തിരുവനന്തപുരം: ഓണക്കാലത്ത് കോവിഡ് ജാഗ്രത വർധിപ്പിക്കാൻ വ്യത്യസ്ത ബോധവല്‍ക്കരണവുമായി പൊലീസ്. തിരുവനന്തപുരത്ത് മാവേലി വേഷധാരിക്കൊപ്പം പൊലീസുകാര്‍ ബോധവല്‍ക്കരണം ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഇന്നു രാവിലെ പാളയം മാര്‍ക്കറ്റ് പരിസരത്ത് നടന്നു.

ഓണക്കാലത്ത് കോവിഡ്-19 വ്യാപനം വര്‍ധിക്കാതിരിക്കാന്‍ കര്‍ശന നപടികള്‍ കൈക്കൊള്ളാനുള്ള തയാറെടുപ്പിലാണു സര്‍ക്കാര്‍. പൊതുയിടങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പ് വരുത്തണമെന്ന് കഴിഞ്ഞദിവസം നടന്ന ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ചന്തകള്‍ ഉള്‍പ്പെടെയുള്ള വിപണന കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നന്ന് പൊലീസ് ഉറപ്പുവരുത്തും.

അതേസമയം, കോവിഡ് ബോധവൽക്കരണത്തിന് മാവേലിക്കൊപ്പം പൊലീസ് നിരത്തിലിറങ്ങണമെന്ന തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശത്തിനെതിരെ സേനയ്ക്കുള്ളി അമർഷമുള്ളതായാണു വിവരം. ഇതേത്തുടർന്ന് വേഷം കെട്ടാൻ ആളില്ലെങ്കിൽ പരിപാടി നടത്തേണ്ടതില്ലെന്നും പൊലീസുകാർ മാവേലി വേഷം കെട്ടേണ്ടതില്ലെന്നും  കമ്മിഷണർ നിർദേശിച്ചതായാണു വിവരം.

കോവിഡ് നിയന്ത്രണം പാലിച്ച് ഓണാഘോഷം ക്രമീകരിക്കുമെന്ന് ഉന്നതതല യോഗത്തിനുശേഷം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പൊതുസ്ഥലങ്ങളില്‍ ഓണാഘോഷവും ഓണസദ്യയും പാടില്ല. ഹോട്ടലുകളിലും റസേ്റ്റാറന്റുകളിലും സാമൂഹിക അകലം പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാം. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. കടകള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴ് വരെയും ഹോട്ടലുകള്‍ രാത്രി ഒന്‍പത് മണിവരെ തുറക്കാം. സൂപ്പര്‍മാര്‍ക്കറ്റുകള്‍ പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം.

ഓണവിപണി ലക്ഷ്യമിട്ട് അന്യസംസ്ഥാനങ്ങളില്‍നിന്ന് പൂക്കള്‍ കൊണ്ടുവരുന്നതിനാല്‍ മുന്‍കരുതലിന് ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കണം. അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവരെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കും.

Also Read: കോവിഡ്; അഞ്ച് മാസത്തിനിടെ തൊഴിൽ നഷ്ടപ്പെട്ടത് രണ്ടുകോടിയോളം പേർക്ക്

സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ഓണക്കാലത്ത് കോവിഡ് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടങ്ങള്‍. ഓണക്കാലത്തെ കൂട്ടം ചേരലുകള്‍ ഒഴിവാക്കണമെന്ന് തിരുവനന്തപുരം കലക്ടര്‍ ഡോ.നവ്ജ്യോത് ഖോസ അഭ്യര്‍ഥിച്ചു. കോവിഡ് 19 വ്യാപനം തടയാന്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം. ആഘോഷങ്ങള്‍ പരമാവധി വീടുകള്‍ക്കുള്ളില്‍ ഒതുക്കണം. ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മൊബൈല്‍ സ്‌ക്വാഡുകള്‍ രൂപീകരിക്കും.

എറണാകുളം ജില്ലയില്‍ കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് എല്ലാ താലൂക്കുകളിലും യോഗം ചേര്‍ന്നു. സാമൂഹിക അകലം പാലിച്ചു കൊണ്ട് മാത്രമേ കച്ചവടം പാടുള്ളു. പ്രവേശിക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം കടയുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കണം.

കടകള്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കളുടെ പേരും ഫോണ്‍ നമ്പറും എഴുതി സൂക്ഷിക്കണം, തെര്‍മല്‍ സ്‌കാനര്‍, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഏര്‍പ്പെടുത്തണം. പ്രവേശനത്തിനും പുറത്തേക്കു പോകാനും പ്രത്യേകം കവാടങ്ങള്‍ ക്രമീകരിക്കണം. പ്രായമായ, ഗര്‍ഭിണികളായ ജീവനക്കാരെ ഒഴിവാക്കണം.

Also Read: കോവിഡ്: കൊച്ചി മേയര്‍ സൗമിനി ജെയിന്‍ സ്വയം നിരീക്ഷണത്തില്‍

മത്സ്യ മാര്‍ക്കറ്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജനത്തിരക്ക് ഒഴിവാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. പ്രത്യേക ഉദ്യോഗസ്ഥ സംഘങ്ങള്‍ പരിശോധന നടത്തും. ഓണത്തോടനുബന്ധിച്ചുള്ള പ്രദര്‍ശനങ്ങള്‍ അനുവദിക്കില്ല.

ഓണക്കാലത്ത് അന്യസംസ്ഥാനങ്ങളില്‍നിന്നും രാജ്യങ്ങളില്‍നിന്നും കൂടുതല്‍ ആളുകള്‍ എത്താനിടയുണ്ട്. അതിനാല്‍ വിമാനത്താവളം ഉള്‍പ്പടെയുള്ള ഉള്ള സ്ഥലങ്ങളില്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കലക്ടര്‍ എസ് സുഹാസ് നിര്‍ദേശം നല്‍കി. ആഘോഷങ്ങള്‍ വീട്ടിലൊതുക്കണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. അത്തച്ചമയം പോലുള്ള ആഘോഷങ്ങള്‍ ചടങ്ങുകള്‍ മാത്രമായി നടത്തുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook