ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കരുതെന്ന് രാഹുല്‍ ഗാന്ധിയോട് ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍. ജനഹൃദയങ്ങള്‍ ജയിച്ചവനാണ് നിങ്ങളെന്ന് രാഹുല്‍ ഗാന്ധിയോട് സ്റ്റാലിന്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് എം.കെ.സ്റ്റാലിനെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അഭിനന്ദിക്കുകയും ചെയ്തു. ഡിഎംകെയുമായി സഖ്യത്തിലായാണ് കോണ്‍ഗ്രസ് തമിഴ്‌നാട്ടില്‍ മത്സരിച്ചത്. കോണ്‍ഗ്രസ് – ഡിഎംകെ സഖ്യം ആകെയുള്ള 38 സീറ്റുകളില്‍ 37 ലും വിജയിച്ചിരുന്നു.
അതേസമയം, രാഹുല്‍ ഗാന്ധി ഇല്ലെങ്കില്‍ ശക്തമായ പ്രതിപക്ഷം ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ടെന്ന് അസാമില്‍ നിന്നുള്ള എംഎല്‍എ ഹിമന്ത് ബിശ്വ ശര്‍മ പരിഹസിച്ചു. അടുത്ത അമ്പത് വര്‍ഷത്തേക്ക് കൂടി രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി തുടരണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും ബിശ്വ ശര്‍മ പരിഹസിച്ചു.
Read More: കോണ്‍ഗ്രസില്‍ പൊട്ടലും ചീറ്റലും; അബ്ദുള്ളക്കുട്ടിയെ പുറത്താക്കണമെന്ന് ഉണ്ണിത്താന്‍
അധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിയാൻ രാഹുൽ ഗാന്ധി കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ, കോൺഗ്രസ് നേതൃത്വം ഇതിനെ എതിർത്തു. പ്രിയങ്കാ ഗാന്ധിയും രാഹുൽ രാജിവയ്ക്കരുതെന്ന് ആവശ്യപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്നോട്ട് പോകാത്ത സാഹചര്യത്തില്‍ രാഹുലിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

എഐസിസി ജനറല്‍ സെക്രട്ടറിയും രാഹുലിന്റെ സഹോദരിയുമായ പ്രിയങ്ക ഗാന്ധിയാണ് ആദ്യം വസതിയില്‍ എത്തിയത്. പിന്നീട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല, പാര്‍ട്ടി ജനറല്‍ സെക്രട്ടറി ചുമതല വഹിക്കുന്ന നേതാവ് കെ.സി വേണുഗോപാല്‍ എന്നിവരും രാഹുലിനെ കാണാന്‍ എത്തി.
Read More: അടങ്ങാതെ രാഹുല്‍, അനുനയിപ്പിക്കാന്‍ നേതാക്കള്‍; പ്രിയങ്കയും വസതിയിലെത്തി
അനുയോജ്യനായ ഒരാളെ കണ്ടെത്തുന്നതു വരെ മാത്രം താന്‍ അധ്യക്ഷ സ്ഥാനത്ത് തുടരും എന്നാണ് രാഹുല്‍ പാര്‍ട്ടിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ രാഹുലിനെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ നിരവധി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്മാര്‍ രാജി സന്നദ്ധത അറിയിക്കുകയും അത് വഴി പാര്‍ട്ടി പുനര്‍നിര്‍മാണത്തിന് വഴിയൊരുക്കാമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ പദവിയില്‍ നിന്നും രാഹുല്‍ ഗാന്ധി രാജിവയ്ക്കുകയാണെങ്കില്‍ അത് കോണ്‍ഗ്രസിനെയും സംഘ്പരിവാറിനെയും എതിര്‍ക്കുന്ന മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ച് ആത്മഹത്യാപരമാണെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് പ്രതികരിച്ചു.
Read More: ‘വൈകാതെ നേരിൽ കാണാം’; വയനാട്ടുകാരോട് രാഹുൽ ഗാന്ധി
ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് രാഹുൽ ഗാന്ധി നേതൃത്വം നൽകിയ കോൺഗ്രസിനേറ്റത്. 52 സീറ്റുകൾ മാത്രമാണ് കോൺഗ്രസ് നേടിയത്. തോൽവിക്ക് പിന്നാലെ കോൺഗ്രസിലെ മുതിർന്ന നേതാക്കളെ വിമർശിച്ച് രാഹുൽ രംഗത്തെത്തിയിരുന്നു. അശോക് ഗെലോട്ടും, കമൽനാഥും പി.ചിദംബരവും പാർട്ടി കാര്യത്തേക്കാൾ മക്കൾക്ക് സീറ്റ് ഉറപ്പിക്കുന്നതിനാണ് ശ്രമിച്ചതെന്ന് രാഹുൽ പറഞ്ഞു.
“രാജസ്ഥാനിൽ അശോക് ഗെലോട്ടും, മധ്യപ്രദേശിൽ കമൽനാഥും സ്വന്തം മക്കൾക്ക് സീറ്റുറപ്പിക്കുന്നതിലും അവരെ ജയിപ്പിക്കുന്നതിലും മാത്രമാണ് ശ്രദ്ധിച്ചത്. തനിക്ക് അവർക്ക് സീറ്റ് നൽകുന്നതിൽ വലിയ താത്പര്യമുണ്ടായിരുന്നില്ലെന്ന് അറിഞ്ഞിട്ട് പോലും സീറ്റ് വേണമെന്ന് നിർബന്ധം പിടിച്ചു. തമിഴ്‍നാട്ടിൽ ശിവഗംഗ സീറ്റ് മകൻ കാർത്തി ചിദംബരത്തിന് കൊടുക്കണമെന്ന് പി ചിദംബരവും വാശി പിടിച്ചു,” രാഹുൽ പറഞ്ഞു. ഈ മുതിർന്ന നേതാക്കളെല്ലാം രാജി ഭീഷണി മുഴക്കിയെന്നും രാഹുൽ കൂട്ടിച്ചേർത്തു.