Onam Proverbs, Onam Pazhamchollukal: പഴഞ്ചൊല്ലിൽ വിരിയുന്ന ഓണമഹിമ.
അത്തപ്പത്തോണമാണ്
അത്തത്തിനു തുടങ്ങുന്ന ഓണയൊരുക്കം പത്താം നാൾ തിരുവോണത്തിനു കുടചൂടും. ചിങ്ങത്തിലെ അത്തത്തിനാണ് പൂക്കളമിട്ടു തുടങ്ങുക.
അത്തം കറുത്താൽ ഓണം വെളുക്കും
അത്തത്തിനു മഴയുണ്ടേൽ തിരുവോണത്തിനു വെയിൽ പരക്കും. അത്തം വെളുത്തെങ്കിൽ തിരുവോണം ചന്നം പിന്നം മഴ പെയ്ത് നനക്കും. ഇന്ന് ആ ചൊല്ലിലെല്ലാം കഴമ്പില്ലാതായി. അക്കാലത്ത് ഇതെല്ലാം അച്ചട്ടായിരുന്നു. ഇന്നു കഥ മാറി. ഇക്കൊല്ലം അത്തവും കറുത്തു, കാലാവസ്ഥ പ്രവചനമനുസരിച്ച് ഓണവും കറുക്കനാണ് സാധ്യത.
ഓണം വരാനൊരു മൂലം വേണം
കാര്യമുണ്ടാകാനൊരു കാരണം വേണമെന്നതു പോലെ തന്നെയാണ് തിരുവോണത്തിനു മുൻപ് മൂലം നാൾ വരുന്നതും. മൂലം കഴിഞ്ഞേ തിരുവോണം വരൂ.
ഉത്രാടം ഉച്ചയാകുമ്പോൾ അച്ചിമാർക്ക് വെപ്രാളം
ഓണസദ്യയ്ക്കുള്ള സാധനങ്ങൾ അടുപ്പിക്കണം. കാളനും മാങ്ങക്കറിയും നാരങ്ങാക്കറിയും പുളിയിഞ്ചിയും തയ്യാറാക്കണം. ഓണം കൊള്ളാനുള്ള പങ്കപ്പാടുകൾ വേറെ. പൂവടയ്ക്കുള്ള ഉണക്കലരി വെള്ളത്തിലിടണം. ഉപ്പേരി വറക്കലും ശർക്കരയുപ്പേരി ഉണ്ടാക്കലും നേരത്തെ ചെയ്തു വെച്ചിരിക്കും. അടുക്കളയിലെ മേളാങ്കത്തിന്നിടയിൽ വേണം ഓണക്കോടി തയ്ച്ചത് വാങ്ങിക്കൊണ്ടു വരാൻ. ഉത്രാടപ്പാച്ചിൽ ഒരു ഒന്നൊന്നൊരപ്പാച്ചിൽ തന്നെയാണ്.
പക്ഷേ, ഇന്ന് അങ്ങനെയൊരു പാച്ചിലുണ്ടോ? തിരുവോണത്തിനു ടെലിവിഷനിൽ വരുന്ന ബ്ലോക്ക് ബസ്റ്റർ ചലച്ചിത്രങ്ങൾ സമാധാനമായിരുന്നു കാണാൻ ഓണസദ്യ തലേന്നേ ഹോട്ടലിൽ ബുക്കു ചെയ്യും. ഇന്നാണെങ്കിൽ സൊമാറ്റോയും സ്വിഗ്ഗിയുമുണ്ട്. ഓർഡർ ചെയ്ത് മിനിറ്റുകൾക്കകം പടിവാതിൽക്കൽ സദ്യയെത്തും. കിട്ടുന്ന അവധി കാളൻ, ഓലൻ, എരിശ്ശേരി എന്നെല്ലാം പറഞ്ഞു അടുക്കളയിൽ പുകഞ്ഞു തീർക്കാൻ ആർക്കാണ് ആഗ്രഹം.
കാണം വിറ്റും ഓണം ഉണ്ണണം
Onam Proverbs, Onam Pazhamchollukal: കാണം വിറ്റും ഓണം ഉണ്ണണമെന്നാണ് പഴമക്കാരുടെ ചിട്ട. സ്വത്തു വിറ്റു ഓണം ആഘോഷിക്കണമെന്നാണ് ഈ പഴഞ്ചൊല്ലു പറയുന്നതെങ്കിലും പറമ്പു വിറ്റു ഓണമുണ്ണാൻ ഇന്നു ആരും തയ്യാറാവുമെന്നു തോന്നുന്നില്ല. എന്നാൽ ജോലി സ്ഥലത്തു നിന്നു ശമ്പളം മുൻകൂറായി വാങ്ങിയും ലോണെടുത്തും കടം വാങ്ങിയും ഓണക്കോടിയും മെഗാ ഓഫറുകളിലൂടെ ടിവിയും വാഷിങ് മെഷീനും തേങ്ങ ചുരണ്ടുന്ന യന്ത്രം വരെ സ്വന്തമാക്കും. പിന്നെ കടം തിരിച്ചടയ്ക്കാൻ നെട്ടോട്ടമോടും.
താലി വിറ്റും ഓണമുണ്ണണം
ഓണാഘോഷത്തിന്റെ പ്രാധാന്യത്തെ ഒന്നുകൂടി കടത്തി പറയുന്ന ഒരു ചൊല്ലു കൂടിയുണ്ട്. നാരികൾ കേട്ടാൽ സിംഹികളാകുന്ന ഒരു ചൊല്ല്. താലി വിറ്റും ഓണമുണ്ണണം. ഇതു കേട്ടാൽ തിളയ്ക്കാത്ത പെൺ രക്തമുണ്ടോ? അത്രയ്ക്ക് ആഘോഷം ഈ പ്രായോഗികകാലത്ത് ചെയ്യുമെന്ന് തോന്നുന്നില്ല.
ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി
പഞ്ഞകാലത്ത് ഓണം വന്നാൽ ഉള്ളതു കൊണ്ട് ആഘോഷിക്കും. ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി. ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് നോമ്പു നോറ്റ് നാമം ജപിച്ചിച്ചിരിക്കും. അത്ര തന്നെ.
തിരുവോണപുലരിയിൽ തിരുമുൽക്കാഴ്ച കാണാൻ
തിരുവോണപുലരിയിൽ തിരുമുൽക്കാഴ്ച കാണാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി നില്‍ക്കും. അത്തം മുതൽ ഒറ്റ വൃത്തത്തിൽ തുടങ്ങുന്ന പൂക്കളം തിരുവോണമാകുമ്പോഴേക്കും വട്ടം വച്ചിരിക്കും. നടുക്കിൽ അരിച്ചാന്തണിഞ്ഞ് പൂക്കട ചൂടിയ ഓണത്തപ്പൻ ഗമയോടെ ഇരിപ്പുണ്ടാവും. അരികിലിരിക്കുന്ന പൂവട വെളിച്ചം കാണാൻ ഇലക്കീറിലൂടെ മാനം നോക്കുന്നുണ്ടായിരിക്കും. തുമ്പപ്പൂവും തുളസിയും ഓണം കൊണ്ട് ചിരിച്ചു ചിതറി കിടക്കും.
