ന്യൂഡൽഹി: ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ, കമ്പനിയിലെ 13 ശതമാനം ജീവനക്കാരോട് പിരിഞ്ഞുപോവാൻ ആവശ്യപ്പെടും. സൊമാറ്റോ സിഇഒ ദീപേന്ദർ ഗോയൽ ജീവനക്കാർക്ക് അയച്ച സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ കമ്പനിയുടെ ബിസിനസിൽ നാടകീയമായ തരത്തിലുള്ള മാറ്റങ്ങളാണുണ്ടായതെന്നും അതിൽ പലമാറ്റങ്ങളും സ്ഥിരമായി തുടരാൻ സാധ്യതയുണ്ടെന്നും ഇതിനാലാണ് ജീവനക്കാരോട് പിരിഞ്ഞുപോവാൻ ആവശ്യപ്പെടുന്നതടക്കമുള്ള നടപടികൾ സ്വികരിക്കുന്നതെന്നും ദീപേന്ദർ ഗോയലിന്റെ സന്ദേശത്തിൽ പറയുന്നു.
പ്രത്യേക മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിലേക്ക് സൊമാറ്റോയെ മാറ്റിക്കൊണ്ടിരിക്കുയാണ്. സ്ഥാപനത്തിൽ നിലവിലെ ജീവനക്കാരുടെ എണ്ണത്തിന് അനുസരിച്ചുള്ള ജോലി ഇല്ലെന്നും അതിനാൽ 13 ശതമാനത്തോളം തൊഴിലാളികൾക്ക് തുടർന്നു പോവാനുള്ള സാഹചര്യം നൽകുന്നതിന് കഴിയില്ലെന്നും ഗോയൽ കൂട്ടിച്ചേർത്തു.
Read More | അതിഥി തൊഴിലാളികളെ നിരീക്ഷിക്കാനോ പലായനം തടയാനോ ആകില്ല: സുപ്രീം കോടതി
പുതിയ തീരുമാനം ബാധിക്കുന്ന തൊഴിലാളികളുമായി മാനേജ്മെന്റ് സൂം മെസഞ്ചർ വഴി 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെടും. ജോലിയിൽ നിലനിർത്തുന്ന ജീവനക്കാർക്ക് ആറു മണിക്കൂറിനുള്ളിൽ hr@zomato.com എന്ന ഇമെയിലിൽ നിന്ന് സന്ദേശം അയക്കുമെന്നും കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നു.
Here’s an internal email that I shared with all our employees earlier today about upcoming changes at Zomato. https://t.co/IoGeZVnlIS
[1/3]
— Deepinder Goyal (@deepigoyal) May 15, 2020
പിരിച്ചുവിടുന്ന തൊഴിലാളികൾക്ക് പരമാവധി ആറുമാസത്തേക്ക് ശമ്പളത്തിന്റെ 50 ശതമാനം നൽകുമെന്നും അവർക്ക് ആ കാലയളവിൽ പുതിയ തൊഴിൽ കണ്ടെത്താമെന്നും കമ്പനി വ്യക്തമാക്കി. പുതിയ ജോലി കണ്ടെത്തുന്നതു വരെയുള്ള സാമ്പത്തിക പിന്തുണ നൽകുന്നതിനാണ് ശമ്പളത്തിന്റെ പകുതി നൽകുന്നതെന്നും പരമാവധി ആറു മാസം മാത്രമേ ഇത്തരത്തിൽ പണം നൽകുകയുള്ളൂവെന്നും കമ്പനിയുടെ കുറിപ്പിൽ പറയുന്നു. നേരിട്ടുള്ള തൊഴിലാളികൾക്ക് പുറമേ തൊഴിൽ കരാർ ഏജൻസികൾ വഴി സൊമേറ്റോയിൽ ജോലി ചെയ്യുന്നവർക്കും തീരുമാനം ബാധകമായിരിക്കും.
