പൊന്നോണക്കാലത്തിന്റെ ആഘോഷവും തുയിലുണർത്തലും സന്തോഷവുമൊക്കെയാണ് മലയാളികൾക്ക് ഓണപ്പാട്ടുകൾ. എന്നാൽ ആഘോഷത്തിനപ്പുറത്ത് പരസ്പരമുള്ള കരുതലിന്റെയും സാന്ത്വനത്തിന്റെയും കൂടി ഗീതങ്ങളായി മാറുകയാണ് ഈ ഓണപ്പാട്ടുകൾ. പ്രകൃതിദുരന്തം അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ തിരുവനന്തപുരത്തെ അമ്പതംഗ ഗായകസംഘം തയാറെടുക്കുമ്പോൾ പാട്ടുകൾ രചിച്ചിരിക്കുന്നത് ശ്രീകുമാരൻ തമ്പിയാണ്.

ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെ വൈലോപ്പിള്ളി സംസ്കൃതിഭവനിൽ സമ്പൂർണ വാദ്യമേളങ്ങളോടെ ഈ ഗാനങ്ങൾ അവതരിപ്പിക്കപ്പെട്ടു. അഞ്ചുമുതല്‍ എഴുപത്തഞ്ചുവരെ പ്രായമുളള അന്‍പതുഗായകരാണ് പരിപാടിയിൽ പാട്ടുകൾ ആലപിച്ചത്. ഇതിൽ നിന്നും ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് സംഭാവന നൽകുന്നത്. ശ്രീകുമാരന്‍ തമ്പി, പൂവച്ചല്‍ ഖാദര്‍, ചുനക്കര രാമന്‍കുട്ടി തുടങ്ങിയ ഒന്‍പതോളം പേരുടെ ഗാനങ്ങളാണ് പരിപാടിയിൽ ആലപിക്കപ്പെട്ടത്. തണ്ടര്‍ബേഡ്സ് വേണു, ആര്‍. സോമശേഖരന്‍, പൊന്നുകുന്നം ജോസ് ,പന്തളം ബാലന്‍ എന്നിവരാണ് വരികൾക്ക് സംഗീതം പകർന്നത്.

“നല്ലൊരു കാര്യത്തിനു വേണ്ടിയാണ് ഈ പാട്ടുകൾ എഴുതിയത്. ഒരു അപകടം വന്നാൽ എല്ലാവരും ഒരുമിക്കുകയല്ലേ വേണ്ടത്,” നിരവധിയേറെ ഓണപ്പാട്ടുകൾ മലയാളത്തിനു സമ്മാനിച്ച ശ്രീകുമാരൻ തമ്പി പറയുന്നു. മലയാളത്തിന് നിരവധിയേറെ ഓണപ്പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവാണ് അദ്ദേഹം. മലയാളികൾ ഓണക്കാലത്ത് ഏറ്റവും കൂടുതൽ കേൾക്കുന്ന പല ഓണപ്പാട്ടുകളും ശ്രീകുമാരൻ തമ്പിയുടെ തൂലികയിൽ പിറന്നവയാണ്. 1973 ൽ ആണ് മലയാളത്തിൽ ശ്രീകുമാരന്‍ തമ്പി- എം കെ അര്‍ജുനന്‍ കൂട്ടുകെട്ട് വരുന്നത്. ‘പൂവണിപ്പൊന്നുംചിങ്ങം വിരുന്നു വന്നു പൂമകളേ’ എന്ന ഗാനമാണ് ഏറെ ശ്രദ്ധിക്കപ്പെട്ട ആദ്യഗാനങ്ങളിലൊന്ന്. ‘പഞ്ചവടി’ എന്ന ചിത്രത്തിലെ ഈ ഗാനം ആലപിച്ചിത് യേശുദാസ് ആണ്.

Read more: Onam 2019: ഓണം: ആഘോഷങ്ങൾ, ചരിത്രം, പ്രസ്കതി: അറിയേണ്ടതെല്ലാം

‘തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച വാങ്ങാന്‍’ എന്ന ഗാനമാണ് ഏറെ പ്രശസ്തമായ മറ്റൊരു ഓണപ്പാട്ട്. ‘തിരുവോണം’ (1975) എന്ന ചിത്രത്തിനു വേണ്ടി ശ്രീകുമാർ തമ്പിയെഴുതിയ ഈ ഗാനം ആലപിച്ചത് വാണി ജയറാമായിരുന്നു. ശ്രീകുമാരന്‍ തമ്പിയും സലിൽ ചൗധരിയും ഒന്നിച്ച ‘വിഷുക്കണി’ എന്ന ചിത്രത്തിലെ ‘പൂവിളി പൂവിളി പൊന്നോണമായി’ എന്ന ഗാനവും മലയാളി എന്നും ഓർക്കുന്ന ഓണപ്പാട്ടുകളിൽ ഒന്നാണ്.

ഇതാദ്യമായല്ല, പ്രളയമുഖത്ത് സാന്ത്വനഹസ്തവുമായി ശ്രീകുമാരൻ തമ്പിയെത്തുന്നത്. കഴിഞ്ഞ വർഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി പ്രളയത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് ശ്രീകുമാരൻ തമ്പി കൈതാങ്ങായിരുന്നു. കഴിഞ്ഞ വർഷത്തെ ജെ.സി.ഡാനിയേല്‍ പുരസ്കാര ജേതാവായ ശ്രീകുമാരന്‍ തമ്പി, തന്റെ പുരസ്കാര തുകയില്‍ നിന്നുമാണ് ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. വെള്ളപ്പൊക്ക ദുരിതത്തില്‍ ആണ്ട കേരളത്തിന്‌ തന്റെ വകയായുള്ള ദുരിതാശ്വാസ സംഭാവന എന്ന രീതിയിലാണ് പുരസ്കാര തുക മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. മലയാളചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി കേരള സർക്കാർ നൽകുന്ന പുരസ്കാരമാണ് ജെ.സി.ഡാനിയേൽ അവാർഡ്.

Read more: ജെ.സി.ഡാനിയേല്‍ പുരസ്‌കാരത്തില്‍ നിന്നും ഒരു ലക്ഷം രൂപ നല്‍കി ശ്രീകുമാരന്‍ തമ്പി, കേരളത്തെ കൈവിടാതെ തമിഴ് സിനിമാ ലോകവും

.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook