ന്യൂഡല്‍ഹി: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനും ആന്ധ്രാപ്രദേശ് നിയുക്ത മുഖ്യമന്ത്രിയുമായ ജഗന്‍മോഹന്‍ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം റെഡ്ഡി മോദിക്ക് മുന്‍പില്‍ അവതരിപ്പിച്ചു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായും ജഗന്‍മോഹന്‍ റെഡ്ഡി ചര്‍ച്ച നടത്തി. സംസ്ഥാനത്തിന് പ്രത്യേക പദവി ലഭിക്കാനായി പരിശ്രമിക്കുമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ജനങ്ങളിലേക്ക് എത്തിയത്. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് മികച്ച വിജയം നേടാന്‍ സാധിച്ചിരുന്നു.

Read More: ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന് കടിഞ്ഞാണിട്ട് ജഗന്‍മോഹന്‍ റെഡ്ഡി

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണം എന്ന ആവശ്യത്തോടൊപ്പം സംസ്ഥാനത്തെ സാമ്പത്തിക അവസ്ഥയെ കുറിച്ചും ജഗന്‍മോഹന്‍ റെഡ്ഡി മോദിയോട് ചര്‍ച്ച നടത്തി. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രം സഹായിക്കണമെന്നും ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. മേയ് 30 ന് നടക്കുന്ന മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ജഗന്‍മോഹന്‍ റെഡ്ഡിയെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

175 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 151 സീറ്റും സ്വന്തമാക്കിയാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് തെലുങ്ക് ദേശം പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയത്. 25 ലോക്‌സഭാ സീറ്റുകളില്‍ 22 ഇടത്തും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് തന്നെയാണ് വിജയിച്ചത്.

Read More: താങ്കൾ അത് സാധിച്ചിരിക്കുന്നു; മോദിയെ അഭിനന്ദിച്ച് സൂപ്പർ താരങ്ങൾ

എക്‌സിറ്റ് പോളിൽ ആന്ധ്രാ ഭരണം ജഗൻ മോഹൻ റെഡ്ഡി നേടിയെടുക്കുമെന്നും ലോക്‌സഭാ സീറ്റുകളിൽ മിന്നുന്ന വിജയം നേടുമെന്നുമാണ് കണ്ടത്. ജഗന്റെ പിതാവ് വൈ.എസ്. രാജശേഖര റെഡ്ഡി ആന്ധ്രയിലെ കോൺഗ്രസിന്റെ അവസാന വാക്കായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം മുഖ്യമന്ത്രി സ്ഥാനം ജഗനു നൽകാത്തതിനെ തുടർന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് ജഗൻ വൈ.എസ്.ആർ കോൺഗ്രസ് രൂപീകരിച്ചത്.

ഈ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടപ്പോൾ തെലുങ്കു ദേശത്തിനൊപ്പം കോൺഗ്രസും ജഗന് ശത്രുക്കളായിരുന്നു. എന്നാൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആന്ധ്രയ്‌ക്ക് പ്രത്യേക പദവി നൽകുമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയെ ജഗൻ സ്വാഗതം ചെയ്‌തിരുന്നു. പഴയതൊക്കെ ക്ഷമിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അതിനുപ്പുറത്തേക്ക് ഒരു ചുവടു പോലും മുന്നോട്ടു വച്ചിട്ടില്ല. ആന്ധ്രയുടെ ചുമതലയുള്ള ഉമ്മൻചാണ്ടി ജഗനെ കോൺഗ്രസിനോട് അടുപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ വിജയം കണ്ടതുമില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook