ന്യൂഡല്‍ഹി: കോവിഡ് -19 രണ്ടാം തരംഗം ഇന്ത്യയെ പിടിമുറുക്കിയപ്പോള്‍ തന്നെ, വിനാശകരമായ ഈ പകര്‍ച്ചവ്യാധിയ്ക്കെതിരെ പോരാടുന്നതിനും ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിലും 30 കോടി ചെറുപ്പക്കാരാണ് ശക്തമായ പ്രതീക്ഷ നല്‍കുന്നത്. ഈ പശ്ചാത്തലത്തിലാണ്, യൂണെിസഫ് 2018 ല്‍ സിബിഎസ്ഇ, വിദ്യാഭ്യാസ, യുവജന ക്ഷേമ, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയങ്ങള്‍ എന്നിവയോടൊപ്പം ചേര്‍ന്ന് തുടക്കമിട്ട ജനറേഷന്‍ അണ്‍ലിമിറ്റഡിന്റെ ഇന്ത്യ ചാപ്റ്ററായ യുവാ (YuWaah) രാജ്യവ്യാപകമായി ‘യങ് വാരിയര്‍ മൂവ്മെന്റ്’ ആരംഭിച്ചിരിക്കുന്നത്.
കോവിഡ്-19 പ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ കരകയറ്റാന്‍ 50 ലക്ഷം യുവാക്കളെ അണിനിരത്താനാണ് ഈ പ്രസ്ഥാനം ലക്ഷ്യമിടുന്നത്. പൗരസമൂഹം, യുഎന്‍ ഏജന്‍സികള്‍, സ്വകാര്യ മേഖല എന്നിവയിലുടനീളം 1,350-ല്‍ അധികം പങ്കാളികളുടെ പിന്തുണ ഈ പ്രസ്ഥാനത്തിനുണ്ട്.
അടുത്തിടെ ആരംഭിച്ച യങ് വാരിയര്‍ പ്രസ്ഥാനത്തെക്കുറിച്ചും യുവാക്കളെ ഇതില്‍ ഇടപെടുത്തുന്നതുകൊണ്ട് എന്താണ് ലക്ഷ്യമിടുന്നതെന്നും ഇതുപോലുള്ള നിര്‍ണായക സമയത്ത് അവര്‍ക്ക് വഹിക്കാവുന്ന പങ്കിനെക്കുറിച്ചും ഇന്ത്യന്‍ എക്‌സ്‌പ്രസ് ഡോട്ട് കോമുമായി യുണിസെഫിലെ ഇന്ത്യന്‍ പ്രതിനിധി ഡോ. യാസ്മിന്‍ അലി ഹഖ് സംസാരിക്കുന്നു.
എങ്ങനെയാണ് യുണിസെഫിന്റെ യങ് വാരിയര്‍ പ്രസ്ഥാനം ആരംഭിക്കുന്നത്?
ഞങ്ങളുടെ യുവാ പ്രവര്‍ത്തനത്തിന്റെ ഒരു ഭാഗമാണ് യങ് വാരിയര്‍ പ്രസ്ഥാനം. യുവാക്കളെ സജീവമായ ചേഞ്ച്മേക്കേര്‍മാരായി മാറ്റിയെടുക്കുന്ന യുവാ 2019ല്‍ ആണ് ഇന്ത്യയില്‍ ആരംഭിക്കുന്നത്. അതിനു കീഴില്‍, ഞങ്ങള്‍ക്ക് ചെറുപ്പക്കാരുടെ ഒരു ആക്ഷന്‍ ടീം ഉണ്ട്, അവരാണ് ഈ പകര്‍ച്ചവ്യാധി സാഹചര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്.
സര്‍ക്കാര്‍ വകുപ്പുകളും മന്ത്രാലയങ്ങളുും പൗരസമൂഹ സ്ഥാപനങ്ങളും യുഎന്‍ ഏജന്‍സികളുും സ്വകാര്യമേഖലയും ചേര്‍ന്നുള്ള ഈ ആശയത്തിന്, യുവാക്കളുമായി അതിശയകരമായ അനുരണനമുണ്ടായിരുന്നു. യങ് വാരിയര്‍ പ്രസ്ഥാനം ആരംഭിക്കാന്‍ ഇത് ഞങ്ങള്‍ക്ക് പ്രചോദനം നല്‍കി. എത്ര വേഗത്തിലാണ് ഇത് പുരോഗമിക്കുന്നതെന്നതില്‍ ഞാന്‍ ശരിക്കും ആശ്ചര്യപ്പെട്ടു.
സിവില്‍ സൊസൈറ്റി, യുഎന്‍ ഏജന്‍സികള്‍, സ്വകാര്യ മേഖല എന്നിവയിലുടനീളം 1350ല്‍ അധികം സഖ്യ പങ്കാളികളുടെ പിന്തുണ യങ് വാരിയര്‍ മൂവ്മെന്റിനുണ്ട്. ആരോഗ്യം, അവശ്യ സേവനങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനം പ്രോത്സാഹിപ്പിക്കുക, വാക്സിന്‍ രജിസ്ട്രേഷന്‍, കോവിഡ്-19 പെരുമാറ്റച്ചട്ടം പാലിക്കുക, മിഥ്യാധാരണകള്‍ തകര്‍ക്കുക എന്നിവ ഉള്‍പ്പെടെ ലളിതവും യഥാര്‍ത്ഥവുമായ ജീവിത ചുമതലകളില്‍ യുവാക്കളെ ഉള്‍പ്പെടുത്താന്‍ പ്രസ്ഥാനം ശ്രമിക്കുന്നു.
നിലവിലെ കോവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ഇന്ത്യയെ സഹായിക്കുന്നതിന് യങ് വാരിയേഴ്സിന് എന്ത് തരത്തിലുള്ള പങ്കാണ് വിഭാവനം ചെയ്തിട്ടുള്ളത്?
ഞാന്‍ 25 വര്‍ഷമായി യുണിസെഫില്‍ പ്രവര്‍ത്തിക്കുന്നു. ഞങ്ങളുടെ ഘടകത്തിന്, അതായത് കുട്ടികള്‍ക്ക്, ഞങ്ങള്‍ എങ്ങനെ പ്രസക്തരായി തുടരുന്നു എന്നതാണ് ജോലിയുടെ കാതല്‍. യുവായുടെ രൂപകല്‍പ്പനയെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങിയപ്പോള്‍ ഇന്ത്യയിലുടനീളമുള്ള ചെറുപ്പക്കാരുമായി ധാരാളം കൂടിയാലോചനകള്‍ നടത്തി. അവര്‍ക്ക്, ഞങ്ങള്‍ പറയുന്നത് മാത്രം കേള്‍ക്കാനല്ല ആഗ്രഹമെന്നും ഇതിന്റെ ഭാഗമായിരിക്കണമെന്നും അവര്‍ എന്താണ് പറയുന്നതെന്ന് ഞങ്ങള്‍ കേള്‍ക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു. അത് ഒരു വലിയ മാറ്റമാണ് ഉണ്ടാക്കിയത്.
ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആശയങ്ങള്‍, പരമ്പരാഗതമായി നമ്മള്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നതിനും അപ്പുറമാണ്. നിഷ്‌ക്രിയ പങ്കാളികളായിരിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ഉത്തരവാദിത്തമേറ്റെടുത്ത് മുന്‍നിരയില്‍നിന്ന് നയിക്കാനാണ് ആഗ്രഹമെന്നും അവര്‍ വ്യക്തമാക്കി. ഒരു യുവ യോദ്ധാവായി ചേരുമ്പോള്‍ ചെയ്യാന്‍ കഴിയുന്ന ജോലികള്‍ നിര്‍വചിക്കാന്‍ അവര്‍ ഞങ്ങളെ സഹായിച്ചു.
