ചെന്നൈ: ദേശീയ ഭാഷയായതിനാല്‍ ഹിന്ദി എല്ലാവരും അറിയണമെന്ന ജീവനക്കാരിയുടെ പരാമര്‍ശത്തില്‍ പുലിവാല് പിടിച്ച് ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോ. പരാതിപരിഹാര സംഭാഷണത്തിനിടെയായിരുന്നു ജീവനക്കാരിയുടെ ഈ പരാമര്‍ശം. ഇതേത്തുടര്‍ന്ന്, ഉപഭോക്താക്കളില്‍ ഭാഷ അടിച്ചേല്‍പ്പിക്കുന്നുവെന്നാരോപിച്ച് സൊമാറ്റോയ്‌ക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധമുയര്‍ന്നു.
സംഭവത്തില്‍ തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായി ക്ഷമാപണം നടത്തിയ സൊമാറ്റോ, ‘നമ്മുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരത്തോടുള്ള അവഗണന കാരണം ഏജന്റിനെ പിരിച്ചുവിട്ടതായി’ ഉപഭോക്താവിനെ അറിയിച്ചിരുന്നു. മണിക്കൂറുകള്‍ക്കു ശേഷം ജീവനക്കാരിയെ തിരിച്ചെടുക്കുന്നതായി സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ ട്വീറ്റ് ചെയ്തു. കോള്‍ സെന്റര്‍ ഏജന്റുമാര്‍ ‘ഭാഷകളിലും പ്രാദേശിക വികാരങ്ങളിലും വിദഗ്ധരല്ല’ എന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
”ഇത് എളുപ്പത്തില്‍ അവള്‍ക്കു പഠിക്കാനും നന്നായി ചെയ്യാനും കഴിയുന്ന ഒന്നാണ്,” അദ്ദേഹം പറഞ്ഞു. ഭാഷകളെയും പ്രാദേശിക വികാരങ്ങളെയും വിലമതിക്കുന്നതോടൊപ്പം അപര്യാപ്തതകള്‍ പരസ്പരം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൊമാറ്റോ എക്‌സിക്യൂട്ടീവുമായുള്ള സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വികാഷ് എന്ന ഉപഭോക്താവ് തിങ്കളാഴ്ച ട്വീറ്റ് ചെയ്തതാണു സംഭവത്തിന്റെ തുടക്കം. തന്റെ ഓര്‍ഡറില്‍ പ്രശ്‌നമുണ്ടെന്നു പറയുന്ന വികാഷ് റെസ്റ്റോറന്റുമായി ബന്ധപ്പെട്ട് പരിശോധിക്കാന്‍ എക്‌സിക്യൂട്ടീവിനോട് ആവശ്യപ്പെട്ടതായി സ്‌ക്രീന്‍ ഷോട്ടുകള്‍ സൂചിപ്പിക്കുന്നു. അഞ്ച് തവണ റെസ്റ്റോറന്റിലേക്കു വിളിക്കാന്‍ ശ്രമിച്ചെങ്കിലും ‘ഭാഷാ തടസം’ കാരണം ജീവനക്കാരുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞില്ലെന്ന് എക്‌സിക്യുട്ടീവ് വികാഷിനെ അറിയിച്ചു.
സോമാറ്റോ തമിഴ്‌നാട്ടില്‍ ലഭ്യമാണെങ്കില്‍, ഭാഷ മനസിലാക്കാന്‍ തമിഴ് സംസാരിക്കുന്ന ഒരാളെ നിയമിക്കണമെന്ന് പറഞ്ഞ ഉപഭോക്താവ് തുക തിരിച്ചുകിട്ടാന്‍ എക്‌സിക്യൂട്ടീവിനോട് ഔട്ട്‌ലെറ്റില്‍ ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടു. ‘നിങ്ങളുടെ അറവിലേക്കായി പറയട്ടെ, ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണ്. അതിനാല്‍ എല്ലാവരും ഹിന്ദി അല്‍പ്പം അറിയുന്നത് വളരെ സാധാരണമാണ്,”എന്നായിരുന്നു എക്‌സിക്യുട്ടീവിന്റെ മറുപടി. സംഭവത്തില്‍ ക്ഷമ ചോദിച്ച എക്‌സിക്യൂട്ടീവ് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാന്‍ ഒരു മാര്‍ഗവുമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് വികാഷ് വിഷയം ട്വിറ്ററില്‍ ഉയര്‍ത്തുകയായിരുന്നു. ”സൊമാറ്റോയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു ഒരു സാധനം ലഭിച്ചില്ല. എനിക്ക് ഹിന്ദി അറിയാത്തതിനാല്‍ തുക തിരികെ നല്‍കാനാവില്ലെന്ന് കസ്റ്റമര്‍ കെയര്‍ പറയുന്നു. ഇന്ത്യക്കാരനായ എനിക്ക് ഹിന്ദി അറിയണമെന്ന പാഠവും നല്‍കി. അദ്ദേഹത്തിന് തമിഴ് അറിയാത്തതിനാലെന്ന് എന്നെ നുണയനായി ചിത്രീകരിച്ചിരിക്കുന്നു. ഒരു ഉപഭോക്താവുമായി നിങ്ങള്‍ സംസാരിക്കേണ്ട രീതി അല്ല ഇത്,” സൊമാറ്റോയെ ടാഗ് ചെയ്തുകൊണ്ട് വികാഷ് ട്വീറ്റ് ചെയ്തു.
4,500 ലധികം ലൈക്കുകളും 2,500 റീട്വീറ്റുകളുമായി വികാഷിന്റെ ട്വീറ്റ് ഉടന്‍ വൈറലായി. തുടര്‍ന്ന് ‘സൊമാറ്റോയെ ബഹിഷ്‌കരിക്കുകയെന്ന’ ഹാഷ് ടാഗ് ഇരുപതിനായിരം ട്വീറ്റുകളോട ട്വിറ്ററില്‍ ട്രെന്‍ഡാകാന്‍ തുടങ്ങി. ഇതിനുപിന്നാലെ കമ്പനിയുടെ കസ്റ്റമര്‍ സപ്പോര്‍ട്ട് പേജായ സൊമാറ്റോ കെയര്‍ സംഭവം ‘അസ്വീകാര്യമാണെന്ന്’ സമ്മതിക്കുകയും ഉടന്‍ പരിശോധിക്കാമെന്ന് വാഗ്ദാനം ചെയ്തു. ജീവനക്കാരിയുടെ പരാമര്‍ശങ്ങള്‍ ഭാഷയെയും വൈവിധ്യത്തെയും കുറിച്ചുള്ള സൊമാറ്റോയുടെ നിലപാടിനെ പ്രതിനിധാനം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയ കമ്പനി എക്‌സിക്യുട്ടീവിനെ പിരിച്ചുവിടുകയാണെന്ന് അറിയിക്കുകയായിരുന്നു. ഇത് നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ജീവനക്കാരിയെ തിരിച്ചെടുക്കുന്നതായി സിഇഒ ട്വീറ്റ് ചെയ്തത്.
Also Read: ഉത്തരാഖണ്ഡിലും കനത്ത മഴ; മരണം 16, ഒറ്റപ്പെട്ട് നൈനിറ്റാള്‍