Onam 2019, Onam Sadhya Items: ജാതി മദഭേദമന്യേ ലോകത്തിന്റെ എല്ലാ കോണിലുമുള്ള മലയാളികൾ ആഘോഷിക്കുന്ന ഒന്നാണ് ഓണം. അത്തം ഒന്നിനു തുടങ്ങുന്ന ഓണാഘോഷം പത്താം നാളിലാണ് അവസാനിക്കുക. ഇതിൽ തന്നെ തിരുവോണമാണ് പ്രധാനം. തിരുവോണ നാളെന്നു കേൾക്കുമ്പോൾ തന്നെ നാവിൽ രുചിയൂറും. എന്താണെന്നല്ലേ, തിരുവോണ നാളിൽ തൂശനിലയിൽ വിളമ്പുന്ന ഓണസദ്യ ഏതൊരു മലയാളിയുടെയും നാവിൽ കപ്പലോടിക്കും.
ഉപ്പേരി, പഴം, പപ്പടം, പായസം തുടങ്ങി 12 ലധികം വിഭവങ്ങൾ ചേരുന്നതാണ് ഓണസദ്യ. അതേസമയം, പരമ്പരാഗത ഓണസദ്യയിൽ 26 ലധികം വിഭവങ്ങളുണ്ടാവും. സദ്യ വിളമ്പുന്നതിന് ചില ചിട്ടവട്ടങ്ങളുമുണ്ട്. തുമ്പ് മുറിക്കാത്ത വാഴയിലയിലാണ് ഓണസദ്യ വിളമ്പേണ്ടത്. സദ്യ കഴിക്കാനിരിക്കുന്ന ആളുടെ ഇടത് വശത്ത് വാഴയിലയുടെ തുമ്പ് വരുന്ന തരത്തിലാണ് ഇല വയ്ക്കേണ്ടത്.
Read Here: Onam 2019: ഓണസദ്യ വിളമ്പേണ്ടത് എങ്ങനെ?
Onam Sadya Items: ഓണസദ്യയ്ക്ക് വിളമ്പുന്ന വിഭവങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.
ചോറ്: കുത്തരി ചോറാണ് സാധാരണയായി ഓണസദ്യയിൽ വിളമ്പുന്നത്
ഓലൻ: കുമ്പളങ്ങയാണ് ഓലൻ തയ്യാറാക്കാൻ ഉപയോഗിക്കുന്ന പ്രധാന പച്ചക്കറി. ഓലൻ സാധാരണയായി നാളികേരം വറുത്തരച്ചും പച്ചക്ക് അരച്ചും വയ്ക്കാറുണ്ട്.
Read Also: Onam 2019: ഓണസദ്യയ്ക്കുളള വിഭവങ്ങൾ തയ്യാറാക്കുന്നതെങ്ങനെ?
രസം: വളരെ എളുപ്പത്തിൽ തയാറാക്കാവുന്നൊരു ഒഴിച്ചു കറിയാണ് രസം. ഓണസദ്യയ്ക്ക് രസം ഒഴിച്ചുകൂടാനാവാത്തതാണ്.
ഇഞ്ചിക്കറി: ഓണസദ്യയിലെ പ്രധാന താരമാണ് ഇഞ്ചിക്കറി. ഇഞ്ചിക്കറി വിളമ്പാതെ ഓണസദ്യ പൂർണമാകില്ല. സ്വാദിലും ഗുണത്തിലും മുന്നിലാണ് ഇഞ്ചിക്കറി.
പച്ചടി: സദ്യയിലെ പ്രധാനപ്പെട്ട കറിയും ആദ്യം വിളമ്പുന്നതുമായ വിഭവമാണ് പച്ചടി. വെള്ളരിക്ക, ബീറ്റ്റൂട്ട്, കുമ്പളങ്ങ, പൈനാപ്പിൾ തുടങ്ങിയ ഉപയോഗിച്ച് പച്ചടി തയ്യാറാക്കാം.
സാമ്പാർ: ഓണസദ്യയിലെ ഒഴിച്ചു കറികളിൽ പ്രധാനിയാണ് സാമ്പാർ. പലയിനം പച്ചക്കറികളാണ് സാമ്പാർ തയ്യാറാക്കാൻ ഉപയോഗിക്കുന്നത്.
അവിയൽ: വിവിധ ഇനം പച്ചക്കറികളുടെ കൂടിച്ചേരലാണ് അവിയൽ. അവിയലിൽ ചേരാത്തതായി ഒന്നുമില്ലെന്ന് പഴമക്കാർ പറയാറുണ്ട്.
പരിപ്പുകറി: ഓണസദ്യയിൽ ആദ്യം വിളമ്പുന്ന ഒഴിച്ചുകറിയാണ് പരിപ്പുകറി. നെയ്യും പരിപ്പുകറിയും കൂട്ടിയാണ് ഓണസദ്യ കഴിക്കാൻ തുടങ്ങേണ്ടത്.
എരിശേരി: ഓണസദ്യയിൽ വിളമ്പുന്ന ഒരു നല്ല കൂട്ടുകറി ആണ് എരിശേരി. ഏത്തയ്ക്ക (നേന്ത്രക്കായ), ചേന, മത്തങ്ങ ഇവയിലേതെങ്കിലും ആണ് ഈ കറിയിലെ മുഖ്യ ഇനം.
കാളൻ: നല്ല പുളിയുളള കറിയാണിത്. പുളിശേരിയുമായി നല്ല സാമ്യമുള്ള ഒരു കറിയാണിത്. കുട്ടുകറിയായും ഒഴിച്ചുകറിയായും കാളൻ സദ്യയിൽ ഉപയോഗിക്കാറുണ്ട്.
കിച്ചടി: ഓണസദ്യയിലെ ഒരു പ്രധാന വിഭവമാണ് കിച്ചടി. മത്തങ്ങയാണ് ഇതിലെ പ്രധാനപ്പെട്ട പച്ചക്കറി. നാളികേരം വറുത്തരച്ച് ചേർക്കുന്ന ഈ വിഭവത്തിന് അൽപം മധുരവും കലർന്ന രുചിയാണ്. ബീറ്റ്റൂട്ട്, പാവയ്ക്ക തുടങ്ങിയ പച്ചക്കറികൾ ഉപയോഗിച്ചും കിച്ചടി തയ്യാറാക്കാം.
തോരൻ: ഓണസദ്യയിൽ തോരൻ ഉറപ്പായും വേണം. കാബേജോ, ചേനതണ്ടോ തുടങ്ങിയ ഏതിനം പച്ചക്കറി ഉപയോഗിച്ചും തോരൻ തയ്യാറാക്കാം.
പായസം: പായസം ഇല്ലെങ്കിൽ ഓണസദ്യ ഒരിക്കലും പൂർണമാവില്ല. ഓണസദ്യയിൽ പായസത്തിന് അത്രയേറെ പ്രാധാന്യമുണ്ട്. അടപ്രഥമൻ, കടലപ്രഥമൻ, പാൽപ്പായസം, പാലട പായസം, സേമ്യ പായസം തുടങ്ങി പലതരം പായസങ്ങൾ ഓണസദ്യയിൽ വിളമ്പാറുണ്ട്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook