Onam 2019, Avittakatta: ഓണച്ചൊല്ലുകളിലൊന്നാണ് ‘അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം’. എന്താണ് ഈ അവിട്ടക്കട്ട?. തിരുവോണത്തിനൊരുക്കിയ സദ്യയുടെ ബാക്കി വന്നതെല്ലാം ചേര്‍ത്ത് പിറ്റേന്ന് കഴിക്കാനായ് കരുതി വയ്ക്കുന്നതാണ് അവിട്ടക്കട്ട.
സാമ്പാര്‍, അവിയല്‍, എരിശ്ശേരി, പുളിശ്ശേരി ഇതൊക്കെ ചെറിയ പാത്രങ്ങളിലാക്കി, വെള്ളത്തിലിറക്കി വയ്ക്കും. പിറ്റേന്ന് എല്ലാ കറികളും തൈരും ചമ്മന്തിയും ചേര്‍ത്ത് അവിട്ടക്കട്ടയെന്ന് വിളിക്കുന്ന ഈ കറിക്കൂട്ട് കഴിക്കും. ആറ് രസങ്ങള്‍ കൂടിയുള്ള ഓണസദ്യയുടെ കൂട്ട് പിറ്റേന്ന്, പച്ചവെളിച്ചെണ്ണയും കറിവേപ്പലും കൂടി ചേര്‍ത്ത് തയ്യാറാക്കുന്ന അവിട്ടക്കട്ട രുചിയില്‍ പുറകോട്ട് പോകില്ലെന്ന് ഉറപ്പിക്കാം.
ഓണക്കാടി, കാടിയോണം, പഴംകൂട്ടാന്‍
സമൃദ്ധിയുടെ ഓര്‍മയാണെങ്കിലും, വറുതിയുടെ പാടുകള്‍ മനസ്സില്‍ നിന്ന് മായാത്തതിനാല്‍ പണ്ട് കാരണവന്മാര്, ഭക്ഷണം കളയാതിരിക്കാന്‍ കണ്ടു പിടിച്ചതാവണം ഈ അവിട്ടക്കട്ട. Onam.
തെക്കന്‍ കേരളത്തിലുള്ളവര്‍ക്കാണ് അവിട്ടക്കട്ടയുടെ രുചിയറിഞ്ഞിട്ടുണ്ടാവുക. വടക്കോട്ട് അത്ര തന്നെ പരിചയമുണ്ടാകില്ല ഈ രുചിക്കൂട്ട്. ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളില്‍ അവിട്ടക്കട്ടയുടെ കൂട്ടൊരുക്കുന്നത് പതിവാണ്. ആലപ്പുഴയിലേക്കും ചേര്‍ത്തലയിലേക്കും എത്തുമ്പോള്‍ പരിപ്പ്, ഓലന്‍, തോരന്‍ ഒഴിച്ചുള്ള ബാക്കി കറികളെല്ലാം ഒരു കലച്ചട്ടിയില്‍ അടച്ച് വയ്ക്കും. പിറ്റേന്നത് അതായത് അവിട്ടത്തിന്റന്ന് അടുപ്പില്‍ വച്ച് വറ്റിച്ചെടുക്കും. എന്നിട്ടത് പച്ചവെളിച്ചെണ്ണയും വേപ്പിലയും ചേര്‍ത്ത് തയ്യാറാക്കും. രാവിലത്തെ പലഹാരത്തിന്റെ കൂടെയും ഉച്ചയ്ക്ക് ഊണിന്റെയും കൂടെയും ഇതുണ്ടെങ്കില്‍ വേറെ കറികളൊന്നും വേണ്ട.
ചിലയിടങ്ങളില്‍ അവിട്ടക്കട്ടയും കാടിയോണവും രണ്ടും രണ്ടാണ്. മോര് ചേര്‍ത്തുണ്ടാക്കുന്ന കിച്ചടി, പച്ചടി, കാളന് പോലുള്ള കറികള്‍ അച്ചാറും ചോറും കാന്താരിയും ചേര്‍ത്ത് നിറയെ മോരുമൊഴിച്ച് ഭരണയില്‍ കെട്ടി വയ്ക്കും. പിറ്റേന്ന് ഇതെടുത്ത് തൈരും ചേര്‍ത്ത് കഴിക്കും. ഇത് ചൂടാക്കാറില്ല. സാമ്പാറും അവിയലും തുടങ്ങി കേടുവരാത്ത കറികള്‍ അച്ചാറും ചേര്‍ത്ത് ചോറിട്ടും ഇടാതെയും അടച്ചു വയ്ക്കും. ചോറിട്ടാല്‍ ചൂടാക്കാതെ കാന്താരിയും മോരും ചേര്‍ത്ത് കഴിക്കും. ചോറിട്ടില്ലെങ്കില് ചൂടാക്കി കഴിക്കും
Read More: അവിട്ടക്കട്ട അഥവാ ഒരു ഓണക്കറി രൂപം കൊളളുന്നത് ഇങ്ങനെ