Also Read: Coronavirus India Live Updates: ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട വിഭാഗം യുവാക്കളാണെങ്കിലും, നിലവിലെ പ്രതിസന്ധിയില്‍നിന്ന് കരകയറുന്നതിന് ഇന്ത്യയെ മുന്നില്‍നിന്ന് നയിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച ശൃംഖലയുള്ളതും പ്രാപ്തമായതുമായ ഗ്രൂപ്പുകളിലൊന്നാണ് അവരെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ചെറുപ്പക്കാര്‍ ഇതിനകം തന്നെ, പൊതുവേദികളിലൂടെയും കോവിഡ്-19 പെരുമാറ്റച്ചട്ടം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടും പിയര്‍ കൗണ്‍സിലര്‍മാരായി പ്രവര്‍ത്തിച്ചുകൊണ്ടുമിരിക്കുകയാണ്.
യങ് വാരിയർമാരെ ഏല്‍പ്പിക്കുന്ന ചുമതലകള്‍ എന്തൊക്കെയാണ്?
യങ് വാരിയര്‍ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രധാനമായും അഞ്ച് പ്രവര്‍ത്തന മണ്ഡലങ്ങളാണ് ഉള്ളത്. ഒന്ന്, പ്രതിരോധ കുത്തിവയ്പ് പ്രോത്സാഹിപ്പിക്കുന്നതിലൂടെയും അതിന്റെ രജിസ്ട്രേഷന്‍ പ്രക്രിയയെക്കുറിച്ചും വാക്സിനേഷനുശേഷം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിലൂടെയും ചെറുപ്പക്കാര്‍ക്ക് ഒരു വാക്സിന്‍ ബഡ്ഡിയാകാം. വാക്സിന്‍ എടുക്കുന്നതിനുള്ള വിമുഖത ഇല്ലാതാക്കാന്‍ വാക്സിന്‍ ബഡ്ഡികള്‍ക്കു കഴിയും.
അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന രണ്ടാമത്തെ കാര്യം മാനസികസമ്മര്‍ദം ലഘൂകരിക്കുന്ന ഘടകം (സ്ട്രെസ് ബസ്റ്റര്‍) എന്ന നിലയില്‍ പ്രവര്‍ത്തിക്കുക എന്നതാണ്. ആളുകള്‍ നിരവധി മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. സ്ട്രെസ് ബസ്റ്റര്‍ എന്ന നിലയില്‍ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സഹോദരങ്ങള്‍ എന്നിവരെ അവരുടെ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വിദഗ്ധനുമായി സംസാരിക്കാന്‍ പ്രോത്സാഹിപ്പിക്കാന്‍ അവര്‍ക്ക് കഴിയും. വളരെയധികം നെഗറ്റീവ് വാര്‍ത്തകള്‍ ചുറ്റും പ്രചരിക്കുമ്പോള്‍, പോസിറ്റീവ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവരെ സഹായിക്കാനാകും.
മൂന്നാമത്തെ ദൗത്യം, കോവിഡ് 19 മായി ബന്ധപ്പെട്ട് പ്രചരിക്കപ്പെടുന്ന തെറ്റായ വാര്‍ത്തകളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനും അതിന്റെ വ്യാപനം തടയുന്നതിനും ‘ഫേക്ക് ന്യൂസ് പൊലീസ്’ ആകുക എന്നതാണ്. ഞങ്ങള്‍ക്ക് കഴിയുന്നതിനേക്കാള്‍ വളരെ എളുപ്പത്തില്‍ ആളുകളുടെ ഭയം ദൂരീകരിക്കാന്‍ അവര്‍ക്ക് കഴിയും.
നാലാമതായി, അവര്‍ ഏറ്റെടുക്കേണ്ട സുപ്രധാന റോള്‍ അനുകമ്പയുള്ള പരിചാരകന്റേതാണ്. ഇപ്പോള്‍, അവര്‍ സ്വന്തം കുടുംബത്തിലുള്ളവരെയാണ് സഹായിക്കുന്നത്. അതിനാല്‍, രോഗബാധിതരായ കുടുംബാംഗങ്ങളെ അവരുടെ ശ്വസന വ്യായാമങ്ങളില്‍ സഹായിക്കാനും ഏതെങ്കിലും അപകട സൂചനകള്‍ക്കായി നിരീക്ഷിക്കാനും ആവശ്യമായ സഹായം തേടുന്നുവെന്ന് ഉറപ്പാക്കാനും അവര്‍ക്ക് കഴിയും.
