Onam 2019: കൊച്ചി: തിരുവോണത്തിന് സദ്യ മാറ്റിനിർത്തിയൊരു ആഘോഷമില്ല. തിരുവോണ നാളിൽ തൂശനിലയിൽ ഓണസദ്യ ഉണ്ണുകയെന്നത് മലയാളികൾക്ക് ഒഴിച്ചു കൂടാനാവാത്തതാണ്. എന്നാൽ ജോലിക്കായി വിദൂര സ്ഥലങ്ങളിലുളള എല്ലാവർക്കും ചിലപ്പോൾ തിരുവോണ നാളിൽ വീട്ടിലെത്താൻ കഴിയാറില്ല. അത്തരത്തിൽ ബുദ്ധിമുട്ടുന്നവർക്ക് പരിഹാരമൊരുക്കിയിരിക്കുകയാണ് കൊച്ചിയിലെ വിവിധ ഹോട്ടലുകൾ.
വിഭവസമൃദ്ധമായ ഓണസദ്യയാണ് ഹോട്ടലുകൾ ഒരുക്കിയിരിക്കുന്നത്. പല ഹോട്ടലുകളിലും അത്തം ഒന്ന് മുതൽ തന്നെ ഓണസദ്യ ലഭ്യമായി തുടങ്ങിയിരുന്നു. എന്നാൽ തിരുവോണത്തിന്റെ അന്ന് സദ്യ ഒന്നുകൂടി കൊഴിപ്പിക്കുകയാണ് പല ഹോട്ടലുകളും. 350 രൂപ മുതൽ 1000 രൂപ വരെയാണ് ഓണസദ്യയുടെ വില.
വിലകേട്ട് ഞെട്ടേണ്ട. അത്രത്തോളം വിഭവങ്ങൾ ഉൾക്കൊള്ളിച്ചാണ് ഹോട്ടലുകൾ സദ്യ വിളമ്പുന്നത്. ഉപ്പേരി, പഴം, പപ്പടം, പായസം തുടങ്ങി 12 ലധികം വിഭവങ്ങൾ ചേരുന്നതാണ് സാധാരണ ഗതിയിൽ ഓണ സദ്യ. അതേസമയം, പരമ്പരാഗത ഓണ സദ്യയിൽ 26 ലധികം വിഭവങ്ങളുണ്ടാവും. ഹോട്ടലുകളിൽ വിഭവങ്ങളുടെ എണ്ണം 32 വരെ പോകും. ഓലൻ, കാളൻ, രസം, ഇഞ്ചിക്കറി, പച്ചടി, സാമ്പാർ, അവിയൽ, പരിപ്പുകറി, എരിശേരി, കിച്ചടി, തോരൻ, ഇങ്ങനെ നീളും സദ്യയിലെ വിഭവങ്ങൾ. അടപ്രഥമൻ, പരിപ്പ്, കടല, പാൽപായസം… പായസത്തിലും വലിയ നിരയുണ്ട് ഹോട്ടലുകളിലെ മെനുവിൽ.
കൊച്ചി നഗരത്തിലെ വിവിധ ഹോട്ടലുകളിൽ ഓണസദ്യ പാഴ്സലായും ലഭ്യമാണ്. നേരത്തെ ബുക്ക് ചെയ്യാനും അവസരമുണ്ട്.
350 രൂപയ്ക്ക് സദ്യ
പത്ത് തരം പായസം 25 വെജിറ്റേറിയൻ ഇനങ്ങൾ ഇതെല്ലാം അടങ്ങുന്ന സദ്യക്ക് കൊടുക്കേണ്ടത് 350 രൂപ മാത്രമാണ്. നോർത്തിലെ ഹോട്ടൽ പ്രസിഡൻസിയാണ് 350 രൂപയ്ക്ക് സദ്യ ലഭിക്കുന്നത്. നഗരത്തിൽ ഏറ്റവും കുറഞ്ഞ വിലയിൽ സദ്യ ലഭിക്കുന്ന ഹോട്ടലുകളിൽ ഒന്നും ഇത് തന്നെ.
32 വിഭവങ്ങളുടെ ‘ഗ്രാന്റ്’ സദ്യ
എംജി റോഡിലെ ഹോട്ടൽ ഗ്രാന്റിൽ 32 ഇനം വിഭവങ്ങൾ അടക്കമാണ് സദ്യ വിളമ്പുന്നത്. ഏകദേശം 400ൽ അധികം ആളുകൾക്ക് ഉള്ള സദ്യയാണ് ഇവിടെ മാത്രം ഒരുങ്ങുന്നത്. സദ്യ ഒന്നിന് 700 രൂപയാണ് വില. ഉച്ചയ്ക്ക് 12.30 മുതൽ മൂന്ന് മണി വരെ ഇവിടെ സദ്യ ലഭിക്കും.
നോൺ വെജ് സദ്യ
വടക്കൻ കേരളത്തിലേക്ക് പോയൽ നോൺ വെജ് വിഭവങ്ങൾ ഒഴിവാക്കികൊണ്ടൊരു സദ്യയുണ്ടാകില്ല. ഇങ്ങ് കൊച്ചിയിലും അത്തരത്തിൽ നോൺ വെജ് വിഭവങ്ങൾ സദ്യയിൽ ഉൾപ്പെടുത്തി വ്യത്യസ്തരാവുകയാണ് കച്ചേരിപ്പടിയിലെ ഹോട്ടൽ ഇന്രർനാഷ്ണൽ. ചിക്കനും ഞണ്ടും മീനും ഉൾപ്പടെ അഞ്ച് നോൺ വെജ് വിഭവങ്ങളാണ് ഇവർ സദ്യയിലുൾപ്പെടുത്തിയിരിക്കുന്നത്. തനി നാടൻ വിഭവങ്ങൾക്ക് ഒപ്പമാണ് നോൺ വെജ് വിഭവങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത്. കപ്പ ബിരിയാണിയും ഐസ്ക്രീമും സദ്യയുടെ മറ്റൊരു സവിശേഷതയാണ്. 525 രൂപയാണ് ഇത്തരത്തിലൊരു സദ്യയുടെ വില.
മൂന്നിനം പായസവുമായാണ് അവന്യൂ റീജന്റെ ഓണസദ്യ. 700 രൂപയാണ് 26 വിഭവങ്ങൾ അടങ്ങുന്ന ഒരു സദ്യക്ക് ഈടാക്കുന്നത്.
ക്രൗൺ പ്ലാസയിൽ 800 രൂപയ്ക്ക് വിഭവ സമൃദ്ധമായ സദ്യ ലഭിക്കും.
മറൈൻ ഡ്രൈവിലെ താജ് ഗേറ്റ്‌വേയിൽ 1000 രൂപയാണ് സദ്യയുടെ വില.
പല ഹോട്ടലുകളിലും ബുക്കിങ് ഫുൾ ആയി കഴിഞ്ഞു. പ്രളയം തകർത്ത കഴിഞ്ഞ വർഷത്തെ ഓണത്തിന് ശേഷം ഇത്തവണ എല്ലാ വിപണികളും സജീവമാണ്. ഓണം ആഘോഷമാക്കുകയാണ് ഹോട്ടൽ രംഗവും.