തിരുവോണം തിരുതകൃതി
Onam Proverbs, Onam Pazhamchollukal: തിരുവോണം തിരുതകൃതി തന്നെയാണ്. പണ്ടു കാലത്ത് ജന്മിഗൃഹങ്ങളുടെ മുറ്റത്തും കോലായിലുമായി ആകെ തിരക്കായിരിക്കും. ഓണകാഴ്ച കൊണ്ടു വരുന്നവരുടെയും ഓണപ്പുടവ വാങ്ങിപ്പോകുന്നവരുടെയും കോലാഹലങ്ങൾ. നടുമുറ്റങ്ങളിൽ ഓണക്കോടിയുടുത്തു പകിട്ടു നോക്കുന്ന കുട്ടികൾ. അടുക്കളയിൽ സദ്യയൊരുക്കുന്നതിന്റെ മേളാങ്കം.
ഓണസദ്യയുണ്ടു കഴിഞ്ഞാൽ ഓണക്കളികളാണ്. ഊഞ്ഞാലാട്ടവും ഓണത്തല്ലും വടംവലിയുമായി ആകെ ജഗപൊക. ഇന്നു ഓണ കാഴ്ചകളുമില്ല, ഓണപ്പുടവ കൊടുക്കലുമില്ല. പകരം അടുക്കളയിൽ മേളാങ്കമുണ്ടാവും. ടിവിയിൽ നിന്നു ആർപ്പുവിളിയും.
ഉച്ചകഴിഞ്ഞാൽ ക്ലബ്ബുകളിൽ ആഘോഷമുണ്ടാവും. പിന്നെ വിരുന്നു പോകലാണ്. അമ്മ വീട്ടിലേക്കും വധൂഗൃഹത്തിലേക്കും ഓണക്കോടിയും പലഹാരങ്ങളുമായി ഒരു ആഘോഷയാത്ര.
ഓണത്തിന്നിടയിൽ പുട്ടു കച്ചവടം
ഓണത്തിന്നിടയിൽ പുട്ടു കച്ചവടമോ എന്നു ഇനിയാരും ചോദിക്കരുത്. അപ്പോളോർക്കണം തിരുവോണസദ്യ വിൽക്കുന്നവരെ.
ഓണം ഉണ്ടറിയണം
സദ്യ കഴിച്ചാലേ ഓണമറിയൂ എന്നു ചുരുക്കം. കാലം മാറിയാലും ചൊല്ലു ചൊല്ലു തന്നെയാവുന്നത് ഈ ചൊല്ലിലാണ്. ഭൂരിഭാഗം ആളുകൾക്കും ഓണമെന്നാൽ സദ്യ തന്നെയാണ്. തൂശനിലയിൽ ചോറും കറികളും വിളമ്പി ഒടുവിൽ പായസം കഴിച്ച് മത്തടിച്ച് നിവർന്നു കിടക്കുന്നതു തന്നെയാണ് ഓണം.
ഓണക്കോടിയില്ലെങ്കിൽ പോലും മലയാളി ക്ഷമിച്ചെന്നിരിക്കും. പക്ഷേ, സദ്യയില്ലാതെ ഓണം ഓണമാവില്ല.
കന്നൽ മിഴിയേ തിരുവോണം മൂന്നുണ്ടു പൊന്നിൻ നിറമാം മുഴക്കോൽ പോലെ
ഓണം മുഴക്കോലു പോലെയാണ്. തിരുവോണ രാത്രിയിൽ നക്ഷത്ര സമൂഹത്തിന്റെ ആകൃതി മുഴക്കോലു പോലെയാണ്. ‘കന്നൽ മിഴിയേ തിരുവോണം മൂന്നുണ്ടു
പൊന്നിൻ നിറമാം മുഴക്കോൽ പോലെ’
എന്നു നക്ഷത്രപ്പാന.
ഒന്നാമോണം നല്ലോണം, രണ്ടാമോണം കണ്ടോണം
Onam Proverbs, Onam Pazhamchollukal: ഒന്നാമോണം നല്ലോണമാണെങ്കിൽ രണ്ടാമോണം കണ്ടോണമായിരിക്കും. കണ്ടുകാഴ്ചകളൊക്കെയുമായി സമൃദ്ധം. മൂന്നാമോണം മുക്കിയും മൂളിയുമാണ്. അല്ലേൽ മുക്കിലും മൂലയിലും. തിരുവോണത്തിനു ബാക്കി വന്ന വിഭവങ്ങൾ കൊണ്ട് ഒതുക്കത്തിൽ തീർക്കും. നാലാമോണം നക്കീം തുടച്ചും. അഞ്ചാമോണം പിഞ്ചോണമാണ്. അഞ്ചാം കഞ്ഞി അടുപ്പത്തും പിള്ളേരുടെ അച്ഛൻ പാടത്തുമാകും. പണിക്കിറങ്ങിയില്ലേൽ പട്ടിണിയാകുമെന്നു സാരം. ആറാമോണമാവുമ്പോഴേക്കും അരിവാളെടുത്ത് വള്ളി വെട്ടാനിറങ്ങും.
അവിട്ടക്കട്ട ചവിട്ടിപ്പൊട്ടിക്കണം
അവിട്ടത്തിൻ നാൾ കഴിക്കേണ്ട അവിട്ടക്കട്ട ചവിട്ടിപ്പൊട്ടിക്കണമെന്നാണ്. ഇതുണ്ടാക്കുന്ന പ്രക്രിയ തിരുവോണരാത്രിയിലേ തുടങ്ങും. മിച്ചം വന്ന കൂട്ടാനെല്ലാം കലർത്തി വയ്ക്കും. പിറ്റേന്ന് അല്പം പുളിച്ച ഈ വിഭവത്തെ ഒന്നു ചൂടാക്കിയാൽ പഴങ്കൂട്ടാനായി. അതു അവിട്ടത്തുന്നാൾ പഴങ്കഞ്ഞിയോടൊപ്പം കഴിക്കും. അല്ലെങ്കിൽ ഈ ചോറും കറികളും ഒരുമിച്ചാക്കി ചൂടാക്കും. ഇതാണ് അവിട്ടക്കട്ട. ഇതിനു കട്ടി കൂടുതലാണ്.
അവിട്ടക്കട്ട ചവിട്ടിപ്പൊട്ടിച്ചു കഴിക്കണമെന്നല്ല, അതു കഴിച്ചാൽ നല്ല ശക്തിയുണ്ടാവുമെന്നാണ് പറയുന്നത്. അതായിരുന്നു പഴമക്കാരുടെ ആരോഗ്യ രഹസ്യം .
ആറാം ഓണത്തിന്നു കറി വയ്ക്കാൻ അരിവാളെടുത്തു ചപ്പു പറിക്കാനിറങ്ങുന്ന പോലെ കാടിയോണമായും ആഘോഷിക്കാറുണ്ട്. തിരുവോണത്തിലെ കൊഴുത്ത കഞ്ഞിവെള്ളത്തിൽ ആറാമോണം വരെയുള്ള , മിച്ചം വരുന്ന കൂട്ടാനുകൾ കുറേശ്ശേ ചേർത്തു വയ്ക്കും. ചതയത്തിൻ നാൾ ഇതിന്റെ തെളിയൂറ്റി പകരം അന്നത്തെ അരി കഴുകിയ കാടി വെള്ളം ഒഴിച്ചു വയ്ക്കും. ആറാമോണത്തിനു ഇതിൽ ചമ്പാ പച്ചരിയിട്ടു കഞ്ഞിയുണ്ടാക്കുന്നതാണ് കാടി. കുടിച്ചാൽ തുടുതുടാന്നിരിക്കും.
ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര
ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുരയാണ്. ഒരു ഓട്ടക്കാലണ കയ്യിലുണ്ടാവില്ല. അല്ലേലും ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി. ഓണം കാശുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ്. ആ, ഓണത്തിനു പോയാൽ തിരുവാതിരയ്ക്കു പിടിക്കാം.
Read Here: Onam 2019: ദൈവങ്ങളെ വരെ മയക്കിയ പായസം