Also Read: സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ ഒരു കോടിയിലധികം; കൂടുതലും സ്ത്രീകള്‍
അഞ്ചാമത്തേതും വളരെ പ്രധാനപ്പെട്ടതുമായ പങ്ക് യുവാക്കള്‍ നയിക്കുന്ന പ്രവര്‍ത്തനത്തെ അവര്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുന്നു എന്നതാണ്. മാസ്‌ക് ധരിക്കുക, കൈകള്‍ സാനിറ്റൈസ് ചെയ്യുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയ കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ചെറുപ്പക്കാര്‍ക്ക് വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന മേഖലകളാണിത്.
യങ് വാരിയര്‍ പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എങ്ങനെയാണ് സാധ്യമാകുക?
ഇത് ആരംഭിക്കുമ്പോള്‍ പൂര്‍ണമായും സജ്ജരാണെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. പക്ഷേ ധാരാളം യുവജനങ്ങള്‍ കടന്നുവരാന്‍ ആരംഭിച്ചപ്പോള്‍ പ്ലാറ്റ്ഫോം തകരാന്‍ തുടങ്ങി. ഇന്ന് രാവിലെ പോലും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നും എന്തുചെയ്യണം എന്നും ആവശ്യപ്പെട്ടുകൊണ്ട് ഒരു യുവാവില്‍നിന്ന് ഇ-മെയില്‍ ലഭിച്ചു.
പ്രസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വിവിധ മാര്‍ഗങ്ങളുണ്ട്. ആദ്യമായി വാട്ട്സ്ആപ്പില്‍ YWA എന്ന് ടൈപ്പ് ചെയ്ത് 9650414141-ലേക്ക് അയയ്ക്കുക. തുടര്‍ന്ന് ചില പ്രക്രിയകള്‍ പിന്തുടരുകയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം. ടെലിഗ്രാം ആപ്പിലും രജിസ്ട്രേഷന്‍ നടത്താം, ‘UReport India’ തിരഞ്ഞ്, ‘Start’ ക്ലിക്കുചെയ്ത് രജിസ്ട്രേഷന്‍ പ്രക്രിയ പിന്തുടരാം. അല്ലെങ്കില്‍, നേരിട്ട് ‘UReport India’ ഫേസ്ബുക്ക് പേജില്‍ പോയി send message ല്‍ ക്ലിക്ക് ചെയ്ത്, YWA എന്ന് ടൈപ്പ് ചെയ്ത് send ല്‍ ക്ലിക്ക് ചെയ്യുക.
വാട്സാപ്പോ ഇന്റര്‍നെറ്റോ ഇല്ലാത്ത ഫോണുകളുള്ള ചെറുപ്പക്കാര്‍ക്ക് 08066019225 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്‍കാം. തുടര്‍ന്ന് ഇന്ററാക്ടീവ് വോയിസ് റെസ്പോണ്‍സ്, രജിസ്ട്രേഷനിലേയ്ക്ക് അവരെ നയിക്കും. അവര്‍ ചെയ്യേണ്ട ഒരു കാര്യം ‘i am a #youngwarrior’ എന്ന് പ്രസ്താവിക്കുന്ന സാഷ്യല്‍ മീഡിയ പോസ്റ്റ് ഇടുകയും നിങ്ങളുടെ ഏതെങ്കിലും അഞ്ച് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ അഞ്ച് സുഹൃത്തുക്കളെ ടാഗ് ചെയ്യുകയും ചെയ്യുക എന്നതാണ്. ഇതുവഴി അവര്‍ക്ക് യങ് വാരിയര്‍ ആയി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് yuwaah.org/youngwarrior സന്ദര്‍ശിക്കാം.
ഇന്ത്യയിലെ നല്ലൊരു വിഭാഗം ചെറുപ്പക്കാര്‍ക്ക് ഇന്റര്‍നെറ്റ് ആക്സസ് ഇല്ല. സ്മാര്‍ട്ട്ഫോണോ ഫോണോ പോലും ഇല്ല. അങ്ങനെയുള്ളവരെ എങ്ങനെയാണ് യങ വാരിയര്‍ പ്രസ്ഥാനത്തിലേക്ക് കൊണ്ടുവരിക?
