ദുബായ്: ജാതിമതഭേദമില്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഒരു ഉത്സവമാണ് മലയാളിക്ക് ഓണം. ഓണം അടുത്തെത്തിയിരിക്കെ, ഓണാഘോഷങ്ങൾക്ക് മോടി പകരാനായി കൈകോർക്കുകയാണ് എമിറേറ്റ്സും. സെപ്തംബർ ഒന്നു മുതൽ 13 വരെ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള എമിറേറ്റ്സ് ഫ്ളൈറ്റുകളുടെ എല്ലാ ക്യാബിൻ ക്ലാസുകളിലും ഓണം വിഭവങ്ങൾ നൽകാനാണ് എമിറേറ്റ്സിന്റെ തീരുമാനം.

പരമ്പരാഗത ഓണം വിഭവങ്ങളായ കായ വറുത്തത് (വാഴയ്ക്ക ചിപ്സ്), ശർക്കര ഉപ്പേരി, കൊണ്ടാട്ട മുളക് എന്നിവയെല്ലാം ഉൾപ്പെടുന്ന മെനുവാണ് എമിറേറ്റ്സ് ഫ്ളൈറ്റുകളിൽ വിളമ്പുക. ഒപ്പം കാളൻ, പച്ചടി, പുളിയിഞ്ചി, ചട്ണി തുടങ്ങിയവയും സദ്യയിലുണ്ടാകും. ഫസ്റ്റ് ക്ലാസ്സ്, ബിസിനസ്സ് ക്ലാസ് യാത്രക്കാർക്ക് കേരള രീതിയിലുള്ള പപ്പടം, മാങ്ങാ അച്ചാർ എന്നിവയും നൽകും.

ദുബായിൽ നിന്നും കേരളത്തിലേക്ക് എക്കണോമി ക്ലാസ്സിൽ യാത്ര ചെയ്യുന്നവർക്ക് രണ്ട് തരത്തിലുള്ള മെനുകളിൽ നിന്ന് വേണ്ടത് തിരഞ്ഞെടുക്കാം. ആലപ്പി ചിക്കൻ കറി, തോരൻ, ചോറ് എന്നിവ അടങ്ങുന്ന മെനുവാണ് അതിലൊന്ന്. നോൺ വെജ് വേണ്ടാത്തവർക്ക് സാമ്പാർ, തോരൻ, ചോറ് എന്നിവ അടങ്ങിയ മെനു തെരെഞ്ഞെടുക്കാനും സാധിക്കും. പാലട പായസവും സദ്യയ്ക്ക് ഒപ്പം നൽകും. ഫസ്റ്റ് ക്ലാസ്സ് യാത്രക്കാർക്ക് മട്ടൻ പെപ്പർ ഫ്രൈയും മെനുവിൽ നിന്നും തിരഞ്ഞെടുക്കാം. ട്രേകളിലും ഡിഷ് ലൈനറുകളിലും വാഴയില വിരിച്ചാണ് ഓണസദ്യ വിളമ്പുക.

ഓണസദ്യയ്ക്ക് ഒപ്പം, ജനപ്രിയ മലയാളം സിനിമകൾ കാണാനും പാട്ടുകൾ ആസ്വദിക്കാനുള്ള സൗകര്യവും എമിറ്റേറ്റ്സ് ഫ്ളൈറ്റുകളിൽ ഒരുക്കിയിട്ടുണ്ട്. ദുബായിൽ നിന്നും ദിവസേന രണ്ടു തവണ കൊച്ചിയിലേക്കും ആഴ്ചയിൽ 11 തവണ തിരുവനന്തപുരത്തേക്കുമാണ് എമിറേറ്റ്സിന്റെ ഫ്ളൈറ്റുകൾ ഉള്ളത്.

Read more: Onam 2019: ഓണം: ആഘോഷങ്ങൾ, ചരിത്രം, പ്രസ്കതി: അറിയേണ്ടതെല്ലാം

സെപ്തംബർ 10-13 തീയതികളിലാണ് ഈ വർഷത്തെ ഓണം. സെപ്തംബർ 10 ഒന്നാം ഓണം(ഉത്രാടം), സെപ്തംബർ 11 തിരുവോണം, സെപ്തംബർ 12 മൂന്നാം ഓണം)(അവിട്ടം), സെപ്തംബർ 14 നാലാം ഓണവും വരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook