ഇടുക്കി: വാഗമണ്‍ ആതമഹത്യാ മുനമ്പിലെ കൊക്കയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം ഇന്നു രാത്രി തന്നെ കരയിലെത്തിക്കും. ഇതിനായി എത്തിച്ച ക്രെയിനില്‍ മൃതദേഹം ഘടിപ്പിച്ച് മുകളിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരമാണ് വാഗമണ്ണിലെ ആത്മഹത്യാ മുനമ്പിനു സമീപമുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബൈക്ക് കണ്ടെത്തിയത്. തുടര്‍ന്ന് കാവല്‍ക്കാരന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയ തെരച്ചിലിലാണ് രണ്ടു ജോടി ചെരുപ്പുകള്‍ കണ്ടെത്തിയത്.

ഇതിനെത്തുടര്‍ന്നാണ് രണ്ടു യുവാക്കള്‍ കൊക്കയില്‍ വീണതായി പോലീസ് സംശയം പ്രകടിപ്പിച്ചത്. ശനിയാഴ്ച ഫയര്‍ഫോഴ്‌സും പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് 1300 അടി താഴ്ചയില്‍ ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഫയര്‍ ഫോഴ്‌സിന്റെ പക്കലുള്ള കയര്‍ ഉപയോഗിച്ചു മൃതദേഹം മുകളിലേക്കു കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു. മരിച്ചതാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബൈക്കുമായി ബന്ധപ്പെട്ടു പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് എറണാകുളം തിരുവാങ്കുളം സ്വദേിയായ അരുണിന്റെ(22) ആണെന്നു കണ്ടെത്തിയിട്ടുണ്ട്. തെരച്ചിലിനിടെ കണ്ടെത്തിയ മൊബൈല്‍ ഫോണിന്റെ ഭാഗങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഇത് അരുണിന്റേതാണെന്നു പോലീസ് കരുതുന്നു.

സംഭവമറിഞ്ഞ് അരുണിന്റെ ബന്ധുക്കള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവര്‍ മൃതദേഹം തിരിച്ചറിഞ്ഞാല്‍ മാത്രമേ മൃതദേഹം അരുണിന്റേതാണോയെന്ന് ഉറപ്പിക്കാനാവൂ. അതേസമയം കാണാതായെന്നു പറയുന്ന രണ്ടാമത്തെ ആള്‍ ആരാണെന്നതു സംബന്ധിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