പഞ്ചാബ്: കർഷക പ്രക്ഷോഭങ്ങൾക്കൊപ്പം ചേർന്നുനിൽക്കുമെന്ന് ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. കർഷക പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച താരം തന്റെ ജന്മദിനാഘോഷം പൂർണമായി ഒഴിവാക്കി. യുവരാജ് സിങ്ങിന്റെ 39-ാം ജന്മദിനമാണിന്ന്.
കർഷക പ്രതിഷേധങ്ങൾക്ക് വേഗം പരിഹാരം കാണട്ടെ എന്ന് യുവരാജ് പറഞ്ഞു. “ആഗ്രഹങ്ങൾ സാധ്യമാക്കാനും ആഘോഷങ്ങൾക്കും ഉള്ള അവസരമാണ് ജന്മദിനം. എന്നാൽ, ജന്മദിന ആഘോഷങ്ങളേക്കാൾ ഇപ്പോൾ നടക്കുന്ന കർഷക പ്രതിഷേധങ്ങൾക്ക് പരിഹാരം കാണട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. കേന്ദ്ര സർക്കാരും കർഷകരും തമ്മിലുള്ള ചർച്ചകൾ ഫലം കാണട്ടെ,” ജന്മദിനത്തിൽ യുവി പറഞ്ഞു.
Read Also: ഫോമിലേക്ക് തിരിച്ചെത്തി പന്ത്; സിഡ്‌നിയിൽ അതിവേഗ സെഞ്ചുറി
“സമാധാനപൂർണമായ ചർച്ചകളിലൂടെ പരിഹാരം കാണാത്ത ഒരു പ്രശ്‌നവുമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. സംശയമില്ലാതെ ഞാൻ പറയുന്നു, കർഷകർ രാജ്യത്തിന്റെ ജീവരക്തമാണ്,” യുവി പറഞ്ഞു.
— Yuvraj Singh (@YUVSTRONG12) December 11, 2020
കോവിഡിനെതിരായ ജാഗ്രത കെെവെടിയെരുതെന്ന് യുവി ആവശ്യപ്പെട്ടു. മഹാമാരി പൂർണമായി നമുക്കിടയിൽ നിന്നു പോയിട്ടില്ല. വെെറസിനെതിരെ പ്രതിരോധം തുടരണമെന്ന് എല്ലാവരെയും ഓർമിപ്പിക്കുകയാണെന്നും യുവി പറഞ്ഞു.
ബിസിസിഐയും സച്ചിൻ ടെൻഡുൽക്കർ, ഹർഭജൻ സിങ്, വിവിഎസ് ലക്ഷ്‌മൺ തുടങ്ങിയ പ്രമുഖ താരങ്ങളും യുവരാജിന് ജന്മദിനാശംസകൾ അറിയിച്ചു.
അതേസമയം, രാജ്യ തലസ്ഥാനത്തെ കർഷക പ്രക്ഷോഭം കൂടുതൽ ശക്തമാകുന്നു. ഡിസംബർ 14 മുതൽ കർഷക യൂണിയൻ നേതാക്കൾ ഉപവാസ സമരത്തിന്. തങ്ങളുടെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷക യൂണിയൻ നേതാക്കൾ അറിയിച്ചു. ചർച്ചകൾക്ക് തങ്ങൾ തയ്യാറാണെന്നും എന്നാൽ, മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും കർഷക യൂണിയൻ നേതാക്കൾ വ്യക്തമാക്കി. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും കർഷകർ ആവശ്യപ്പെട്ടു. ഞായറാഴ്‌ച ‘ഡൽഹി ചലോ’ മാർച്ച് സംഘടിപ്പിക്കും. രാജസ്ഥാനിലെ ഷാജഹാൻപൂരിൽ നിന്നാണ് മാർച്ച് ആരംഭിക്കുക. ജയ്‌പൂർ വഴിയിലൂടെ ഡൽഹി ഹെെവെയിലേക്ക് പ്രവേശിക്കും.