പതിവ് തെറ്റിക്കാതെ അത്തച്ചമയഘോഷയാത്രയ്ക്കൊരുക്കി തൃപ്പുണിത്തുറ രാജനഗരി. രാജ പ്രതിനിധികളുടെ കയ്യിൽ നിന്ന് ഏറ്റുവാങ്ങിയ അത്ത പതാക രാജനഗരിയായ തൃപ്പൂണിത്തുറയിലെ അത്തം നഗറിൽ ഉയർന്നതോടെ സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്ക് തുടക്കമായി. രാവിലെ ഒമ്പത് മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ പരിപാടി ഉദ്ഘാടനം ചെയ്തു.
തൃപ്പുണിത്തുറ നഗരസഭയാണ് വർഷങ്ങളായി അത്തച്ചമയ ഘോഷയാത്ര സംഘടിപ്പിക്കുന്നത്. നാടൻകലാരൂപങ്ങളും, വാദ്യഘോഷങ്ങളുമൊക്കെയായി നീങ്ങുന്ന ഘോഷയാത്ര പതിനായിരങ്ങൾക്ക് കാഴ്ച വിരുന്നാണ്
തൃപ്പുണിത്തുറ ക്ഷേത്രത്തിൽ പുലർച്ചെ നടക്കുന്ന അത്തം ഉണർത്തലോടെയാണ് ഒരാഴ്ച നീളുന്ന ആഘോഷപരിപാടികൾക്ക് തുടക്കമാകുന്നത്. മാവേലിയും പുലികളിയും നെറ്റിപ്പട്ടം ചാർത്തിയ ഗജവീരൻമാരുമെല്ലാം അണിനിരന്ന വർണ്ണാഭമായ ഘോഷയാത്ര നഗരവീഥി കീഴടക്കി.
അത്തംനഗറായി മാറിയ തൃപ്പുണിത്തുറ ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷമാണ് ഘോഷയാത്ര ആരംഭിച്ചത്. തെയ്യവും, കഥകളിയുമുൾപ്പെടെ കേരളത്തിന്റെ തനത് കലാരൂപങ്ങൾ രാജനഗരിയിൽ നിറഞ്ഞു. മയിൽ നൃത്തവും കാവടിയും അമ്മൻകുടവുമെല്ലാം കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളായി.
സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ പ്രകൃതി ദുരന്തം ഉണ്ടായെങ്കിലും ഇത്തവണ ഓണാഘോഷത്തിന് ഒരു കുറവും വരുത്തില്ലെന്ന് അത്തച്ചമയ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് മന്ത്രി എ. കെ. ബാലൻ പറഞ്ഞു.
ചിത്രങ്ങൾ: നിതിൻ ആർ.കെ