scorecardresearch
Latest News

Onam 2020: ഓണം: ആഘോഷങ്ങൾ, ചരിത്രം, പ്രസക്തി: അറിയേണ്ടതെല്ലാം

Onam Festival 2020 Interesting Facts: ഓണം – തീയതി, ആഘോഷം, ചരിത്രം, പ്രസക്തി, പാട്ടുകൾ

ഓണം 2020, ഓണം ചരിത്രം, ഓണം കുറിപ്പ്, ഓണം ഉപന്യാസം, ഓണം അന്നും ഇന്നും പ്രസംഗം, ഓണം ഐതിഹ്യം, ഓണം കഥ, ഓണം കവിത, ഓണം പഴംചൊല്ല്, ഓണം ബമ്പർ, onam 2020, onam 2020 kerala, onam festival significance, onam festival facts, onam festival celebration, onam important facts, things to know about onam, importance of onam, importance of onam in kerala, religious importance of onam, meaning and importance of onam, onam recipes, onam pokkalam desings

All You Need to Know About Onam Festival: ഇന്ന് അത്തം. ഇന്നേക്ക് പത്താം നാൾ തിരുവോണം. മഹാബലിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ഇന്നുമുതൽ ആരംഭിക്കും. വീട്ടുമുറ്റത്ത് പൂക്കളമിട്ടും ഓണത്തിനായുള്ള മറ്റു ഒരുക്കങ്ങളിലൂടെയും മലയാളിയുടെ മനസിൽ മുഴുവൻ ആഘോഷങ്ങളുടെ ആരവമുയരുന്ന ദിവസങ്ങൾ. എന്നാൽ, അസാധാരണ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മലയാളി ഏറെ ജാഗ്രതയോടെ വേണം ഈ ഓണക്കാലം ആഘോഷിക്കാൻ. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ നിർദേശങ്ങൾ പാലിച്ചുവേണം ഇനിയുള്ള ദിവസങ്ങൾ മലയാളി ആഘോഷിക്കാൻ.

Read more: ഇന്ന് അത്തം; ജാഗ്രതയുടെ ഓണക്കാലത്തിലേക്ക്

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് മലയാളികൾക്ക് ഓണം. പൊന്നിന്‍ ചിങ്ങമാസത്തിലേക്കുള്ള കാല്‍വെപ്പ് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു പുതുവർഷത്തിലേക്കുള്ള പ്രതീക്ഷകൾ കൂടെയാണ് സമ്മാനിക്കുന്നത്, ഒപ്പം അത്തപ്പൂക്കളത്തിനും ഓണാഘോഷങ്ങൾക്കുമൊക്കെ വേണ്ടിയുള്ള കാത്തിരിപ്പും ആരംഭിക്കുന്നു.

Onam 2020 Date: ഈ വർഷത്തെ ഓണം എപ്പോൾ?

ഓഗസ്റ്റ് 30, 31, സെപ്‌റ്റംബർ 1, 2  തീയതികളിലാണ് ഈ വർഷത്തെ ഓണം. ഓഗസ്റ്റ് 30ന് ഉത്രാടം അല്ലെങ്കിൽ ഒന്നാം ഓണം, ഓഗസ്റ്റ് 31 തിരുവോണം അല്ലെങ്കിൽ രണ്ടാം ഓണം, സെപ്‌റ്റംബർ 1 അവിട്ടം അല്ലെങ്കിൽ മൂന്നാം ഓണം, സെപ്‌റ്റംബർ 2 ചതയം അല്ലെങ്കിൽ നാലാം ഓണം.

Onam: പേരിനു പിന്നിൽ

ഓണമെന്ന പേരു വന്ന വഴി കർക്കിടകത്തിന്റെയും മഴക്കാലത്തിന്റെയും പഞ്ഞകാലം കടന്ന് ആളുകൾ വാണിജ്യം പുനരാരംഭിക്കുന്ന കാലമാണ് ശ്രാവണമാസം. ശ്രാവണത്തിന്റെ മറ്റൊരു പേരാണ് സാവണം. ആ പേര് ലോപിച്ച് ആവണം എന്നും പിന്നീട് അത് ഓണമെന്നും ആയി മാറിയെന്നും കരുതപ്പെടുന്നു.

Onam Significance, Mahabali Legend

ഓണം ഐതിഹ്യങ്ങൾ

മഹാബലി

വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ പ്രജാവത്സലനനായ മഹാബലിയെന്ന രാജാവ് തന്റെ ജനങ്ങളെ കാണാൻ എത്തുന്നുവെന്നാണ് ഓണക്കാലത്തെ കുറിച്ചുള്ള ഐതിഹ്യം. ഓണത്തെ കുറിച്ച് ഐതിഹ്യങ്ങൾ പലതുണ്ടെങ്കിലും കേരളത്തിന് ഓണമെന്നത് വിളവെടുപ്പിന്റെയും അവയുടെ വ്യാപാരത്തിന്റെയും ഉത്സവം കൂടിയാണ്.

