ഓണം കേരളത്തിന്റെ സംസ്കാരത്തോടും ജീവിതത്തോടും ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഉത്സവങ്ങളിലൊന്നാണ്. കൃഷി, കാർഷിക സംസ്കാരം എന്നിവയുമായെല്ലാം ബന്ധപ്പെട്ടു കിടക്കുന്ന ഉത്സവമായതു കൊണ്ടു തന്നെ, ഓണവുമായി ബന്ധപ്പെട്ട നിരവധിയേറെ ചൊല്ലുകളും നമുക്കുണ്ട്. നമ്മൾ നിത്യജീവിതത്തിൽ അറിഞ്ഞും അറിയാതെയുമൊക്കെ പറഞ്ഞുപോവുന്ന, തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട ഏതാനും ചില ഓണം പഴഞ്ചൊല്ലുകൾ ഓർക്കാം.

Read Here: Onam 2019: ഓണം: ആഘോഷങ്ങൾ, ചരിത്രം, പ്രസ്കതി: അറിയേണ്ടതെല്ലാം

ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി

സാമൂഹിക അവസ്ഥയെ പ്രതിനിധീകരിക്കുന്ന പഴഞ്ചൊല്ലുകളിൽ ഒന്നാണ് ഇത്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സാമൂഹികമായ അന്തരമാണ് പരോക്ഷമായി ഈ ചൊല്ല് സൂചിപ്പിക്കുന്നത്. സാമ്പത്തിക ഭദ്രതയുള്ളവന് ജീവിതത്തിൽ എപ്പോഴും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണനാളുകളാണെങ്കിൽ, ദാരിദ്ര്യത്തിലൂടെയും പട്ടിണിയിലൂടെയും കടന്നു പോവുന്നവനെ സംബന്ധിച്ച് ഓണമായാലും പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമില്ലെന്നാണ് ഈ ചൊല്ലിന്റെ ധ്വനി.

ഓണത്തിനിടയ്ക്ക് പുട്ടു കച്ചവടം

ഈ ചൊല്ല് കേൾക്കുമ്പോൾ ദിലീപ്- നാദിർഷാ ടീമിന്റെ പഴയ പാരഡി കാസറ്റിന്റെ പേരാണ് പലർക്കും ഇന്ന് ഓർമ്മ വരിക. എന്നാൽ അതിനപ്പുറം, പ്രധാനപ്പെട്ട ഒരു കാര്യത്തിനിടയില്‍ നിസാരമായ കാര്യങ്ങൾ കൊണ്ടു വരുന്ന പ്രവണതയെ കൂടെ കളിയാക്കുന്ന ഒരു ചൊല്ലാണിത്. ഓണത്തിനു മലയാളികളുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെ കൂടി ഈ പഴമൊഴി സൂചിപ്പിക്കുന്നുണ്ട്.

അത്തം പത്തോണം

ഓണത്തിന്റെ നാൾ വഴികളെയാണ് ഈ ചൊല്ല് സൂചിപ്പിക്കുന്നത്. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ ആരംഭിക്കുന്ന ഓണാഘോഷങ്ങൾ പത്തു നാൾ പിന്നിട്ട് തിരുവോണത്തിലെത്തുന്നു എന്നാണ് ഈ ചൊല്ലു കൊണ്ട് സൂചിപ്പിക്കുന്നത്.

ഓണം കേറാമൂല

ഇനിയും പരിഷ്കാരങ്ങളൊന്നും എത്തിനോക്കാത്ത സ്ഥലങ്ങളെ പരിഹാസരൂപേണ വിശേഷിപ്പിക്കുന്ന പേരാണ് ഓണം കേറാമൂല എന്നത്. വർഷത്തിൽ ഒരിക്കൽ എത്തുന്ന ഓണം പോലും കടന്നു വരാത്ത ഒരിടം എന്നും ഈ പ്രയോഗത്തിനു ധ്വനിയുണ്ട്.

കാണം വിറ്റും ഓണമുണ്ണണം

ഓണം സന്തോഷത്തിന്റെയും ഐശ്വര്യമാണ്. അതുകൊണ്ടു തന്നെ, വർഷത്തിലൊരിക്കൽ പ്രജകളെ കാണാനെത്തുന്ന മാവേലി തമ്പുരാനെ സന്തോഷത്തോടെ സ്വീകരിക്കണം എന്നാണ് പഴമക്കാരുടെ വിശ്വാസം. ദുരിതങ്ങൾക്കും ദാരിദ്ര്യത്തിനുമൊക്കെ അവധി കൊടുത്ത് ഓണം നാളിൽ എല്ലാവരും സന്തോഷത്തോടെ ഓണം ആഘോഷിക്കണം എന്ന ആഗ്രഹമാണ് ഈ ചൊല്ലിൽ നിറയുന്നത്. കാണം എന്നാൽ വസ്തു എന്നാണ് അർത്ഥം. കാണം വിറ്റിട്ടായാലും ഓണാഘോഷം പൊടിപൊടിക്കണമെന്നാണ് ഈ ചൊല്ലിന്റെ സാരം.

ഉള്ളതുകൊണ്ട് ഓണം പോലെ

ഉള്ളതിൽ സംതൃപ്തിയോടെ കഴിയുക എന്നാണ് ഈ ഓണമൊഴി സൂചിപ്പിക്കുന്നത്. ‘ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി’ എന്ന ചൊല്ലും ഇതിന്റെ മറ്റൊരു അർത്ഥമാണ് ധ്വനിപ്പിക്കുന്നത്.

ഇതു മാത്രമല്ല, ഓണവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ഇനിയുമേറെയുണ്ട്. അത്തം വെളുത്താൽ ഓണം കറുക്കും, ഓണം പോലെയാണോ തിരുവാതിര? ഓണം മുഴക്കോലുപോലെ, അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം, ഉറുമ്പു ഓണം കരുതും പോലെ, ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര, ഓണം വരാനൊരു മൂലം വേണം, ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം, ഓണത്തിനല്ലയൊ ഓണപ്പുടവ, ഓണത്തേക്കാൾ വലിയ വാവില്ല, ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ എന്നു തുടങ്ങി രസകരമായ നിരവധിയേറെ ചൊല്ലുകൾ മലയാളത്തിലുണ്ട്.

Read more: Onam Release 2019: ഉത്സവമേളം തീർക്കാൻ ഓണം റിലീസ് ചിത്രങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook