അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍ കഴിഞ്ഞ മാസം കൊല്ലപ്പെട്ട ‘ഹിന്ദു സംഘര്‍ഷ് സേന’ നേതാവ് വിപന്‍ ശര്‍മ്മയുടെ കൊലപാതകി താനാണെന്ന് വെളിപ്പെടുത്തി യുവാവിന്റെ പെയ്സ്ബുക്ക് പോസ്റ്റ്. സരജ് സിങ് മിന്റു എന്നയാളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

‘ഒക്ടോബര്‍ 30ന് അമൃത്സര്‍ ബതാല റോഡില്‍ വച്ച് വിപന്‍ ശര്‍മ്മയെ വെടിവെച്ചുകൊന്നത് ഞാനാണ്, അയാളുടെ കൊലപാതകത്തിന് ഏതെങ്കിലും മതവുമായി യാതൊരു ബന്ധവുമില്ല’ എന്നായിരുന്നു മിന്റുവിന്റെ ഫെയ്സ്ബുക് പോസ്റ്റ്. പൊതുനിരത്തില്‍ വച്ച് ജനങ്ങള്‍ നോക്കിനില്‍ക്കെയാണ് വിപന്‍ വെടിയേറ്റ് മരിച്ചത്. കേസില്‍ മിന്റുവിനെ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു.

തന്റെ സുഹൃത്തിന്റെ പിതാവിനെ കൊന്നതിനുള്ള പ്രതികാരമായാണ് വിപന്റെ ജീവനെടുത്തതെന്ന് മിന്റു പറയുന്നു. കേസുമായി ബന്ധപ്പെട്ട് ശുഭാം സിങ്, ധര്‍മ്മീന്ദര്‍ സിങ് എന്നിവരെയും പൊലീസ് തിരയുന്നുണ്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ ആധികാരികത സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മിന്റു തന്നെയാണോ ആ അക്കൗണ്ട് ഉപയോഗിക്കുന്നത് അതോ മറ്റാരെങ്കിലും അത് ദുരുപയോഗം ചെയ്യുകയാണോ എന്ന ആശങ്കയിലാണ് പൊലീസ്. വിപന്റെ മരണത്തിന് തൊട്ട്പിന്നാലെ അക്രമികള്‍ക്ക് ഒളിച്ചു താമസിക്കാന്‍ ഇടം നല്‍കിയതിന് മിന്റുവിന്റെ അമ്മ സുഖ്രാജ് കൗറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