ന്യൂഡല്‍ഹി : ആയുര്‍വേദം, യോഗ, നാച്ചുറോപാതി, യുനാനി, സിദ്ധ വൈദ്യം, ഹോമിയോപ്പതി എന്നീ മേഖലയില്‍ പ്രാക്റ്റീസ് ചെയ്യുന്നവര്‍ക്ക് അലോപ്പതി പ്രാക്റ്റീസ് ചെയ്യുവാനുള്ള വഴിയൊരുങ്ങുന്നു. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ 2017 ബില്ലിലാണ് കേന്ദ്രസര്‍ക്കാര്‍ വിവാദമായേക്കാവുന്ന ഈ തീരുമാനം ശുപാര്‍ശ ചെയ്യുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ വെള്ളിയാഴ്ച ലോകസഭയില്‍ അവതരിപ്പിച്ച ബില്‍ പ്രകാരം ഒരു ചെറിയ കോഴ്സ് പഠിക്കുന്നത് വഴി ഇവര്‍ക്ക് അലോപതി ഡോക്ടര്‍മാര്‍ ആവാനാകും. മെഡിക്കൽ വിദ്യാഭ്യാസ ഘടനയെ പുനരുദ്ധരിക്കുന്നതായ ബില്ലില്‍ ‘മെഡിക്കൽ എക്സിറ്റ്’ പരീക്ഷയെ പരിചയപ്പെടുത്തുകയും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയെ അവസാനിപ്പിക്കുവാനും ശുപാര്‍ശയുണ്ട്.

ദേശീയ മെഡിക്കല്‍ കമ്മീഷന്‍, സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ എന്നിവര്‍ എല്ലാ വര്‍ഷവും സംയുക്തമായൊരു യോഗം ചേരണം എന്നും ശുപാര്‍ശയില്‍ പറയുന്നു.
“ഹോമിയോപ്പതി, ഇന്ത്യൻ വൈദ്യശാസ്ത്രം, ആധുനിക വൈദ്യശാസ്ത്രം എന്നിവയുടെ പരസ്പരവിനിമയം വർദ്ധിപ്പിക്കുക” എന്ന ഉദ്ദേശത്തോടെയാണിത്. ഹോമിയോപ്പതി, ഇന്ത്യന്‍ വൈദ്യം എന്നിവ പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ആധുനിക വൈദ്യശാസ്ത്രം പ്രാക്റ്റീസ് ചെയ്യാനുള്ള കൊഴ്സുകള്‍ തീരുമാനിക്കുന്നത് ഈ സംയുക്തയോഗം ആയിരിക്കും” എന്ന് ബില്ലില്‍ പറയുന്നു.

ഈ യോഗത്തില്‍ പങ്കെടുക്കുന്നവരുടെ വോട്ട് അനുസരിച്ചാകും ബാക്കി തീരുമാനങ്ങള്‍. “ബിരുദാനന്തര കോഴ്സിനും ബിരുദാനന്തര കോഴ്സിനുമായി പ്രത്യേക മെഡിക്കൽ സംവിധാനങ്ങളിലൂടെ പരിചയപ്പെടുത്തുകയും വിവിധങ്ങളായ വൈദ്യശാസ്ത്ര രംഗങ്ങളെ ബന്ധിപ്പിക്കുകയും വൈദ്യശാസ്ത്ര ബഹുസ്വരത പ്രോൽസാഹിപ്പിക്കുകയും ചെയ്യും” എന്നാണ് ബില്ലില്‍ പറയുന്നത്.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെ പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി എംസിഐയുടെ തിരഞ്ഞെടുത്ത ഭാരവാഹിയ്ക്ക് പകരക്കാരനായി വരുമെന്നും ഒരു 25 അംഗ കമ്മീഷനെ നിയമിക്കുമെന്നും ബില്ലില്‍ പറയുന്നു. പാര്‍ലമെന്‍റ് പാസാക്കുകയാണ് എങ്കില്‍ മൂന്ന്‍ വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ എക്സിറ്റ് പരീക്ഷ പ്രാബല്യത്തില്‍ വരും. സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നും ഓരോ അംഗങ്ങളെ പ്രതിനിധികളായി ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു മെഡിക്കല്‍ അഡ്വൈസറി കമ്മീഷന്‍ രൂപീകരിക്കാനും ശുപാര്‍ശയുണ്ട്.

ബിരുദം, ബിരുദാനന്തര വൈദ്യ വിദ്യാഭ്യാസം, മെഡിക്കൽ മാനദണ്ഡങ്ങള്‍, റേറ്റിങ്, നൈതികത, രജിസ്ട്രേഷൻ എന്നിവ കൈകാര്യം ചെയ്യുന്ന നാല് ബോർഡുകൾ ഈ മേഖലയെ നിയന്ത്രിക്കും എന്നുമാണ് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