പരശുരാമൻ

പരശുരാമ കഥയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും ഓണത്തെ സംബന്ധിച്ചിട്ടുണ്ട്‌. വരുണനിൽ നിന്ന്‌ കേരളക്ഷേത്രത്തെ മോചിപ്പിച്ച്‌ ബ്രാഹ്മണർക്ക്‌ ദാനം നൽകിയ പരശുരാമൻ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യർത്ഥനയെ തുടർന്ന്‌ വർഷത്തിലൊരിക്കൽ തൃക്കാക്കരയിൽ അവതരിക്കുമെന്ന്‌ വാഗ്ദാനം ചെയ്യുന്നു. ഈ ദിവസം ഓണമെന്നും സങ്കൽപ്പമുണ്ട്‌.

ശ്രീബുദ്ധൻ

സിദ്ധാർത്ഥ രാജകുമാരൻ ബോധോദയത്തിന്‌ ശേഷം ശ്രവണപദത്തിലേക്ക്‌ പ്രവേശിച്ചത്‌ ശ്രാവണ മാസത്തിലെ തിരുവോണ നാളിലായിരുന്നുവെന്ന്‌ ബുദ്ധമതാനുയായികൾ വിശ്വസിക്കുന്നു. ബുദ്ധമതത്തിന്‌ ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണമെന്ന്‌ അവർ സമർത്ഥിക്കുന്നു. ശ്രാവണം ലോപിച്ച് ഓണം ആയത് ഇതിന്‌ ശക്തമായ തെളിവാണ്‌.

ചേരമാൻ പെരുമാൾ

മലബാർ മാന്വലിന്റെ കർത്താവായ ലോഗൻ ഓണാഘോഷത്തെ ചേരമാൻപെരുമാളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. പെരുമാൾ ഇസ്ലാംമതം സ്വീകരിച്ച്‌ മക്കത്തു പോയത്‌ ചിങ്ങമാസത്തിലെ തിരുവോണത്തിൻ നാളിലായിരുന്നുവെന്നും ഈ തിർത്ഥാടനത്തെ ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണാഘോഷത്തിന്‌ നിമിത്തമായതെന്നും ലോഗൻ ഓണത്തെപ്പറ്റി എഴുതിയിട്ടുണ്ട്‌.

സമുദ്രഗുപതൻ-മന്ഥരാജാവ്

ക്രി.വ. നാലാം ശതകത്തിൽ കേരളരാജ്യത്തിന്റെ തലസ്ഥാനം തൃക്കാക്കരയായിരുന്നു. ഓണം നടപ്പാക്കിയത് അന്ന് ഇവിടം ഭരിച്ചിരുന്ന മന്ന രാജാവ് ആണ്‌ എന്ന് അലഹബാദ് ലിഖിതങ്ങളിൽ നിന്ന് മനസ്സിലാക്കാനുള്ള തെളിവുകൾ ഉള്ളതിനാൽ ഇത് ഒരു ചരിത്ര വസ്തുതയാകാമെന്ന് ചിലർ കരുതുന്നു. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന മന്ഥാതാവ് പ്രസിദ്ധനായിരുന്ന കേരള രാജാവായിരുന്നു. സമുദ്രഗുപ്തൻ ദക്ഷിണേന്ത്യ ആക്രമിച്ച കൂട്ടത്തിൽ തൃക്കാക്കര ആക്രമിക്കുകയും എന്നാൽ മന്ഥരാജാവ് നടത്തിയ പ്രതിരോധത്തിലും സാമർത്ഥ്യത്തിലും ആകൃഷ്ടനായ സമുദ്രഗുപ്തൻ സന്ധിക്കപേക്ഷിക്കുകയും തുടർന്ന് കേരളത്തിനഭിമാനാർഹമായ യുദ്ധപരിസമാപ്തിയിൽ ആ യുദ്ധവിജയത്തിന്റെ സ്മരണക്കായി രാഷ്ട്രീയോത്സവമായി ഓണം ആഘോഷിക്കാൻ രാജാവ് വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു എന്നും ലിഖിതങ്ങളിൽ പറയുന്നു.

Athachamayam, Athapookalam: Onam Celebrations

ഓണാഘോഷങ്ങൾ: അത്തം മുതൽ പത്തു ദിനം

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനമെന്നാണ് കരുതപ്പെടുന്നത്. തൃക്കാക്കരയപ്പനെ എഴുന്നള്ളിയിരിത്താന്‍ വേണ്ടിയാണ് അത്തപൂക്കളം ഒരുക്കുന്നത് എന്നും ഐതിഹ്യമുണ്ട്.

