ഛണ്ഡിഗഡ്: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് നേരെ യുവാവ് മഷിയേറ് നടത്തി. ഹിസാറില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘം യുവാവിനെ പിടകൂടി പൊലീസിൽ ഏല്‍പ്പിച്ചു. ഒരു റോഡ് ഷോയില്‍ പങ്കെടുക്കാനായാണ് ഖട്ടാര്‍ ഹിസാറിലെത്തിയത്. ഇതിനിടെയാണ് സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി യുവാവ് മഷിയെറിഞ്ഞത്.

മുഖ്യമന്ത്രിയുടെ നെറ്റിയിലും മുഖത്തും വസ്ത്രത്തിലും മഷി പുരണ്ടു. നഗരത്തിലെ ഒരു ക്ഷേത്രത്തില്‍ പശുവിനെ തീറ്റിക്കാന്‍ പോവുകയായിരുന്നു ഖട്ടാറെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെയാണ് പ്രതിഷേധം ഉണ്ടായത്. ഇതിന് ശേഷം തുറന്ന ജീപ്പില്‍ റോഡ് ഷോയില്‍ മുഖ്യമന്ത്രി പങ്കെടുത്തു. ഇസഡ് പ്ലസ് സുരക്ഷയുളള മുഖ്യമന്ത്രിയുടെ സംഘത്തിന് പറ്റിയ വീഴ്‌ചയായിട്ടാണ് സംഭവം കണക്കിലാക്കുന്നത്.

പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ ലോക് ദളിന്റെ പ്രവര്‍ത്തകനാണ് മഷിയെറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പാര്‍ട്ടി ഇത് നിഷേധിച്ച് രംഗത്തെത്തി. യുവാവ് തങ്ങളുടെ പ്രവര്‍ത്തകനാണെന്ന് തങ്ങള്‍ക്ക് അറിവില്ലെന്ന് എന്‍എല്‍ഡി വ്യക്തമാക്കി. 2014 ഒക്ടോബര്‍ മുതല്‍ ഹരിയാനയിലെ ആദ്യ ബിജെപി സര്‍ക്കാരിന്റെ മുഖ്യമന്ത്രിയാണ് ഖട്ടാര്‍.

മഷിയാക്രമണങ്ങള്‍ രാജ്യത്ത് പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഈയടുത്ത് പട്ടേദാർ നേതാവ് ഹര്‍ദിക് പട്ടേലിന് നേരെ ഉജ്ജയിനില്‍ വച്ച് മഷിയേറ് നടന്നിട്ടുണ്ട്. പത്രസമ്മേളനത്തിനിടെയായിരുന്നു സംഭവം. പ്രതിയെ പിടികൂടി പിന്നീട് പൊലീസില്‍ ഏല്‍പ്പിച്ചു. 2016ല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന് നേരേയും സമാനമായ അക്രമണം നടന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