scorecardresearch
Latest News

കേരളത്തിൽ ഉൾപ്പെടെ നിശബ്ദമായി പടര്‍ന്ന് സിക വൈറസ്; ഐ സി എം ആര്‍ പഠനം വ്യക്തമാക്കുന്നത് എന്ത്?

2021 ലെ കോവിഡ് രണ്ടാം തരംഗ സമയത്ത് കേരളം, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ സിക്ക വൈറസ് പൊട്ടിപ്പുറപ്പെട്ടതായി എപ്പിഡെമിയോളജി ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസ് വിഭാഗം മേധാവി ഡോ. നിവേദിത ഗുപ്ത പറഞ്ഞു

കേരളത്തിൽ ഉൾപ്പെടെ നിശബ്ദമായി പടര്‍ന്ന് സിക വൈറസ്; ഐ സി എം ആര്‍ പഠനം വ്യക്തമാക്കുന്നത് എന്ത്?

പൂണെ: രാജ്യത്ത് സിക വൈറസ് നിശബ്ദം പടരുകയാണെന്നു വ്യക്തമാക്കി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി (ഐ സി എം ആര്‍) ന്റെ പുതിയ പഠനം. പല സംസ്ഥാനങ്ങളിലേക്കും വെറസ് പടരുന്നതായി പറയുന്ന പഠനം ജാഗ്രത ശക്തമാക്കേണ്ടതിന്റെ അടിയന്തിര ആവശ്യവും എടുത്തുപറയുന്നു. 2018 ല്‍ രാജസ്ഥാനില്‍ കണ്ടെത്തിയ വകഭേദത്തിന്റെ ആധിപത്യത്തോടെ രാജ്യത്തിന്റെ മിക്കവാറും ഭാഗങ്ങളിലും വൈറസ് നിശബ്ദമായി പടരുന്നുവെന്ന് നിരീക്ഷണം തെളിയിക്കുന്നതായി ഗവേഷകര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആല്‍ബോപിക്റ്റസ് പോലുള്ള രോഗവാഹകരായ ഈഡിസ് കൊതുകുകളാണു സിക വൈറസ് പരത്തുന്നത്. ഫ്‌ളാവിവൈറസ് ജനുസില്‍പെട്ടതാണ് ഈ വൈറസ്. 2021 ലെ കോവിഡ് രണ്ടാം തരംഗ സമയത്ത് കേരളം, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ സിക്ക വൈറസ് പൊട്ടിപ്പുറപ്പെട്ടതായി എപ്പിഡെമിയോളജി ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസ് വിഭാഗം മേധാവി ഡോ. നിവേദിത ഗുപ്ത ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

”ഭൂമിശാസ്ത്രപരമായി വ്യത്യസ്ത മേഖലകളില്‍ വൈറസിന്റെ സാന്നിധ്യം നിര്‍ണയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. അതിനാല്‍ പൂണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിലെയും മറ്റ് ഐ സി എം ആര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെയും ഗവേഷകര്‍ 2021 മേയ്-ഒക്ടോബര്‍ കാലയളവില്‍ 1,475 രോഗികളുടെ ക്ലിനിക്കല്‍ സാമ്പിളുകള്‍ പരിശോധിക്കുകയും ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക എന്നിവ ലക്ഷ്യമിട്ട് വീണ്ടും പരിശോധിക്കുകയും ചെയ്തു,” നിവേദിത ഗുപ്ത പറഞ്ഞു.

