ന്യൂഡല്‍ഹി: ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നാരോപിച്ച് കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശിയെ എന്‍ഐഎ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു. ലക്ഷ്മി നഗറിലെ അബ്ദുല്ല തെരുവത്തിന്റെ മകന്‍ മൊയ്‌നുദ്ദീന്‍ പാറക്കടവത്തിനെ(25)യാണ് ഇന്ധിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തതെന്ന് എന്‍ഐഎ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

നേരത്തേ ഐഎസ് ബന്ധത്തില്‍ അറസ്റ്റിലായ പ്രതികള്‍ നല്‍കിയ മൊഴിയെത്തുടര്‍ന്ന് എന്‍ഐഎ ഇയാള്‍ക്ക് വേണ്ടി അന്വേഷണം നടത്തി വരികയായിരുന്നു. ചൊവ്വാഴ്ചയാണ് മൊയ്നുദ്ദീന്‍ അബുദാബിയില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. സംശയത്തെത്തുടര്‍ന്ന് പിടിയിലായ മൊയ്‌നുദ്ദീനെ ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ ഒക്ടബോര്‍ രണ്ടിന് കണ്ണൂരിലെ കനകമലയില്‍ നിന്ന് അഞ്ചു പേരെയും കോഴിക്കോട് നിന്ന് ഒരാളേയും എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൊയ്‌നുദ്ദീന്‍ മുഖ്യ പങ്കാളിയാണെന്ന വിവരം ലഭിക്കുന്നത്. ഐഎസ് ബന്ധമുള്ള പ്രതികള്‍ക്ക് വെസ്റ്റേണ്‍ മണി ട്രാന്‍സ്ഫര്‍ വഴി ഇയാള്‍ പണം അയച്ചിരുന്നതായി എന്‍ഐഎ വ്യക്തമാക്കി.

ടെലഗ്രാം ആപ് വഴിയാണ് പ്രതികള്‍ സന്ദേശങ്ങള്‍ കൈമാറാറുള്ളതെന്ന് പ്രതികള്‍ നേരത്തേ മൊഴി നല്‍കിയിരുന്നു. ടെലഗ്രാം ഗ്രൂപ്പുകളില്‍ അബു അല്‍ ഇന്തോനേസീ, ഇബ്ന്‍ അബ്ദുല്ല എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നത് മൊയ്‌നുദ്ദീന്‍ ആണെന്ന് എന്‍ഐഎ കണ്ടെത്തി. മൊയ്‌നുദ്ദീനെ ഇന്ന് എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യാൻ ആവശ്യപ്പെടും. തുടര്‍ന്ന് മൊയ്നുദ്ദീനെ കേരളത്തിലെ എന്‍ഐഎ പ്രത്യേക കോടതിക്കു മുന്‍പാകെ ഹാജരാക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