ഹരാരെ: പട്ടാള അട്ടിമറിക്ക് പിന്നാലെ സിംബാബ്‍വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയെ ഭരണപാര്‍ട്ടിയായ സാനു പിഎഫ് (സിംബാബ്‍വെ ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്‍- പാട്രിയോട്ടിക് ഫ്രണ്ട്) നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കിയതായി റിപ്പോര്‍ട്ട്. വൈസ് പ്രസിഡന്റ് ആയിരുന്ന എമേഴ്‌സന്‍ മന്‍ഗാഗ്വയെ തത്സ്ഥാനത്ത് നിയമിച്ചതായാണ് വിവരം. മന്‍ഗാഗ്വേയെ നേരത്തേ മുഗാബെ ഡെപ്യൂട്ടി സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു.
മുഗാബെയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 93കാരനായ മുഗാബെ ഏകാധിപത്യ രീതിയിലാണ് ഭരണത്തില്‍ കടിച്ചുതൂങ്ങുന്നതെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ചേര്‍ന്ന യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുടെ പതിറ്റാണ്ട് നീണ്ട ഭരണത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക പ്രതിഷേധം നടന്നിരുന്നു. വിശ്വാസവഞ്ചന കുറ്റം ആരോപിച്ചാണ് 75 വയസുകാരനായ മന്‍ഗാഗ്വയെയെ മുഗാബെ പുറത്താക്കിയത് സ്ഥിതി വഷളാക്കുകയായിരുന്നു.
‘ചീങ്കണ്ണി’യെന്നു വിളിപ്പേരുള്ള മന്‍ഗാഗ്വയും മുഗാബെയുടെ ഭാര്യ ഗെയ്‌സും തമ്മില്‍ ഉടലെടുത്ത അഭിപ്രായ തര്‍ക്കത്തിനൊടുവിലാണ് സിംബാബ്വെയില്‍ നാടകീയമായ നീക്കങ്ങള്‍ നടന്നത്. ഗെയ്‌സിനെ സര്‍ക്കാര്‍ നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള മുഗാബെയുടെ നീക്കത്തിനെതിരേ മന്‍ഗാഗ്വ രംഗത്തെത്തിയിരുന്നു. ഇതിനെ പ്രതിരോധിച്ച് രംഗത്തെത്തിയ ഗ്രെയ്സ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മന്‍ഗാഗ്വയെ പുറത്താക്കണമെന്ന് മുഗാബെയോട് ആവശ്യപ്പെട്ടിരുന്നു.