നിങ്ങള്‍ പറഞ്ഞത് ശരിയാണ്, അതിനാലാണ് മറ്റ് പ്ലാറ്റ്ഫോമുകളും നോക്കേണ്ടത് പ്രധാനമായി വരുന്നത്. കമ്യൂണിറ്റി റേഡിയോകള്‍ ഇതിനുള്ള മാര്‍ഗമായി ഉള്‍പ്പെടുത്തും. പ്രാദേശിക ഭാഷകളില്‍ അവബോധം വ്യാപിപ്പിക്കുന്നതിന് 250-ല്‍ പരം കമ്യൂണിറ്റി റേഡിയോകളുമായി ചേര്‍ന്ന് രാജ്യവ്യാപകമായി ക്യാമ്പയിന്‍ നടത്തിവരികയാണ്.
UReport (ഗ്രാമീണ ഇന്ത്യയില്‍ യുണിസെഫ് ആരംഭിച്ച SMS ടൂള്‍), സംവേദനാത്മക ശബ്ദ പ്രതികരണ സംവിധാനം എന്നിവയിലൂടെ ഒരു ലക്ഷത്തിലേറെ ചെറുപ്പക്കാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമ്യൂണിറ്റി റേഡിയോ നെറ്റ്വര്‍ക്കിലൂടെ, 10 ലക്ഷത്തിലധികം ചെറുപ്പക്കാരിലേക്ക് ഞങ്ങള്‍ എത്തി. മാസ് മീഡിയയിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും 15 കോടി ആളുകളിലേക്ക് ഞങ്ങള്‍ക്ക് എത്താന്‍ കഴിഞ്ഞു.
അവരുമായി ബന്ധപ്പെടാന്‍ ഡിജിറ്റല്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള എല്ലാ ചാനലുകളും ഞങ്ങള്‍ ഉപയോഗിക്കുന്നു. ബന്ധിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമായി ഇന്ത്യയിലുടനീളമുള്ള എന്‍എസ്എഫ്, എന്‍വൈകെഎസ് നെറ്റ്വര്‍ക്കുകളും ഞങ്ങള്‍ ഉപയോഗിക്കുന്നു. സിബിഎസ്ഇയുടെ പിന്തുണയാണ് ഏറ്റവും കൂടുതല്‍ ആവേശകരമായ ഒരു കാര്യം. ഇതിലൂടെ ഇന്ത്യയിലുടനീളം 24,000 സ്‌കൂളുകളില്‍ ഞങ്ങളുടെ സാമീപ്യം അറിയിക്കാന്‍ കഴിയുന്നു.
Also Read: അപൂർവ നാഡി രോഗത്തിന് കോവിഡ് വാക്സിനുമായി ബന്ധമെന്ന് പഠനം
പ്രസ്ഥാനത്തിലൂടെ യുവാക്കള്‍ നയിക്കുന്ന പ്രവര്‍ത്തനം ആഘോഷമാക്കുന്നതിനായി, അഞ്ച് ടാസ്‌കുകള്‍ പൂര്‍ത്തിയാക്കുന്ന യുവ യോദ്ധാക്കള്‍ക്ക് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഒപ്പം ഓരോ ടാസ്‌കും പൂര്‍ത്തിയാക്കുമ്പോള്‍ റിവാര്‍ഡ് പോയിന്റുകളും ലഭിക്കും.
വിവിധ പങ്കാളികളുമായുള്ള സഹകരണം വ്യക്തമാക്കാമോ?
1,350 ല്‍ അധികം പങ്കാളികള്‍ ഈ പ്രസ്ഥാനത്തിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. മാത്രമല്ല അവയുടെ എണ്ണം ഓരോ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്. യുഎന്‍ഡിപി, യുഎന്‍എച്ച്സിആര്‍, യുനെസ്‌കോ തുടങ്ങിയ യുഎന്‍ ഏജന്‍സികളും വലുതും ചെറുതുമായ എന്‍ജിഒകളും ഞങ്ങള്‍ക്കു പങ്കാളികളായുണ്ട്. പിന്നെ യുവജനകാര്യ, ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങളും സിബിഎസ്ഇ, അടല്‍ ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍ തുടങ്ങിയ സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ഇവയെല്ലാം പ്രസ്ഥാനവുമായി വളരെ കാര്യമായി സഹകരിക്കുന്നുണ്ട്.
സിവില്‍ സമൂഹത്തില്‍നിന്ന്, ഡിജിറ്റല്‍ എംപവര്‍മെന്റ് ഫൗണ്ടേഷന്‍, യൂത്ത് ഫോര്‍ ജോബ്സ് എന്നിവയും ഞങ്ങളോടൊത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യമേഖല ഏജന്‍സികള്‍ ഞങ്ങള്‍ക്ക് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറത്തേക്ക് എത്തിയിരിക്കുന്നു. അതിനാല്‍, പ്രസ്ഥാനത്തിന് കൂടുതല്‍ പേരിലേയ്ക്ക് എത്തിച്ചേരാനാകും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ രാജ്യത്തുടനീളം ചുരുങ്ങിയത് 50 ലക്ഷം ചെറുപ്പക്കാരെ പ്രയോജനകരമായി ഏര്‍പ്പെടുത്തുകയെന്ന ഞങ്ങളുടെ അഭിലാഷ ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ ഓരോ പങ്കാളിയുടെയും സംഭാവന വളരെ പ്രധാനമാണ്.
പ്രസ്ഥാനത്തിന്റെ സമീപകാല ലക്ഷ്യം എന്താണ്? മൂന്ന് മാസത്തിനുള്ളില്‍ എവിടെ എത്തും?
അടുത്ത 90 ദിവസത്തിനുള്ളില്‍, രാജ്യത്തുടനീളമുള്ള 50 ലക്ഷം ചെറുപ്പക്കാരില്‍/ യോദ്ധാക്കളിലേക്ക് എത്തിച്ചേരാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. അവരില്‍ ഓരോരുത്തര്‍ക്കും മറ്റൊരു 10 ആളുകളുമൊത്ത് ഇടപഴകാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇത് ഞങ്ങള്‍ ലക്ഷ്യമിടുന്ന അഞ്ചു കോടി ആളുകളെ ഉള്‍പ്പെടുത്താന്‍ സഹായിക്കും.
90 ദിവസത്തിനുശേഷം, ചെറുപ്പക്കാര്‍ക്ക് എന്താണ് പറയാനുള്ളതെന്നും അവരുടെ അനുഭവം എന്തായിരുന്നുവെന്നും ഞങ്ങളുടെ ഘടകങ്ങളുടെ ഉയര്‍ന്നുവരുന്ന ആവശ്യങ്ങളില്‍നിന്ന് എന്താണ് മനസിലായതെന്നും പതിവായി കേള്‍ക്കും. അപ്പോള്‍ ഞങ്ങള്‍ക്ക് 50 ലക്ഷം ചെറുപ്പക്കാരുടെ ഒരു കോര്‍ ഗ്രൂപ്പ് ഉണ്ടാകും. ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ മാത്രമല്ല, ഭാവിയിലും അവര്‍ പ്രസ്ഥാനത്തിന്റെ ഭാഗമായിരിക്കും.
Also Read:കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം
ചെറുപ്പക്കാരുമായുള്ള എന്റെ അനുഭവം അവര്‍ സിവിക് ചുമതലയില്‍ ഏര്‍പ്പെടുമ്പോഴായിരുന്നു. ദുര്‍ബലരായ കുട്ടികള്‍ അഭിമുഖീകരിക്കുന്ന സാഹചര്യത്തെക്കുറിച്ച് ബോധവാന്മാരാകുകയും അവരുടെ സമൂഹങ്ങളുടെ ശബ്ദങ്ങള്‍ സമൂഹത്തിന്റെ മുന്‍നിരയിലേയ്ക്ക് കൊണ്ടുവരാന്‍ പ്രയത്നിക്കുന്നതിനുള്ള മാനസികാവസ്ഥയും സൃഷ്ടിച്ചു.
