ബെംഗളൂരു: ദേശീയ ഗാനത്തിന് ഏഴുന്നേറ്റ് നിന്നില്ലെന്ന് ആരോപിച്ച് സിനിമ കാണാനെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിനിമാ തിയറ്ററില്‍ ദേശീയ ഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാതിരുന്ന 29 കാരനെയാണ് ബെംഗളൂരു പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. മഗ്രാത്ത് റോഡിലെ ഗരുഡ മാളിലാണ് സംഭവം നടന്നത്. ഓസ്‌ട്രേലിയില്‍ നിന്ന് കഴിഞ്ഞ ആഴ്ച ബെംഗളൂരിലെത്തിയ ജിതിന്‍ എന്ന സൗണ്ട് എഞ്ചീനിയറാണ് ദേശീയ ഗാനത്തെ ആദരിച്ചില്ലെന്നതിന്റെ പേരില്‍ അറസ്റ്റിലായത്.
സുമന്‍ കുമാര്‍ എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് ജിതിനെ അറസ്റ്റ് ചെയ്തതെന്നും അറസ്റ്റിലായ അന്ന് തന്നെ ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു എന്നും അശോക് നഗര്‍ പൊലീസ് സ്റ്റേഷനിലെ അധികൃതര്‍ പറയുന്നു. സംഭവത്തെ കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ: “കഴിഞ്ഞ ചൊവ്വാഴ്ച സുമന്‍ കുമാറും മറ്റൊരു സുഹൃത്തും കൂടി ‘അവഞ്ചേഴ്‌സ്: എന്‍ഡ്‌ഗെയിം’ എന്ന സിനിമ കാണാന്‍ പോയി. ജിതിനും ഈ സിനിമയ്ക്കായി എത്തിയിരുന്നു. സുമന്‍ കുമാറിന് അരികിലായിരുന്നു ജിതിന്റെ സീറ്റ്. സിനിമ ആരംഭിക്കും മുന്‍പ് ദേശീയഗാനം ഉണ്ടായിരുന്നു. ജിതിന്‍ ദേശീയ ഗാനത്തിന് എഴുന്നേറ്റ് നിന്നില്ല. ദേശീയ ഗാനം പൂര്‍ത്തിയായപ്പോള്‍ എന്തുകൊണ്ട് ആദരസൂചകമായി എഴുന്നേറ്റ് നിന്നില്ല എന്ന് കുമാര്‍ ജിതിനോട് ചോദിച്ചു. ഇത് പിന്നീട് വാക്കുതര്‍ക്കത്തിലേക്ക് നീങ്ങി”. ദേശീയ ഗാനത്തിനെതിരെ ജിതിന്‍ മോശം വാക്ക് ഉപയോഗിച്ചതായി കുമാര്‍ പറഞ്ഞതായും പൊലീസ് പറയുന്നു. ബുധനാഴ്ച അശോക് നഗര്‍ പൊലീസ് സ്റ്റേഷനിലെത്തി കുമാര്‍ ജിതിനെതിരെ പരാതി നല്‍കുകയും ചെയ്തതായി പൊലീസ് പറയുന്നു.
Read More: സിനിമശാലകളിൽ ദേശീയ ഗാനം ആലപിക്കേണ്ടെന്ന് കേന്ദ്ര സർക്കാർ നിയമിച്ച ഉന്നത സമിതിയുടെ നിർദേശം
എന്നാല്‍, താന്‍ അപമാനിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തതായി ആരോപണവിധേയനായ ജിതിന്‍ പറയുന്നു. ദേശവിരുദ്ധനാക്കി മുദ്രകുത്തും മുന്‍പ് തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ഒരു മാധ്യമങ്ങളും തയ്യാറായില്ല എന്നും ജിതിന്‍ പറയുന്നു. തിയറ്ററില്‍ വച്ച് തന്നെ ആക്രമിച്ചു. അവര്‍ക്കെതിരെ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ കൂടുതല്‍ പേര്‍ സംഘം ചേര്‍ന്ന് തനിക്കെതിരെ തിരിഞ്ഞു എന്നും ജിതിന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. നിയമവിരുദ്ധമായാണ് പൊലീസ് തടവറയില്‍ വച്ചത്. നിയമപരമായി പരാതി നല്‍കാന്‍ പോലും പൊലീസ് സമ്മതിച്ചില്ല. തനിക്കെതിരെയുള്ള എല്ലാ കേസുകളും പിന്‍വലിക്കപ്പെട്ടു എന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു.