ഹരാരെ: പട്ടാള അട്ടിമറി സാധ്യത വര്‍ദ്ധിപ്പിച്ച് സിബാബ്‍വെയുടെ തലസ്ഥാനത്ത് വന്‍ സൈനിക വിന്യാസം. നഗരത്തില്‍ ഹരാരെയില്‍ നിന്ന് വെടിയൊച്ചകളും കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിംബാബ്‌വെ പ്രസിഡന്റ് റോബര്‍ട് മുഗാബെയുടെ പതിറ്റാണ്ട് നീണ്ട ഭരണം പിടിച്ചെടുക്കാനാണ് സൈനിക ശ്രമമെന്നാണ് വിവരം.
എന്നാല്‍ ഇത് നിഷേധിച്ച് സൈനിക വക്താവ് രംഗത്തെത്തി. ഔദ്യോഗിക വാര്‍ത്താ ചാനലില്‍ പ്രത്യക്ഷപ്പെട്ട സൈനിക വക്താവ് പട്ടാള അട്ടിറിക്കുളള ശ്രമം നടക്കുന്നില്ലെന്ന് വ്യക്തമാക്കി. പ്രസിഡന്റിന് ചുറ്റുമുളള കുറ്റവാളികളാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രസിഡന്റ് സുരക്ഷിതനായിരിക്കുന്നെന്നും സൈന്യം വ്യക്തമാക്കി.
മുഗാബെയുടെ പിന്‍ഗാമിയാകുമെന്നു കരുതുന്ന വൈസ് പ്രസിഡന്റ് എമേഴ്‌സന്‍ മന്‍ഗാഗ്വയെ പുറത്താക്കിയതിന് പിന്നാലെ രാജ്യത്ത് ആശങ്ക തുടരുകയാണ്. വിശ്വാസവഞ്ചന കുറ്റം ആരോപിച്ചാണ് 75 വയസുകാരനായ മന്‍ഗാഗ്വയെ മുഗാബെ പുറത്താക്കിയത്. വാര്‍ത്താവിനിമയ മന്ത്രി സിമോന്‍ ഖയ മോയോ ആണ് ഇക്കാര്യം അറിയിച്ചത്. മന്‍ഗാഗ്വ പാര്‍ട്ടിയില്‍ വിഭാഗീയത സൃഷ്ടിക്കുന്നതായി മുഗാബെ ആരോപിച്ചിരുന്നു.
‘ചീങ്കണ്ണി’യെന്നു വിളിപ്പേരുള്ള മന്‍ഗാഗ്വയും മുഗാബെയുടെ ഭാര്യ ഗെയ്‌സും തമ്മില്‍ ഉടലെടുത്ത അഭിപ്രായ തര്‍ക്കത്തിനൊടുവിലാണ് സിംബാബ്വെയില്‍ നാടകീയമായ നീക്കങ്ങള്‍ നടന്നത്. ഗെയ്‌സിനെ സര്‍ക്കാര്‍ നേതൃത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള മുഗാബെയുടെ നീക്കത്തിനെതിരേ മന്‍ഗാഗ്വ രംഗത്തെത്തിയിരുന്നു. ഇതിനെ പ്രതിരോധിച്ച് രംഗത്തെത്തിയ ഗ്രെയ്സ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മന്‍ഗാഗ്വയെ പുറത്താക്കണമെന്ന് മുഗാബെയോട് ആവശ്യപ്പെട്ടിരുന്നു.
മുഗാബെയ്ക്കു ശേഷം ഭാര്യ ഗ്രെയ്‌സ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതകള്‍ വര്‍ധിച്ചു. ഡിസംബറില്‍ നടക്കുന്ന പ്രത്യേക പാര്‍ട്ടി കോണ്‍ഗ്രസില്‍ ഗ്രെയിസിനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.