പുറത്താക്കപ്പെട്ട ജീവനക്കാരുടെ പക്കൽ കമ്പനി അനുവദിച്ച ലാപ്ടോപ്പോ മൊബൈൽ ഫോണോ ഉണ്ടെങ്കിൽ അത് ആറ് മാസം വരെ കൈവശം വയ്ക്കാം. ജീവനക്കാർക്കുള്ള ഹെൽത്ത് ഇൻഷൂറൻസ് പരിരക്ഷയും ആറുമാസത്തേക്ക് കൂടി ലഭിക്കാം. സൊമേറ്റോ ജീവനക്കാർക്കുള്ള മാനസികാരോഗ്യ സേവനവും ഈ കാലയളവിൽ ലഭ്യമാവും. പുതിയ തൊഴിൽ കണ്ടെത്തുന്നതിനുള്ള സഹായം ജീവനക്കാർക്ക് നൽകുമെന്നും ഇതിനായി ഒരു പ്ലേസ് മെന്റ് സെൽ പൊലെ പ്രവർത്തിക്കുമെന്നും സൊമാറ്റോ വ്യക്തമാക്കി.
ശമ്പളം താൽക്കാലികമായി വെട്ടിക്കുറയ്ക്കും
കമ്പനിയിൽ നിലനിർത്തുന്ന ജീവനക്കാരുടെ ശമ്പളം ആറുമാസത്തേക്ക് വെട്ടിച്ചുരുക്കുമെന്നും സൊമേറ്റോ അറിയിച്ചു. ജൂൺ മുതൽ ആറുമാസത്തേക്ക് 50 ശതമാനം വരെയാണ് ശമ്പളം വെട്ടിക്കുറയ്ക്കുക. ഉയർന്ന ശമ്പളമുള്ള ജീവനക്കാരുടെ ശമ്പളത്തിന്റെ 50 ശതമാനമാണ് പിടിക്കുക. കുറഞ്ഞ വരുമാനമുള്ളവരുടെ ശമ്പളം പിടിച്ചുവയ്ക്കുന്നതിൽ ആനുപാതികമായ കുറവുണ്ടാവും. സമ്പദ് വ്യവസ്ഥ തിരിച്ച് ട്രാക്കിൽ കയറുന്നതോടെ ശമ്പളം മുഴുവനായി നൽകുന്നത് പുനരാരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സൊമാറ്റോയുടെ പ്രസ്താവനയിൽ പറയുന്നു.
Read More | ഇനിയങ്ങോട്ട് വീട്ടിലിരുന്ന് ജോലി ചെയ്താൽ മതി; ജീവനക്കാരോട് ട്വിറ്റർ
ഓഫീസ് വാടകയിനത്തിലെ ചിലവ് കുറയ്ക്കുന്നതിനായി ഒരു വിഭാഗം ജീവനക്കാർ വീട്ടിൽ നിന്ന് തൊഴിലെടുക്കുന്നത് സ്ഥിരമാക്കി മാറ്റുമെന്നും സൊമാറ്റോ വ്യക്തമാക്കി. അതെ സമയം കൊവിഡ് വ്യാപന ശേഷവും കമ്പനിയുടെ സാമ്പത്തിക നില മോശമായിട്ടില്ലെന്നും സൊമാറ്റോയുടെ പ്രസ്താവനയിൽ പറയുന്നു. എന്നാൽ ലോക സമ്പദ് വ്യവസ്ഥയെത്തന്നെ കൊവിഡ് രോഗ വ്യാപനം ബാധിച്ച സാഹചര്യത്തിൽ പ്രശ്നങ്ങൾ കൂടുതൽ വഷളാവുന്നതിനു മുൻപായി തങ്ങൾ സ്വയം തയ്യാറെടുപ്പ് നടത്തുകയാണെന്നും സൊമേറ്റോ വ്യക്തമാക്കി.