Also Read: നാളെ മുതല്‍ ഷോക്കടിക്കും; വൈദ്യുതി നിരക്ക് വര്‍ധന ഇങ്ങനെ

പരിശോധിച്ച ഫലങ്ങളില്‍ സിക്ക-67, ഡെങ്കു-121, ചിക്കുന്‍ഗുനിയ-10 എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി/ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി/സിക്ക, ഡെങ്കിപ്പനി/ചിക്കുന്‍ഗുനിയ/സിക്ക എന്നിങ്ങനെ ഒരുമിച്ചുള്ള രോഗബാധകളും നിരീക്ഷിച്ചു. എല്ലാ സിക്ക കേസുകളിലും പനി (84 ശതമാനം), തിണര്‍പ്പ് (78 ശതമാനം) എന്നിവയാണു പ്രധാന ലക്ഷണങ്ങളായി കാണപ്പെട്ടത്. അവരില്‍ നാല് രോഗികള്‍ക്ക് ശ്വാസതടസവും ഒരാള്‍ക്ക് അപസ്മാരവും അനുഭവപ്പെട്ടിരുന്നു. ഒരാള്‍ക്കു ജനനസമയത്ത് തല ചെറുതായിരിക്കുന്ന അവസ്ഥ (മൈക്കോസെഫലി) സംശയിക്കുന്നു.

ഫ്രണ്ടിയേഴ്സ് ഇന്‍ മൈക്രോബയോളജി ജേണലില്‍ ഈ വര്‍ഷം ജൂണില്‍ പ്രസിദ്ധീകരിച്ച ‘സിക്ക എ വെക്റ്റര്‍ ബോണ്‍ ഡിസീസ് ഡിറ്റക്റ്റഡ് ഇന്‍ ന്യൂവര്‍ സ്റ്റേറ്റ്സ് ഓഫ് ഇന്ത്യ എമിഡ്സ് ദി കോവിഡ്-19 പാന്‍ഡെമിക്’ എന്ന പഠനമനുസരിച്ച് സിക്കയുടെ ഏഷ്യന്‍ വംശവും ഡെങ്കിയുടെ നാല് സെറോടൈപ്പുകളും പ്രചാരത്തിലുണ്ടെന്നു കണ്ടെത്തി.

”ഞങ്ങളുടെ ഗവേഷണ ഫലങ്ങള്‍ ഡെങ്കു, ചിക്കുന്‍ഗുനിയ എന്നിവയ്ക്കൊപ്പം സികയ്ക്കും ഊന്നല്‍ നല്‍കുന്ന തുടര്‍ച്ചയായതും മെച്ചപ്പെട്ടതുമായ നിരീക്ഷണത്തിന്റെ ആവശ്യകത സൂചിപ്പിച്ചു. സിക വൈറസ് ബാധിതരായ അമ്മമാര്‍ക്കു ജനിച്ച കുഞ്ഞുങ്ങളില്‍ സിക വൈറസ് രോഗത്തിന്റെ സ്‌പെക്ട്രം മനസിലാക്കേണ്ടതുണ്ട്. ഇതിനായി, നവജാത ശിശുക്കളുടെ വൈകല്യ പരിശോധനാ കേന്ദ്രങ്ങളും സിക വൈറസ് നിരീക്ഷണ കേന്ദ്രങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതു നിര്‍ണായകമാണ്,” ഗവേഷകര്‍ പറയുന്നു.

2021-ല്‍ കേരളം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവയ്ക്കു പുറമേ ഡല്‍ഹി, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ്, തെലങ്കാന സംസ്ഥാനങ്ങളിലും സിക വൈറസിന്റെ വ്യാപനം വെളിപ്പെടുത്തിയ മുന്‍കാല വിശകലനത്തിന്റെ ഫലങ്ങള്‍ റിപ്പോര്‍ട്ടില്‍ വിവരിച്ചിട്ടുണ്ട്. സികയും ഡെങ്കുപ്പനിയും ചിക്കുന്‍ഗുനിയയും ഒരുമിച്ചുള്ള അണുബാധയാണു പലയിടത്തെയും മറ്റൊരു ആശങ്ക.

