വിജയവാഡ: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.എല്‍.എയും മുന്‍ ചലച്ചിത്ര താരവുമായ ആര്‍.കെ റോജയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ദേശീയ വനിതാ പാര്‍ലമെന്റില്‍ പങ്കെടുക്കുന്നതിന് എത്തിയ റോജയെ വിജയവാഡ വിമാനത്താവളത്തില്‍ വച്ചാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മോശം പെരുമാറ്റത്തെ തുടര്‍ന്ന് ഒരു വര്‍ഷമായി അസംബ്ലിയില്‍ നിന്നും റോജയെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് റോജ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്.
വനിതാ പാര്‍ലമെന്റ് നടക്കുന്ന ഹോട്ടലിലേക്ക് കൊണ്ടു പോകാനെന്ന പേരില്‍ പോലീസ് കൂട്ടിക്കൊണ്ട് പോകുകയും അന്യായമായി തടഞ്ഞു വയ്ക്കുകയുമായിരുന്നെന്ന് റോജ ആരോപിച്ചു. ഒരു നിയമസഭാംഗം ക്ഷണിച്ചത് പ്രകാരമാണ് താന്‍ വനിതാ പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ എത്തിയതെന്ന് റോജ പറഞ്ഞു.
11 കോടി രുപ ചെലവഴിച്ച് നടക്കുന്ന വനിതാ പാര്‍ലമെന്റിലേക്ക് രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്നുമുള്ള എം.എല്‍.എമാരെ ക്ഷണിച്ചിരുന്നു. എന്നാല്‍ തന്നെ മാത്രം പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല. അവര്‍ക്ക് തന്നെ ഭയമാണെങ്കില്‍ എന്തിന് ക്ഷണിച്ചുവെന്നും റോജ ചോദിച്ചു. വനിതാ പാര്‍ലമെന്റിലെ ചടങ്ങ് അലങ്കോലമാക്കാനാണ് റോജ എത്തിയതെന്നാണ് പൊലീസ് ആരോപിക്കുന്നത്.