പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ നയങ്ങളെയും പരിഷ്കാരങ്ങളെയും കുറിച്ചുള്ള ചില വിമർശനാത്മക പരാമർശങ്ങൾ അടങ്ങിയ കുട്ടികളുടെ ആക്ഷേപഹാസ്യ പരിപാടി സംപ്രേക്ഷണം ചെയ്ത ചാനലിന്റെ ഉടമകൾക്ക് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നോട്ടീസ് അയച്ചു. സീ തമിഴ് ചാനലിന്റെ ഉടമകളായ സീ എന്റർടൈൻമെന്റ് എന്റർപ്രൈസസിനാണ് നോട്ടീസ് അയച്ചത്. ബിജെപി തമിഴ്നാട് ഘടകം സീ തമിഴ് ചാനലിന് എതിരെ പരാതി നൽകിയിരുന്നു.
ബിജെപി ഐടി ആൻഡ് സോഷ്യൽ മീഡിയ സെല്ലിന്റെ സംസ്ഥാന അധ്യക്ഷൻ സിടിആർ നിർമ്മൽ കുമാർ നൽകിയ ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം ചൊവ്വാഴ്ച നോട്ടീസ് പുറപ്പെടുവിച്ചത്.
‘ജൂനിയർ സൂപ്പർ സ്റ്റാർ സീസൺ 4’ എന്ന തമിഴ് റിയാലിറ്റി ഷോയ്ക്കെതിരെയാണ് പരാതി. പരിപാടിയിൽ പ്രധാനമന്ത്രിക്കെതിരെ “നിന്ദ്യമായ” കമന്റുകളുണ്ടെന്നും അത് സംപ്രേഷണം ചെയ്യുന്നത് തടയണമെന്നും പരാതിയിൽ പറയുന്നു.
ജനുവരി 15 ന് സംപ്രേക്ഷണം ചെയ്ത ജനപ്രിയ പരിപാടിയിൽ അവതാരകരും അതിഥികളുമായി തമിഴ് നടി സ്നേഹയും മറ്റ് സെലിബ്രിറ്റികളായ ആർജെ മിർച്ചി സെന്തിൽ, ഹാസ്യനടൻ അമുധവനൻ എന്നിവരും പങ്കെടുത്തുന്നു. ഈ പരിപാടിയിൽ കുട്ടികൾ അവതരിപ്പിച്ച ഒരു സ്കിറ്റിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ടാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ പരാതി.
Also Read: പഞ്ചാബില്‍ കളം പിടിക്കുമോ ആം ആദ്മി? ഭഗവന്ത് മാന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി
ചില 2006-ൽ പുറത്തിറങ്ങിയ തമിഴ് രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായ ഇംസൈ അരസൻ 23 എം പുലികേസിയിലെ രാജാവും മന്ത്രാരുമുള്ള രംഗത്തിന്റെ ഹാസ്യാവിഷ്കാരമെന്ന തരത്തിലായിരുന്നു സ്കിറ്റ്.
രാജ്യത്തെയും ജനങ്ങളെയും കഷ്ടത്തിലാക്കിയ ഒരു രാജാവിനെക്കുറിച്ചും അദ്ദേഹത്തിന്റെ നയ പരിഷ്കാരങ്ങളെക്കുറിച്ചും ടിവി ഷോയിലെ കുട്ടികൾ പരാമർശിച്ചു. മോദി സർക്കാർ നടപ്പാക്കിയ നോട്ട് നിരോധനവും ഓഹരി വിറ്റഴിക്കലും പോലുള്ള ചില നയങ്ങളെ അതിൽ പരാമർശിച്ചിരുന്നു.
” നോട്ട് അസാധുവാക്കൽ, വിവിധ രാജ്യങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ (പ്രധാനമന്ത്രിയുടെ) നയതന്ത്ര യാത്ര, പ്രധാനമന്ത്രിയുടെ വസ്ത്രധാരണം, നിക്ഷേപം വിറ്റഴിക്കൽ എന്നിവയെ കുറിച്ച് രൂക്ഷമായ പരാമർശങ്ങൾ കടന്നുപോയി. 10 വയസ്സിന് താഴെയുള്ള ഒരു കുട്ടിക്ക്, ഇവ യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നത് എന്ന് മനസ്സിലാക്കാൻ പോലും അസാധ്യമായിരുന്നു. പക്ഷേ, കോമഡി എന്ന പേരിൽ, ഈ വിഷയങ്ങൾ കുട്ടികളിലേക്ക് നിർബന്ധിതമായി എത്തിച്ചു,” ചാനലിനും മന്ത്രാലയത്തിനും അയച്ച പരാതിയിൽ സിടിആർ നിർമ്മൽ കുമാർ പറഞ്ഞു.
