ന്യൂഡല്‍ഹി: കശ്മീരില്‍ നിന്നുമുള്ള സിപിഎം നേതാവായ മുഹമ്മദ് യൂസഫ് തരിഗാമിയെ ശ്രീനഗറില്‍ നിന്നും ഡല്‍ഹിയിലെത്തിച്ചു. ഡല്‍ഹി എയിംസിയില്‍ തരിഗാമിയെ പ്രവേശിപ്പിച്ചു. സുപ്രീം കോടതി നിർദേശത്തെ തുടര്‍ന്നാണ് തരിഗാമിയെ ഡല്‍ഹിയിലെത്തിച്ചത്.

തരിഗാമിക്കൊപ്പം ഡോക്ടറും കുടുംബാംഗങ്ങളുമുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സാഹചര്യത്തില്‍ വീട്ടുതടങ്കലിലായിരുന്നു തരിഗാമി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തരിഗാമിയെ ഡല്‍ഹിയിലെത്തിച്ചത്.

തരിഗാമിയുടെ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. യെച്ചൂരി നടത്തിയ നിയമപോരാട്ടമാണ് തരിഗാമിയെ എയിംസിലേക്ക് മാറ്റാന്‍ കാരണമായത്.

Read More: യെച്ചൂരിയുടെ നിയമപോരാട്ടം വിജയിച്ചു; തരിഗാമിയെ എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി

കുല്‍ഗാമില്‍ നിന്ന് നാല് തവണ എംഎല്‍എയായ സിപിഎമ്മിന്റെ കരുത്തനായ നേതാവാണ് തരിഗാമി. വീട്ടുതടങ്കലിലുള്ള തരിഗാമിയെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് യെച്ചൂരി ഹേബിയസ് കോർപസ് ഹര്‍ജി ഫയല്‍ ചെയ്തത്. തരിഗാമിയെ കാണാന്‍ യെച്ചൂരിക്ക് സുപ്രീം കോടതി അനുമതി നല്‍കുകയും ചെയ്തു.

ഓഗസ്റ്റ് 29 നാണ് യെച്ചൂരി കശ്മീരിലെത്തിയത്. ഓഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് ശേഷം ആദ്യമായി കശ്മീരിലെത്തിയ ദേശീയ രാഷ്ട്രീയ നേതാവ് കൂടിയാണ് യെച്ചൂരി.

തരിഗാമിയെ കാണാന്‍ കശ്മീരിലെത്തിയ യെച്ചൂരി ഒരു ദിവസം അവിടെ തന്നെ തങ്ങി. കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷം സുപ്രീം കോടതിയില്‍ യെച്ചൂരി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തരിഗാമിയുടെ ആരോഗ്യനിലയെ കുറിച്ച് യെച്ചൂരി ആശങ്ക പ്രകടിപ്പിച്ചു. 72 വയസ്സുസുള്ള തരിഗാമിയുടെ ആരോഗ്യനില മോശമാണെന്നാണ് യെച്ചൂരി കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷം പറഞ്ഞത്. ഇതെല്ലാം പരിഗണിച്ചായിരുന്നു സുപ്രീം കോടതിയുടെ ഇടപെടല്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook