ദേവസ്വം ബോർഡിൽ സവർണ സമുദായങ്ങൾക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള എൽഡിഎഫ് സർക്കാരിന്റെ തീരുമാനം അനുകൂലവും പ്രതികൂലവുമായ വ്യാപകമായ പ്രതികരണങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. തീരുമാനത്തെ പ്രശംസിച്ച് ആദ്യം രംഗത്തുവന്നത് സംഘപരിവാർ സഹയാത്രികനായ രാഹുൽ ഈശ്വറാണ് എന്നത് ശ്രദ്ധയമാണ്. എൻഎസ്എസും മുന്നോക്ക സമുദായ കോർപ്പറേഷൻ ചെയർമാൻ ആർ.ബാലകൃഷ്ണ പിള്ളയും സവർണ സമുദായ സംഘടനകളും ഇടതുപക്ഷ സർക്കാരിനെ ശരിവച്ചു. എന്നാൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ദലിത്- ന്യൂനപക്ഷ നേതൃത്വങ്ങളും സർക്കാർ തീരുമാനം സംവരണ അട്ടിമറിയാണെന്ന് ആരോപിക്കുന്നു.

ദേവസ്വം ബോർഡാണ് സർക്കാരിന്റെ സംവരണ പരീക്ഷണത്തിന്റെയും തിരുത്തിന്റെയും ആദ്യ കേന്ദ്രമായി മാറിയത്. ദേവസ്വം ബോർഡിലെ ക്ഷേത്രങ്ങളിൽ ദലിത് സമുദായക്കാരെ പൂജാരിമാരായി നിയമിച്ചുകൊണ്ടായിരുന്നു തുടക്കം. വലിയ സാമൂഹിക വിപ്ലവാണെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു ഇത് നടപ്പാക്കപ്പെട്ടത്. സർക്കാരിന് നേതൃത്വം നൽകുന്ന സിപിഎമ്മും പോഷക സംഘടനയായ പട്ടികജാതി ക്ഷേമസമിതിയും വലിയ പ്രചാരണമാണ് ശാന്തിനിയമനത്തെക്കുറിച്ച് നടത്തിയത്. മറുവശത്ത് സവർണ വിഭഗങ്ങളിൽ നിന്ന് പ്രതിഷേധവുമുണ്ടായി.

എന്നാൽ, ദലിത് സമുദായമോ അവരുടെ പ്രതിനിധികളോ ഈ ‘സാമൂഹിക വിപ്ലവ’ത്തിൽ വലിയ ആവേശം പ്രകടിപ്പിച്ചില്ല. ക്ഷേത്ര പൂജാരിമാരാകുക എന്നതോ ഹിന്ദു ക്ഷേത്രങ്ങളിൽ ആരാധനയും പൂജയും നടത്തുക എന്നതോ തങ്ങളുടെ അടിയന്തിര ലക്ഷ്യമല്ല എന്നായിരുന്നു ദലിത് നേതൃത്വങ്ങളുടെ പ്രതികരണം. ക്ഷേത്ര പ്രവേശന സമരകാലത്ത് പോലും ആരാധനയായിരുന്നില്ല ലക്ഷ്യം. വൈക്കം സത്യഗ്രഹത്തെക്കുറിച്ച് ഇവിആർ പറഞ്ഞത് പോലെ പട്ടിക്കും പൂച്ചക്കും നടക്കാൻ കഴിയുന്ന വഴികളിലൂടെ മനുഷ്യന് നടക്കാനുള്ള അവകാശം നേടിയെടുക്കുക എന്നതായിരുന്നു ദലിതർക്കും പിന്നാക്കക്കാർക്കും ക്ഷേത്ര പ്രവേശന സമരങ്ങൾ. രണ്ട് ദശകമായി ദലിതരും ആദിവാസികളും നടത്തുന്ന സമരങ്ങൾ ഭൂമിക്കും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾക്കും വിദ്യാഭ്യാസ അവകാശങ്ങൾക്കും വേണ്ടിയാണ്. ക്ഷേത്ര പൂജാരിമാരെ നിയമിക്കുന്നതിന് മുന്പ് ദേവസ്വം ബോർഡ് ഉൾപ്പടെ നടത്തുന്ന എയ്ഡഡ് കോളേജുകളിലെയും സ്കൂളുകളിലെയും ആയിരക്കണക്കിന് നിയമനങ്ങളിൽ സംവരണം ഏർപ്പെടുത്തുകയാണ് വേണ്ടതെന്നും ദലിത് സംഘടനകൾ പറയുന്നു. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പിഎസ്സിക്ക് വിടുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അതിനായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എങ്കിലും ഏറെ വൈകിയാണെങ്കിലും ക്ഷേത്ര പരിസരത്ത് പോലും പ്രവേശനം നിഷേധിച്ചിരുന്നവർക്ക് ബ്രാഹ്മണ്യത്തിന്റെയും സവർണതയുടെയും അധികാര കേന്ദ്രങ്ങളായ ക്ഷേത്രങ്ങളുടെ ശ്രീകോവിലുകളിലേക്ക് പ്രവേശനം നൽകുന്നതിന്റെ പ്രസക്തി നിഷേധിക്കാനാവില്ല.

എന്നാൽ ഈ സമൂഹിക വിപ്ലവത്തിന്റെ യഥാർത്ഥ ലക്ഷ്യം പുറത്തുവന്നത് ദേവസ്വം ബോർഡിലെ നിയമനങ്ങളിൽ 10 ശതമാനം സാന്പത്തിക സംവരണം ഏർപ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനത്തോടെയാണ്. ശാന്തി നിയമനം എന്ന പോലെ ഇതും വിപ്ലകരമെന്നാണ് സർക്കാരും സിപിഎമ്മും അവകാശപ്പെടുന്നത്. “സിപിഐ (എം) ന്റെയും ഇടതുമുന്നണിയുടെയും പ്രഖ്യാപിത നയമാണ് ഇതുവഴി നടപ്പിലാക്കുന്നത്. നിലവിലെ സംവരണം അട്ടിമറിക്കാതെ തന്നെ മുന്നോക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് സാന്പത്തിക പിന്നാക്കാവസ്ഥ പരിഗണിച്ച് സംവരണം നല്‍കുന്നതിന് ഭരണഘടനാ ഭേദഗതി വേണമെന്ന ആവശ്യം ഞങ്ങള്‍ നേരത്തെ മുന്നോട്ട് വച്ചിട്ടുണ്ടെങ്കിലും ബിജെപിയും കോണ്‍ഗ്രസുമടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ അതിനെ അനുകൂലിക്കാന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങളില്‍ 10 ശതമാനം സാമ്പത്തിക സംവരണം എന്ന ഐതിഹാസികമായ തീരുമാനം ഈ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് ആദ്യമായിട്ടാണ് മുന്നോക്കക്കാരിലെ സാന്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സംവരണം അനുവദിക്കുന്നതെന്നാണ് മനസിലാക്കുന്നത്. ” ഇതാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നല്കുന്ന വിശദീകരണം.

“നിലവില്‍ യാതൊരു സംവരണവും ഇല്ലാത്ത മുന്നോക്ക സമുദായങ്ങളിലെ സാന്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നതിനൊപ്പം, നിലവില്‍ സംവരണം ലഭിക്കുന്ന വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. 50 ശതമാനം തസ്തികകളില്‍ പൊതുവിഭാഗത്തില്‍ മെറിറ്റടിസ്ഥാനത്തിലാകും നിയമനം. ദലിതരെ ശാന്തിമാരായി നിയമിച്ച വിപ്ലവാത്മകമായ തീരുമാനം പോലെ ഈ കാലഘട്ടത്തില്‍ അനിവാര്യമായി തീര്‍ന്ന നിര്‍ണായകമായ തീരുമാനമാണ് മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം,” കടകംപള്ളി പറയുന്നു.

സംവരണത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമുള്ള അജ്ഞത മാത്രമല്ല സവർണ പ്രീണനത്തിനുള്ള കുറുക്കുവഴിയുമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് വ്യക്തമാണ്.

സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നൽകുന്ന ജനവിഭാഗങ്ങളുടെ പ്രാതിനിധ്യമാണ് സംവരണം പോലുള്ള അഫർമേറ്റീവ് ആക്ഷനുകൾ നടപ്പാക്കേണ്ടത്. ജാതിയുടെ പേരിലുള്ള അയിത്തവും വിവേചനവും പിന്നാക്കാവസ്ഥയും മൂലം എല്ലാ അർത്ഥത്തിലും സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കാവസ്ഥയിലുള്ള വിഭാഗങ്ങളുടെ അധികാര പങ്കാളിത്തമെന്ന നിലയിലാണ് സംവരണം നടപ്പാക്കപ്പെട്ടത്. അധികാര സ്ഥാനങ്ങളിലും അതിന്റെ ഭാഗമായ ഉദ്യോഗങ്ങളിലും സംവരണം ഉറപ്പുവരുത്തുന്നതിലൂടെ ഈ ജനവിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക. ജാതിയും വംശവും തന്നെയാണ് സംവരണത്തിന്റെ അടിസ്ഥാനമെന്ന് ദേശീയ പ്രസ്ഥാനത്തിന്റെ കാലം മുതലേ അംഗീകരിക്കപ്പെട്ട കാര്യമാണ്. ജാതിയും അതിന്റെ പേരിലുള്ള പിന്നാക്കാവസ്ഥയും ഇല്ലെങ്കിൽ സംവരണത്തിന്റെ ആവശ്യകത തന്നെ ഉണ്ടാകുമായിരുന്നില്ല.

ഭൂരഹിതരും സന്പത്തും പദവിയും ഇല്ലാത്തവരുമായ സംവരണ വിഭാഗങ്ങൾ തന്നെയാണ് ദരിദ്രരിലും പാർശ്വവൽകൃതരിലും ഭൂരിപക്ഷവുമെങ്കിലും ദാരിദ്ര്യം പരിഹരിക്കാനുള്ള കുറുക്കുവഴിയായല്ല ഡോ.അംബേദ്കർ ഉൾപ്പടെയുള്ളവർ സംവരണത്തെ കണ്ടത്. എന്നാൽ, ദേവസ്വം ബോർഡിൽ അർഹമായതിന്റെ പല മടങ്ങ് പ്രാതിനിധ്യമുള്ള സവർണ വിഭാഗങ്ങൾക്ക് സാന്പത്തിക സംവരണത്തിലൂടെ പ്രാതിനിധ്യം നല്കുന്നു എന്ന പ്രഖ്യാപനം തന്നെ ദുരൂഹമാണ്. മുന്നാക്കക്കാരിലെ സന്പന്നർ ദേവസ്വം ബോർഡിലെ ജോലികൾ തട്ടിയെടുക്കുന്നതുകൊണ്ടാണോ ദരിദ്രർക്ക് സംവരണം നല്കുന്നത്? തോമസ് ചാണ്ടി വിവാദം കത്തിനിൽക്കുന്പോൾ സിപിഐ മന്ത്രിമാർ ബഹിഷ്കരിച്ച മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. സാന്പത്തിക സംവരണമാണോ സിപിഐയുടെയും നിലപാടെന്ന് അവരുടെ നേതൃത്വം വ്യക്തമാക്കേണ്ടതുണ്ട്.  ഇല്ലെങ്കിൽ ഇത്രയും ദൂരവ്യാപക ഫലം സൃഷ്ടിക്കുന്ന തീരുമാനമെടുക്കുമ്പോൾ സിപിഐ  മന്ത്രിസഭായോഗത്തിൽ നിന്നും കൂട്ടുത്തരവാദിത്വപ്രശ്നം ഉന്നയിച്ച് മാറി നിന്നത് കൂടുതൽ സംശയങ്ങൾക്ക് വഴിയൊരുക്കുന്നു. തീരുമാനം വന്ന് അഞ്ച് ദിവസമായിട്ടും ഇക്കാര്യത്തിൽ സിപിഐയുടെ മൗനം  അവരും പഴയ നിലപാടിൽ നിന്നും മാറി സാമ്പത്തിക സംവരണത്തിന്  അനുകൂലമായി എന്ന വാദത്തെയാണ് സാധൂകരിക്കുന്നത്.

സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ ദരിദ്രരായ സവർണർ അനുഭവിക്കുന്നുണ്ടോ? അങ്ങനെ ഏതെങ്കിലും പഠനത്തിന്റെ അടിസ്ഥാനത്തിലാണോ ഈ തീരുമാനമെന്ന് വിശദീകരിക്കപ്പെടേണ്ടതുണ്ട്. സംവരണത്തിന് അർഹമായ ഒരു മാനദണ്ഡത്തിനും വിധേയരല്ലാത്ത ഒരു വിഭാഗത്തിന് സാന്പത്തിക പിന്നാക്കാവസ്ഥയുടെ പേരിൽ സംവരണം നൽകാനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധമാണ്. ക്ഷേത്രങ്ങളുടെ സമസ്ത അധികാരവും കാലങ്ങളായി കയ്യാളുന്നത് നന്പൂതിരിമാർ മുതലുള്ള സവർണ വിഭാഗങ്ങൾ മാത്രമായിരിക്കെ അവർക്ക് വീണ്ടും സാന്പത്തിക സംവരണം നൽകുന്നതിന്റെ ഉദ്ദേശമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇതിന്റെ തുടർച്ചയായി മറ്റ് മേഖലകളിലും സാന്പത്തിക സംവരണം നടപ്പാക്കാൻ ശ്രമിക്കുമെന്നും ഇതിനായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും പറയുന്പോഴാണ് ഒളിച്ചിരിക്കുന്ന ലക്ഷ്യം പുറത്തുവരുന്നത്.

1957ലെ ഇഎംഎസ് സർക്കാരിന്റെ കാലത്ത് അദ്ദേഹം തന്നെ അധ്യക്ഷനായ ഭരണ പരിഷ്കാര കമ്മിറ്റി റിപ്പോർട്ടിലൂടെയാണ് സാന്പത്തിക സംവരണ വാദം ഇന്ത്യയിൽ പ്രബലമായത്. അതിന് മുന്പ് ആർഎസ്എസും സവർണ ഹിന്ദു സംഘടനകളുമാണ് ജാതി സംവരണത്തെ എതിർത്തിരുന്നത്. “സംവരണം സർവീസിന്റെ വൈശിഷ്ട്യത്തെയും നിലവാരത്തെയും അനിവാര്യമായി ക്ഷയോന്മുഖമാക്കിത്തീര്‍ക്കുന്നു. എന്തായാലും ഏറ്റവും ഗൗരവാവഹമായ സംഗതി ഈ ഏര്‍പ്പാട് എല്ലാ സമുദായങ്ങളിലും ജാതിയും സാമുദായിക ചിന്തയും ശാശ്വതമാക്കുന്ന ഒരു മാനസിക പ്രവണത സംജാതമാക്കുന്നു എന്നുള്ളതാണ്. ഇതു സംബന്ധിച്ച് ഞങ്ങള്‍ ഉറപ്പിച്ചു പറയുവാന്‍ ആഗ്രഹിക്കുന്ന ഒരു സംഗതി ഇന്റര്‍മീഡിയറ്റ് ലെവലില്‍ പിന്നോക്ക സമുദായങ്ങള്‍ക്കു സംവരണം അനുവദിച്ചിട്ടുള്ള ചട്ടം നടപ്പില്‍ വരുത്തരുതെന്നാണ്. ഭരണസംവിധാനത്തിലെ ഉന്നതവും ഉത്തരവാദിത്വവുമുള്ള ഉദ്യോഗങ്ങളിലേക്ക് യോഗ്യതയുള്ളവരുടെ സേവനം ലഭിക്കുന്നതിനുവേണ്ടിയുള്ള നിയമനങ്ങളുടെ ലക്ഷ്യം തന്നെ അതു പ്രയോജന രഹിതമാക്കു”മെന്നായിരുന്നു ഭരണ പരിഷ്കാര കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞത്. കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ കെ.ആർ.ഗൗരിയമ്മയെയും പി.ഗംഗാധരനെയും പോലുള്ള പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള നേതാക്കൾ പലവട്ടം പരാജയപ്പെടുത്തിയ നിലപാടാണിത്. സംവരണ വിവാദം ഉയർന്നുവന്ന കാലത്തെല്ലാം മുന്നാക്കക്കാരിലെ ദരിദ്രരുടെ പ്രശ്നം ഉന്നയിച്ച് ഇഎംഎസ് നന്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ സംവരണത്തിനെതിരായ എൻഎസ്എസിന്റെയും സവർണ ഹിന്ദു സംഘടനകളുടെയും ഗൂഢാലോചനയിൽ പങ്കാളികളായി.

മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാൻ കേരള സർക്കാർ 2000ത്തിൽ നിയമിച്ച ജസ്റ്റിസ് കെ.കെ.നരേന്ദ്രൻ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങൾക്ക് മതിയായ പ്രാതിനിധ്യമില്ലെന്നും സംവരണ നഷ്ടമുണ്ടായെന്നുമാണ് കണ്ടെത്തിയത്. ഇതിനൊക്കെ എത്രയോ മുന്പാണ് ഇഎംഎസിന്റെ കമ്മിറ്റി പിന്നാക്ക സംവരണത്തിനെതിരെ വിധിയെഴുതിയതെന്ന് ഓർക്കണം. രാജ്യത്തെ പിന്നാക്കക്കാരുടെ പ്രാതിനിധ്യമില്ലായ്മ തന്നെയാണ് 1964ലെ കാക്കാ കലേക്കർ കമ്മീഷനും 1980ൽ ബി.പി.മണ്ഡൽ കമ്മീഷനും കണ്ടെത്തിയത്. ഇന്ത്യയിലെ മുസ്ലിംകളിൽ ഭൂരിപക്ഷത്തിന്‍റെയും സാമൂഹിക- സാമ്പത്തിക സാഹചര്യം ദലിതരുടേതിന് തുല്യമാണെന്നായിരുന്നു ജസ്റ്റിസ് രജീന്ദ്ര സച്ചാർ കണ്ടെത്തിയത് (സച്ചാർ കമ്മിറ്റി റിപ്പോർട്ട്). പട്ടികജാതി – പട്ടികവർഗക്കാർക്ക് മതിയായ പ്രാതിനിധ്യമില്ലെന്ന് കണ്ടെത്തിയതുകൊണ്ടാണ് 90കളിൽ സ്പെഷൽ ഡ്രൈവ് നടപ്പാക്കിയത്.

