Onam 2020, Traditional Onam Sadhya: ജാതി മദഭേദമന്യേ ലോകത്തിന്റെ എല്ലാ കോണിലുമുള്ള മലയാളികൾ ആഘോഷിക്കുന്ന ഒന്നാണ് ഓണം. അത്തം ഒന്നിനു തുടങ്ങുന്ന ഓണാഘോഷം പത്താം നാളിലാണ് അവസാനിക്കുക. ഇതിൽ തന്നെ തിരുവോണമാണ് പ്രധാനം. തിരുവോണ നാളെന്നു കേൾക്കുമ്പോൾ തന്നെ നാവിൽ രുചിയൂറും. കാരണം തിരുവോണമെന്നാൽ തൂശനിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ സദ്യ കൂടി ചേർന്നാലേ പൂർണമാവൂ.
ഉപ്പേരി, പഴം, പപ്പടം, പായസം തുടങ്ങി 12 ലധികം വിഭവങ്ങൾ ചേരുന്നതാണ് ഓണസദ്യ. അതേസമയം, പരമ്പരാഗത ചില ചിട്ടവട്ടങ്ങളുണ്ട്, 26 ലധികം വിഭവങ്ങളുണ്ടാവും. ആറ് രസങ്ങള്‍ ചേര്‍ന്നതാണ് ആയുര്‍വേദമനുസരിച്ചുള്ള പരമ്പരാഗത സദ്യ. എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ രസങ്ങളാണ് ആയുര്‍വേദ വിധി പ്രകാരമുള്ള സദ്യയില്‍ വേണ്ടത്. സദ്യയിലുള്ള പോഷകക്കൂടുതല്‍ കൊണ്ടാവാം, സദ്യ ഒരു നേരമാവാം എന്ന് സിദ്ധവൈദ്യം നിര്‍ദേശിക്കുന്നത്.
Onam Sadya Items: ഓണസദ്യയ്ക്ക് വിളമ്പുന്ന വിഭവങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.
ചോറ്: കുത്തരി ചോറാണ് സാധാരണയായി ഓണസദ്യയിൽ വിളമ്പുന്നത്
ഓലൻ: കുമ്പളങ്ങയാണ് ഓലൻ തയ്യാറാക്കാൻ ഉപയോഗിക്കുന്ന പ്രധാന പച്ചക്കറി. ഓലൻ സാധാരണയായി നാളികേരം വറുത്തരച്ചും പച്ചയ്‌ക്ക് അരച്ചും വയ്ക്കാറുണ്ട്.
Read Also: Onam: ഓണസദ്യയ്ക്കുളള വിഭവങ്ങൾ തയ്യാറാക്കുന്നതെങ്ങനെ?
രസം: വളരെ എളുപ്പത്തിൽ തയാറാക്കാവുന്നൊരു ഒഴിച്ചു കറിയാണ് രസം. ഓണസദ്യയ്ക്ക് രസം ഒഴിച്ചുകൂടാനാവാത്തതാണ്.
ഇഞ്ചിക്കറി: ഓണസദ്യയിലെ പ്രധാന താരമാണ് ഇഞ്ചിക്കറി. ഇഞ്ചിക്കറി വിളമ്പാതെ ഓണസദ്യ പൂർണമാകില്ല. സ്വാദിലും ഗുണത്തിലും മുന്നിലാണ് ഇഞ്ചിക്കറി.
പച്ചടി: സദ്യയിലെ പ്രധാനപ്പെട്ട കറിയും ആദ്യം വിളമ്പുന്നതുമായ വിഭവമാണ് പച്ചടി. വെള്ളരിക്ക, ബീറ്റ്റൂട്ട്, കുമ്പളങ്ങ, പൈനാപ്പിൾ തുടങ്ങിയ ഉപയോഗിച്ച് പച്ചടി തയ്യാറാക്കാം.
സാമ്പാർ: ഓണസദ്യയിലെ ഒഴിച്ചു കറികളിൽ പ്രധാനിയാണ് സാമ്പാർ. പലയിനം പച്ചക്കറികളാണ് സാമ്പാർ തയ്യാറാക്കാൻ ഉപയോഗിക്കുന്നത്.
അവിയൽ: വിവിധ ഇനം പച്ചക്കറികളുടെ കൂടിച്ചേരലാണ് അവിയൽ. അവിയലിൽ ചേരാത്തതായി ഒന്നുമില്ലെന്ന് പഴമക്കാർ പറയാറുണ്ട്.
പരിപ്പുകറി: ഓണസദ്യയിൽ ആദ്യം വിളമ്പുന്ന ഒഴിച്ചുകറിയാണ് പരിപ്പുകറി. നെയ്യും പരിപ്പുകറിയും കൂട്ടിയാണ് ഓണസദ്യ കഴിക്കാൻ തുടങ്ങേണ്ടത്.
എരിശേരി: ഓണസദ്യയിൽ വിളമ്പുന്ന ഒരു നല്ല കൂട്ടുകറി ആണ് എരിശേരി. ഏത്തയ്ക്ക (നേന്ത്രക്കായ), ചേന, മത്തങ്ങ ഇവയിലേതെങ്കിലും ആണ് ഈ കറിയിലെ മുഖ്യ ഇനം.
കാളൻ: നല്ല പുളിയുളള കറിയാണിത്. പുളിശേരിയുമായി നല്ല സാമ്യമുള്ള ഒരു കറിയാണിത്. കുട്ടുകറിയായും ഒഴിച്ചുകറിയായും കാളൻ സദ്യയിൽ ഉപയോഗിക്കാറുണ്ട്.
കിച്ചടി: ഓണസദ്യയിലെ ഒരു പ്രധാന വിഭവമാണ് കിച്ചടി. മത്തങ്ങയാണ് ഇതിലെ പ്രധാനപ്പെട്ട പച്ചക്കറി. നാളികേരം വറുത്തരച്ച് ചേർക്കുന്ന ഈ വിഭവത്തിന് അൽപം മധുരവും കലർന്ന രുചിയാണ്. ബീറ്റ്റൂട്ട്, പാവയ്ക്ക തുടങ്ങിയ പച്ചക്കറികൾ ഉപയോഗിച്ചും കിച്ചടി തയ്യാറാക്കാം.
തോരൻ: ഓണസദ്യയിൽ തോരൻ ഉറപ്പായും വേണം. കാബേജോ, ചേനതണ്ടോ തുടങ്ങിയ ഏതിനം പച്ചക്കറി ഉപയോഗിച്ചും തോരൻ തയ്യാറാക്കാം.
പായസം: പായസം ഇല്ലെങ്കിൽ ഓണസദ്യ ഒരിക്കലും പൂർണമാവില്ല. ഓണസദ്യയിൽ പായസത്തിന് അത്രയേറെ പ്രാധാന്യമുണ്ട്. അടപ്രഥമൻ, കടലപ്രഥമൻ, പാൽപ്പായസം, പാലട പായസം, സേമ്യ പായസം തുടങ്ങി പലതരം പായസങ്ങൾ ഓണസദ്യയിൽ വിളമ്പാറുണ്ട്.
Onam 2020: ഓണസദ്യ വിളമ്പേണ്ടത് എങ്ങനെ?
വിളമ്പുന്നതിനും ഉണ്ണുന്നതിനുമെല്ലാം അതിന്‍റേതായ ചിട്ടവട്ടങ്ങളുണ്ട്. തൊട്ടുകൂട്ടാനുളളതും, ചാറ് കറിയും, കൂട്ടുകറിയും സദ്യയില്‍ വേണം. തുമ്പ് മുറിക്കാത്ത വാഴയിലയിലാണ് ഓണസദ്യ വിളമ്പേണ്ടത്. സദ്യ കഴിക്കാനിരിക്കുന്ന ആളുടെ ഇടത് വശത്ത് വാഴയിലയുടെ തുമ്പ് വരുന്ന തരത്തിലാണ് ഇല വയ്ക്കേണ്ടത്.
