സിനിമയോളം സമൂഹത്തെ സ്വാധീനിച്ച മാധ്യമങ്ങൾ കുറവാണ്, അതുകൊണ്ടുതന്നെയാവാം സിനിമയിലെ നായകന്റെയും നായികയുടെയും വേഷവിതാനങ്ങളും ഹെയർ സ്റ്റൈലും ആക്സസറീസുകളുമെല്ലാം പലപ്പോഴും ട്രെൻഡാവുന്നത്. സിനിമയിലെ ഫാഷൻ പലപ്പോഴും സ്ക്രീനിന് അപ്പുറം ആളുകളുടെ ജീവിതത്തെയും സ്വാധീനിക്കുന്ന കാഴ്ചകൾ സാധാരണമാണ്. മോഹൻലാൽ ചിത്രം ‘ഇട്ടിമാണി’ ഓണം റിലീസായി തിയേറ്ററുകളിലെത്താൻ ഒരുങ്ങുമ്പോൾ ചിത്രത്തിനൊപ്പം കോസ്റ്റ്യൂമുകളും ശ്രദ്ധ നേടുകയാണ്.
‘ലൂസിഫർ’, ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെ കോസ്റ്റ്യൂം ഡിസൈൻ ചെയ്ത സുജിത്ത് സുധാകരൻ എന്ന ഫാഷൻ ഡിസൈനറാണ് ‘ഇട്ടിമാണി’യിൽ മോഹൻലാലിനു വേണ്ടി വസ്ത്രമൊരുക്കിയിരിക്കുന്നത്.
“സിമ്പിളായ ഡിസൈനിൽ ഒരുക്കിയ ഈ ഡ്രസ്സുകളെല്ലാം കാഷ്വൽ വെയറുകളാണ്. അത്ര സാധാരണമല്ലാത്ത പാറ്റേണുകളൊക്കെ ഈ ഷർട്ടുകളിൽ ഉപയോഗിച്ചിട്ടുണ്ട്. ലിനൻ മെറ്റീരിയലാണ് ഷർട്ടുകൾക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ ഇവ സ്റ്റിഫ് ആയി നിൽക്കുന്ന തരത്തിലുള്ള ലിനൻ അല്ല. ശരീരത്തിൽ ഒഴുക്കോടെ കിടക്കുന്ന അൽപ്പം സോഫ്റ്റ് ആയ ടൈപ്പ് ലിനൻ ആണ്. എല്ലാ ഷർട്ടുകൾക്കും ചൈനീസ് കോളറാണ് നൽകിയിരിക്കുന്നത്. കഥയിൽ ചൈന കളക്ഷൻ ഉള്ളതുകൊണ്ടാണ് അത്തരമൊരു പരീക്ഷണം. 35 മുതൽ 40 ഷർട്ടുകൾ വരെ ‘ഇട്ടിമാണി’യ്ക്ക് ആയി ഡിസൈൻ ചെയ്തിട്ടുണ്ട്. എല്ലാ ഷർട്ടുകളും സ്റ്റിച്ച് ചെയ്തെടുത്തതാണ്,” സുജിത്ത് സുധാകരൻ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
“ലൂസിഫർ’, ‘മരക്കാർ’ എന്നീ ചിത്രങ്ങൾക്ക് കുറച്ചുകൂടി ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാൽ ‘ഇട്ടിമാണി’ ഞങ്ങൾ വളരെ റിലാക്സ്ഡ് ആയി ചെയ്ത വർക്കാണ്. എന്നിരുന്നാലും റിസൽറ്റ് നന്നായി വന്നിട്ടുണ്ട്. ലാൽ സാറിന്റെ കഥാപാത്രത്തിന് നല്ല രീതിയിൽ ഇണങ്ങുന്നുണ്ട് ആ കോസ്റ്റ്യൂം,”സുജിത്ത് കൂട്ടിച്ചേർക്കുന്നു.
മുണ്ട് എങ്ങനെ വ്യത്യസ്തമാക്കാം എന്ന ആശയം ആദ്യം മുന്നോട്ടുവച്ചത് സംവിധായകരായ ജോജുവും ജിബിയുമായിരുന്നുവെന്നും സുജിത്ത് പറയുന്നു. 10-12 മുണ്ടുകളാണ് ‘ഇട്ടിമാണി’യ്ക്കായി പ്രത്യേകം ഡിസൈൻ ചെയ്തത്. വളരെ കുറഞ്ഞ എണ്ണമായതു കൊണ്ട് കര നെയ്തെടുക്കൽ ബുദ്ധിമുട്ടായിരുന്നു. അങ്ങനെയാണ് പ്രിന്റ് ചെയ്യാം എന്നു തീരുമാനിക്കുന്നത്. എന്റെ യൂണിറ്റിലുള്ള ഒരു ആർട്ടിസ്റ്റിനെ കൊണ്ട് ഡിസൈൻ ചെയ്യിപ്പിച്ച് പ്രിന്റ് ചെയ്തെടുക്കുകയായിരുന്നു. ചൈനീസ് ടെക്സ്ച്ചറുകളാണ് കരയുടെ ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നു. ഡ്രാഗൺ പോലുള്ള ഡിസൈനുകളും കൊണ്ടു വന്നിട്ടുണ്ട്. കുറച്ചു ലൗഡ് ആയ ഡിസൈനാണ് ചെയ്തിരിക്കുന്നത്,” സുജിത്ത് പറയുന്നു.
Read more: കണ്ണിറുക്കി, കുസൃതിച്ചിരിയുമായി ‘ഇട്ടിമാണി’: ചിത്രം പങ്കുവെച്ച് മോഹന്ലാല്
‘ഇട്ടിമാണി’യിലെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവന്നു തുടങ്ങിയതോടെ മോഹൻലാലിന്റെ കോസ്റ്റ്യൂം ശ്രദ്ധിക്കപ്പെട്ടു. എം സി ആർ പോലുള്ള കമ്പനികൾ ഓണം വിപണിയെ ലക്ഷ്യമാക്കി ‘ഇട്ടിമാണി’ മുണ്ടുകൾ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. “വലിയൊരു മാർക്കറ്റാണ് മുണ്ടുകളുടേത്. ആളുകൾ ഡിസൈൻ ശ്രദ്ധിക്കുന്നു എന്നുകണ്ട് ചില കമ്പനികളൊക്കെ അതിൽ നിന്നും പ്രചോദനമുൾകൊണ്ട് ഡിസൈനുകളുമായി രംഗത്തുവന്നിട്ടുണ്ട്. ചൈനീസ് അക്ഷരങ്ങളാണ് കരയ്ക്കായി അവർ ഉപയോഗിച്ചിരിക്കുന്നത്,” സുജിത്ത് നിരീക്ഷിക്കുന്നു.
‘പ്രേമം’ സിനിമയിലെ നിവിൻ പോളിയുടെ വെള്ള മുണ്ട്- ബ്ലാക്ക് ഷർട്ട് കോമ്പിനേഷൻ തരംഗമായതു പോലെ ‘ഇട്ടിമാണി’ ഡിസൈൻ ഷർട്ടുകളും മുണ്ടുകളും പുരുഷന്മാരുടെ വസ്ത്രവിപണിയിൽ ഈ ഓണക്കാലത്ത് അലയൊലികൾ ഉയർത്തുമോ എന്നാണ് ഫാഷൻലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.
Read more: Onam 2019: ഓണം: ആഘോഷങ്ങൾ, ചരിത്രം, പ്രസ്കതി: അറിയേണ്ടതെല്ലാം