ഇത്രയും കാലമായിട്ടും സംവരണം അവസാനിപ്പിക്കാത്തതെന്തെന്ന ചോദ്യത്തിന് ഉത്തരമാണ് മുകളിൽ പറഞ്ഞ വിദഗ്ധ സംഘങ്ങളുടെ കണ്ടെത്തലുകൾ. ഇനി ഈ കണ്ടെത്തലുകൾ കൊണ്ട് കാര്യങ്ങൾ തിരിയുന്നില്ലെങ്കിൽ മറ്റ് ചില വസ്തുതകൾ കൂടി പരിശോധിക്കാം. സ്വാതന്ത്ര്യത്തിന്റെ ഏഴ് പതിറ്റാണ്ടിന് ശേഷവും ജാതി സൃഷ്ടിച്ച പിന്നാക്കാവസ്ഥയും പുറന്തള്ളലും അവസാനിച്ചിട്ടില്ല. ജാതീയമായ അയിത്തം, സാമൂഹിക ബഹിഷ്കരണം, ഭൂമിയില്ലായ്മ, ഭവന രാഹിത്യം ഇതെല്ലാം ഇപ്പോഴും സ്വതന്ത്ര ഇന്ത്യയിലെ യാഥാർത്ഥ്യമാണ്. ഭൂമിയും കിടപ്പാടവും ഇല്ലാത്തവർ, പുറന്പോക്കുകളിലും കോളനികളിലും കഴിയുന്നവരിൽ ഏറെയും ദലിത്- പിന്നാക്ക- ന്യൂനപക്ഷ വിഭാഗക്കാരാണ്. വിദ്യാഭ്യാസത്തിന്‍റെയും സന്പത്തിന്‍റെയും, ഭൂവുടമസ്ഥതയുടെയും കാര്യത്തിലും പിന്നാക്കാവസ്ഥ നേരിടുന്നവരാണ്. സ്വാഭാവികമായും അധികാരത്തിന്‍റെയും ഔദ്യോഗിക പദവികളുടെയും പ്രാതിനിധ്യത്തിന്‍റെയും കാര്യത്തിലും ഇവർ പിന്നിൽ തന്നെയാണ്. എന്നാൽ, ഈ വിഭാഗങ്ങളിൽ നിന്ന് ആളുകൾ ഉദ്യോഗങ്ങളിലൂടെ വളർച്ച നേടിയിട്ടില്ലേ? തീർച്ചയായും സംവരണത്തിന്റെ ലക്ഷ്യം അധികാരത്തിന്‍റെയും പദവികളുടെയും മേഖലകളിൽ പ്രാതിനിധ്യമില്ലാത്ത വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകുന്നതിനൊപ്പം അവരുടെ സാമൂഹിക വികാസവും കൂടിയാണ്. ഇത് മാത്രമല്ല, ദലിത് പഞ്ചായത്ത് പ്രസിഡന്രും റജിസ്ട്രാറും മാറുമ്പോൾ ചാണകവെളളം തളിച്ച് ഓഫീസ് ശുദ്ധിയാക്കുന്ന സവർണ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേരളത്തിലുണ്ട്. ആദിവാസി ബാലന് വിദേശത്ത് ഉപരിപഠനത്തിന് അനുമതി കിട്ടിയപ്പോൾ അതിനുളള നിയമപരമായ സഹായം ചെയ്യാതെ അതിന് തടയിടാൻ ശ്രമിച്ചവർ വാണളരുന്ന സെക്രട്ടേറിയറ്റിലിരുന്നാണ് സാമ്പത്തിക സംവരണം നടപ്പാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ്യമന്ത്രി പ്രസ്താവിച്ചത്. സവർണ്ണ താൽപര്യങ്ങളെ ചുവപ്പിൽ പൊതിഞ്ഞ് വർഗരാഷ്ട്രീയമാക്കുന്ന കൂടോത്രമാണിത്. നേരത്തെ ഇഎംഎസ് ഉൾപ്പടെയുളളവർ ശ്രമിച്ച് പൂർണമായി വിജയിക്കാതെ പോയ തന്ത്രമാണിത്.