ചിങ്ങമാസത്തിലെ അത്തം നാള്‍ മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിലാണ് വീട്ടുമുറ്റത്ത് അത്തപ്പൂക്കളം ഒരുക്കുക. ചിങ്ങമാസത്തിലെ അത്തംനാള്‍ മുതലാണ് അത്തപ്പൂക്കളം ഒരുക്കുക. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളില്‍ വിവിധതരം പൂക്കള്‍ ഉപയോഗിക്കുന്നു. ആദ്യത്തെ ദിവസമായ അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകള്‍ മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാള്‍ മുതല്‍ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തില്‍ സ്ഥാനമുള്ളൂ. എന്നാല്‍ ചിലയിടങ്ങളില്‍ ഒരു നിറത്തിലുള്ള പൂവില്‍ തുടങ്ങി പത്താം ദിവസം ആകുമ്പോള്‍ പത്തു നിറങ്ങളിലുള്ള പൂക്കള്‍കൊണ്ട് പൂക്കളം ഒരുക്കുന്നു. ഉത്രാടദിനത്തിലാണ് പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുന്നത്‌. മൂലം നാളീല്‍ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.

Read more: Athapookalam Designs 2020: അത്തപ്പൂക്കളം ഒരുക്കണോ?: 25 സിംപിൾ ഡിസൈനുകൾ ഇതാ

തിരുവോണനാളിലെ ചടങ്ങുകൾ

തിരുവോണച്ചടങ്ങുകളിൽ വളരെ പ്രാധാന്യമുള്ളതാണ്‌ തൃക്കാക്കരക്ഷേത്രത്തിൽ മഹാബലി ചക്രവർത്തിയെ വരവേൽക്കുന്നത്‌. വാമനന്റെ കാൽപാദം പതിഞ്ഞ ഭൂമിയെന്ന അർത്ഥത്തിലാണ്‌ ‘തൃക്കാൽക്കര’ ഉണ്ടായതെന്ന്‌ ഐതിഹ്യം. പുരാതന കേരളത്തിന്റെ ആസ്ഥാന മണ്ണിൽ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം തൃക്കാക്കരയാണ്‌.

കുട്ടികൾക്കും മുതിർന്നവർക്കും ഓണത്തോടനുബന്ധിച്ച് പുതുവസ്ത്രങ്ങൾ (കോടിവസ്ത്രം) വാങ്ങി നൽകുന്ന ചടങ്ങ് കേരളത്തിലങ്ങോളമിങ്ങോളം കാണപ്പെടുന്നു. കുട്ടികൾക്ക് ധരിക്കാനായി വാങ്ങുന്ന ചെറിയമുണ്ടിനെ ഓണ മുണ്ട് എന്ന് വിളിക്കുന്നു. സാധാരണയായി കൈത്തറിയിൽ കസവുകരയോടുകൂടിയ ഒറ്റമുണ്ടായിരിക്കും ഇത്.

തൃക്കാക്കരയപ്പൻ

തൃശൂർജില്ലയിലെ തെക്കൻ ഭാഗങ്ങളിൽ തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുണ്ട്. പാലക്കാട് പ്രദേശങ്ങളിൽ ഉത്രാടം നാളിലെ ഈ പരിപാടി തുടങ്ങുന്നു. മഹാബലിയെ വരവേൽക്കുന്നതിനായാണ്‌ വീട്ടുമുറ്റത്തോ ഇറയത്തോ ആണ്‌ തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുകളിൽ കളിമണ്ണുകൊണ്ടുണ്ടാക്കിയ രൂപങ്ങൾ (തൃക്കാക്കരയപ്പൻ) പ്രതിഷ്ഠിക്കുന്നു. ഇതിനെ ഓണം കൊള്ളുക എന്നും പറയുന്നു.

ഓണക്കാഴ്ച

ജന്മിയുമായുള്ള ഉടമ്പടി പ്രകാരം പാട്ടക്കാരനായ കുടിയാൻ നൽകേണ്ടിയിരുന്ന നിർബന്ധപ്പിരിവായിരുന്നു ഓണക്കാഴ്ച സമർപ്പണം. പണ്ടുമുതൽക്കേ വാഴക്കുലയായിരുന്നു പ്രധാന കാഴ്ച. കൂട്ടത്തിലേറ്റവും നല്ല കുലയായിരുന്നു കാഴ്ചക്കുലയായി നൽകിയിരുന്നത്‌. കാഴ്ചയർപ്പിക്കുന്ന കുടിയാന്മാർക്ക് ഓണക്കോടിയും പുടവകളും സദ്യയും ജന്മിമാർ നൽകിയിരുന്നു. ഇത് കുടിയാൻ-ജന്മി ബന്ധത്തിന്റെ നല്ല നാളുകളുടെ ഓർമ്മ പുതുക്കലായി ഇന്നും നടന്നുവരുന്നു. പക്ഷേ ഇന്ന്‌ ക്ഷേത്രങ്ങളിലേക്കാണ്‌ കാഴ്ചക്കുലകൾ സമർപ്പിക്കപ്പെടുന്നത്. ഗുരുവായൂർ അമ്പലത്തിലെ കാഴ്ച കുല സമർപ്പണം പ്രസിദ്ധമാണ്.

