ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ ദംഗല്‍ നടി സൈറ വസീമിനെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന വികാസ് സച്‌ദേവ് കുറ്റക്കാരനല്ലെന്ന് സഹയാത്രികന്റെ മൊഴി. ബിസിനസ് ക്ലാസില്‍ നടിക്കും സച്ച്ദേവിനുമൊപ്പം ഉണ്ടായിരുന്നയാളാണ് പൊലീസിന് മൊഴി നല്‍കിയത്.

ആരോപണവിധേയനെ നേരിട്ട് അറിയില്ലെന്ന് പറഞ്ഞ സാക്ഷി അദ്ദേഹം മോശമായി പെരുമാറുന്നത് താന്‍ കണ്ടില്ലെന്നും പൊലീസിനോട് പറഞ്ഞു. ‘ഞാനും ഇവരുടെ തൊട്ടടുത്താണ് ഇരുന്നത്. നടി ഇരുന്നിടത്തെ കൈവരിയില്‍ കാല്‍ കയറ്റി വെച്ചതാണ് ഇയാള്‍ ചെയ്ത കുറ്റം. അത് തെറ്റായ നടപടിയാണ്. എന്നാല്‍ നടി ഒച്ച വെച്ചതോടെ ഇയാള്‍ ക്ഷമാപണം നടത്തുകയും ചെയ്തു. അവിടെ വെച്ച് തന്നെ പ്രശ്നം പരിഹരിച്ചതുമാണ്’, ദൃക്സാക്ഷി പൊലീസിന് മൊഴി നല്‍കി.

വികാസ് സച്ദേവ് കുറ്റക്കാരനല്ലെന്ന് ഭാര്യയും അവകാശപ്പെടുന്നുണ്ട്. ബന്ധുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വരികയായിരുന്നു വികാസ് സച്‌ദേവ് എന്നും അയാളുടെ ഭാര്യ വെളിപ്പെടുത്തി.ജോലിത്തിരക്ക് മൂലം 24 മണിക്കൂറിലേറെ ഉറങ്ങാതിരുന്ന വികാസ് തന്നെ ശല്യപ്പെടുത്തരുതെന്ന് വിമാന ജീവനക്കാര്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കിയതിന് ശേഷം ഉറങ്ങുകയായിരുന്നെന്നും വികാസ് സച്‌ദേവിന്റെ ഭാര്യ വ്യക്തമാക്കി.

കാലുകള്‍ പൊക്കി വച്ചിരുന്നെങ്കിലും അതില്‍ തെറ്റായ ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്തിനാണെന്നു അറിയില്ല. ഞങ്ങള്‍ക്ക് നീതി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള എയര്‍ വിസ്താര വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടയില്‍ സീറ്റിനു പിന്നില്‍ ഇരുന്ന വികാസ് കാലുപയോഗിച്ച് സൈറ വസീമിന്റെ പിന്നിലും കഴുത്തിലും ഉരസിയെന്നാണ് കേസ്. നടി തന്നെ സംഭവം സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വികാസ് സച്‌ദേവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