ദാരിദ്ര്യം മാറ്റാനല്ല, സംവരണം എന്നത് എന്ന അടിസ്ഥാനവസ്തുതയെ അട്ടിമറിക്കുന്ന ഗൃഹാതുരത്വത്തിൽ ചുറ്റിക്കറങ്ങാൻ പൊതുസമൂഹത്തെ തിരിച്ചുവിടുകയാണ് ഇവർ ചെയ്യുന്നത്. കൂട്ടുകുടംബങ്ങളുടെ തകർച്ചയുടെ കഥകളിൽ കുടുങ്ങിക്കിടക്കുന്ന “നല്ലോർമ്മകൾ” ഗുപ്തമായി വിനിമയം ചെയ്യപ്പെടുന്ന സവർണ രാഷ്ട്രീയത്തെയാണ് സിപിഎമ്മും സിപഐയും ഉൾപ്പെടുന്ന എൽഡിഎഫ് ഇപ്പോൾ തങ്ങളുടെ അജണ്ടയാണെന്ന് തുറന്നുപറയുന്നത്. സംവരണത്തിന്രെ സാമൂഹിക രാഷ്ട്രീയ മാനങ്ങളെ സംഘപരിവാർ സംഘടനകളുടെ രാഷ്ട്രീയ താൽപര്യത്തിനനുസൃതമായി സാമ്പത്തിക അവസ്ഥയിലെ മെച്ചപ്പെടൽ എന്ന അജണ്ടയിലേയ്ക്ക് ചുരുക്കിയെടുക്കുകയാണ് സിപിഎം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ വോട്ടെണ്ണത്തിന്രെ കണക്കുകളിൽ ഭരണത്തിലേയ്ക്കുളള വഴിയന്വേഷിക്കുന്ന രാഷ്ട്രീയമാണിത്. ഇത് ചരിത്രനേട്ടമല്ല, മറിച്ച് ചരിത്ര നിഷേധമാണിത്.

ഇത് വ്യക്തമാകണമെങ്കിൽ, സ്വാതന്ത്ര്യത്തിന്റെ 70 വർഷമായിട്ടും ഇന്ത്യയിലും ഏറെ പുരോഗതി കൈവരിച്ചുവെന്ന് പറയുന്ന കേരളത്തിലും പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിൽ കാര്യമായ മുന്നേറ്റമുണ്ടായിട്ടില്ല എന്ന വസ്തുത കൂടെ പരിഗണിക്കണം. കേരളത്തിലെ മുപ്പതിനായിരം ദലിത്- ആദിവാസി കോളനികളും ഭൂരിപക്ഷവും ദലിതർ താമസിക്കുന്ന പുറന്പോക്ക് വീടുകളും ഇതിന്റെ പ്രത്യക്ഷമായ തെളിവുകളാണ്.

ഇതൊന്നും പരിഗണിക്കാതെ, 1991ൽ വി.പി.സിങ് സർക്കാർ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയപ്പോഴും സിപിഎം ബിജെപിക്കും കോൺഗ്രസ്സിനും ഒപ്പം സംവരണ വിരുദ്ധ നിലപാട് സ്വീകരിച്ചു. ഒടുവിൽ, സാന്പത്തിക മാനദണ്ഡം കൂട്ടിച്ചേർത്ത് ക്രീമിലെയർ നടപ്പാക്കിയതിലും സിപിഎമ്മിന് പങ്കുണ്ടായിരുന്നു. ഇതേ നിലപാടിന്റെ ആവർത്തനമാണ് ദേവസ്വം ബോർഡ് സംവരണത്തിലൂടെ സാന്പത്തിക സംവരണം നടപ്പാക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ ഗൂഢാലോചനയായി മാറുന്നത്.

കടകംപള്ളിയും സിപിഎമ്മും പറയുന്നതുപോലെ “ഒരു സംവരണവുമില്ലാത്ത മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കം നിൽക്കുന്നവർക്ക്” 10 ശതമാനം നൽകി പരിഹരിക്കാവുന്നതല്ല പിന്നാക്കാവസ്ഥയും ദാരിദ്ര്യവും. മുന്നാക്കക്കാരുടെയും പിന്നാക്കക്കാരുടെയും ദാരിദ്ര്യവും സാന്പത്തിക പിന്നാക്കാവസ്ഥയും പരിഹരിക്കേണ്ടത് തന്നെയാണ്. ജാതീയമായ പിന്നാക്കാവസ്ഥ പരിഹരിക്കാൻ നമ്മുടെ ഭരണകൂടത്തിന് സാധ്യമാകാത്തതുപോലെ തന്നെ ദാരിദ്ര്യവും തൊഴിലില്ലായ്മയും ഭവനരാഹിത്യവും ഇല്ലാതാക്കുന്നതിലും പരാജയപ്പെട്ടു. ഇതിന് പിന്നാക്ക സംവരണം നടപ്പാക്കിയതല്ല ഇതിന് കാരണമായത്.

സംവരണത്തിലൂടെ പ്യൂൺ മുതൽ ഓഫീസർ വരെയുള്ള ഉദ്യോഗങ്ങൾ തട്ടിയെടുത്ത സമ്പന്നരായ പിന്നാക്കക്കാരും ദലിതരും ആദിവാസികളും എത്ര പേർ എന്ന് കണക്കുകളിലൂടെ ബോധ്യപ്പെടുത്തണം. അഥവ സന്പന്നരായ കുറച്ച് പേർ ഉദ്യോഗസ്ഥരായിട്ടുണ്ടെങ്കിൽ ജനറൽ സീറ്റിലൂടെ സവർണരായ സന്പന്നരും സർക്കാർ ഉദ്യോഗങ്ങളിലെത്തുന്നതിനെക്കുറിച്ച് ഉത്കണ്ഠപ്പെടാത്തത് എന്തുകൊണ്ടാകും?

ദാരിദ്ര്യത്തെക്കുറിച്ചോ ദരിദ്രരെക്കുറിച്ചോ ഉള്ള ഉത്കണ്ഠയല്ല സാന്പത്തിക സംവരണവാദത്തിന്റെ അടിസ്ഥാനം. മറിച്ച് സാമൂഹിക ശ്രേണിയുടെ പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ അധികാര പ്രാതിനിധ്യത്തിലൂടെ വികാസം പ്രാപിക്കുന്നതിലുള്ള സവർണത്വത്തിന്റെ ആശങ്ക തന്നെയാണ് കാരണം. മുന്നാക്കക്കാരിലെ ദരിദ്രരെ മറയാക്കി സന്പന്നരും അധികാരവും പദവികളും കയ്യടക്കിയവരുമായ സവർണ മേധാവിത്വം നടത്തുന്ന ഒളിയുദ്ധമാണ് സാന്പത്തിക സംവരണ വാദം. മണ്ഡൽ കാലത്തിനു ശേഷം ആർഎസ്എസും സംഘപരിവാറും പോലും മടിച്ചു നിൽക്കുന്നിടത്ത് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികളാണ് ഈ ഒളിയുദ്ധത്തിന് പിന്തുണ നല്കുന്നത്. സംഘപരിവാർ രാഷ്ട്രീയത്തെ പ്രതിരോധിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഇവർ അണികളെ ബോധ്യപ്പെടുത്താന് ശ്രമിക്കുന്നത്. എന്നാൽ സംഘപരിവാറിന് തങ്ങൾ ഒളിപ്പിച്ചുവച്ചിരിക്കുന്ന സംവരണ വിരുദ്ധതയെ മറനീക്കി പുറത്തുകൊണ്ടുവരാൻ സഹായിക്കുകയാണ് എൽഡിഎഫ് സർക്കാർ. ചരിത്രപരമായ സംവരണ അട്ടിമറിയാണ് പിണറായി വിജയൻ നടപ്പാക്കാൻ ശ്രമിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook