Onam 2019: ഓണാഘോഷങ്ങൾ പടിവാതിൽക്കൽ എത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. നാടും നഗരവും വിപണിയുമെല്ലാം ഓണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 15,000 രൂപയും ബോണസായി 4,000 രൂപയും അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവും കഴിഞ്ഞ ദിവസം വന്നിരുന്നു.
പാർടൈം കണ്ടിജൻസി ജീവനക്കാർ, സ്ഥിരം തൊഴിലാളികൾ, അങ്കണവാടി ജീവനക്കാർ, വിവിധ വകുപ്പുകളിലെ താൽക്കാലിക വർക്കർമാർ എന്നിവർക്ക് അഡ്വാൻസായി 5000 രൂപയും നൽകും. ബോണസിന് 27,360 രൂപയാണു ശമ്പളപരിധി. ഇതിനുമുകളിൽ ശമ്പളം വാങ്ങുന്നവർക്ക് 2750 രൂപ ഉത്സവബത്തയായി ലഭിക്കും. ഓണം അഡ്വാൻഡ് ആയി നൽകുന്ന തുക, ഒക്ടോബറിലെ ശമ്പളം മുതൽ 5 ഗഡുക്കളായാണ് തിരികെ ഈടാക്കുക.
സർക്കാർ ജീവനക്കാർക്ക് സെപ്റ്റംബർ 8 മുതൽ 15 വരെ തുടർച്ചയായി 8 ദിവസമാണ് ഇത്തവണ അവധി. സെപ്റ്റംബർ 10 മുതൽ 12വരെയുളള മൂന്നു ദിവസമാണ് ഓണം അവധി.
എട്ടാം തീയതി ഞായറാഴ്ച ആയതിനാൽ അവധിയാണ്. 9-ാം തീയതി മുഹറം ആയതിനാലാണ് അവധി. 13-ാം തീയതി ശ്രീനാരായണഗുരു ജയന്തി ആയതിനാലും 14-ാം തീയതി രണ്ടാം ശനിയും 15-ാം തീയതി ഞായറാഴ്ചയും ആയതിനാൽ അവധിയാണ്. 17-ാം തീയതി വിശ്വകർമദിനം ആയതിനാൽ നിയന്ത്രിത അവധിയുണ്ട്.
നാലു ദിവസം ബാങ്കുകൾക്കും അവധിയാണ്. 10,11,13,14 തീയതികളിലാണ് ബാങ്ക് അവധി. 10 ന് ഒന്നാം ഓണവും 11 ന് തിരുവോണവും 13ന് ശ്രീനാരായണഗുരു ജയന്തിയും 14ന് രണ്ടാം ശനിയും ആയതിനാലാണ് അവധി.
Read more: Onam 2019: ഓണം വസ്ത്രവിപണി കീഴടക്കാൻ ‘ഇട്ടിമാണി’ മുണ്ടും