/indian-express-malayalam/media/media_files/uploads/2019/08/onam-1-3.jpg)
Onam 2019: ഓണം ഒരു തലമുറയെ സംബന്ധിച്ച് പൂവിളി പാട്ടുകളുമായി കൂട്ടുകാർക്കൊപ്പം കാടും മേടും താണ്ടി പൂക്കൾ പറിക്കാൻ പോയൊരു മധുരകാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടെയാണ്. ചേമ്പിലക്കുമ്പിളിലും ഇലകൾ കൊണ്ടുണ്ടാക്കിയ കൂടകളിലും പൂക്കൾ ശേഖരിച്ചു നടന്ന കുട്ടിക്കാലത്തിന്റെ നിറപ്പകിട്ടുള്ള ഓരോർമ്മ. ഏറ്റവും കൂടുതൽ പൂക്കൾ ശേഖരിക്കുന്നത്, ആ പൂക്കളാൽ അയൽപ്പക്ക വീടുകളോട് മത്സരിച്ച് ഭംഗിയുള്ള പൂക്കളമൊരുക്കുക- അതെല്ലാം കുട്ടിക്കാലവിനോദങ്ങളിൽ ചിലത് മാത്രം. എന്നാൽ, ഇന്ന് ഓണാഘോഷങ്ങളുടെ രീതികൾ മാറിയതിനൊപ്പം തന്നെ പൂക്കളമൊരുക്കൽ രീതികളും ഏറെ മാറിയിരിക്കുന്നു.
മൺത്തറയിൽ ചാണമെഴുകി പൂത്തറയൊരുക്കിയ കാലം കടന്നു പോയി. പൂക്കളങ്ങൾ മാർബിൾ തറകളിലേക്കും കാർപോർച്ചിലേക്കും ഇന്റർലോക്ക് വിരിച്ച മുറ്റത്തേക്കും സ്ഥാനം പിടിച്ചതോടെ പൂത്തറയിൽ നാടൻപൂക്കൾക്കു പകരം തോവാളയിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമെല്ലാം പൂക്കളെത്തി തുടങ്ങി. തുമ്പയും തെച്ചിയും മന്ദാരവും കാക്കപ്പൂവും കണ്ണാന്തളിയും കോളാമ്പി പൂക്കളും കൃഷ്ണകിരീടവുമെല്ലാം രാജാക്കന്മാരായി വാണ പൂത്തറയിലേക്ക് ഡാലിയയും ചെണ്ടുമല്ലിയും റോസാപ്പൂക്കളുമെല്ലാം കടന്നുവന്നു. എന്നിരുന്നാലും എന്നെന്നും ഗൃഹാതുരത്വമുണർത്തുന്ന ചില നാടൻപൂവുകളുടെ ഓർമ്മ കൂടിയാണ് മലയാളിക്ക് ഓണക്കാലം.
ഓണപ്പൂക്കളങ്ങളിലെ ഒഴിച്ചു കൂടാനാവാത്ത സാന്നിധ്യമായിരുന്നു തുമ്പപ്പൂക്കൾ. തൊടിയിലും പറമ്പിലും പാടത്തുമൊക്കെയായി ആർക്കും വേണ്ടാതെ കിടക്കുന്ന തുമ്പച്ചെടികളിലെ ഇത്തിരിക്കുഞ്ഞൻ പൂക്കൾ ഓണക്കാലമാവുന്നതോടെ രാജാക്കന്മാരാവും. പൂത്തറയിൽ വെണ്മയുടെ അഴകുമായി പുഞ്ചിരി വിതറുന്ന തുമ്പപ്പൂവിന് പകരമാവാൻ മറ്റാർക്കു കഴിയും.
![]()
വേലിയരികിലെ കോളാമ്പി പൂക്കളാണ് നാടൻ പൂവുകൾക്കിടയിലെ മറ്റൊരു താരം. പൂക്കൾ അതുപോലെയും കുനുകുനാ അരിഞ്ഞിട്ടും പൂക്കളത്തിലേക്ക് സ്വർണ്ണചന്തം പകരുന്ന മഞ്ഞ പൂക്കളും ഗൃഹാതുരത്വത്തിന്റെ ഓർമ്മയാണ്. ഫ്ളാറ്റുകളും അപ്പാർട്ട്മെന്റുകളുമെല്ലാം സജീവമായതോടെ നഗരത്തിലെ ഇത്തിരിപച്ചപ്പിലേക്ക് വീണ്ടും കോളാമ്പി പൂക്കൾ തിരിച്ചുവന്നിട്ടുണ്ട്. അധികം ബുദ്ധിമുട്ടുകളില്ലാതെ പരിപാലിക്കാവുന്ന കോളാമ്പി പൂക്കൾ ഫ്ളാറ്റുകളുടെയും വില്ലകളുടെയുമെല്ലാം ഗാർഡനുകളിലെ സാന്നിധ്യമായി മാറിയിട്ടുണ്ട്.
കിരീടം ചൂടിയ ഒരു രാജാവിനെ പോലെ തൊടിയിൽ പൂത്തുനിൽക്കുന്ന മറ്റൊരു ചെടിയാണ് കൃഷ്ണകിരീടം. കൂട്ടത്തോടെ വളരുന്ന ചെടികളുടെ പച്ചയിലകൾക്കു മുകളിലായി ജ്വലിച്ചുനിൽക്കുന്ന കൃഷ്ണകിരീടം. ഒരു പൂങ്കുല തന്നെയാണ് ഓരോ കൃഷ്ണകിരീടക്കുലകളിലും ഒളിഞ്ഞിരിക്കുന്നത്. പൂക്കളത്തിലെ മറ്റൊരു സാന്നിധ്യം, കാക്കപ്പൂവിന്റേതായിരുന്നു. നീലനിറത്തിന്റെ അഴകുമായി കുന്നിൻമുകളിലും പാടവരമ്പുകളിലും ഏക്കറുകണക്കിന് സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന കാക്കപ്പൂവുകൾ സമ്മാനിച്ച കാഴ്ചയുടെ വസന്തം ഒന്നു വേറെ തന്നെയാണ്.
തോവാളയിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും പൂക്കൾ കേരളത്തിലേക്ക് ഒഴുകുമ്പോൾ മലയാളിക്ക് നഷ്ടമാവുന്നതും ഈ നാടൻപൂക്കളുടെ സൗന്ദര്യവും നറുമണവും കാഴ്ചയുമാണ്
Read more: Onam Release 2019: ഉത്സവമേളം തീർക്കാൻ ഓണം റിലീസ് ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us