർ ഭൂമിയിൽ കെ. പി. യോഹന്നാന് അനധികൃതമായി മറിച്ചുവിറ്റ 2263 ഏക്കർ ( 3000 ഏക്കറിലധികം ഭൂമി യഥാർത്ഥത്തിൽ കെ പി യോഹന്നാൻ ചെയർമാനായുള്ള ഗോസ്പൽ ഫോർ ഏഷ്യ കൈയ്യടക്കി വെച്ചിട്ടുണ്ട് എന്നാണ് ആരോപണം) തോട്ടംഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റ്. ഈ ഭൂമി കൈമാറ്റം നിയമവിരുദ്ധമെന്ന് കണ്ടെത്തിയതിനെ തുടർന്ന്കാഞ്ഞിരപ്പിള്ളി താലൂക്ക് ഓഫീസിൽ നിന്നും തിരുവല്ല തഹസീൽദാർ മുഖേന ഒഴിഞ്ഞുപോകാൻ നോട്ടീസ് നല്കുകയും ആർ.ഡി.ഒയുടെ നിര്ദ്ദേശപ്രകാരം 2008 ൽ പോക്കുവരവ് റദ്ദുചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്‌പെഷ്യൽ ഓഫീസർ ഡോ. എം ജി രാജമാണിക്യം ഗോസ്പൽ ഫോർ ഏഷ്യ ഹാരിസൺ മലയാളത്തിന്റെ കൈയ്യിൽ നിന്ന് അനധികൃതമായി വാങ്ങിയ ഭൂമിയുൾപ്പടെ ഹാരിസൺ മലയാളം കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലെ ഭൂമി ഏറ്റെടുക്കാൻ 2015 മേയ് 28ന് ഉത്തരവിറക്കുന്നത്. ചുരുക്കത്തിൽ ചെറുവള്ളി എസ്റ്റേറ്റിലെ വിമാനത്താവള നിർമ്മാണവുമായി ബന്ധപ്പെട്ട് ഒട്ടനവധി നിയമപ്രശ്നനങ്ങൾ സർക്കാരിന് മുൻപിലുണ്ട്. ഇത്തരത്തിൽ ഏതെങ്കിലും നിയമപ്രശ്നവും ഉണ്ടാകുകയാണെങ്കിൽ പദ്ധതിക്കായി ഏറ്റെടുക്കുന്നത് അടുത്ത നിർദ്ധിഷ്ട പദ്ധതി പ്രദേശമായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ചെങ്ങറ തോട്ടം ഭൂമിയാണ്. അതിനുള്ള ഏകതടസ്സം ചെങ്ങറ സമരഭൂമി പ്രവർത്തകരാണ്. ഏതെങ്കിലും തരത്തിൽ സംഘർഷം സമരഭൂമിയിൽ സൃഷ്ടിക്കപ്പെട്ടാൽ പൊലീസിനെയും അധികാരത്തെയും കൂട്ടുപിടിച്ച് സമരക്കാരെ ഒഴിപ്പിക്കാം എന്ന ഗൂഢതന്ത്രമാണ് സർക്കാരിനുള്ളത്. അതിനാണ് ഇപ്പോൾ സമരഭൂമിയിൽ നിരന്തരമായി പ്രകോപനം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.

ചെങ്ങറയുടെ രാഷ്ട്രീയ പാഠങ്ങൾ

ഭൂപരിഷ്കരണ നിയമത്തിന്റെ പൊള്ളത്തരങ്ങൾ വസ്തുതാപരമായി സ്ഥാപിച്ച ചെങ്ങറ സമരം ഭൂമി ഇന്നൊരു മാതൃകാ ഗ്രാമമാണ്. ഭൂമിയുടെ പുനർവിതരണത്തിലൂടെ തുല്യമായ വിഭവഉടമസ്ഥതയും പങ്കാളിത്തവും അവർ കൈവരിച്ചിരിക്കുന്നു. കൊളോണിയൽ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി രൂപം കൊണ്ട തോട്ടംമേഖലകൾ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് യാതൊന്നും സംഭാവന ചെയ്യുന്നില്ലെന്ന് മാത്രമല്ല കേരളത്തിന്റെ എട്ട് ലക്ഷത്തിലധികം തോട്ടംഭൂമി സ്വകാര്യ കുത്തകളും വ്യക്തികളും കൈക്കലാക്കുകയും ചെയ്തു. ഇതിൽ അഞ്ച് ലക്ഷത്തി ഇരുപതിനായിരം ഏക്കർ ഭൂമി ഹാരിസൺ ഉൾപ്പടെയുള്ള കുത്തകൾ വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധമായും കൈയ്യടക്കി വെച്ചിരിക്കുന്നുവെന്നും നിയമനിർമണത്തിലൂടെ ഈ ഭൂമി ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നും സമഗ്രമായ റിപ്പോർട്ട് റവന്യു സ്‌പെഷ്യൽ ഓഫീസർ ഡോ. രാജമാണിക്യം 2015 ൽ നൽകി. സർക്കാർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

chengara, chengara land struggle, dalit land issue, tribal land issue, muthanga struggle,

ഈ ചർച്ചകൾക്ക് മുഴുവൻ തുടക്കം കുറിച്ചത് ചെങ്ങറ സമരമായിരുന്നു എന്നതാണ് യാഥാർത്ഥ്യം. കേരളത്തിന്റെ പാരിസ്ഥിക മേഖലയിൽ ഏകവിള തോട്ടങ്ങൾ ഗുരുതരമായ ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്. അതിന്റെ പരിച്‌ഛേദമായ ചെങ്ങറ തോട്ടംഭൂമിയിലെ റബ്ബർ മരങ്ങൾ പ്രവർത്തകർ മുറിച്ചു മാറ്റി. അവരവിടെ വാഴയും, ചേമ്പും, ചേനയും,കപ്പയും, ഇഞ്ചിയും നട്ടു. ഭക്ഷ്യ സ്വയംപര്യാപത അല്ലെങ്കിൽ കൂടി ജീവിക്കുവാനാവശ്യമായ കാർഷിക വിളകൾ അവർ വിളയിച്ചെടുത്തു. റബ്ബർ തോട്ടങ്ങൾ ഉണ്ടാക്കിയ പാരിസ്ഥിതിക അസുന്തലിതയിൽ നിന്ന് ജൈവവൈവിധ്യമാർന്ന ഒരു ഭൂമി അവർ വീണ്ടെടുത്തു. ആദിവാസികൾ ദളിതർ തുടങ്ങിയ തദ്ദേശീയ ജനതയുടെ വിഭവാധികാരമാണ് ഭക്ഷ്യ സുരക്ഷയുടെയും പാരിസ്ഥിതിക കേരളത്തിന്റെയും നിലനിൽപ് എന്ന് പുതിയൊരു രാഷ്ട്രീയ അവബോധം ചെങ്ങറ സൃഷ്ടിച്ചു. ഇതൊന്നും ചെങ്ങറ തകർക്കാൻ ശ്രമിക്കുന്നവർക്ക് മനസ്സിലാക്കാൻ കഴിയാത്തത് അവരുടെ കൊളോണിയൽ ഫ്യുഡൽ ബോധം കൊണ്ടും നവോത്ഥാനത്തിന്റെയും ജനാധിപത്യത്തിന്റെ അന്തഃസത്ത ഉൾക്കൊള്ളാൻ കഴിയാത്തതുകൊണ്ടുമാണ്. അവർ നേരിട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സങ്കുചിത്വവും പ്രതിസന്ധിയുമാണ് ഇതിലൂടെ വെളിവാകുന്നത്.

ആദിവാസി ദളിത് രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് എന്നും പ്രതിരോധം തീർത്തിട്ടുള്ളത് സാമൂഹിക പുരോഗതിയ്ക്കും, നീതിക്കും എതിരായി നിന്നിട്ടുള്ളവർ ആണെന്ന് കാലം തെളിയിച്ചിട്ടുള്ള വസ്തുതയാണ്. സ്വാതന്ത്ര്യത്തിനു മുൻപ് അത് ഫ്യുഡലിസ്റ്റുകളും ജാതി ഹിന്ദുക്കളും ആയിരുന്നെങ്കിൽ ഇപ്പോൾ ചെങ്ങറയിൽ സി പി ഐ എമ്മുമാണെന്ന വ്യത്യാസം മാത്രമാണുള്ളത്. നീതിയുക്തമായ ഒരു സാമൂഹിക ക്രമത്തിനായി അടിസ്ഥാന ജനവിഭാവങ്ങൾ ഉയർത്തിയിട്ടുള്ള രാഷ്ട്രീയത്തിനെതിരായി ഉയർന്നിട്ടുള്ള മുഴുവൻ പ്രതിരോധങ്ങളെയും പ്രതിസന്ധികളെയും അത് മറികടന്നിട്ടുണ്ടെന്നും ശക്തമായ സമരങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ടെന്നും സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. അല്ലെങ്കിൽ നീതിക്കായി ഉയരുന്ന ശബ്ദങ്ങൾ, സമരങ്ങൾ നിങ്ങളെ ചരിത്രത്തിൽ നിന്നും വലിച്ചെറിയുക തന്നെ ചെയ്യും.

 

കടപ്പാട് 

 

ഭൂഉടമസ്ഥതയും ജാതിയും : ചെങ്ങറയുടെ പാഠങ്ങൾ – സണ്ണി എം കപിക്കാട്
ചെങ്ങറ സമരം; മധ്യവര്‍ത്തികള്‍ക്കെതിരെ ദളിതര്‍ ജാഗ്രത പാലിക്കണം – എം ഗീതാനന്ദൻ
ഭൂപരിഷ്‌ക്കരണവും ദലിതുകളും – കെ കെ കൊച്ച്
ചെങ്ങറ സമരഭൂമിയില്‍ തളിര്‍ത്ത അതിജീവനത്തിന്റെ വിത്തുകള്‍ – കേരളീയം റിപ്പോർട്ട്
ചെങ്ങറ ഭൂസമരം : ഭൂമിയേയും അവകാശത്തേയും കുറിച്ചുള്ള പാഠങ്ങള്‍ – കേരളീയം റിപ്പോർട്ട്
ഭൂമി ലഭിച്ച ചെങ്ങറ സമരക്കാര്‍ കബളിപ്പിക്കപ്പെട്ടത് എങ്ങനെ? – കെ സന്ദീപ്
ഭൂസമരം കാണാന്‍ ചെങ്ങറയിലേക്ക് വരൂ – ളാഹ ഗോപാലൻ
Illegal Land,Illegal People – M S Sreerekha
Caste and Landlessness in Kerala : Signals from Chengara – M S Sreerekha
ചെങ്ങറ ശരി, മുത്തങ്ങ തെറ്റ് – എം സുചിത്ര
ഭൂമി/കോളനി/ചെങ്ങറ ചില വിചാരങ്ങള്‍ – എം ആർ രേണുകുമാർ
കുത്തകബോധങ്ങളെ ചോദ്യം ചെയ്ത ജനാധിപത്യ സമരം – എ കെ രാമകൃഷ്ണൻ
ചെങ്ങറ സമരം പിന്നിട്ട 795 ദിനങ്ങള്‍ – എസ് രാജീവൻ
ചെങ്ങറ നല്‍കുന്ന പാഠങ്ങള്‍ – പ്രവീണ കെ പി

കേരളീയം മാസിക,  Economic and Political Weekly

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: 10 years of chengara land struggle