/indian-express-malayalam/media/media_files/uploads/2020/08/vishnu-fi.jpg)
ഓണം എന്ന് കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു ശോകം അനുഭവപ്പെടാറുണ്ട് ഇപ്പോള്‍. കാണം വിറ്റും ഓണം ഉണ്ണണം എന്ന പഴംചൊല്ലിനെ അന്വര്‍ത്ഥമാക്കും വിധം അത് ആഘോഷിച്ചിട്ടുള്ളത് കൊണ്ടാകാം. ഞങ്ങളുടെ ചെറിയ ജീവിതത്തിലെ വലിയ സന്തോഷമായിരുന്നു ഒരു കാലത്ത് ആ ദിവസം. ഒരു മനുഷ്യന്‍ മുതിരുന്നതോടെ നഷ്ടമാകുന്നതാണ് ഓരോ ആഘോഷങ്ങളും കൊണ്ടാടാനുള്ള ആ മനസ് എന്റെ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ എനിക്ക് തോന്നി പോകുന്നു.
പ്രകൃതിയില്‍ അടക്കം വല്ലാത്തൊരു ഉണര്‍വ് ഓണക്കാലത്ത് ഉണ്ടാവുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. തെളിഞ്ഞ വെയിലും തുമ്പികളും നിറയുന്ന മുറ്റവും പുല്ലുകള്‍ അടക്കം പൂത്ത് നില്‍ക്കുന്ന ഓണവഴികളിലേക്ക് ഒരു കവറുമായി പുറപ്പെടുകയാണ്. മറ്റുള്ളവര്‍ പറിക്കും മുന്‍പേ പൂക്കള്‍ മുഴുവന്‍ സ്വന്തമാക്കണം എന്ന ലക്ഷ്യത്തോടെ. ചില ദിവസങ്ങളില്‍ ചേച്ചിമാരും കൂടെ കൂടും.
ആരും ചെല്ലാത്ത പറമ്പുകളിലെ പൂവുകളുടെ ധാരാളിത്തം കാണുമ്പോള്‍ പാഞ്ഞടുക്കും. കാരണം ഞങ്ങളെപ്പോലുള്ള സംഘങ്ങള്‍ ഇവിടെയും എത്തിച്ചേരാനുള്ള സാധ്യതയുണ്ട് .അതിനും മുന്‍പേ എല്ലാം കൂടയില്‍ നിറയ്ക്കണം. സന്ധ്യയോടടുക്കുമ്പോഴാണ് വീട്ടിലേക്ക് മടങ്ങുക. വഴിയില്‍ പല ദിക്കുകളില്‍ നിന്നായി പൂ പറിച്ചു മടങ്ങുന്നവരെ കണ്ടുമുട്ടും. വിശേഷപ്പെട്ട പൂക്കള്‍ കിട്ടിയവര്‍ ഗമ പറയും. വേലി നൂണ്ടതിനു തെറി കിട്ടിയവര്‍ അതും. കാലില്‍ ചൊറിയണം തട്ടി തിണര്‍ത്തവര്‍ ചിരിക്ക് വകയാവും.
മുന്‍പ് വരക്കുമ്പോള്‍ കൊള്ളാം എന്ന് പറഞ്ഞാലും വീട്ടുകാര്‍ അതിനൊപ്പം ഒരു വാചകം കൂടി കൂട്ടി ചേര്‍ക്കും. വരച്ചു വെച്ചിട്ടെന്തിനാ...ആര് കാണാനാ? ആരും കാണാതെ പോകുന്ന ആയിരക്കണക്കിന് ചിത്രങ്ങള്‍ക്കിടയില്‍ എന്റെ കരവിരുത് പ്രകടിപ്പിക്കാന്‍ കിട്ടുന്ന ഒരു അവസരമായിരുന്നു അത്തമിടല്‍. ഓണ പൂക്കളം,അത്തപൂക്കളം എന്നൊക്കെ പലയിടങ്ങളില്‍ പല പേര് ആണെങ്കിലും ഇവിടെ അത് 'അത്തമിടല്‍' ആണ്. എല്ലാ വീട്ടിലെ കുട്ടികളും അവരുടെ അത്തം പൂര്‍ത്തിയായാല്‍ ഉടനെ ഞങ്ങളുടെ വേലിക്കല്‍ എത്തും./indian-express-malayalam/media/media_files/uploads/2020/08/vishnu-3.jpg)
'നല്ല രസോണ്ട്...' ചിലര്‍ അഭിപ്രായം പറഞ്ഞാലും മുഖം തെളിയില്ല. അയല്‍പക്കങ്ങള്‍ തമ്മിലുള്ള അത്തപൂക്കള മത്സരവിജയിയോടുള്ള കുട്ടികുശുമ്പ്. അന്നൊക്കെ പാടവരമ്പുകളില്‍ നിറയെ ഉണ്ടായിരുന്ന കാശിതുമ്പ പൂക്കളെ ഓര്‍മ്മിപ്പിക്കുന്ന പിങ്ക് നിറമുള്ള പൂക്കള്‍ ആയിരുന്നു ധാരാളമായി കിട്ടിയിരുന്നത്. കാട്ടു ചീരയുടെ മെറൂണ്‍ നിറമുള്ള ഇലകളും വെളുത്ത നക്ഷത്രം പോലെയുള്ള പൂക്കളും. ശതാവരിയുടെ ചന്ദ്രക്കല നിരത്തി പണിതതു പോലെയുള്ള പച്ച ഇലകള്‍ ഊര്‍ന്നെടുക്കുമ്പോള്‍ കയ്യില്‍ ചോര പൊടിയും.
വട്ടയിലയുടെ വെളുത്ത പൂക്കള്‍ക്ക് അത്ര നല്ലതല്ലാത്ത ഒരു മണമുണ്ട്. പിന്നെ തുമ്പപ്പൂവ്, കാക്കപ്പൂവ്, ചെത്തി, ചെമ്പരത്തി, നന്ത്യാര്‍വട്ടം, ശംഖുപുഷ്‌പം പോലെയുള്ള നാടന്‍ പൂവുകള്‍ ആണ് എല്ലാവരും അത്തമിടാന്‍ ഉപയോഗിക്കുക. ഇപ്പോഴത്തെ പൈസ കൊടുത്ത് വാങ്ങി നിരത്തുന്ന പൂക്കളം കാണുമ്പോള്‍ എനിക്കൊരു നിര്‍വികാരത തോന്നും.
പരാതി പറയാനും പറ്റില്ല. ഇപ്പോള്‍ പാടവും ഇല്ല .വരമ്പത്ത് പൂക്കളും ഇല്ല. ഇനി ഉണ്ടെങ്കില്‍ തന്നെ ആര്‍ക്കും കയറിയിറങ്ങാന്‍ പറ്റാത്ത വിധം ഒരു അന്യതാബോധം മനുഷ്യര്‍ക്കിടയില്‍ വന്നു കഴിഞ്ഞു. സ്വന്തമായുള്ള ചതുര പറമ്പുകള്‍ക്കുള്ളില്‍ മറ്റൊരു ടെലിവിഷന്‍ ചതുരത്തിലെ ഓണ പരിപാടികള്‍ കണ്ടിരുന്ന് ചിലര്‍ പറയും 'പണ്ടൊക്കെ എന്ത് രസാരുന്നു ...'
പൊതുവേ എല്ലാവരും ചെയ്യുന്ന പൂക്കള ഡിസൈന്‍ വട്ടത്തില്‍ വട്ടത്തില്‍ പൂക്കള്‍ നിരത്തുകയാണ്. അത് ഒന്ന്‍ മാറ്റി പിടിക്കാന്‍ ഞാനൊരു ദിവസം മാവേലിയുടെ കൊമ്പന്‍ മീശ മുഖം പൂക്കള്‍ കൊണ്ടുണ്ടാക്കി. നന്ത്യാര്‍വട്ടങ്ങള്‍ നിരത്തി മുഖവും ശതാവരി കൊണ്ട് കണ്ണും പുരികവും കിങ്ങിണി ചെടിയുടെ മഞ്ഞ പൂവുകള്‍ കൊണ്ട് കിരീടവും പൂര്‍ത്തിയാക്കി ഉമിക്കരി പൊടിച്ചു മീശ വരക്കുമ്പോള്‍ മുറ്റത്ത് പൈസ പിരിക്കാന്‍ പലിശക്കാരന്‍ അണ്ണാച്ചി എത്തി. അയാള്‍ എന്‍റെ മാവേലിയെ നോക്കി നിന്നു.
/indian-express-malayalam/media/media_files/uploads/2020/08/vishnu-2.jpg)
'നിങ്ങക്ക് ഓണം അവധിയൊന്നും ഇല്ലേ...' ഓണത്തിനും പിരിവിന് വന്ന മുഷിപ്പ് തീര്‍ക്കാന്‍ ആകണം അമ്മ ചോദിച്ചു.
'നങ്കല്‍ക്ക് യെന്ത് ഓണം ചെച്ചീ...' മലയാളം പഠിച്ചു വരുന്ന അയാളുടെ മറുപടിയില്‍ എന്നും അലഞ്ഞു നടക്കേണ്ടി വരുന്ന ഒരു തൊഴിലാളിയുടെ സങ്കടം ഉണ്ടായിരുന്നു. പൈസ കിട്ടിയിട്ടും അയാള്‍ പോയില്ല. മാവേലിയുടെ മിനുക്ക് പണികള്‍ നോക്കി നിന്നു.
'ഇത് യാര്?'
'ഇതാണ് മാവേലി...' ഞാന്‍ ചിരിച്ചു./indian-express-malayalam/media/media_files/uploads/2020/08/vishnu-1.jpg)
അത്തം മുതല്‍ പത്ത് ദിവസത്തേക്ക് ആദ്യം ഒരു നിറത്തില്‍ തുടങ്ങി അവസാന ദിവസം പത്ത് നിറങ്ങള്‍ ഉള്ള അത്തമിടുന്നവരുണ്ട്. ഞാന്‍ അത്തരം നിബന്ധനകള്‍ ഒന്നും പാലിച്ചിരുന്നില്ല. അങ്ങനെ നിറങ്ങളുടെ എണ്ണം തികയാതെ വരുമ്പോള്‍ കുട്ടികള്‍ ഞങ്ങളുടെ വീട്ടുമുറ്റത്ത് നിന്നു പരുങ്ങും.
'ചേട്ടാ കുറച്ചു പൂ പറിച്ചോട്ടെ...'
അച്ഛന്‍ കേള്‍ക്കേണ്ട താമസം അനുമതി കൊടുക്കും. പരിഭവിക്കുന്ന എന്നോട് 'എല്ലാര്‍ക്കും
പൂ വേണ്ടേ... അവരിട്ടാലും നിന്‍റെ ആയിരിക്കും നല്ലത്,' എന്നെന്നെ പുകഴ്ത്തി സമാധാനിപ്പിക്കും.
പങ്ക് വെയ്ക്കല്‍ ആണ് അച്ഛന്റെ എന്നത്തേയും സന്തോഷം. എല്ലാത്തിനും ഒരേ ന്യായവും പറയും. 'വേറെ എത്ര വീടുകള്‍ ഉണ്ട്... അവരിവിടെ വരുന്നതില്‍ ഒരു പ്രതീക്ഷ ഉണ്ട്... '
ഉത്രാട രാത്രിയില്‍ അമ്മ മുറ്റം തൂത്ത് തളിച്ചിട്ടാണ് ഉറങ്ങുക. അതിരാവിലെ എഴുന്നേറ്റ് അത്തം ഇടണം, എങ്കിലേ മാവേലി കാണൂ. നേരം വെളുത്താല്‍ മാവേലി പോകുന്നത് കൊണ്ട് പുലര്‍ച്ചെ എഴുന്നേല്‍പ്പിക്കാന്‍ ചേച്ചിമാരെ ചട്ടം കെട്ടും. ഇരുട്ടത്ത് മണ്ണെണ്ണ വിളക്ക് കത്തിച്ചു വെച്ച് തിരുവോണപ്പൂക്കളം പൂര്‍ത്തിയാക്കും. പൂക്കളൊക്കെ തലേ രാത്രി ഇതളുകള്‍ ഒക്കെ അടര്‍ത്തി ഒരുക്കി വെച്ചിരിക്കും.
ഓണസദ്യ കഴിഞ്ഞ് അമ്മയുടെ വീട്ടില്‍ ഒന്നോ രണ്ടോ ദിവസം തങ്ങി തിരിച്ചു വരുമ്പോള്‍ മുറ്റത്ത് പൂക്കളം വാടി കരിഞ്ഞ് ഒരു കറുത്ത വൃത്തം വരച്ചിട്ടുണ്ടാവും. അത് വാരിക്കളഞ്ഞു വൃത്തിയാക്കുന്നതോടെ ഒരോണം കൂടി മാഞ്ഞു പോകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us