ലണ്ടൻ: ലണ്ടനിലെ പ്രശസ്തമായ ഗ്രേറ്റ് സ്കോട്‌ലൻഡ് യാർഡ് ഇനി ആഡംബര പഞ്ചനക്ഷത്ര ഹോട്ടൽ. ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥനും മലയാളിയുമായ എം.എ.യൂസഫലി 2016 ൽ 110 മില്യൺ പൗണ്ടിനാണ് ചരിത്ര പ്രാധാന്യമുളള കെട്ടിടം വാങ്ങിയത്. കോടികൾ ചെലവഴിച്ചാണ് കെട്ടിടം പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റിയത്. ഈ വർഷം അവസാനം ഹോട്ടൽ തുറക്കുമെന്നാണ് വിവരം.

ലണ്ടനിലെ കെട്ടിട നിർമ്മാതാക്കളായ ഗല്ലിയാർഡ് ഹോംസാണ് കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. മൂന്നര വർഷം കൊണ്ടാണ് കെട്ടിടം പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റിയത്. 75 മില്യൻ യൂറോയാണ് (584,88,16,050 രൂപ) ഹോട്ടലിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി ചെലവായത്.

153 മുറികളാണ് ഹോട്ടലിൽ ഉളളത്. ഒരു ദിവസത്തെ വാടക 10,000 യൂറോ (7,79,842 രൂപ) ആണെന്നും റിപ്പോർട്ടുണ്ട്. ഹോട്ടലിന് അകത്ത് വിസ്കി ബാർ, കോക്ടെയിൽ ബാർ, ടീ പാർലർ, ബോൾ റൂം, ലൈബ്രറി, ജിംനാഷ്യം, 120 സീറ്റുകളുളള കോൺഫറൻസ് റൂം, മീറ്റിങ് റൂം എന്നിവയും ഉണ്ട്. ഷെഫ് റോബിൻ ഗില്ലിന്റെ റസ്റ്ററന്റ് ആണ് മറ്റൊരു ആകർഷണം. അതേസമയം, റസ്റ്ററന്റിലെ വിഭവങ്ങൾ സംബന്ധിച്ച യാതൊരു വിവരവും പുറത്തുവന്നിട്ടില്ല.

60 വർഷത്തോളം ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസിന്റെ ആസ്ഥാന മന്ദിരമായിരുന്നു ഗ്രേറ്റ് സ്കോട്‌ലൻഡ് യാർഡ്. ബ്രിട്ടീഷ് ആർമി റിക്രൂട്മെന്റ് ഓഫീസും ഈ കെട്ടിടത്തിലായിരുന്നു. 2004 വരെ പ്രതിരോധ മന്ത്രാലയത്തിന്റെ ലൈബ്രറിയും ഇവിടെ പ്രവർത്തിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook