ജയ്‌പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ 11 ഗർഭിണികളിലടക്കം 51 പേർക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ച് ജയ്‌പൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊതുകിന്റെ സാമ്പിളുകൾ ശേഖരിച്ചു.

സെപ്റ്റംബർ 23 നാണ് ആദ്യ കേസ് കണ്ടെത്തിയത്. പിന്നീട് സെപ്റ്റംബർ 26 ന് രണ്ടാമത്തെയാളിലും വൈറസ് ബാധ കണ്ടെത്തി. ഫോഗ്ഗിങ് അടക്കമുളള നടപടികൾ ആരംഭിച്ചു. രോഗം പടരാതിരിക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത്.

രോഗബാധിതരായ 30 പേരുടെ നില ഭേദപ്പെട്ടിട്ടുണ്ടെന്നാണ് ആരോഗ്യരംഗത്ത് നിന്നുളള വിവരം. ഇന്ത്യയിൽ ആദ്യമായി സിക വൈറസിന്റെ ബാധ സ്ഥിരീകരിച്ചത് അഹമ്മദാബാദിലാണ്.  ലോകാരോഗ്യ സംഘടനയാണ് അഹമ്മദാബാദിൽ മൂന്ന് പേരില്‍ സിക വൈറസ് ബാധ സ്ഥിരീകരിച്ചത്. അഹമ്മദാബാദില്‍ നിന്നുള്ള ഒരു ഗര്‍ഭിണി ഉള്‍പ്പെടെയുള്ളവരിലാണ് സിക വൈറസ് കണ്ടെത്തിയത്.

സിക പനി ഏറ്റവും പ്രശ്‌നം സൃഷ്ടിക്കുന്നത് ഗര്‍ഭിണികളിലാണ്. അവരില്‍ ഗര്‍ഭസ്ഥശിശുക്കളുടെ തല അസാമാന്യമായ രീതിയില്‍ ചുരുങ്ങുകയും കുട്ടികളില്‍ നാഡീവ്യവസ്ഥയ്ക്ക് തകരാറ് സംഭവിക്കുകയും ജനിതകവൈകല്യങ്ങളുണ്ടാവുകയും ചെയ്യുന്നു. ശിശുക്കള്‍ ഗര്‍ഭസ്ഥാവസ്ഥയിലിരിക്കുമ്പോള്‍ തലവീക്കം സംഭവിക്കുകയും തലച്ചോറിന്റെ വളര്‍ച്ച മുരടിക്കുകയും ജനിക്കുമ്പോള്‍ നവജാതശിശുക്കളുടെ തലയോട്ടിക്ക് അസാധാരണമായി വലിപ്പക്കുറവ് ഉണ്ടാവുകയും ചെയ്യുന്നു.

ബാപ്പു നഗര്‍, അഹമ്മദാബാദ് ജില്ല, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് പേരിലാണ് ആദ്യമായി സിക വൈറസ് കണ്ടെത്തിയത്. മൂന്ന് ലബോറട്ടറികളില്‍ നടത്തിയ പരിശോധനാഫലങ്ങളിലാണ് സിക വൈറസ് കണ്ടെത്തിയത്.

അഹമ്മദാബാദിലേയും ഗുജറാത്തിലേയും ലാബുകളില്‍ നടത്തിയ ആര്‍ടി-പിസിആര്‍ ടെസ്റ്റുകളിലൂടെയാണ് വൈറസ് സ്ഥിരീകരിച്ചത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനകളിലാണ് കൂടുതല്‍ സ്ഥിരീകരണം ഉണ്ടായതെന്നും റിപ്പോര്‍ട്ടുണ്ട്.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