ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ ബി.വി.ശ്രീനിവാസിനെതിരെ പരാതിയുമായി രംഗത്ത് വന്ന അസം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ അംഗിത ദത്തിന് വക്കീല്‍ നോട്ടിസ്. ശ്രീനിവാസിനെതിരെയുള്ള പരാതിയില്‍ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
ആറ് മാസമായി ബി.വി.ശ്രീനിവാസും ഐ.വൈ.സി ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് വര്‍ധന്‍ യാദവും തന്നെ ദ്രോഹിക്കുകയാണെന്നാണ് അംഗിതയുടെ പരാതി. ശ്രീനിവാസിനെ ‘ലൈംഗികവാദി’, ‘വര്‍ഗീയവാദി’ എന്ന് വിളിച്ചായിരുന്നു അംഗിതയുടെ ട്വീറ്റ്. ഞാനൊരു വനിതാ നേതാവാണ്. ഞാന്‍ ഇത്തരം പീഡനത്തിന് വിധേയയായാല്‍, മറ്റ് സ്ത്രീകളെ ചേരാന്‍ ഞാന്‍ എങ്ങനെ പ്രോത്സാഹിപ്പിക്കും. മാസങ്ങള്‍ക്ക് മുമ്പ് ഇക്കാര്യം അറിയിച്ചിട്ടും രാഹുല്‍ ഗാന്ധി നടപടി ആരംഭിച്ചില്ലെന്നും അവര്‍ ആരോപിച്ചിരുന്നു. ജനുവരിയില്‍ നടന്ന ഭാരത് ജോഡോ യാത്രയുടെ ജമ്മു യാത്രക്കിടെ താന്‍ രാഹുലിനെ കണ്ടിരുന്നുവെന്നും ശ്രീനിവാസിന്റെ ‘മാനസിക പീഡനത്തെക്കുറിച്ചും അപമാനകരമായ ഭാഷാ ഉപയോഗത്തെക്കുറിച്ചും’ രാഹുലുമായി സംസാരിച്ചതായും അവര്‍ പറഞ്ഞു.
”എന്റെ പരാതിയില്‍ ശ്രീനിവാസിനെതിരെ ഒരു അന്വേഷണവും ആരംഭിച്ചിട്ടില്ല. മാസങ്ങളോളം ഞാന്‍ മൗനം പാലിച്ചു, അവര്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നതുവരെ കാത്തിരിക്കുന്നു, എന്നിട്ടും ആര്‍ക്കും താല്‍പ്പര്യമില്ല. ശ്രീനിവാസ് എല്ലാത്തരം തെറ്റുകളില്‍ നിന്നും രക്ഷപ്പെടുകയാണ്,” അവര്‍ പറഞ്ഞു. അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനം വഹിച്ചിരുന്ന മുന്‍ അസം മന്ത്രി അഞ്ജന്‍ ദത്തയുടെ മകളാണ് അംഗിത. അംഗുരി മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും അംഗിത മത്സരിച്ചിരുന്നു.
ഐവൈസിയുടെ ലീഗല്‍ സെല്ലിന്റെ തലവനായ രൂപേഷ് എസ്.ബദൗരിയ നല്‍കിയ വക്കീല്‍ നോട്ടീസില്‍ അംഗിതയുടെ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതവും തീര്‍ത്തും തെറ്റാണെന്ന് അവകാശപ്പെട്ടു. ശാരദ ചിട്ടി ഫണ്ട് കുംഭകോണം, ഇഡി/പിഎംഎല്‍എ കേസുകളില്‍ അംഗിതയുടെ പേര് ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുമായി അവര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും നോട്ടീസില്‍ ആരോപിക്കപ്പെടുന്നു.
ഈ കേസുകള്‍ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് വിടാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനാണ് അവര്‍ ആരോപണം ഉന്നയിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. നോട്ടീസ് ലഭിച്ചയുടന്‍ അംഗിത ശ്രീനിവാസിന്റെ ബന്ധുക്കളോടും സോഷ്യല്‍ മീഡിയയിലും മാപ്പ് പറയണമെന്ന് രൂപേഷ് എസ് ബദൗരിയ ആവശ്യപ്പെട്ടു, അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.