Also Read: സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തിക്കൊണ്ട് ഇന്ത്യ കോവിഡിനെതിരെ പോരാടുന്നു: പ്രധാനമന്ത്രി
ഷോയുടെ അവതാരകരും വിധികർത്താക്കളും ഈ പരാമർശങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായും കത്തിൽ പരാതിയുണ്ട്. “ഇത് തമിഴ്നാട്ടിലെ ചാനലിനെക്കുറിച്ചും ദേശീയതലത്തിൽ എന്താണ് പ്രതിനിധീകരിക്കുന്നതെന്നതിനെക്കുറിച്ചും തെറ്റായ സന്ദേശം അയയ്ക്കുന്നു,”പരാതിയിൽ പറയുന്നു. “അശ്രദ്ധമായും ചെറിയ കുട്ടികളിളിലേക്കും എത്തുന്ന ഈ നഗ്നമായ തെറ്റായ വിവരങ്ങൾ തടയാൻ ചാനൽ ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന് വ്യക്തമാണ്,” എന്നും പരാതിയിൽ പറയുന്നു.
പരിപാടി സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ ജനുവരി 15 ന് പരാതി ലഭിച്ചതായി വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. “ഏഴ് ദിവസത്തിനകം പരാതിയെക്കുറിച്ചുള്ള അഭിപ്രായം ഈ മന്ത്രാലയത്തോട് അറിയിക്കാൻ ചാനലിനോട് അഭ്യർത്ഥിച്ചു, ഇല്ലെങ്കിൽ തുടർ നടപടി സ്വീകരിക്കും,” മന്ത്രാലയത്തിന്റെ നോട്ടീസിൽ പറയുന്നു
ഷോ സംബന്ധിച്ച് സീ തമിഴിൽ നിന്ന് പ്രതികരണം ആവശ്യപ്പെട്ടതായി ഡൽഹിയിലെ മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. എന്നാൽ ഇത് കാരണം കാണിക്കൽ നോട്ടീസ് അല്ലെന്നും കേബിൾ ടിവി നെറ്റ്വർക്ക് നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകൾ ലംഘിച്ചതായി അത് പ്രസ്താവിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
ഒരു പ്രത്യേക പരാതി ലഭിക്കുമ്പോൾ, മറുപടി ആവശ്യപ്പെട്ട് ചാനലിന് നോട്ടീസ് കൈമാറുമെന്ന് മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. പ്രതികരണം ലഭിച്ചുകഴിഞ്ഞാൽ മാത്രമേ, ഷോയുടെ ഉള്ളടക്കം ഏതെങ്കിലും ചട്ടങ്ങൾക്ക് വിരുദ്ധമാണോയെന്ന് പരിശോധിക്കുകയുള്ളൂവെന്നും എന്തെങ്കിലും നടപടി ആവശ്യമാണെങ്കിൽ മന്ത്രാലയം പരിഗണിക്കുമെന്നും അവർ പറഞ്ഞു.
നടപടിക്രമം അനുസരിച്ച് ഏഴ് ദിവസത്തിനുള്ളിൽ സീ ഗ്രൂപ്പ് പരാതിയിൽ മറുപടി നൽകും.
ചൊവ്വാഴ്ച, തങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്ന് പ്രശ്നമുള്ള ഭാഗങ്ങൾ നീക്കം ചെയ്യുമെന്ന് സീ മാനേജ്മെന്റ് ഉറപ്പുനൽകിയതായി പരാതിക്കാരനായ കുമാർ പറഞ്ഞു. “ചാനലിൽ നിന്ന് ഔദ്യോഗിക ആശയവിനിമയമൊന്നും ഉണ്ടായിട്ടില്ല, പക്ഷേ അവർ ആ ഭാഗങ്ങൾ നീക്കം ചെയ്യുമെന്നും അടുത്ത ആഴ്ച അതേ ഷോ നടത്തുമ്പോൾ ഖേദം പ്രകടിപ്പിക്കുന്ന ഒരു സ്ക്രോൾ നടത്തുമെന്നും അവർ ഞങ്ങളോട് പറഞ്ഞു,” അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.