scorecardresearch
Latest News

Onam 2019: ഓണസദ്യയ്ക്കുളള വിഭവങ്ങൾ തയ്യാറാക്കുന്നതെങ്ങനെ?

Onam 2019 Sadya: പരമ്പരാഗത സദ്യയ്ക്ക് ചില ചിട്ടവട്ടങ്ങളുണ്ട്. ആറ് രസങ്ങള്‍ ചേര്‍ന്നതാണ് ആയുര്‍വേദമനുസരിച്ചുള്ള സദ്യ

Onam 2019: ഓണസദ്യയ്ക്കുളള വിഭവങ്ങൾ തയ്യാറാക്കുന്നതെങ്ങനെ?

Onam 2019 Sadya: കഞ്ഞി കുടിക്കാന്‍ തന്നെ കഷ്ടപ്പെട്ട വറുതികാലങ്ങളില്‍, ചോറ് തിന്നാന്‍ കിട്ടുന്ന ദിവസങ്ങളിലൊന്നായിരുന്നു ചിങ്ങത്തിലെ തിരുവോണം. നിറമുള്ള കറികളുമായ് വയറ് നിറച്ചുണ്ണാനൊക്കെ വീണ്ടും വര്‍ഷങ്ങളെടുത്തു. കാലം കഴിഞ്ഞപ്പോള്‍ കുത്തരിച്ചോറും ഇല നിറയെ കറികളും ഒന്നില്‍ക്കൂടുതല്‍ പായസങ്ങളുമായി ഓണം ആഘോഷിച്ച് തുടങ്ങി. ‘ഉണ്ടറിയണം ഓണം’ എന്നൊക്കെയുള്ള ചൊല്ല് പഴമക്കാര്‍ പറഞ്ഞത്, അത്തരത്തിലുള്ള ഓണസദ്യ വയറും മനസും നിറച്ചത് ഓര്‍മകളിലേക്കെത്തിയ കാലം മുതലാണ്.

Read Also: Onam 2019: ഓണസദ്യ വിളമ്പേണ്ടത് എങ്ങനെ?

Onam Sadya Items Order, Onam Sadhya Recipes: തൂശനിലയില്‍‌ ചോറും സാമ്പാറും ഒന്നോ രണ്ടോ കറികളും പപ്പടവും പഴവും പിന്നെ പായസവും കിട്ടിയാലും നമുക്കത് സദ്യയാണ്. പക്ഷേ, പരമ്പരാഗത സദ്യയ്ക്ക് ചില ചിട്ടവട്ടങ്ങളുണ്ട്. ആറ് രസങ്ങള്‍ ചേര്‍ന്നതാണ് ആയുര്‍വേദമനുസരിച്ചുള്ള സദ്യ. എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ രസങ്ങളാണ് ആയുര്‍വേദ വിധി പ്രകാരമുള്ള സദ്യയില്‍ വേണ്ടത്. സദ്യയിലുള്ള പോഷകക്കൂടുതല്‍ കൊണ്ടാവാം, സദ്യ ഒരു നേരമാവാം എന്ന് സിദ്ധവൈദ്യം നിര്‍ദേശിക്കുന്നത്. വിളമ്പുന്നതിനും ഉണ്ണുന്നതിനുമെല്ലാം അതിന്‍റേതായ ചിട്ടവട്ടങ്ങളുണ്ട്. തൊട്ടുകൂട്ടാനുളളതും, ചാറ് കറിയും, കൂട്ടുകറിയും സദ്യയില്‍ വേണം.

കായനുറുക്ക്, ശര്‍ക്കരവരട്ടി, കൊണ്ടാട്ടം, ചേന നുറുക്ക് ഇതാണ് ഇലയുടെ ഇടത് വശത്തായ് ആദ്യം വിളമ്പേണ്ടത്. നാല് തരത്തിലുള്ള ഉപ്പിലിട്ടതാണ് പൊതുവെ പറയുന്നത്. മാങ്ങ, നാരങ്ങ, ഇഞ്ചിത്തൈര്, ഇഞ്ചിപ്പുളി (പുളിയിഞ്ചി) ഇവ വലതുവശത്ത് നിന്ന് വിളമ്പിത്തുടങ്ങും. കാളന്‍, ഓലന്‍, അവിയല്‍, തോരന്‍, എരിശ്ശേരി, മെഴുക്കുപുരട്ടി ഇതൊക്കെയാണ് മറ്റുകറികള്‍. മോരും, രസവും, സാമ്പാറും ചോറില്‍ ഒഴിച്ച് കഴിക്കും.

കുത്തരിച്ചോറാണ് സദ്യയ്ക്ക് വിളമ്പാറ്. ആദ്യം പരിപ്പും നെയ്യും ചേര്‍ത്തും പിന്നെ പുളിശേരി, സാമ്പാര്‍ എന്നിങ്ങനെ ക്രമത്തിലൊഴിച്ചാണ് ചോറുണ്ണുക. അതു കഴിഞ്ഞ് പായസങ്ങള്‍ പഴവും പപ്പടവും ചേര്‍ത്ത് കഴിക്കും. അവസാനം മോരൊഴിച്ച് ഒരുപിടി ചോറുണ്ടാണ് സദ്യ അവസാനിപ്പിക്കുന്നത്.

Happy Onam 2019 Wishes: പ്രിയപ്പെട്ടവർക്ക് ഓണാശംസകൾ നേരാം

പച്ചടി: അധികം വേവിക്കാതെ വയ്ക്കുന്ന കറിയായ പച്ചടി, സദ്യയില്‍ ആദ്യം വിളമ്പേണ്ട കറികളിലൊന്നാണ്. പച്ചയ്ക്ക് അരയ്ക്കുന്ന നാളികേരവും കടുകുമാണ് പ്രധാന ചേരുവ.

കിച്ചടി: മത്തങ്ങയും ഉണക്കപയറും ചേര്‍ത്ത് നാളികേരം വറുത്തരയ്ക്കുന്നതാണ് കിച്ചടിയുടെ പ്രധാന കൂട്ട്.

കാളന്‍: കൂട്ടുകറിയായും ഒഴിച്ചുകറിയായും കാളന്‍ സദ്യയില്‍ വിളമ്പാറുണ്ട്. കട്ടിയുളള ഈ കറിക്ക് പുളി രുചിയാണ്.

ഓലന്‍: വെള്ളനിറത്തിലും തവിട്ട് നിറത്തിലും ഓലന്‍ കാണാറുണ്ട്. പ്രധാനപ്പെട്ട പച്ചക്കറി കുമ്പളങ്ങയാണ്. കൂട്ടുകറികളില്‍ പ്രധാനപ്പെട്ടതാണ് ഓലന്‍.

അവിയല്‍: നേന്ത്രക്കായ, ചേന, പയർ, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങക്ക, കാരറ്റ്, വാഴക്ക, കുമ്പളങ്ങ, മത്തങ്ങ, കയ്പക്ക, പടവലങ്ങ, ബീൻസ്, പച്ചമുളക് ഇങ്ങനെ ഒരുവിധം പച്ചക്കറികളും അവിയലിലുണ്ടാകും. തേങ്ങയ്ക്കൊപ്പം, തൈരോ, മാങ്ങയോ പുളിയോ ചേര്‍ത്ത് വിവിധ രീതിയില്‍ അവിയലുണ്ടാക്കാറുണ്ട്.

തോരന്‍: ഉപ്പേരി എന്നും അറിയപ്പെടുന്ന തോരന്‍ സദ്യയിലെ ഒരു പ്രധാനവിഭവമാണ്. ബീന്‍സ്, കാബേജ്, പയര്‍, ചീര, കാരറ്റ്, ബീറ്റ്റൂട്ട് ഇങ്ങനെ പലതരത്തിലുള്ള തോരനുകള്‍ തയ്യാറാക്കാറുണ്ട്.

മെഴുക്കുപുരട്ടി: ഏതെങ്കിലും പച്ചക്കറികള്‍ എണ്ണയില്‍ വഴറ്റിയെടുത്ത് മെഴുക്ക്പുരട്ടി തയ്യാറാക്കാവുന്നതാണ്.

എരിശേരി: സദ്യയിലെ പ്രധാന കൂട്ടുകറിയാണ് എരിശേരി. ഏത്തയ്ക്ക, ചേന, മത്തങ്ങ ഇതിലേതെങ്കിലും ഒന്നാണ് പ്രധാന ഇനം.

രസം: തക്കാളിയും പുളിയുമുപയോഗിച്ചാണ് ഒഴിച്ച് കറിയായ രസം ഉണ്ടാക്കുന്നത്. പുളി രുചിയാണ് മുന്നില്‍ നില്‍ക്കുക. ദഹനം എളുപ്പമാക്കാനും സഹായിക്കും.

സാമ്പാര്‍: സാമ്പാര്‍ നന്നായാല്‍ സദ്യ നന്നായെന്ന് ഒരു പ്രയോഗമുണ്ട്. പച്ചക്കറികളും പരിപ്പും ചേര്‍ത്ത് തയ്യാറാക്കുന്ന സാമ്പാറിന് പ്രാദേശികമായ് പല രുചി ഭേദങ്ങളുണ്ട്. വറുത്തരച്ചും അല്ലാതെയും സാമ്പാര്‍ വയ്ക്കാറുണ്ട്.

പായസം: അടപ്രഥമന്‍, പഴപ്രഥമന്‍, ഗോതമ്പ് പ്രഥമന്‍, ചക്ക പ്രഥമന്‍, പരിപ്പ് പ്രഥമന്‍, അരിപ്പായസം എന്നിങ്ങനെ പായസത്തില്‍ പല രുചികള്‍ പായസത്തില്‍ പരീക്ഷിക്കാറുണ്ട്. ഒരു സദ്യയില്‍ തന്നെ ഒന്നിലേറെ പായസങ്ങളും വിളമ്പാറുണ്ട്.

Stay updated with the latest news headlines and all the latest Onam news download Indian Express Malayalam App.

Web Title: Onam sadya the traditional feast recipes