ആദ്യം വിളമ്പുന്നത് ഉപ്പേരിയാണ്. ഇലയുടെ ഇടത്തേ അറ്റത്താണ് ഉപ്പേരി വിളമ്പുന്നത്. സാധാരാണ മൂന്നിനം ഉപ്പേരിയാണ് വിളമ്പാറുളളത്. കായ വറുത്തത്, ചേമ്പ് വറുത്തത്, നേന്ത്രക്കായ വറുത്തെടുത്ത് ശർക്കര പാവു കാച്ചിയ ശർക്കര ഉപ്പേരി. വിഭവങ്ങളിൽ ഉപ്പ് കൂടുതൽ ആവശ്യമുളളവർക്കായി ഉപ്പും വയ്ക്കാറുണ്ട്. അതിനുശേഷം ചെറുപഴവും ചെറുതും വലുതുമായ രണ്ടു പപ്പടവും വിളമ്പും. തുടർന്ന് ഇഞ്ചിക്കറി, നാരങ്ങ കറി, മാങ്ങ കറി എന്നിവയും വിളമ്പും.
ഇലയുടെ വലത്തെ അറ്റത്തായി അവിയൽ വിളമ്പും. അതിന് അടുത്തായി തോരനും കിച്ചടിയും പച്ചക്കടിയും കുറച്ച് കുറച്ച് വിളമ്പും. തുടർന്ന് കൂട്ടുകറിയും കാളനും ഓലനും വിളമ്പും. കാളന്‍, ഓലന്‍, അവിയല്‍, തോരന്‍, എരിശ്ശേരി, മെഴുക്കുപുരട്ടി ഇതൊക്കെയാണ് മറ്റുകറികള്‍. ഇതു കഴിഞ്ഞാൽ ചോറു വിളമ്പും. ചോറിനൊപ്പം പരിപ്പും നെയ്യും ഒഴിച്ച് പപ്പടം പൊട്ടിച്ച് ഊണ് തുടങ്ങാം. അതു കഴിഞ്ഞാൽ സാമ്പാർ കൂട്ടി ചോറു കഴിക്കാം. അതു കഴിഞ്ഞാൽ ചിലയിടങ്ങളിൽ പായസം വിളമ്പാറുണ്ട്. എന്നാൽ പലയിടത്തും സാമ്പാറിനുശേഷം പുളിശേരിയോ കാളനോ വിളമ്പാറുണ്ട്.
പായസങ്ങളിൽ ആദ്യം അടപ്രഥമനാണ് വിളമ്പാറുളളത്. പായസങ്ങളിൽ രാജാവാണ് അടപ്രഥമൻ. അതിനുശേഷം പഴപ്രഥമൻ, കടലപ്രഥമൻ, ഗോതമ്പ് പായസം എന്നിവയും വിളമ്പാറുണ്ട്. ഏറ്റവും അവസാനമാണ് പാൽപ്പായസം വിളമ്പാറുളളത്. ചിലയിടങ്ങളിൽ പാൽപ്പായസത്തിനൊപ്പം ബോളി എന്ന പലഹാരം കൂടി നൽകാറുണ്ട്. പായസങ്ങൾ കഴിഞ്ഞാൽ പിന്നെ മോരും രസവും വിളമ്പും. കൈക്കുമ്പിളിൽ ഇവ വാങ്ങി കുടിക്കാറാണ് പതിവ്. മോര് വിളമ്പുന്നതോടെയാണ് ഓണസദ്യ പൂർത്തിയാവുക
Read more: Onam 2020: ഓണം: ആഘോഷങ്ങൾ, ചരിത്രം, പ്രസക്തി: അറിയേണ്ടതെല്ലാം