Onam 2019: കൊച്ചി: മലയാളികളുടെ ഓണാഘോഷം പൊടിപൊടിക്കുമ്പോൾ സജീവമാകുന്നത് പ്രധാനമായും പൂക്കളുടെയും പച്ചക്കറികളുടെയും വിപണി കൂടിയാണ്. പ്രളയം തകർത്ത കഴിഞ്ഞ വർഷത്തെ ഓണക്കാലത്ത് നിന്നും ഇത്തവണ എത്തുമ്പോൾ ഓണ വിപണി സജീവമാണ്. ഭംഗിയേറിയ അത്തപൂക്കളത്തിനും വിഭവസമൃദ്ധമായ സദ്യയ്ക്കുമായി ഇത്തവണയും പൂക്കളും പച്ചക്കറികളും എത്തുന്നത് തമിഴകത്ത് നിന്നുമാണ്.

ജമന്തിയും വാടാമല്ലിയും റോസാപ്പൂവും ഡാലിയയുമെല്ലാം അടക്കി വാഴുന്ന പൂ വിപണിയാണ് മുഖ്യ ആകർഷണം. സ്കൂളുകളിലേക്കും കോളേജുകളിലേക്കും  ഓഫീസുകളിലേക്കുമായി പൂക്കളം ഒരുക്കാൻ നിരവധി ആളുകളാണ് എറണാകുളത്തെ വിവിധ പൂക്കച്ചവടക്കാരെ സമീപിക്കുന്നത്.  എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന്റെ പരിസരവും കച്ചേരിപടിയുമൊക്കെയാണ് പൂക്കളുടെ കേന്ദ്രങ്ങൾ. പൂക്കാരൻമുക്കാണ് സാധാരണ ഗതിയിൽ പൂക്കച്ചവടക്കാരുടെ പ്രധാന കേന്ദ്രമെങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി ഓണവിപണി കേന്ദ്രീകരിച്ചിരിക്കുന്നത് നോർത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്താണ്. തമിഴർ തന്നെയാണ് കച്ചവടക്കാരിൽ കൂടുതൽ എങ്കിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മലയാളികളും പൂ വിപണിയിൽ സജീവമാണ്.

Also Read: Onam 2019: ഓണം: സർക്കാർ ഓഫിസുകൾക്ക് സെപ്റ്റംബർ 8 മുതൽ 15 വരെ അവധി

തമിഴ്‌നാട്ടിലെ തോവാള, തെങ്കാശി, സുന്ദരപാണ്ഡ്യപുരം, ആയ്ക്കുടി, സാമ്പര്‍വടകരൈ കർണാടകയിലെ ഗുണ്ടൽപേട്ട്, എന്നിവിടങ്ങളിൽ നിന്നുമാണ് കൂടുതലായും കേരളത്തിലേക്ക് ഓണക്കാലത്ത് പൂക്കളെത്തുന്നത്. ഇവിടങ്ങളിൽ  ആയിരക്കണക്കിന് ഏക്കര്‍ പ്രദേശത്താണ് ഓണം വിപണിയിലെത്തിക്കാനുള്ള പൂക്കൾ കൃഷി ചെയ്യുന്നത്. തമിഴ്നാട്ടിൽ മഴ കൃത്യമായി ലഭിക്കാത്തത് ചിലപ്രദേശങ്ങളിലെ കൃഷിയെ ബാധിച്ചെങ്കിലും മലയാളികൾക്ക് ആവശ്യമായ പൂക്കൾ കേരളത്തിൽ എത്തിയിട്ടുണ്ട്.