അതിനാല്‍, ഈ വിപ്ലവത്തില്‍ അവര്‍ക്ക് സഹായിക്കാന്‍ കഴിയുന്ന വഴിയാണിതെന്ന് ഞാന്‍ കരുതുന്നു, വരും വര്‍ഷങ്ങളില്‍ ഇന്ത്യയിലെ ഭാഗധേയം നിര്‍ണ്‍യിക്കാന്‍ പോകുന്ന ഈ 45 കോടി ചെറുപ്പക്കാരെ വളരെ പ്രതീക്ഷയോടെയാണ് ഞങ്ങള്‍ ഉറ്റുനോക്കുന്നത്. രാഷ്ട്രനിര്‍മ്മാണത്തില്‍ അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന സംഭാവനയെക്കുറിച്ച് ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ.
രാജ്യത്തെ ചെറുപ്പക്കാരോട് എന്താണ് പറയാനുള്ളത്?
സുരക്ഷിതമായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുക, പ്രതിരോധ കുത്തിവയ്പ് പ്രോത്സാഹിപ്പിക്കുക, മിഥ്യാധാരണകളും തെറ്റിദ്ധാരണകളും തകര്‍ക്കുക, നേതൃത്വം ഏറ്റെടുക്കുക, സ്വയം പരിരക്ഷിക്കുക, കുടുംബത്തെ പിന്തുണയ്ക്കുക തുടങ്ങിയ നിരവധി മേഖലകളില്‍ ഒരു വലിയ പ്രഭാവമുണ്ടാക്കാന്‍ കഴിയുന്ന യുവ യോദ്ധാക്കളെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
ചൈല്‍ഡ് ലൈനിലേക്ക് (വനിതാ, ശിശുക്ഷേമ മന്ത്രാലയത്തിന്റെ) യുവാക്കള്‍ക്ക് പ്രവേശനമുണ്ടായിരിക്കും. ആവശ്യമാണെന്ന് തോന്നുമ്പോള്‍ അവര്‍ സഹായം തേടേണ്ടതാണ്. ഇതിനായി 1098-ലേയ്ക്ക് ഡയല്‍ ചെയ്യണം. അത് ചെയ്യാന്‍ ധൈര്യം വേണമെന്ന് നിങ്ങള്‍ക്കറിയാം, അതോടൊപ്പം തന്നെ, പ്രതികരിക്കാന്‍ ധൈര്യം സമാഹരിക്കുന്നതിന് യുവ യോദ്ധാക്കള്‍ അവരുടെ സമപ്രായക്കാരെ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
വിദ്യാഭ്യാസം, ആരോഗ്യം, ലിംഗഭേദം, സാമൂഹ്യനീതി തുടങ്ങിയ പല മേഖലകളിലും യുവജനങ്ങളുടെ അവകാശങ്ങള്‍ പരിരക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലും ഇന്ത്യയിലെ ചെറുപ്പക്കാര്‍ മുന്‍പന്തിയിലാണ്. ഭാവി മാറ്റിമറിക്കുന്നതിനുള്ള വലിയ അവസരമാണ് യുവാക്കള്‍ക്ക് ഇപ്പോഴുള്ളത്. അവരാണ് ഇപ്പോഴും ഭാവിയിലും മാറ്റം വരുത്തേണ്ടവര്‍.
യുവാക്കളുടെ ആവശ്യങ്ങള്‍, ആശയങ്ങള്‍, അഭിലാഷങ്ങള്‍ എന്നിവയ്ക്ക് ചെവി കൊടുക്കാനും അര്‍ത്ഥപൂര്‍ണമായ ഇടപെടലുകള്‍ നടത്താനും സന്നദ്ധതയും ശേഷിയുമുള്ള യുവതയാണ് യുവായുടെ കാതല്‍. അവര്‍ പുതുമകള്‍ ആവിഷ്‌കരിക്കുന്നവരാണ്, സ്രഷ്ടാക്കളാണ്, നിര്‍മാതാക്കളാണ്, ഇന്നത്തെയും ഭാവിയിലെയും നേതാക്കളാണ്.