ന്യൂഡൽഹി: സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് കോവിഡ് -19 വാക്സിനായ സൈകോവ്-ഡി (ZyCoV-D) വാക്സിന് രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിജിസിഐ) അംഗീകാരം.
വാക്സിന് അംഗീകാരം നൽകാൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗണൈസേഷന് (സിഡിഎസ്‌സിഒ) കീഴിലുള്ള സബ്ജക്ട് എക്സ്പേട്ട് കമ്മിറ്റിയാണ്(എസ്ഇസി) ശുപാർശ ചെയ്തിരുന്നു. ഇതിന് പിറകെയാണ് വാക്സിന് അടിയന്തര അംഗീകാരം ലഭിക്കുന്നത്.
സൈഡസ് കാഡില നൽകിയ അപേക്ഷ വിശകലനം ചെയ്ത എസ്ഇസി ഇത് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിജിസിഐ) അന്തിമ അനുമതിക്കായി അയച്ചിിരുന്നു. മൂന്ന് ഡോസ് നൽകുന്ന ഈ വാക്സിന് അടിയന്തര ഉപയോഗ അനുമതി നൽകണമെന്നും ഡിജിസിഐയോട് എസ്ഇസി ശുപാർശ ചെയ്തിരുന്നു.
അഹമ്മദാബാദ് ആസ്ഥാനമായുള്ള മരുന്നു കമ്പനിയായ സൈഡസ് കാഡില ജൂലൈ ഒന്നിന് ഡിസിജിഐയിൽ അടിയന്തര ഉപയോഗ അനുമതിക്ക് (ഇയുഎ) അപേക്ഷ നൽകിയിരുന്നു. ഇന്ത്യയിൽ ഇതുവരെ 50 ലധികം കേന്ദ്രങ്ങളിലായി വാക്സിൻ ഏറ്റവും വലിയ ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കിയതായി കമ്പനി അറിയിച്ചു.
Read More: രണ്ട് വാക്സിനുകൾ മിക്സ് ചെയ്യാമോ? ഐസിഎംആർ പഠനം വ്യക്തമാക്കുന്നത് എന്താണ്?
അംഗീകാരം ലഭിച്ചതോടെ, സൈക്കോവ്-ഡി വാക്സിൻ കൊറോണ വൈറസ് അണുബാധയ്‌ക്കെതിരായ ലോകത്തിലെ ആദ്യത്തെ ഡിഎൻഎ വാക്സിൻ ആയി മാറി. ഒരു ഇന്ത്യൻ കമ്പനി വികസിപ്പിച്ചെടുത്ത ഈ വാക്സിൻ ഒപ്പം ജ്യത്ത് ഉപയോഗിക്കുന്നതിന് അംഗീകാരം ലഭിച്ച ആറാമത്തെ വാക്സിനുമായും സൈക്കോവ്-ഡി മാറി. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, റഷ്യയുടെ സ്പുട്നിക് ഫൈവ് എന്നീ വാക്സിനുകൾക്കും, യുഎസിന്റെ മോഡേണ, ജോൺസൺ അൻഡ് ജോൺസൺ എന്നിവയുടെ വാക്സിനുകൾക്കും ആണ് രാജ്യത്ത് ഇതിനകം അംഗീകാരം ലഭിച്ചത്.
പ്ലാസ്മിഡ് ഡിഎൻഎ അടിസ്ഥാനമാക്കിയുള്ള സൈക്കോവ്-ഡി ഒരു നീഡിൽ-ഫ്രീ ഇൻജക്ടർ ഉപയോഗിച്ച് തൊലിക്കകത്തേക്ക് നൽകുകയാണ് ചെയ്യുക.
വാക്സിൻ അംഗീകരിക്കപ്പെടുകയാണെങ്കിൽ അത് മുതിർന്നവർക്ക് മാത്രമല്ല, 12 മുതൽ 18 വയസ്സുവരെയുള്ള കൗമാരക്കാർക്കും സഹായകരമാവുമെന്ന് കഡില ഹെൽത്ത് കെയർ മാനേജിംഗ് ഡയറക്ടർ ശർവിൽ പട്ടേൽ പറഞ്ഞു.