Also Read: കളര്‍ ഫൊട്ടോസ്റ്റാറ്റ് തട്ടിപ്പ് ഇനി നടപ്പില്ല; ഓണത്തോടെ വ്യാജ ടിക്കറ്റ് ‘കീറാന്‍’ ലോട്ടറി വകുപ്പ്

പൂണെയിലെ ഐ സി എം ആര്‍- എന്‍ ഐ വിയില്‍ 2021ല്‍ 892 സാമ്പികളുകള്‍ പരിശോധിച്ചതില്‍ 67 എണ്ണത്തില്‍ സിക വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. സാമ്പികളുടെ എണ്ണം ഇങ്ങനെ: പഞ്ചാബിലെ അമൃത്സര്‍ (1/120); ന്യൂഡല്‍ഹി (1/64); യുപിയിലെ അലിഗഡ് (2/288); രാജസ്ഥാനിലെ ജോധ്പൂര്‍ (1/120); ഝാര്‍ഖണ്ഡിലെ റാഞ്ചി (1/120); തെലങ്കാനയിലെ ഹൈദരാബാദ് (1/60), തിരുവനന്തപുരം (60/120). 67 പോസിറ്റീവ് കേസുകളില്‍ 13.43 ശതമാനം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ 86.56 (58) കേസുകള്‍ ഒ പി വിഭാഗത്തിലാണു കൈകാര്യം ചെയ്തത്.

രാജ്യത്തുടനീളം ഐ സി എം ആര്‍ അതിന്റെ വൈറസ് ഗവേഷണത്തിന്റെയും ഡയഗ്‌നോസ്റ്റിക് ലബോറട്ടറികളുടെയും (വി ആര്‍ ഡി എല്‍) ശൃംഖല വഴി 2016 മാര്‍ച്ചില്‍ സിക്ക വൈറസ് രോഗത്തിനെതിരായ നിരീക്ഷണം ആരംഭിച്ചിരുന്നു. 2016-ല്‍ 10 ലബോറട്ടറികളിലാണു പരിശോധന നടന്നതെങ്കില്‍ 2018-ല്‍ അത് 56-ഉം 2021-ല്‍ 132-ഉം ആയി ഉയര്‍ത്തി. പരിശീലനം ലഭിച്ച വി ആര്‍ ഡി എല്‍ ലാബുകളോട് ഒരു വര്‍ഷം കുറഞ്ഞത് 10 ഡെങ്കു്, ചിക്കുന്‍ഗുനിയ വൈറസ് നെഗറ്റീവ് കേസുകള്‍ പരിശോധിക്കാന്‍ നിര്‍ദേശിച്ചു.

ഈ നിരീക്ഷണത്തിലൂടെ ഗുജറാത്തിലും (2016-2017) തമിഴ്നാട്ടിലുമാണ് (2017) അപൂര്‍വമായി സംഭവിക്കുന്ന കേസുകള്‍ ആദ്യം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് 2018-ല്‍ രാജസ്ഥാനിലും മധ്യപ്രദേശിലും സിക വൈറസ് വ്യാപനം പൊട്ടിപ്പുറപ്പെടുന്നതു കണ്ടെത്തി.

2020-നു ശേഷം, കോവിഡ്-19 പരിശോധനയില്‍ എല്ലാ വി ആര്‍ ഡി എല്ലുകളും ഉള്‍പ്പെട്ടതിനാല്‍, സിക വൈറസ് പൊതുജനാരോഗ്യ നിരീക്ഷണം അതേപടി തുടരാനായില്ല. ഭാവിയില്‍ സിക വൈറസ് പരിശോധനയ്ക്കായി ഡെങ്കു, ചിക്കുന്‍ഗുനിയ നെഗറ്റീവ് സാമ്പിളുകള്‍ സൂക്ഷിക്കാന്‍ എല്ലാ വി ആര്‍ ഡി എല്ലുകളും നിര്‍ദേശം നല്‍കിയതായി ഡോ. നിവേദിത ഗുപ്ത പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Zika virus spread kerala icmr study