ന്യൂഡല്‍ഹി: റഷ്യയുമായി ‘സമാധാന ഫോര്‍മുല’ നടപ്പാക്കാന്‍ ഇന്ത്യയുടെ സഹായം തേടി യുകൈന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി. ഈ ആവശ്യം അദ്ദേഹം ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിനിടെ അഭ്യര്‍ഥിച്ചു.
”ഞാന്‍ നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചു. വിജയകരമായ ജി20 അധ്യക്ഷപദവി ആശംസിച്ചു. ഈ വേദിയിലാണു ഞാന്‍ സമാധാന ഫോര്‍മുല പ്രഖ്യാപിച്ചത്. ഇപ്പോള്‍ അതു നടപ്പിലാക്കുന്നതില്‍ ഇന്ത്യയുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. യുഎന്നിലെ മാനുഷിക സഹായത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു,” പ്രധാനമന്ത്രിയുടെ ഓഫിസിനെ പരാമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റില്‍ സെലന്‍സ്കി പറഞ്ഞു.
ഫെബ്രുവരിയില്‍ യുക്രൈന് സംഘര്‍ഷം ആരംഭിച്ചതിനുശേഷം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായും സെലന്‍സ്കിയുമായും പ്രധാനമന്ത്രി നിരവധി തവണ സംസാരിച്ചിരുന്നു.
ഒക്ടോബര്‍ നാലിനു സെലന്‍സ്കിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍, സൈനിക പരിഹാരം സാധ്യമല്ലെന്നും ഏതു സമാധാന ശ്രമങ്ങള്‍ക്കും പങ്കുവഹിക്കാന്‍ ഇന്ത്യ തയാറാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
അതിനിടെ, രക്ഷാസമിതിയിലെ സ്ഥിരാംഗമെന്ന നിലയില്‍ ഏതു പ്രമേയവും വീറ്റോ ചെയ്യാന്‍ കഴിയുന്ന റഷ്യയെ ഐക്യരാഷ്ട്രസഭയില്നിന്നു പുറത്താക്കമെന്നു ഉക്രൈന് ആവശ്യപ്പെട്ടു.
”യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗമെന്ന നിലയിലുള്ള റഷ്യന്‍ ഫെഡറേഷന്റെ പദവി ഇല്ലതാക്കാനും യു എന്നില്‍നിന്നു തന്നെ ആ രാജ്യത്തെ പുറത്തക്കാനും അംഗരാജ്യങ്ങളോട് അഭ്യര്‍ഥിക്കുന്നു,” യുക്രൈന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.