ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ തന്റെ പാര്‍ട്ടി പിന്തുണയ്ക്കുമോ എന്ന ചോദ്യമുയര്‍ന്നപ്പോള്‍ നേരിട്ടുള്ള മറുപടിയില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് സമാജ്‌വാദി പാര്‍ട്ടി നേതാവായ അഖിലേഷ് യാദവ് ചെയ്തത്. “രാജ്യത്തിന്‌ കേന്ദ്രത്തിലൊരു പുതിയ സര്‍ക്കാരിനെയും ഒരു പുതിയ പ്രധാനമന്ത്രിയേയും കാണണം എന്നാണ് ആഗ്രഹം. തിരഞ്ഞെടുപ്പിന് ശേഷം നിങ്ങളൊരു പുതിയ പ്രധാനമന്ത്രിയെ കാണും.” ഭോപ്പാലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അഖിലേഷിന്റെ തന്ത്രപരമായ മറുപടി.

ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളില്‍ സമാജ്‌വാദി പാര്‍ട്ടി- ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പിന്തുണച്ച കാര്യം സൂചിപ്പിക്കാനും അഖിലേഷ് മറന്നില്ല. “എപ്പോഴൊക്കെയാണോ കോണ്‍ഗ്രസുകാര്‍ സംസാരിക്കുന്നത്. അപ്പോഴൊക്കെ അവര്‍ സൗമ്യമായാണ് സംസാരിച്ചിട്ടുള്ളത്.” ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ കൈറാനാ ഫുല്‍പൂര്‍, ഗോരഖ്പൂര്‍ എന്നീ മണ്ഡലങ്ങളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ വിശാല പ്രതിപക്ഷ സഖ്യത്തിന് സാധിച്ചിരുന്നു.

2019ലെ പൊതുതിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി – ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി എന്നീ കക്ഷികള്‍ തമ്മില്‍ സഖ്യമുണ്ടാവാന്‍ സാധ്യതയുണ്ടോ എന്നും ചോദ്യമുണ്ടായി. “പുതിയ സഖ്യത്തെ കുറിച്ചെല്ലാം നിങ്ങള്‍ വൈകാതെ അറിയും. നാല്‍പത്തിയേഴ് രാഷ്ട്രീയ പാര്‍ട്ടികളെ സഖ്യമാക്കിക്കൊണ്ടാണ് ബിജെപി കേന്ദ്രത്തില്‍ അധികാരമേറ്റത്. ഞങ്ങളും ഒരു സഖ്യത്തെ കുറിച്ച് ചിന്തിച്ചുവരികയാണ്. ” സാമൂഹ്യ നീതിക്കായി നിലകൊള്ളുന്ന എല്ലാ ശക്തികളും ഒന്നിക്കേണ്ടതുണ്ട് എന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് അഖിലേഷ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