കോയമ്പത്തൂരിൽ നിന്നുമാണ് കച്ചവടക്കാരിൽ ഏറിയപങ്കും  എത്തിയിരിക്കുന്നത്. തങ്കമ്മയും മാരിയമ്മയും ഗണേശനുമൊക്കെ അങ്ങനെ എത്തിയവരാണ്. കൃഷിക്കാരായ ഇവർ ഓണവിപണി മാത്രം ലക്ഷ്യം വച്ച് കേരളത്തിലെത്തിയതാണ്.  റോഡരികിൽ രാത്രി കിടന്നുറങ്ങി അതിരാവിലെ തമിഴ്നാട്ടിൽ നിന്നും എത്തുന്ന ലോഡ് തിരിച്ച് വഴിയോരങ്ങളിൽ തന്നെ ഇവർ കച്ചവടം നടത്തുന്നു.

“തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നിന്നുമാണ് ഇവിടെ എത്തിയത്. കഴിഞ്ഞ അഞ്ച് എട്ട് ദിവസങ്ങളായി ഇവിടെയുണ്ട്. ഓണം കഴിയുന്നതോടെ തിരിച്ച് പോകും,” കോയമ്പത്തൂർ സ്വദേശിനി തങ്കമ്മ പറഞ്ഞു.

കുറച്ച് ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന കച്ചവടം അവസാനിക്കുന്നതോടെ ഇവർ  തിരിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങും. പ്രളയം തകർത്ത കഴിഞ്ഞ വർഷം നേരിട്ട വൻ നഷ്ടത്തിന് ശേഷം ഇത്തവണ വീണ്ടും വിപണി സജീവമായതിന്റെ സന്തോഷത്തിലാണ് കച്ചവടക്കാർ.

“മത്സരങ്ങൾ കുറവാണെങ്കിലും ഇത്തവണ പൂക്കൾക്ക് ആവശ്യക്കാരുണ്ട്. മഴയൊക്കെ കാരണം കഴിഞ്ഞ വർഷം മുതൽമുടക്ക് ഉൾപ്പെടെ എല്ലാം നഷ്ടമായിരുന്നു. എന്നാൽ ഈ വർഷം മാറ്റമുണ്ട്,” ഒറ്റപ്പാലത്ത് നിന്നെത്തി കച്ചവടം നടത്തുന്ന നാഗേന്ദ്രൻ പറഞ്ഞു.

ഡാലിയ തന്നെയാണ് പൂക്കളിൽ കേമൻ. കാണാൻ ഭംഗിയുള്ള ഡാലിയയുടെ വില കേട്ടാൽ പൊള്ളും. കിലോയ്ക്ക് 1000 രൂപയാണ് ഡാലിയയുടെ ശനിയാഴ്ചത്തെ  വില. മഞ്ഞ ജമന്തി ഒരു കിലോ 200 രൂപ, ഓറഞ്ച് ജമന്തി 150 രൂപ, വാടാമല്ലി 400, റോസ് 300 മുതൽ 600 രൂപ വരെയാണ് വില. റോസിന്റെ നിറങ്ങൾക്ക് അനുസരിച്ചാണ് വിലയിലും വ്യത്യാസം വരുന്നത്. അരളി പൂവിന് 500 രൂപയാണ് ശനിയാഴ്ചത്തെ  വില.

അത്തപ്പൂക്കള മത്സരങ്ങളും ഓഫീസുകളിലെ ഓണാഘോഷങ്ങളും അവസാനിച്ചതോടെ വരും ദിവസങ്ങളിൽ പൂക്കളുടെ വില ഇനിയും കുറയാനാണ് സാധ്യത. ഇനി ആഘോഷങ്ങൾ വീടുകളും റെസിഡന്റ്സ് അസോസിയേഷനുകളും കേന്ദ്രീകരിച്ചായിരിക്കും എന്നതിനാൽ ആവശ്യക്കാർ കുറയുമെന്നാണ് കച്ചവടക്കാരും പറയുന്നത്. എങ്കിലും ഓണം അവസാനിക്കുന്നത് വരെ ഇവർ ഇവിടെയൊക്കെ തന്നെയുണ്ടാകും. ഭംഗിയും പരിമളവുമുള്ള പൂക്കളുമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook