കൊൽക്കത്ത: ഇന്ത്യ-ചെെന സംഘർഷത്തിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ ഒരുകൂട്ടം സൊമാറ്റോ ജീവനക്കാർ തങ്ങളുടെ യൂണിഫോം വലിച്ചുകീറുകയും കത്തിക്കുകയും ചെയ്തു. ചെെനയ്ക്കെതിരെയുള്ള പ്രതിഷേധമെന്ന വിധമാണ് യൂണിഫോം കത്തിച്ചത്.
പശ്ചിമ ബംഗാളിലെ ബെഹ്ലയിലാണ് സംഭവം. ചെെനയോടുള്ള പ്രതിഷേധ സൂചകമായി ചിലർ സൊമാറ്റോയിൽ നിന്ന് ജോലി രാജിവയ്ക്കുകയും ചെയ്തു. ലഡാക്കിൽ 20 ഇന്ത്യൻ സെെനികരെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിക്കുന്നതായി സൊമാറ്റോ ജീവനക്കാർ പറഞ്ഞു.
Read Also: ‘വിശപ്പിനെക്കാൾ ഭേദം കൊറോണ’; ജീവൻ കൈയിൽ പിടിച്ച് അവർ തിരിച്ചെത്തുന്നു
സൊമാറ്റോയ്ക്ക് ചെെനീസ് നിക്ഷേപമുണ്ടെന്ന് പറഞ്ഞാണ് പലരും ജോലി രാജിവയ്ക്കാൻ തീരുമാനിച്ചത്. സൊമാറ്റോ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നത് ജനങ്ങൾ അവസാനിപ്പിക്കണമെന്നും രാജിവച്ച ജീവനക്കാർ ആവശ്യപ്പെട്ടു.
സൊമാറ്റോ വഴി ചെെന ഇവിടെനിന്ന് വലിയ ലാഭമുണ്ടാക്കുകയും ശേഷം ഇന്ത്യയിലെ സെെനികരെ ആക്രമിക്കുകയുമാണെന്ന് ഇവർ ആരോപിച്ചു. ഇന്ത്യയുടെ ഭൂപരിധി അവകാശപ്പെടുത്താനാണ് ചെെന ശ്രമിക്കുന്നത്. ഇതൊരിക്കലും സമ്മതിക്കില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.
Read Also: ഒറ്റദിനം ഇരുപതിനായിരത്തിനടുത്ത് കോവിഡ് രോഗികൾ; എട്ട് സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷം
ചെെനീസ് നിക്ഷേപമുള്ള ഒരു കമ്പനിയിൽ പണിയെടുക്കാൻ ഇനി തയ്യാറല്ലെന്നും ഇതിലും ഭേദം പട്ടിണി കിടക്കുന്നതാണെന്നും പ്രതിഷേധക്കാരിലെ ചിലർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, കോവിഡ് പ്രതിസന്ധിയെ തുടർന്ന് സൊമാറ്റോ അഞ്ഞൂറിലേറെ ജീവനക്കാരെ നേരത്തെ പിരിച്ചുവിട്ടിരുന്നു.