ഉത്രാടപ്പാച്ചിൽ

ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാടദിവസം (തിരുവോണത്തിനു തലേദിവസം) പിറ്റേ ദിവസത്തെ ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത്. മലയാളികൾ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസമാണ് ഉത്രാട ദിവസം.

ഓണസദ്യ

ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്‌. കാളൻ, ഓലൻ, എരിശ്ശേരി എന്നിവയാണ്‌ ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ. അവിയലും സാമ്പാറും പിന്നീട്‌ വന്നതാണ്‌. നാലുകൂട്ടം ഉപ്പിലിട്ടതാണ്‌ കണക്ക്‌- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്‌. പപ്പടം ഇടത്തരം ആയിരിക്കും. 10 പലക്കാരൻ, 12 പലക്കാരൻ എന്നിങ്ങനെ പപ്പടക്കണക്ക്‌. ഉപ്പേരി നാലുവിധം- ചേന, പയർ‌, വഴുതനങ്ങ, പാവക്ക, ശർക്കരപുരട്ടിക്ക്‌ പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും.വിളമ്പുന്നതിനും പ്രത്യേകതയുണ്ട്‌. നാക്കില തന്നെ വേണം ഓണസദ്യക്ക്‌. നാക്കിടത്തുവശം വരുന്ന രീതിയിൽ ഇല വയ്ക്കണം. ഇടതുമുകളിൽ ഉപ്പേരി, വലതുതാഴെ ശർക്കര ഉപ്പേരി, ഇടത്ത്‌ പപ്പടം, വലത്ത്‌ കാളൻ, ഓലൻ, എരിശ്ശേരി, നടുക്ക്‌ ചോറ്‌, നിരന്ന്‌ ഉപ്പിലിട്ടത്‌. മദ്ധ്യതിരുവതാംകൂറിൽ ആദ്യം പരിപ്പുകറിയാണ്‌ വിളമ്പാറ്‌. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര്‌ നിർബന്ധം. ഇവിടെ ഓണത്തിന്‌ മരച്ചീനിയും വറക്കാറുണ്ട്‌. എള്ളുണ്ടയും അരിയുണ്ടയുമാണ്‌ മറ്റ്‌ വിഭവങ്ങൾ. കുട്ടനാട്ട്‌ പണ്ട്‌ ഉത്രാടം മുതൽ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. പുളിശ്ശേരിയും മോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങൾ.

ഓണപ്പാട്ടുകൾ

ഒരുപാടു പൂപ്പാട്ടുകളും കളിപ്പാട്ടുകളും മലയാളത്തിന്‌ സമ്മാനിച്ചതാണ്‌ ഓണം. കാലാകാലങ്ങളായി പാടിപ്പതിഞ്ഞ ഇവ വാമൊഴിയായി തലമുറകൾ പങ്കിട്ടെടുക്കുകയാണ്‌. ഓണത്തിന്റെ ഐതിഹ്യം വിളിച്ചോതുന്ന ഒരു ഓണപ്പാട്ട്.

‘മാവേലി നാട് വാണീടും കാലം, മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം, ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല, ബാലമരണങ്ങൾ കേൾക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും, കള്ളത്തരങ്ങൾ മറ്റൊന്നുമില്ല.’

ഓണച്ചൊല്ലുകൾ

ഓണവുമായി ബന്ധപ്പെട്ട് അനവധി ചൊല്ലുകൾ കേരളത്തിലുടനീളം നിലനിൽക്കുന്നു. ‘കാണം വിറ്റും ഓണം ഉണ്ണണം,’ ‘ ഉള്ളതു കൊണ്ട് ഓണം പോലെ,’ എന്നിങ്ങനെയുള്ള, മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ ഈ ചൊല്ലുകൾ ഓണത്തിന്റെ പ്രാധാന്യത്തിന്റെ സൂചകങ്ങളുമാണ്.

Read more: Onam 2020: ഓണത്തിനിടെ കള്ളക്കച്ചവടം വേണ്ട, പിടിവീഴും

Stay updated with the latest news headlines and all the latest Onam news download Indian Express Malayalam App.

Web Title: Onam 2020 date images songs games pookalam story wishes sadya recipe